SignIn
Kerala Kaumudi Online
Friday, 26 April 2024 5.26 PM IST

എൻഡോസൾഫാൻ ദയാവധങ്ങൾ

endosulfan

എൻഡോസൾഫാൻ ദുരിത ബാധിതയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ ഗ്രാമപ്രദേശമായ ബളാന്തോട് ബന്തടുക്ക റൂട്ടിൽ ചാമുണ്ഡിക്കുന്ന് ഓട്ടമലയലിലെ അറുപതുകാരിയായ വിമല യുവതിയായ മകളെ കൊലപ്പെടുത്തിയ ശേഷം വീടിനകത്ത് അടുക്കളയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത വാർത്ത എത്രപേരുടെ ഉള്ളുലച്ചു എന്നറിയില്ല. എൻഡോസൾഫാൻ ഇരകളെ ബാദ്ധ്യതയായി കാണുന്ന ഭരണകൂടങ്ങളോ സ്വന്തം കാര്യം നോക്കി ജീവിച്ചു പോകുന്ന സമൂഹമോ ഈ മരണങ്ങളിൽ ദുഃഖിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. വിഷമഴയുടെ ദുരിതംപേറി ജീവിച്ചുമരിക്കുന്ന കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ കൂട്ടത്തിലെ രണ്ട് നിസ്സഹായ ജന്മങ്ങൾ മാത്രമാണ് വിമലയും മകളും. ഈ മനുഷ്യരുടെ ദുരിതങ്ങൾ അറിഞ്ഞ് ഇടപെടാൻ ആരുമില്ലെന്നതാണ് വസ്തുത.

കാസർകോട്ടെ ഒരു ഗവ.ഹൈസ്‌കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച വിമല. താൻ ജോലിക്കുപോകുമ്പോൾ മകളെ സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയർഹോമിലും ബന്ധുവീട്ടിലും നിറുത്തുകയായിരുന്നു പതിവ്. അതിനിടെ ആയുർവേദചികിത്സയ്‌ക്ക് പോകേണ്ടിവന്ന വിമല മകളെ ബന്ധുവീട്ടിലാക്കി. ഈ വീട്ടിൽനിന്ന് മകളെ ഇറക്കിവിടുമെന്നായപ്പോൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ അവർ മകളെ കഴുത്ത് ഞെരിച്ചുകൊന്നശേഷം തൂങ്ങിമരിക്കുകയുമായിരുന്നു.


ചെറുവത്തൂർ സ്വദേശികളായ ദമ്പതികൾ മകനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽവച്ച് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയ സംഭവമുണ്ടായത് നാലുവർഷം മുമ്പാണ്. എൻഡോസൾഫാൻ ദുരിതബാധിതനായ മകനെ വളർത്താനും സംരക്ഷിക്കാനും ക്ളേശിച്ച കുടുംബം എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ജീവിതത്തിൽ നിന്ന് മടങ്ങിപ്പോയത്.

ദുരിതം പേറി പത്ത്

പഞ്ചായത്തുകൾ

കാസർകോട് ജില്ലയിലെ പത്ത് പഞ്ചായത്തുകളിലാണ് ഇപ്പോഴും എൻഡോസൾഫാൻ ദുരിതബാധിതർ മരിച്ചു ജീവിക്കുന്നത്. കശുമാവ് കൃഷിക്കായി തളിച്ച എൻഡോസൾഫാൻ ഇവരുടെ ജീവിതത്തിനു മേൽ വിഷമഴയായി പെയ്‌തിറങ്ങി. കാസർകോട് ജില്ലയിലെ 4500 ഏക്കറോളം സർക്കാർ വക കശുമാവിൻ തോട്ടങ്ങളിലാണ് ഈ ക്രൂരവിനോദം അരങ്ങേറിയത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. മരിച്ചവർക്ക് പുറമേ കൈയും കാലും തളർന്നവർ, ജനിതക വൈകല്യം ബാധിച്ച് നരകജീവിതം അനുഭവിക്കുന്നവർ, അന്ധർ, ബധിരർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കാൻസർ അടക്കമുള്ള മാരകരോഗങ്ങളോട് മല്ലിട്ട് ജീവിക്കുന്നവർ, തല അസാധാരണമാം വിധം വളരുന്ന അപൂർവരോഗം ബാധിച്ചവർ അങ്ങനെ എത്രയെത്ര ജീവിതങ്ങൾ....

നിരവധിപേർ മരിച്ചിട്ടും ജീവിക്കാനായുള്ള ഇവരുടെ പോരാട്ടം തുടരുകയാണ്. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും നീതിനിഷേധത്തിന്റെ ഇരുട്ടിലേക്ക് ഇവരെ തള്ളിവിടുകയാണ് നമ്മുടെ ഭരണാധികാരികൾ ചെയ്യുന്നത്.

ദുരിതബാധിതരെ സംരക്ഷിക്കുന്നതിന് പകരം വേട്ടക്കാർക്കൊപ്പമായിരുന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. എൻഡോസൾഫാൻ സമരം നാടകമാണെന്നും എൻഡോസൾഫാനെതിരെ കാസർകോട്ട് ഒരു മാഫിയ പ്രവർത്തിക്കുന്നു എന്നൊക്കെയായിരുന്നു അധികൃതരുടെ ആരോപണം.

