SignIn
Kerala Kaumudi Online
Friday, 26 April 2024 1.42 PM IST

ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ പദവി

photo

ഇന്ത്യ ഇന്ന് ജി 20 അദ്ധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ, മനുഷ്യരാശിക്കാകെ പ്രയോജനം ചെയ്യുന്നതിന് അടിസ്ഥാനപരമായ ചിന്താഗതിയിൽ ഒരു മാറ്റം ഉത്തേജിപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ചാണ് നമ്മുടെ മാനസികാവസ്ഥ രൂപപ്പെടുന്നത്. ചരിത്രത്തിലുടനീളം, മനുഷ്യരാശി ക്ഷാമത്തിലാണ് ജീവിച്ചിരുന്നത്. പരിമിതമായ വിഭവങ്ങൾക്കായി നാം പോരാടി, ഓരോരുത്തരുടെയും അതിജീവനം മറ്റുള്ളവർക്ക് അവ നിഷേധിക്കുന്നതിനെ ആശ്രയിച്ചിരുന്നു. ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും സ്വത്വങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലും മത്സരവും സാധാരണമായി. നിർഭാഗ്യവശാൽ, ഇന്നും നമ്മൾ ഉത്‌പാദനക്ഷമമല്ലാത്ത സമാന ചിന്താഗതിയിൽ കുടുങ്ങിക്കിടക്കുന്നു. രാജ്യങ്ങൾ ഭൂപ്രദേശത്തിനോ വിഭവങ്ങൾക്കോ വേണ്ടി പോരാടുന്നതും അവശ്യവസ്തുക്കളുടെ വിതരണം ആയുധമാക്കുന്നതും നാം കാണുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ദുർബലരായി തുടരുമ്പോഴും, ചുരുക്കം ചിലർ വാക്സിനുകൾ പൂഴ്ത്തിവയ്‌ക്കുന്നു.

ഏറ്റുമുട്ടലും അത്യാഗ്രഹവും മനുഷ്യസ്വഭാവം മാത്രമാണെന്ന് ചിലർ വാദിച്ചേക്കാം. ഞാൻ അതിനോട് വിയോജിക്കുന്നു. മനുഷ്യർ അന്തർലീനമായി സ്വാർത്ഥരാണെങ്കിൽ, അടിസ്ഥാനപരമായി നമ്മുടെ ഏകത്വത്തെപ്പറ്റി പറയുന്ന ആത്മീയപാരമ്പര്യങ്ങളുടെ ശാശ്വത സ്വാധീനത്തെക്കുറിച്ച് എങ്ങനെ വിശദീകരിക്കാനാകും ?​ ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷത ഈ സാർവത്രികമായ ഏകത്വബോധം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കും. അതിനാൽ ഞങ്ങളുടെ പ്രമേയം 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ്. ഇത് വെറുമൊരു മുദ്രാവാക്യമല്ല. ഇന്ന്, ലോകത്തിലെ എല്ലാ ജനങ്ങളുടെയും അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഉത്‌പാദനത്തിനുള്ള മാർഗങ്ങൾ നമുക്കുണ്ട്. ഇന്ന്, നമ്മുടെ നിലനിൽപ്പിനായി പോരാടേണ്ട ആവശ്യമില്ല. തീർച്ചയായും നമ്മുടെ യുഗം യുദ്ധത്തിന്റേതായിരിക്കരുത്. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ മാത്രമേ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, പകർച്ചവ്യാധികൾ എന്നിവയ്‌ക്ക് പരിഹാരം കാണാനാകൂ. ഭാഗ്യവശാൽ, ഇന്നത്തെ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ പ്രശ്നങ്ങൾ വ്യാപകമായ തോതിൽ പരിഹരിക്കാനുള്ള മാർഗങ്ങളും നൽകുന്നു.

മനുഷ്യരാശിയുടെ ആറിലൊന്ന് പേരെ ഉൾക്കൊള്ളുന്ന ഇന്ത്യ ഭാഷകൾ, മതങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയുടെ അപാരമായ വൈവിദ്ധ്യമുള്ള ലോകത്തിന്റെ സൂക്ഷ്മരൂപമാണ്.

