SignIn
Kerala Kaumudi Online
Sunday, 28 April 2024 3.47 AM IST

വിദേശ സർവകലാശാലകൾ ഇന്ത്യയിലെത്തുമ്പോൾ

photo

രാജ്യത്ത് ദേശീയ വിദ്യാഭ്യാസനയം 2020 ലെ ശുപാർശകൾ അനുസരിച്ച് വിദേശ സർവകലാശാലകൾക്ക് കാമ്പസ് തുടങ്ങാനുള്ള കരട് രേഖ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ (യു.ജി. സി) ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുന്നു. കരട് നിർദ്ദേശത്തിൽ വിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ കാമ്പസുകൾക്ക് സ്വയംഭരണാധികാരം, സ്വന്തമായി ഫീസ് നിശ്ചയിക്കാനുള്ള അവകാശം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്വതന്ത്രാധികാരമുള്ള/സ്വകാര്യ സർവകലാശാലകൾക്ക് സമാനമായി ഭരണനിർവഹണം, നിയന്ത്രണാധികാരം, കോഴ്സുകൾ കണ്ടെത്തൽ എന്നിവ വിദേശ സർവകലാശാലകൾക്കും അനുവദിക്കാമെന്ന് കരട് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സർവകലാശാല റാങ്കിങ്ങിൽ ആദ്യത്തെ 500 ൽ വരുന്ന സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് തുടങ്ങാം.

കരട് നിർദേശങ്ങൾ

യു.ജി.സി നിയമിച്ച സ്റ്റാന്റിംഗ് കമ്മിറ്റി വരാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത, കോഴ്സുകൾ, സാദ്ധ്യത, അക്കാഡമിക് നിലവാരം, ഭൗതിക സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് 45 ദിവസത്തിനകം യു.ജി.സി ക്കു സമർപ്പിക്കണം. ഇത് വിലയിരുത്തി 45 ദിവസത്തിനകം യു.ജി.സി വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ രണ്ടുവർഷത്തിനകം കാമ്പസ് തുടങ്ങാൻ തത്വത്തിൽ അംഗീകാരം നൽകും. തുടക്കത്തിൽ 10 വർഷത്തേക്കാണ് അനുമതി നൽകുന്നത്. കാലയളവ് പിന്നീട് ദീർഘിപ്പിച്ചു നൽകും. രാജ്യത്തെ വിദ്യാർത്ഥികളോടൊപ്പം, വിദേശ വിദ്യാർത്ഥികൾക്കും ഇവിടെ അഡ്മിഷൻ നൽകാം. സുതാര്യമായ രീതിയിൽ ഫീസ് നിർണയിക്കുന്നതോടൊപ്പം അദ്ധ്യാപകരെ രാജ്യത്തിനകത്തുനിന്നും, വിദേശത്തുനിന്നും തിരഞ്ഞെടുക്കാം. ഓൺലൈൻ, വിദൂരവിദ്യാഭ്യാസ കോഴ്സുകൾ തുടങ്ങാൻ അനുമതിയില്ല. വിദേശ ഫണ്ടിന്റെ വിനിമയം ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 അനുസരിച്ചായിരിക്കും. സർവകലാശാലകൾ കാലാകാലങ്ങളിൽ യു.ജി.സി ക്കു ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണം.

2010 ൽ യു.പി.എ രണ്ടാം ഗവൺമെന്റ് കൊണ്ടുവന്ന വിദേശ വിദ്യാഭ്യാസ ബില്ലിനെ എതിർത്ത ബി.ജെ.പി യാണ് ഇന്ന് വിദേശ കാമ്പസുകൾ തുടങ്ങാൻ മുൻകൈയെടുക്കുന്നത്. വിദേശ സ്വാധീനം ഇന്ത്യൻ സംസ്‌കാരത്തെ ബാധിക്കുമെന്നാണ് അവർ വാദിച്ചിരുന്നത് !

വിദേശ ക്യാമ്പസുകളുടെ

ആവശ്യകത

വിദേശ വിദ്യാഭ്യാസത്തിനുവേണ്ടി രാജ്യത്തെ വിദ്യാർത്ഥികൾ കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കുമ്പോൾ വിദേശസർവകലാശാലകളുടെ കാമ്പസുകൾ ഇന്ത്യയിൽ തുടങ്ങുന്നതിലൂടെ വിദേശത്തേക്കുള്ള സാമ്പത്തിക ഒഴുക്ക് കുറയ്ക്കാമെന്നും, വിദ്യാർത്ഥികൾക്ക് വിദേശത്തുലഭിക്കുന്ന ഉന്നതപഠന സൗകര്യം രാജ്യത്ത് രൂപപ്പെടുത്താമെന്നുമാണ് യു.ജി.സി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യയെ ആഗോള വിദ്യാഭ്യാസ ഹബ്ബായി മാറ്റാമെന്നും യു.ജി.സി കരുതുന്നു. പ്രതിവർഷം ഏഴരലക്ഷം വിദ്യാർത്ഥികളാണ് ഇന്ത്യയിൽനിന്നും ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനത്തിനായി വിദേശ സർവകലാശാലകളിലെത്തുന്നത്. ഇതിലൂടെ ഒരുലക്ഷം കോടി രൂപയാണ് പ്രതിവർഷം ഇന്ത്യയിൽ നിന്നും വിദേശത്തേക്കൊഴുകുന്നത്. എന്നാൽ വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇതിലൂടെ പൂർണമായി കുറയ്ക്കാൻ സാധിക്കില്ല.

