SignIn
Kerala Kaumudi Online
Friday, 26 April 2024 3.09 PM IST

ആദ്യ പണിമുടക്കും ആദ്യ ചെങ്കൊടിയും

photo
കേരളത്തിലെ ആദ്യ ചെങ്കൊടി - 1937 മേയ് 22 ന് ആലപ്പുഴയിൽ വി.കെ. വേലായുധൻ ഉയർത്തുന്നു.

കിഴക്കൻ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ, വാണിജ്യ കേന്ദ്രമായിരുന്നു. 1859- ലാണ് കേരളത്തിലെ ആദ്യ കയർ ഫാക്ടറിയായ 'ഡെറാസ്‌മെയിൻ" ആലപ്പുഴയിൽ സ്ഥാപിതമായത്. തുടർന്ന്, വിദേശികൾ ഉടമകളായി നിരവധി കയർ ഫാക്ടറികൾ അവിടെ തൊഴിലാളികൾക്ക് നിസാരകൂലി മാത്രമേ നൽകിയിരുന്നുള്ളൂ. പരിതാപകരമായ അവസ്ഥയിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് മനുഷ്യസ്നേഹികളായ പൊതുപ്രവർത്തകർ ആലോചിച്ചു തുടങ്ങി. അങ്ങനെ എമ്പയർ കയർ വർക്സ് എന്ന സ്ഥാപനത്തിലെ ഫാക്ടറി മൂപ്പനായ (സൂപ്പർവൈസർ) വാടപ്പുറം പി.കെ. ബാവ മുൻകൈയെടുത്ത് 1922 മാർച്ച് 31ന് വിളിച്ചുകൂട്ടിയ യോഗം കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ 'ലേബർ യൂണിയന്" ജന്മം നൽകി. വാടപ്പുറം ബാവയെ സെക്രട്ടറിയായും എം.കെ. ആന്റണിയെ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഒരു മാസത്തിനുശേഷം സംഘടനയുടെ പേര് തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്നാക്കാനും മറ്റ് ഫാക്ടറികളിലെ തൊഴിലാളികൾക്കു കൂടി അംഗത്വം നൽകാനും തീരുമാനമായി.

കാൽനടയായും കാളവണ്ടിയിലും മൈലുകൾ താണ്ടിയാണ് നേതാക്കൾ സംഘടനാ പ്രവർത്തനം നടത്തിയത്. തൊള്ളായിരത്തി മുപ്പതുകളിൽ ലേബർ അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന പി. കേശവദേവ് തന്റെ ആത്മകഥയായ 'എതിർപ്പ് "ൽ ഇങ്ങനെ എഴുതി: - ''അസോസിയേഷന്റെ പ്രസിഡന്റായിരുന്ന വി.കെ. വേലായുധൻ അന്ന് താമസിക്കുന്നത് വൈ.എം.സി.എ പാലത്തിന് വടക്കുവശത്തുള്ള ഒരു വീട്ടിലാണ്. കേശവന്റെ (കേശവദേവ് ) താമസം അദ്ദേഹത്തിന്റെ കൂടെയായിരുന്നു. അതിഥികൾ ധാരാളമുള്ള ഒരു വീടാണത്. അന്നത്തെ പല രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർക്കും അതൊരു വിശ്രമസങ്കേതമായിരുന്നു. (സഖാവ് ആർ. സുഗതൻ ആ വീട്ടിലെ സ്ഥിരതാമസക്കാരനായിരുന്നു). രാത്രിയിൽ ഉത്സവമാണ് വീട്ടിൽ. ആഹ്ളാദത്തിന്റെ ഓളത്തിൽ വീണുകഴിഞ്ഞാൽ ഗൗരവപ്രകൃതക്കാരുടെ ഗൗരവമെല്ലാം പമ്പകടക്കും. ചിലപ്പോൾ ആ വീട്ടിൽ ഒരു കൊടുങ്കാറ്റ് കടന്നുവരും സി. കേശവൻ എന്ന കൊടുങ്കാറ്റ് ."

സി. കേശവൻ അന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ആയിരുന്നു. വാസസ്ഥലമായ കൊല്ലത്തുനിന്ന് ബസിലാണ് അദ്ദേഹം ആലപ്പുഴയിലെത്തുന്നത്. സംഘടനാപ്രവർത്തനങ്ങൾ കഴിഞ്ഞാൽ വിശ്രമിക്കുന്നത് സഹപ്രവർത്തകന്റെ വീട്ടിൽ. അവിടെ വിളമ്പുന്ന കഞ്ഞിയാണ് രാത്രിഭക്ഷണം. ഉറക്കം സാധാരണ പ്രവർത്തകർക്കൊപ്പം തറയിൽ പായ് വിരിച്ച്. ശീതീകരിച്ച ഓഫീസ് മുറിയും ആഡംബര വാഹനവും അംഗരക്ഷകരുടെ അകമ്പടിയുമായി ജനസേവനം തൊഴിലായി കൊണ്ടുനടക്കുന്ന ഇന്നത്തെ നേതാക്കൾ അറിഞ്ഞിരിക്കേണ്ടതാണ് ഈ ചരിത്രം.

