SignIn
Kerala Kaumudi Online
Friday, 26 April 2024 9.15 AM IST

പ്രവചനങ്ങളുടെ പഞ്ചഗുസ്‌തി

photo

കരുത്ത് തെളിയിക്കേണ്ട പോരാട്ടത്തിനായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും നിലനിൽപ്പിനായി കോൺഗ്രസ് അടക്കമുള്ള പാർട്ടികളും പുതിയ ചരിത്രമെഴുതാൻ ആം ആദ്‌മിയും ഗോദയിലിറങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന് കാതോർക്കുകയാണ് രാജ്യം. യു.പിയിലടക്കം തിരഞ്ഞെടുപ്പ് ഫലം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് വിലയിരുത്തപ്പെടുന്നത്. യു.പിയിൽ ബി.ജെ.പി അധികാരത്തുടർച്ചയും പഞ്ചാബിൽ ആംആദ്‌മിയുടെ ഉയിർപ്പുമൊക്കെ പ്രവചിക്കുന്ന എക്‌സിറ്റ്പോൾ സർവേ ഫലങ്ങൾ സസ്‌പെൻസ് ഉയർത്തുന്നു.

ഉത്തർപ്രദേശ്

നിർണയിക്കും

ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളിലായി വീണ വോട്ടുകൾ അധികാരത്തുടർച്ചയ്‌ക്ക് സഹായിക്കുമെന്ന എക്‌സിറ്റ് പോൾ സർവേഫലങ്ങൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ആശ്വാസമാണ്. ജൂലായിൽ നടക്കുന്ന രാഷ്‌ടപതി തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കാനും രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാനും യു.പിയിൽ ആധിപത്യം കൂടിയേ തീരൂ.

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവും കാശി വിശ്വനാഥ ക്ഷേത്ര പുന:രുദ്ധാരണവും അടക്കം പരമ്പരാഗത ഹിന്ദുവോട്ടുകൾ ഉറപ്പിക്കുന്ന നടപടികളുണ്ടായെങ്കിലും അടിസ്ഥാനസൗകര്യ വികസനവും ക്രമസമാധാനവുമാണ് ബി.ജെ.പി പ്രചാരണത്തിൽ കൂടുതൽ ഉപയോഗിച്ചത്. സമാജ്‌‌വാദി പാർട്ടി വളർത്തിയ മാഫിയകളെ തല്ലിയൊതുക്കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. സൗജന്യറേഷനായും കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളിലൂടെയും ഇറക്കിയ കോടികൾ വോട്ടാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു.

2017ൽ 312 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ അധികാരമേറ്റ യോഗി ആദിത്യനാഥ് സർക്കാരിന് ഇക്കുറി നൂറു സീറ്റെങ്കിലും നഷ‌്‌ടമാകുമെന്ന സർവേ ഫലങ്ങൾ ശക്തമായ ഭരണവിരുദ്ധത രംഗത്തിന്റെ സൂചനയാണ്. 2017ൽ ബി.ജെ.പിയുടെ കുതിപ്പിന് വലിയൊരളവിൽ ഇന്ധനമായ യാദവ ഇതര ഒ.ബി.സി വോട്ടുകൾ സമാജ്‌വാദി പാർട്ടിയിലേക്ക് പോയിട്ടുണ്ടോ? എസ്.പിക്കൊപ്പമുള്ള ആർ.എൽ.ഡി പിടിക്കുന്ന ജാട്ട് വോട്ടുകളും നിർണായകമാണ്.

കൊവിഡ് രണ്ടാംതരംഗം നേരിട്ടതിലെ പിടിപ്പുകേടും കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടന്നതും കർഷകസമരവും ലഖിംപൂർ ഖേരി സംഭവവുമൊക്കെ വോട്ടർമാരെ എത്രകണ്ട് സ്വാധീനിച്ചെന്നും ഫലങ്ങൾ വ്യക്തമാക്കും.

403 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പശ്ചിമ, മദ്ധ്യ, തെക്ക്, വടക്കുകിഴക്കൻ മേഖലകളിലെല്ലാം ബി.ജെ.പി കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. ഭിന്നിച്ചു നിൽക്കുന്ന കോൺഗ്രസും ബി.എസ്.പിയും പിടിക്കുന്ന ദളിത് മുസ്ളിം വോട്ടുകളാണ് യു.പിയുടെ ഗതി നിർണയിക്കുന്ന മറ്റൊരു ഘടകം.

അധികാരം പിടിച്ചെടുക്കുമെന്നുറച്ച് അഖിലേഷ് യാദവ് മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മാന്യമായ പോരാട്ടം കാഴ്ചവയ്ക്കാൻ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിനും അവർ അവസരം നൽകിയ വനിതാ സ്ഥാനാർത്ഥികൾക്കും കഴിയാതെ വന്നാൽ കോൺഗ്രസിന് നാണക്കേടാകും. മുഖ്യമന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന മായാവതിക്കും നിലനിൽപ്പിന്റെ പോരാട്ടമാണിത്.

പഞ്ചാബിൽ

ആപ് ആറാട്ടോ?

