SignIn
Kerala Kaumudi Online
Thursday, 19 September 2024 2.37 PM IST

മസ്‌തിഷ്‌ക പഠനം മണ്ണും മൗസും അറിഞ്ഞ്

Increase Font Size Decrease Font Size Print Page

ll

'നമ്മൾ എവിടെ ജനിച്ചുവോ അവിടേക്ക് വേരുകളിറക്കുകയും

ഏത് ആകാശത്തിലേക്കാണോ നമ്മുടെ ആത്മാവിന്റെ ചില്ലകൾ വികസിച്ചു നിൽക്കുന്നത് ആ ആകാശത്തിന്റെ ചക്രവാളസീമകളിലേക്ക് പറന്നുപോകാൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന ഒരു വിപരീത ക്രിയാസംക്രമണമാണ് വിദ്യാഭ്യാസം'.
ഈ നിർവചനത്തിന്റെ ഉപജ്ഞാതാവിനെത്തേടി ഫിൻലാൻഡിലോ വിദേശ സർവകലാശാലകളിലോ അലയേണ്ടതില്ല. പ്രഭാഷണ കലയിലൂടെ ആയിരം സൂര്യന്മാരെ സൃഷ്ടിച്ച സുകുമാർ അഴീക്കോടിന്റെ വിദ്യാഭ്യാസചിന്തയുടെ നാരായവേരാണിത്.
പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ താഴെ കാണുന്ന മേഖലകൾക്ക് ഊന്നൽ നൽകേണ്ടതാണ്.

മസ്തിഷ്‌ക പഠനം

മനുഷ്യ ശരീരത്തിന്റെ കിരീടമാണ് മസ്തിഷ്‌കം. മനുഷ്യനെ നിർവചിക്കുന്നതും അടയാളപ്പെടുത്തുന്നതും ഈ അവയവമാണ്.
മനഃശാസ്ത്രജ്ഞനായ ലൂയിസ് കോസോലിനോ തലച്ചോറിനെ ഒരു 'സാമൂഹിക അവയവം' എന്ന് വിശേഷിപ്പിക്കുന്നു.
അതുകൊണ്ട്, മസ്തിഷ്‌ക പഠനത്തിലൂടെയാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടത്.

മനഃശാസ്ത്രം

നമ്മുടെ ഉള്ളിലും നമുക്കിടയിലും മനസ് സ്ഥിതി ചെയ്യുന്നു. തലച്ചോറിന്റെ പ്രവർത്തനം മുതൽ രാഷ്ട്രങ്ങളുടെ പ്രവർത്തനം വരെയും ശിശുവികസനം മുതൽ പ്രായമായവരെ പരിപാലിക്കുന്നതു വരെയും ഇതിൽ ചർച്ച ചെയ്യുന്നു. അവനവനെയും മറ്റുള്ളവരെയും അറിയാനും ആശയവിനിമയം, വിമർശനാത്മക ചിന്ത, തൊഴിൽക്ഷമത (employability), ഗവേഷണം എന്നിവ മെച്ചപ്പെടുത്താനും മനഃശാസ്ത്ര പഠനം സഹായിക്കും.

മണ്ണ്

ഭൂമി വെറും മണ്ണല്ല. മണ്ണ്, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയുടെ സർക്യൂട്ടിലൂടെ ഒഴുകുന്ന ഊർജ്ജത്തിന്റെ ഉറവയാണ്. പുതുക്കാനുള്ള ഭൂമിയുടെ ശേഷിയാണ് ആരോഗ്യം. ഈ ശേഷി മനസിലാക്കാനും നിലനിറുത്താനുമുള്ള ശ്രമമാണ് സംരക്ഷണം. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പാഠ്യവിഷയമാക്കണം.

ജൈവവൈവിദ്ധ്യം

മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ജീവനോടെയും ആരോഗ്യത്തോടെയും നിലനില്‌കാൻ അടിസ്ഥാന വിഭവങ്ങൾ ആവശ്യമാണ്. നമ്മുടെ ഗ്രഹത്തിലെ ജീവജാലങ്ങൾ നമുക്ക് എല്ലാം നൽകുന്നു. അതിനാൽ, നമുക്ക് അതിജീവിക്കണമെങ്കിൽ അവയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്.