ആദ്യത്തെ പൊതുപണിമുടക്ക്

1934-ലാണ് കേരളത്തിൽ ആദ്യമായി തൊഴിലാളികളുടെ പൊതുപണിമുടക്ക് നടന്നത്. എമ്പയർ കയർ വർക്സ് എന്ന സ്ഥാപനത്തിന്റെ ഉടമയ്ക്ക് വാർഷികത്തിലുണ്ടായ കുറവ് നികത്താൻ തൊഴിലാളികളുടെ കൂലി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ എല്ലാ ഫാക്ടറികളിലെയും തൊഴിലാളികളെ പങ്കെടുപ്പിച്ച് ലേബർ അസോസിയേഷൻ സംഘടിപ്പിച്ച പണിമുടക്ക് ചരിത്രമായി. തുടർന്ന് മഹാരാജാവിനെ കണ്ട് നിവേദനം സമർപ്പിക്കാനായി അൻപത് തൊഴിലാളികൾ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാൽനടയായി പുറപ്പെട്ടു. ഈ നീക്കം തടഞ്ഞുകൊണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയാണ് സർക്കാർ ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ തൊഴിലാളികൾ വീണ്ടും പണിമുടക്കി.

ആദ്യത്തെ ചെങ്കൊടി

ലേബർ അസോസിയേഷന്റെ 15-ാം വാർഷിക സമ്മേളനത്തിലാണ് കേരളത്തിൽ ആദ്യമായി അരിവാൾ ചുറ്റിക അടയാളമുള്ള ചെങ്കൊടി പാറിയത്. 1937 മേയ് 22ന് ആലപ്പുഴയിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായി വി.കെ. വേലായുധൻ. സൈമൺ ആശാൻ എന്ന പ്രാദേശിക നേതാവാണ് പതാക നിർമ്മിച്ചത്.

1936-ലാണ് സോഷ്യലിസ്റ്റ് പാർട്ടിയുടെ (പിൽക്കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി) ഒരു ഘടകം സഖാവ് പി. കൃഷ്ണപിള്ള ആലപ്പുഴയിൽ സ്ഥാപിച്ചത്.

എന്നാൽ തൊഴിലാളികളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തൊഴിലാളികൾ ഒന്നടങ്കം എസ്.എൻ.ഡി.പി യോഗത്തിന്റെയും ലേബർ അസോസിയേഷന്റെയും പിന്നിൽ ഉറച്ചുനിന്നു. ഇങ്ങനെയിരിക്കെയാണ് 1938 ആദ്യം തിരുവിതാംകൂറിനു ഉത്തരവാദഭരണം പ്രക്ഷോഭം ആരംഭിച്ചത്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയും എസ്.എൻ.ഡി.പി യോഗവും സംയുക്തമായാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. ഇരു സംഘടനകൾക്കുമിടയിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളുടെ ഫലമായി 1939 അവസാനത്തോടെ എസ്.എൻ.ഡി.പി യോഗം സ്റ്റേറ്റ് കോൺഗ്രസുമായുള്ള ബാന്ധവം അവസാനിപ്പിച്ച് പ്രക്ഷോഭത്തിൽ നിന്ന് പിന്മാറി. തെരുവിലിറങ്ങി ചാവേറുകളാകാൻ പ്രവർത്തകരില്ലാതെ വന്നതോടെ പ്രക്ഷോഭം പൂർണമായും കെട്ടടങ്ങി. അതേസമയം സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറിയായ ആർ. ശങ്കറെ മുന്നിൽ നിറുത്തി എസ്.എൻ.ഡി.പി യോഗനേതൃത്വം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ സ്റ്റേറ്റ് കോൺഗ്രസ് നടത്തിക്കൊണ്ടിരുന്നു.

ആർ. ശങ്കറെ യോഗം ജനറൽ സെക്രട്ടറി ആക്കുന്നതിൽ അവർ വിജയിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ ശങ്കർ നിലപാട് മാറ്റിയതോടെ പ്രക്ഷോഭം പുനരാരംഭിക്കാമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായി. ഈ സംഭവവികാസങ്ങൾ സ്വാതന്ത്ര്യകാംക്ഷികളായ സാധാരണജനങ്ങളെ നിരാശപ്പെടുത്തി. അതോടൊപ്പം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി നാട്ടിലെങ്ങും തൊഴിലില്ലായ്മയും ദാരിദ്ര്യവും വ്യാപകമാകുക കൂടി ചെയ്തതോടെ സാധാരണക്കാരും തൊഴിലാളികളും കൂട്ടമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ചേക്കേറി. സംസ്ഥാനത്ത് പ്രത്യേകിച്ച് ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പെട്ടെന്ന് ശക്തിപ്രാപിച്ചു. ഈ സംഭവവികാസങ്ങളുടെ സ്വാഭാവിക പരിണാമമെന്നോണം ലേബർ അസോസിയേഷൻ പൂർണമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലായി. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്ന് പേരുമാറ്റിയ സംഘടന ഇപ്പോൾ എ.ഐ.ടി.യു.സിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചുവരുന്നു.

ലേഖകൻ മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണറാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STRIKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.