പഠനത്തിനപ്പുറം വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നത് വിദേശജീവിതവും അവിടെത്തന്നെ തൊഴിൽലഭിക്കാനുള്ള അവസരങ്ങളുമാണ്. ഇന്ത്യയിലെ വിദേശകാമ്പസുകളിൽ ലഭിക്കാവുന്ന വിദേശ ഫാക്കൽറ്റികളുടെ എണ്ണവും പരിമിതമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഭൗതിക സൗകര്യത്തിന്റെ കാര്യത്തിലും പരിമിതികളുണ്ട്.

വിദേശ സർവകലാശാലകളുടെ വരവ് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാലത്തിനൊത്ത ന്യൂജൻ കോഴ്സുകൾ, മികച്ച അക്കാഡമിക് ഗവേഷണസൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, സാങ്കേതിക വിദ്യ, പഠനത്തോടൊപ്പമുള്ള തൊഴിൽ, പ്ലേസ്‌മെന്റ് സൗകര്യം, നിരവധി ലോകോത്തര സർവകലാശാലകളുമായുള്ള ട്വിന്നിങ്, ജോയിന്റ്/ഡ്യൂവൽ ബിരുദ പ്രോഗ്രാമുകൾ എന്നിവ വിദേശസർവകലാശാലകളുടെ സവിശേഷതകളാണ്. 2022 ലെ സർവകലാശാലകളുടെ ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിങ്ങിൽ ആദ്യത്തെ 300 റാങ്കിങ്ങിൽ ഇന്ത്യയിലെ സർവകലാശാലകളില്ല. 300 നു മുകളിലാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐ.ഐ.ടി എന്നിവയുള്ളത്.

രാജ്യത്ത് വിദേശ സർവകലാശാലകളുടെ കാമ്പസ് വരുന്നതിലൂടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് അവിടെ പഠിക്കാം. ഇതിലൂടെ വിദേശത്തേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയ്ക്കാം. വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്നതിനെ അപേക്ഷിച്ച് പ്രാവീണ്യ പരീക്ഷകളിൽ കുറവുണ്ടാകാനും സാദ്ധ്യതയുണ്ട്. അഡ്മിഷൻ പ്രക്രിയയിലും ഇളവ് പ്രതീക്ഷിക്കാം. ഹാർവാർഡ്, എം.ഐ.ടി, ഓക്സ്‌ഫോർഡ് തുടങ്ങിയ ലോകോത്തര സർവകലാശാലകളുടെ കാമ്പസ് വരുന്നതോടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും മാറ്റമുണ്ടാക്കും. ഇന്ത്യയിലെ സർവകലാശാലകൾക്ക് മത്സരബുദ്ധിയോടെ പ്രവർത്തിക്കേണ്ടിവരും. ഇത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം, രാജ്യാന്തര നിലവാരത്തിലേക്ക് ഇന്ത്യൻ സർവകലാശാലകളെ പിടിച്ചുയർത്താൻ സഹായിക്കും. അദ്ധ്യാപകരുടേയും ഗവേഷകരുടേയും പ്രവർത്തനക്ഷമത ഉയർത്താനും ഉപകരിക്കും. എന്നാൽ വിദേശസർവകലാശാലകൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങളുടെ നിലപാടും വ്യത്യസ്തമാണ്. തമിഴ്നാട് ഇതിനകം താത്‌പര്യക്കുറവ് കാണിച്ചിട്ടുണ്ട്. ദേശീയവിദ്യാഭ്യാസ നയത്തിലെ നിലപാടുകളോട് വിയോജിക്കുന്നവർ നിർദേശത്തോട് വിമുഖതകാണിക്കും.

എത്ര വിദേശ സർവകലാശാലകൾ താത്‌പര്യം പ്രകടിപ്പിക്കുമെന്നും അറിയേണ്ടതുണ്ട്. അമേരിക്കൻ, യു.കെ സർവകലാശാലകളാണ് ഏറെയും. യൂറോപ്യൻ, സിംഗപ്പൂർ, ചൈനീസ്, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവയുമുണ്ട്. രാജ്യത്ത് വിദേശ സർവകലാശാലകൾ വരുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മുതൽ മുടക്കാൻ താത്‌പര്യമുള്ള സംരംഭകരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ പഠനത്തിനുള്ള സ്‌കോളർഷിപ്പുകൾ, അസിസ്റ്റന്റ് ഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവ ലഭ്യമാക്കാൻ കേന്ദ്ര ഗവൺമെന്റ് മുൻകൈയെടുക്കണം. ഇതിനകംതന്നെ ചില സ്‌കോളർഷിപ്പുകൾ നിറുത്തലാക്കിയിരുന്നു. ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികൾക്കുള്ള കെ.വി.പി.വൈ സ്‌കോളർഷിപ്പ് ഇതിലുൾപ്പെടുന്നു.

മികച്ച നിലവാരമുള്ള വിദേശസർവകലാശാലകളുടെ വരവിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം അവ സാമൂഹികനീതി, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണം, താങ്ങാവുന്ന ഫീസ്, സ്‌കിൽ വികസനം, തൊഴിൽലഭ്യതാ മികവ് , ഗവേഷണം, അക്കാഡമിക് ഗുണനിലവാരം എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഭാവി ഇന്നൊവേഷനുകളിലും, തൊഴിലുകളിലും കാതലായ മാറ്റം പ്രവചിക്കുമ്പോൾ കാലത്തിനിണങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകൾ രൂപപ്പെടുത്താൻ വിദേശ സർവകലാശാലകൾ തയ്യാറാകണം. ഇതോടൊപ്പം ഇന്ത്യൻ സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നടപടികളും ഉർജ്ജിതപ്പെടുത്തണം. (കരട് നിർദേശത്തിൽ ആവശ്യമായ ഭേദഗതികൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ് )

(ലേഖകൻ ബെംഗളൂരുവിലെ ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് & ടെക്‌നോളജിയിലെ പ്രൊഫസറാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOREIGN UNIVERSITIES IN INDIA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.