കായിക സാക്ഷരത

ശരീരത്തെ പുഷ്ടിപ്പെടുത്തുമ്പോഴാണ് മനസിനെ നിയന്ത്രിക്കാൻ കഴിയുന്നത്. വ്യായാമം ചെയ്തതിനുശേഷം ഗീത പഠിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ബൈസപ്സ് പേശികളെ ശക്തമാക്കുമെന്ന് സ്വമിവേകാനന്ദൻ ഉദ്‌ബോധിപ്പിച്ചത് നാം മറന്നുപോകരുത്. അതിനാൽ വിദ്യാഭ്യാസത്തിൽ പ്രധാനസ്ഥാനമുണ്ട് കായികസാക്ഷരതയ്‌ക്ക്.

പ്രഭാഷണകല

എഴുത്തിന്റെയും സംസാരത്തിന്റെയും പഠനവും കലയുമാണ് പ്രഭാഷണം. വിജയകരമായ പഠനത്തിനും അവതരണത്തിനും ഈ വിദ്യ ആവശ്യമാണ്. യുക്തിപരമായി ചിന്തിക്കാനും തെറ്റായ വാദങ്ങൾ കണ്ടെത്താനും പ്രഭാഷണകല വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന നിർമാണക്കല്ലുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ലിംഗപഠനം

വംശം, ജാതി, ഭാഷ, നിറം, ലിംഗഭേദം, ജനനം എന്നിവയുടെ വ്യത്യാസമില്ലാതെ മനുഷ്യരെ തുല്യതയോടെ കാണാനും ആദരിക്കാനുമുള്ള പഠനം പ്രാഥമിക ക്ലാസ് മുതൽ ആരംഭിക്കണം. ട്രാൻസ്‌ജെൻഡറിനെക്കുറിച്ചുളള അവബോധം പാഠ്യ വിഷയമാക്കണം.

തത്വചിന്താപഠനം

ആശയങ്ങൾ, നിർവചനങ്ങൾ, വാദങ്ങൾ, പ്രശ്നങ്ങൾ എന്നിവ വിശകലനം ചെയ്യാൻ തത്വചിന്താപഠനം സഹായിക്കുന്നു.

കല

സൂര്യൻ പൂക്കൾക്ക് നിറം നൽകുന്നതുപോലെ, കല ജീവിതത്തിന് നിറം നൽകുന്നു. ഇന്ദ്രിയ, പ്രവർത്തന, വൈജ്ഞാനിക, വൈകാരികമേഖലകളുടേയും ആത്യന്തികമായി മസ്തിഷ്‌ക പരിപോഷണത്തിനും കല അത്യന്താപേക്ഷിതമാണ്.

വൈദ്യശാസ്ത്രം

അവനവനെക്കുറിച്ച് അറിയുന്നതിന്റെ ഭാഗമായി ഫിസിയോളജിയും അനാട്ടമിയും ജൈവ രസതന്ത്രവും മൈക്രോബയോളജിയും വിദ്യാർത്ഥികൾ പഠിക്കേണ്ടതാണ്. മയക്കുമരുന്ന് പുകവലി, മദ്യപാനം എന്നിവയുടെ അപകടസാദ്ധ്യതകൾ തിരിച്ചറിയാൻ ഇത് അവരെ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം മറ്റ് ജീവിതശൈലീരോഗങ്ങൾ ജനിതകരോഗങ്ങൾ, സാംക്രമിക രോഗങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും ഇത് സഹായിക്കുന്നു.

പൈതൃക പഠനം

എവിടെനിന്ന് വന്നാലും നമ്മെ പിന്തുടരുന്ന ഒരു സംസ്‌കാരമുണ്ട്. നിങ്ങൾ എവിടെ വളർന്നാലും എവിടെ പോയാലും നിങ്ങളുടെ സംസ്‌കാരം എപ്പോഴും നിങ്ങളോടൊപ്പം കൊണ്ടുപോകാൻ കഴിയുന്നതാണ്. നമ്മുടെ പൈതൃകത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.