മുപ്പത്തിയഞ്ചുവർഷം ഒരേ കിടപ്പുകിടന്ന് ഒടുവിൽ മരണത്തിന് കീഴടങ്ങിയ ശീലാവതിയെ പോലുള്ളവരെ കണ്ടിട്ടും അധികൃതർ ഈ അഭിപ്രായത്തിൽ മാറ്റം വരുത്തിയില്ല. മുമ്പ് ഒരു കൃഷിമന്ത്രി കാസർകോട്ട് പോയി എൻഡോസൾഫാൻ ദുരന്തത്തിൽ ആരും മരിച്ചിട്ടില്ലെന്നു പറഞ്ഞതിന് പിന്നീട് മാപ്പു പറയേണ്ടിവന്നിട്ടുണ്ട്. ഇത്രയേറെ ശാസ്ത്രീയ പഠനങ്ങൾ വന്നുകഴിഞ്ഞിട്ടും, ജനത്തെ വഞ്ചിക്കുന്ന നിലപാട് മാറ്റാൻ ഇവർ തയാറല്ല.

ഇനിയും നൽകാത്ത

നഷ്ടപരിഹാരം


നാലരവർഷം മുമ്പ് വിധിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ലെന്ന് വ്യക്തമാക്കി കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ എത്രതവണ കോടതികൾ കയറി. എൻഡോസൾഫാൻ ഇരകൾക്ക് മൂന്നുമാസത്തിനകം അഞ്ചുലക്ഷം രൂപ വീതം നൽകണമെന്ന 2017 ലെ വിധി നടപ്പായില്ലെന്നു കാട്ടിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇവർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ സെർവ് കളക്ടീവിന്റെ നേതൃത്വത്തിലാണ് പിന്നീട് സുപ്രീംകോടതിയിലെത്തിയത്. ഏഴായിരത്തോളം എൻഡോസൾഫാൻ രോഗികളിൽ പകുതി പേർക്കുപോലും ഇനിയും നഷ്ടപരിഹാരം മുഴുവൻ ലഭിച്ചിട്ടില്ല.

കാസർകോട്ടെ എൻഡോസൾഫാൻ ഗ്രാമങ്ങളിലെ അവസ്ഥ ഗവേഷകർക്ക് തിരിച്ചറിയാൻ സാധിക്കുന്നതിനേക്കാൾ കൃത്യമായി അവിടത്തെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർക്കും ഡോക്ടർമാർക്കുമാണ് മനസ്സിലാക്കുക.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് വേണ്ടി നിരന്തരം ശബ്ദിക്കാനും എഴുതാനും സമരം നയിക്കാനും കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ കാര്യമായി കാണുന്നെന്ന് പ്രൊഫ. എം.എ റഹ്മാൻ പറഞ്ഞു. ഈ വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി ജീവിതാവസാനം വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അംബികാസുതൻ മാങ്ങാടിന്റെ 'എൻമകജെ' എന്ന നോവൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതമാണ് പറയുന്നത്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ ലോകത്തിന്റെ ചെറിയൊരു പരിപ്രേക്ഷ്യം എൻമകജെ എന്ന നോവലിൽ കാണാം. എൻഡോസൾഫാൻ ദുരിതം ബാധിച്ച കാസർകോട്ടെ ഒരു പ്രധാന ഗ്രാമമാണ് എൻമകജെ.

ഓട്ടിസം, ഗുരുതര ശ്വാസകോശ രോഗങ്ങൾ, മാരകമായ കാൻസർ രോഗങ്ങൾ, ത്വക് രോഗങ്ങൾ, ജന്മനായുള്ള ശാരീരിക വൈകല്യങ്ങൾ, ബുദ്ധിമാന്ദ്യം, തുടങ്ങിയ ഭീതിദമായ അവസ്ഥകളിലൂടെയും രോഗങ്ങളിലൂടെയുമാണ് എൻഡോസൾഫാൻ രോഗികൾ കടന്നുപോകുന്നതെന്ന് അംബികാസുതൻ മാങ്ങാട് പറയുന്നു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ ക്ഷേമം അന്വേഷിക്കാൻ മുമ്പ് പഞ്ചായത്തുകളിൽ സൂപ്പർവൈസർമാരുണ്ടായിരുന്നു. ഇന്ന് രോഗം ബാധിച്ച കുട്ടികളും അവരുടെ അമ്മമാരും എവിടെ കഴിയുന്നു എങ്ങനെ കഴിയുന്നു എന്നാരും അന്വേഷിക്കാറില്ല. നഷ്ടപരിഹാരം ലഭ്യമാക്കാൻ കേന്ദ്രസർക്കാരിലും എൻഡോസൾഫാൻ കമ്പനിയിലും സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറിയും പൊതുപ്രവർത്തകനുമായ
അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENDOSULFAN VICTIMS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.