രാജ്യാധികാരം പിടിക്കുകയെന്ന അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടിയുടെ സ്വപ്‌നം പഞ്ചാബിൽ യാഥാർത്ഥ്യമാകുമെന്നാണ് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. 2017ൽ 20 സീറ്റുമായി രണ്ടാം സ്ഥാനത്തൊതുങ്ങിയ ആംആദ്‌മി സംസ്ഥാനത്ത് അഞ്ചുവർഷംകൊണ്ട് അടിത്തറ ഉറപ്പിച്ചിട്ടുണ്ട്. പഞ്ചാബികൾ മറ്റൊരു പരീക്ഷണത്തിന് വിധിയെഴുതിയോ എന്ന് നാളെയറിയാം.

പി.സി.സി അദ്ധ്യക്ഷൻ നവ്‌ജോധ് സിംഗ് സിദ്ധുവിനെ തൃപ്‌‌തിപ്പെടുത്താൻ ക്യാപ്ടൻ അമരീന്ദർ സിംഗിനെ വെട്ടി പ്രതിഷ്ഠിച്ച ചരൻജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തിൽ മത്സരിച്ച കോൺഗ്രസ് അധികാരത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കർഷകസമരങ്ങളുടെ കേന്ദ്രമായ പഞ്ചാബിൽ ഭരണം പിടിക്കുമെന്ന അമിത പ്രതീക്ഷയില്ലെങ്കിലും കോൺഗ്രസ് വിട്ടുവന്ന അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസിനൊപ്പം മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായാൽ ബി.ജെ.പിക്ക് അത്രയും നല്ലത്. ബി.ജെ.പിയുടെ പഴയ പങ്കാളി ശിരോമണി അകാലിദൾ ബി.എസ്.പിക്കൊപ്പം നല്ല മുന്നേറ്റം പ്രതീക്ഷിക്കുന്നു.

പതിവു വിടുമോ

ഉത്തരാഖണ്ഡ് ?

ഓരോ തിരഞ്ഞെടുപ്പിലും പുതിയ പാർട്ടിക്കാരെ ഭരണത്തിൽ പ്രതിഷ്‌ഠിക്കുന്ന ഉത്തരാഖണ്ഡുകാർ പതിവു തെറ്റിക്കുമോ? അഞ്ചു വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ പരീക്ഷിച്ച ബി.ജെ.പിക്കെതിരെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നല്ല പോരാട്ടമാണ് കാഴ്ചവച്ചത്. അതേസമയം വിമതശല്യം ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളിയായി. തിരഞ്ഞെടുപ്പിനു മുൻപ് നേതാക്കൾ പാർട്ടി മാറിയതുമെല്ലാം ഇരുപക്ഷത്തെയും ബലാബലത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഇഞ്ചോടിഞ്ച്

ഗോവ


2017ൽ17 സീറ്റുകളിൽ വിജയിച്ച് വലിയ ഒറ്റക്കക്ഷിയായെങ്കിലും തന്ത്രപരമായ നീക്കങ്ങളിലൂടെ ഭരണം പിടിച്ചെടുത്ത ബി.ജെ.പിയോട് കണക്കു ചോദിക്കാനുറച്ചാണ് ഗോവയിൽ കോൺഗ്രസ് പോരാട്ടം. സർവേ ഫലങ്ങളിലും കാണാം പോരാട്ടത്തിന്റെ തീവ്രത. എൻ.സി.പി, ശിവസേന, ആംആദ്‌മി, തൃണമൂൽ പാർട്ടികളുടെ സാന്നിദ്ധ്യവും ഇക്കുറി പോർമുഖം കടുപ്പിച്ചു. പക്ഷേ ബി.ജെ.പി വിരുദ്ധരെല്ലാം ഒറ്റയ്‌ക്കാണ് ഗോദയിൽ. ക്രിസ്ത്യൻ വോട്ടുകൾ അടക്കം സമാഹരിച്ച് പാർട്ടിക്ക് ഗോവയിൽ അടിത്തറയിട്ട മനോഹർ പരീക്കർ എന്ന നേതാവിന്റെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിന് ഭരണത്തുടർച്ച സാദ്ധ്യമാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ആർക്കും ഭൂരിപക്ഷം നേടാനായില്ലെങ്കിൽ വീണ്ടും രാഷ്‌ട്രീയ നീക്കങ്ങൾക്ക് ഗോവ വേദിയാകും.


മണിപ്പൂരിൽ

തുടരുമോ ?

60 അംഗ മണിപ്പൂർ നിയമസഭയിൽ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാകുമെന്ന സർവേ പ്രവചനങ്ങൾ തിരിച്ചുവരവിനു ശ്രമിക്കുന്ന കോൺഗ്രസിനെ നിരാശപ്പെടുത്തുന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം ബി.ജെ.പി കൊണ്ടുപോയതാണ്. അതേസമയം 2017ൽ പ്രാദേശിക കക്ഷികളുടെ സഹായം ലഭിച്ച ബി.ജെ.പി ഒറ്റയ്‌ക്കാണ് ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ അധികാരത്തുടർച്ചയ്‌ക്ക് ശ്രമിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXIT POLL UP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.