നവ സമൂഹ മാദ്ധ്യമം

സ്വകാര്യ ഇടങ്ങൾ ഇല്ലാതാകുന്നതുകൊണ്ട് ലൈംഗികമായി അപകീർത്തിപ്പെടാനും ഭീഷണികൾ നേരിടാനും സാദ്ധ്യതയുണ്ട്.
അതിനാൽ നവ സമൂഹമാദ്ധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും കുട്ടികൾ തിരിച്ചറിയണം.

നിർമിത ബുദ്ധി

ഈ പ്രപഞ്ചം മുഴുവനും ഡാറ്റ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ബയോമെട്രിക് ഡേറ്റയും കമ്പ്യൂട്ടറും കൂടുതൽ ശക്തിപ്രാപിക്കുമ്പോൾ ഒരു ബാഹ്യ അൽഗോരിതത്തിന്റെ നിരീക്ഷണത്തിലാണ് നാമെല്ലാവരും. ഇതിന്റെ ഫലമായി കമ്പനികൾ മനുഷ്യർക്കു പകരം അൽഗോരിതം സ്ഥാപിക്കും. അതുകൊണ്ട് ഈ രംഗത്ത് മുൻപന്തിയിലെത്താൻ എല്ലാ സ്‌കൂളുകളിലും റോബോട്ടിക് ലാബുകൾ സ്ഥാപിക്കണം.

ദുരന്തപഠനം

കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ദുർബലമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് പകരുന്നതിലൂടെ സ്വയരക്ഷ ഉറപ്പാക്കാൻ കുട്ടികളെ പ്രാപ്‌തരാക്കാം. ദുരന്തസമയത്ത് സ്‌കൂൾ കെട്ടിടങ്ങൾപോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയോ ഗുരുതര നാശനഷ്ടമോ വിദ്യാഭ്യാസപ്രക്രിയയെ തടസപ്പെടുത്തുന്നു. അപ്രതീക്ഷിതമായ ആഘാതം വലിയൊരു വിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനോ വിദ്യാഭ്യാസത്തോടുള്ള താത്‌പര്യം നഷ്ടപ്പെടാനോ കാരണമാകും. അതുകൊണ്ട്, ദുരന്തങ്ങളെക്കുറിച്ച് മുൻകൂട്ടി അറിവ് പകരുന്നതിനൊപ്പം അവയെ എങ്ങനെ നേരിടാമെന്നും കുട്ടികളെ പഠിപ്പിക്കണം.

ഗവേഷണം

ശാസ്ത്രീയ സിദ്ധാന്തങ്ങൾ, ആശയങ്ങൾ, എന്നിവയുടെ വികസനത്തിലൂടെ അറിവ് വികസിപ്പിക്കുകയും സമൂഹത്തെ മെച്ചപ്പെടുത്തുകയുമാണ് ഗവേഷണത്തിന്റെ ലക്ഷ്യം. ഗവേഷണത്തിന്റെ രീതിശാസ്ത്രം ഹൈസ്‌കൂൾ തലം മുതൽ പഠിച്ചുതുടങ്ങണം. എന്നാൽ മാത്രമേ ഭാവിയിൽ മികച്ച ഗവേഷകരെ വാർത്തെടുക്കാനാകൂ.

വായനയും ഭാവനയും

നാം പുസ്തകങ്ങൾ വായിക്കുന്നത് അറിവ് വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമല്ല; മറിച്ച് തെറ്റായ അറിവുകൾ തിരുത്താനും ഭാവനയ്ക്കും കൂടിയാണ്. മനുഷ്യന്റെ എല്ലാ നേട്ടങ്ങളുടേയും ഉറവിടം ഭാവനയാണ്. വിദ്യാർത്ഥികളുടെ സ്വതസിദ്ധമായ ഭാവനയെ പരിപോഷിപ്പിക്കുന്നതിലൂടെ അവരുടെ പഠനഫലങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. അതുകൊണ്ട്, മസ്തിഷ്‌കപഠനം വഴി മണ്ണിനെയും മൗസിനെയും ബന്ധിപ്പിക്കുക.

ലേഖകന്റെ ഫോൺ - 8921505404

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FEATURE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.