SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.23 PM IST

നീതി അർഹിക്കുന്നു ഇവരെ കൈവിടരുത്

endo

തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ജീവിതം നരകതുല്യമായ കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സുപ്രീം കോടതി ഉത്തരവുപ്രകാരം നൽകേണ്ട നഷ്ടപരിഹാരം ലഭ്യമായിട്ടില്ലെന്നത് ആ മനുഷ്യജീവനുകളോടുള്ള ഭരണകൂടത്തിന്റെ കടുത്ത അനീതിയാണ്. ഇത് ഇനിയും തുടരാൻ അനുവദിച്ചുകൂടാ. അവർ നീതി അർഹിക്കുന്നു. ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടൽ അനിവാര്യമാണ്. ചുവപ്പുനാടയിൽ നിന്ന് മോചനം നൽകി അർഹരായ എല്ലാവർക്കും ഉടനെ നഷ്ടപരിഹാരം വിതരണം ചെയ്യണം.

വീണ്ടുമൊരിക്കൽക്കൂടി കേരളം എൻഡോസൾഫാൻ ദുരിതബാധിതരുടെ തീരാദുരിതങ്ങൾക്ക് കാതോർക്കുമ്പോൾ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് തത്തേങ്ങലത്തെ കുറച്ച് ജീവിതങ്ങൾ ഉറക്കെ വിളിച്ചുപറയുന്നുണ്ട് തങ്ങളെയും ആ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന്. ആ ശബ്ദം സമൂഹം കേട്ടിട്ടില്ലെന്നത് കയ്പ്പേറിയ യാഥാർത്ഥ്യം. കാസർകോടിനൊപ്പം തത്തേങ്ങലവും കേരളം ചർച്ചയ്ക്കെടുക്കണം. അവർക്കും നീതി ഉറപ്പാക്കാൻ കേരളത്തിന് ബാദ്ധ്യതയുണ്ട്.

തത്തേങ്ങലത്ത് പ്ലാന്റേഷൻ കോർപ്പറേഷൻ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന നിരോധിത കീടനാശിനിയായ എൻഡോസൾഫാൻ നിർജീവമാക്കാനോ, മറ്റ് സ്ഥലത്തേക്ക് മാറ്റാനോ വർഷമേറെ കഴിഞ്ഞിട്ടും കൃഷി വകുപ്പിനായിട്ടില്ല. ദീർഘകാലം തത്തേങ്ങലത്തെ കശുമാവിൻ തോട്ടത്തിൽ ഹെലികോപ്ടർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചിരുന്നു. ആനമൂളി, മെഴുകുംപാറ, തത്തേങ്ങലം തുടങ്ങി മൂന്ന് ഭാഗങ്ങളിലായി 500 ഹെക്ടർ സ്ഥലമാണ് പ്ലാന്റേഷനിലുള്ളത്. കശുമാവ് തോട്ടത്തിൽ കൃഷിനാശമുണ്ടാക്കുന്ന പ്രത്യേകതരം പ്രാണികളെ നശിപ്പിക്കാനാണ് കീടനാശിനി ഉപയോഗിച്ചിരുന്നത്. ഇക്കാലത്ത് അണ്ണാനും പക്ഷികളും പ്രാണികളൊന്നും തോട്ടത്തിലുണ്ടായിരുന്നില്ല. കൈയുറ പോലും ഉപയോഗിക്കാതെയാണ് കീടനാശിനി തളിക്കുന്ന തൊഴിലാളികൾ ജോലിചെയ്തിരുന്നത്. കീടനാശിനി തളിക്കുമ്പോൾ പ്രദേശത്തെ കിണറുകളിൽ വീഴാതിരിക്കാൻ ഓലകൊണ്ട് മറയ്ക്കാനുള്ള നിർദേശം മാത്രമാണ് നൽകിയിരുന്നത്. സംസ്ഥാനവ്യാപകമായി നിരോധനംവന്നതും തത്തേങ്ങലത്തുയർന്ന പ്രതിഷേധങ്ങളുമാണ് ഈ മേഖലയിലെ എൻഡോസൾഫാൻ ഉപയോഗം നിറുത്തുന്നതിന് വഴിവെച്ചത്.

മനുഷ്യാവകാശ

കമ്മിഷന്റെ ഇടപെടൽ

മണ്ണാർക്കാട് തത്തേങ്ങലത്ത് എൻഡോസൾഫാൻ സ്‌ക്രീനിംഗ് പുനഃപരിശോധന നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. യഥാർത്ഥ രോഗബാധിതരെ കണ്ടെത്തി അർഹമായ നഷ്ടപരിഹാരം നൽകുന്നതിനാണ് നിർദേശം. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് പാലക്കാട് ജില്ലാ കളക്ടറോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

രോഗവ്യാപനത്തോത് കൃത്യമായി മനസിലാക്കി അർഹമായ സഹായം ഉറപ്പാക്കാനാണ് ഇടപെടൽ.

പുനഃപരിശോധന ഫലം വരുന്നതോടെ എത്ര കുടുംബങ്ങളെ എൻഡോസൾഫാൻ രോഗം ബാധിച്ചെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകും. സർക്കാരിൽനിന്നു അർഹമായ സഹായം നേടിയെടുക്കാനും കഴിയും. ഇപ്പോഴും പൂട്ടിക്കിടക്കുന്ന ഓഫീസ് കെട്ടിടത്തിൽ കൂടിയ അളവിൽ എൻഡോസൾഫാൻ സൂക്ഷിച്ചിരിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പൂർണമായും നശിപ്പിക്കാനുള്ള നിർദേശവും കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടാകും. ജില്ലാ കളക്ടർ നൽകുന്ന റിപ്പോർട്ട് പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.

45 പേർക്ക്

ജനിതക വൈകല്യങ്ങൾ

എൻഡോസൾഫാൻ വ്യാപകമായി തളിച്ചിരുന്ന മണ്ണാർക്കാട് തെങ്കര തത്തേങ്ങലം മേഖലയിലെ ആരോഗ്യപരിശോധനാ റിപ്പോർട്ട് ഏഴു വർഷത്തിനുശേഷം വെളിച്ചം കണ്ടു. ആരോഗ്യവകുപ്പ് പൂഴ്ത്തിവച്ച ഫലം പുറത്തു വന്നപ്പോൾ തത്തേങ്ങലത്തു 45 പേർക്കു സെറിബ്രൽ പാൾസി ഉൾപ്പെടെ ജനിതക വൈകല്യങ്ങളും ഗുരുതര രോഗങ്ങളും കണ്ടെത്തി. രോഗബാധിതരായവരിൽ പലരും മരിച്ചു. പലരും സഹായങ്ങളൊന്നുമില്ലാതെ കഷ്ടപ്പെടുന്നു. ഇത്രയും കാലം പൂഴ്ത്തിവച്ച റിപ്പോർട്ട് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെയാണു പുറത്തുവന്നത്. തെങ്കരയിൽ പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ 15 വർഷത്തോളം എൻഡോസൾഫാൻ തളിച്ചിരുന്നു.

കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഇവ പ്രയോഗിക്കാൻ തൊഴിലാളികൾ നിയോഗിക്കപ്പെട്ടത്. ഹെലികോപ്‌ടർ വഴിയും തളിച്ചിരുന്നു. തൊഴിലാളികളുടെയും നാട്ടുകാരുടെയും ആരോഗ്യാവസ്ഥ സംബന്ധിച്ചു പരാതി ഉയർന്നതോടെ തൃശൂർ മെഡിക്കൽ കോളജിലെ അഞ്ച് ഡോക്ടർമാരടങ്ങുന്ന സംഘം 2015 മേയിൽ ഇരുന്നൂറോളം പേരെ പരിശോധിച്ചു. എന്നാൽ, റിപ്പോർട്ട് പൂഴ്ത്തിവച്ചു. വിവരാവകാശ പ്രവർത്തകനും കേരളശ്ശേരി പഞ്ചായത്ത് അംഗവുമായ പി.രാജീവ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയതോടെയാണ് റിപ്പോർട്ട് വെളിച്ചം കണ്ടത്.

അഞ്ചിനും 10 നുമിടയിൽ പ്രായമുള്ള കുട്ടികളിലാണു ഗുരുതരരോഗങ്ങൾ കണ്ടെത്തിയത്. ഒൻപതുപേർക്കു സെറിബ്രൽ പാൾസി കണ്ടെത്തി. ഏറെപേർക്കു വളർച്ചാ വൈകല്യമുണ്ട്. കൈകാലുകൾ വളയുന്നത്, ശ്വാസതടസം, അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. ആരോഗ്യപ്രശ്നങ്ങൾ എൻഡോസൾഫാന്റെ പാർശ്വഫലമാണെന്ന് ഉറപ്പിക്കണമെങ്കിൽ വിശദപഠനം ആവശ്യമാണ്. രോഗികൾക്കു ചികിത്സയും മറ്റു സഹായങ്ങളും ഉറപ്പാക്കാനുള്ള നടപടികളും വേണം. ആരോഗ്യവകുപ്പ് റിപ്പോർട്ട് പൂഴ്ത്തിവച്ചതോടെ വിശദമായ പഠനവും ചികിത്സയും സഹായങ്ങളുമാണു മുടങ്ങിയത്.

ഓപ്പറേഷൻ

ബ്ലോസം സ്പ്രിംഗ്

തത്തേങ്ങലത്ത് പ്രയോഗിച്ചശേഷം ബാക്കിവന്ന എൻഡോസൾഫാൻ

ഇരുമ്പ് ടിന്നുകളിലാക്കി പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണിലേക്ക് മാറ്റി. വർഷങ്ങൾ പിന്നിട്ടപ്പോൾ ടിന്നുകൾക്ക് ചോർച്ചവന്നു. 2014ലാണ് 'ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്' എന്ന പദ്ധതിയുടെ ഭാഗമായി എൻഡോസൾഫാൻ പ്രത്യേക ബാരലിലേക്ക് മാറ്റുന്നത്. 10 ലക്ഷം രൂപയോളം ഇതിനായി അനുവദിച്ചിരുന്നു. മുറിപൂട്ടി സീലും വെച്ചു. 314 ലിറ്റർ എൻഡോസൾഫാനാണ് എസ്റ്റേറ്റിൽ സൂക്ഷിച്ചിട്ടുള്ളത്. മൂന്ന് മാസത്തിനകം ബാരലിലാക്കിയ കീടനാശിനി ഇവിടെനിന്ന് മാറ്റുമെന്ന് എം.എൽ.എ.യും കളക്ടറും ഉറപ്പുനൽകി. എട്ടുവർഷം കഴിഞ്ഞിട്ടും കീടനാശിനി കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

പ്രദേശത്തുനിന്ന് ബാരലുകൾ നീക്കിയില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന കാര്യം ചീഫ് സെക്രട്ടറിയെയും കൃഷി വകുപ്പ് സെക്രട്ടറിയെയും അറിയിച്ചിരുന്നെങ്കിലും സർക്കാരിൽ നിന്നും ഉത്തരവ് ലഭിച്ചില്ലെന്നാണ് അധികൃതർ പറയുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതരായവരെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിന്മേൽ നടപടി വൈകിപ്പിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനുള്ള വഴികൾ അടയ്ക്കുന്നതിനെതിരേ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENDOSULFAN VICTIMS IN PALAKKADU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.