കൂട്ടായി തീരുമാനങ്ങളെടുക്കുന്ന ഏറ്റവും പഴക്കമേറിയ പാരമ്പര്യങ്ങൾക്കൊപ്പം, ജനാധിപത്യത്തിന്റെ അടിസ്ഥാന തലത്തിലേക്ക് ഇന്ത്യ സംഭാവന ചെയ്യുന്നു. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിൽ, ഇന്ത്യയുടെ ദേശീയ സമവായം രൂപപ്പെടുന്നത് ആജ്ഞയിലൂടെയല്ല,​ ദശലക്ഷക്കണക്കിന് സ്വതന്ത്ര ശബ്ദങ്ങളെ ഒരു യോജിപ്പുള്ള ഈണത്തിൽ സമന്വയിപ്പിച്ചാണ്.

ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. നമ്മുടെ പൗരകേന്ദ്രീകൃത ഭരണ മാതൃക, ഏറ്റവും പാർശ്വവത്‌കരിക്കപ്പെട്ട പൗരന്മാരെപ്പോലും പരിപാലിക്കുന്നു. അതേസമയം നമ്മുടെ യുവാക്കളുടെ സർഗാത്മക പ്രതിഭയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

ദേശീയ വികസനം മുകളിൽനിന്ന് താഴേക്കുള്ള ഭരണപ്രക്രിയ അല്ല, മറിച്ച് പൗരന്മാർ നയിക്കുന്ന 'ജനകീയ പ്രസ്ഥാനം' ആക്കാനാണ് നമ്മൾ ശ്രമിച്ചത്.

തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും പരസ്പരം പ്രവർത്തിക്കാവുന്നതുമായ ഡിജിറ്റൽ പൊതുജന സേവനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതികവിദ്യ നമ്മൾ പ്രയോജനപ്പെടുത്തി. സാമൂഹിക സംരക്ഷണം, സാമ്പത്തിക ഉൾപ്പെടുത്തൽ, ഇലക്ട്രോണിക് പേയ്‌മെന്റുകൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന മേഖലകളിൽ വിപ്ലവകരമായ പുരോഗതി കൈവരിച്ചു.

ഈ കാരണങ്ങളാൽ, ആഗോള പരിഹാരങ്ങൾ സാദ്ധ്യമായ ഉൾക്കാഴ്ച നൽകാൻ ഇന്ത്യയ്‌ക്ക് കഴിയും. ജി20 അദ്ധ്യക്ഷ കാലത്ത്, ഇന്ത്യയുടെ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾക്ക് സാദ്ധ്യമായ ടെംപ്ലേറ്റുകളായി ഞങ്ങൾ അവതരിപ്പിക്കും.

ജി20 മുൻഗണനകൾ ജി20 പങ്കാളികളുമായി മാത്രമല്ല, ആഗോളതലത്തിൽ, ദക്ഷിണ മേഖലയിലെ സഹയാത്രികരുമായും കൂടിയാലോചിച്ചാവും രൂപപ്പെടുത്തുന്നത്. അവരുടെ ശബ്ദം പലപ്പോഴും എവിടെയും കേൾക്കാറില്ല. ഞങ്ങളുടെ മുൻഗണനകൾ, നമ്മുടെ 'ഒരു ഭൂമി'യെ സംരക്ഷിക്കാനും നമ്മുടെ 'ഒരു കുടുംബ'ത്തിനുള്ളിൽ ഐക്യം സൃഷ്ടിക്കാനും നമ്മുടെ 'ഒരു ഭാവി'യെക്കുറിച്ചുള്ള പ്രതീക്ഷ നൽകാനും ശ്രദ്ധ കേന്ദ്രീകരിക്കും.

നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ, പ്രകൃതിയോടുള്ള വിശ്വാസമെന്ന ഇന്ത്യൻ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി ഞങ്ങൾ പ്രോത്സാഹിപ്പിക്കും. മനുഷ്യരാശിയുടെ കുടുംബത്തിനുള്ളിൽ ഐക്യം പ്രോത്സാഹിപ്പിക്കാൻ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മാനുഷിക പ്രതിസന്ധികളിലേക്ക് നയിക്കാതിരിക്കാൻ, ആഗോളതലത്തിൽ ഭക്ഷണം, രാസവളങ്ങൾ, മെഡിക്കൽ ഉത്‌പന്നങ്ങൾ എന്നിവയുടെ ആഗോളവിതരണത്തെ അരാഷ്ട്രീയവത്‌കരിക്കാൻ ഞങ്ങൾ ശ്രമിക്കും. ഏറ്റവും വലിയ ആവശ്യങ്ങൾ ഉള്ളവർക്കായിരിക്കണം നമ്മുടെ പ്രഥമ പരിഗണന.

നമ്മുടെ ഭാവിതലമുറകളിൽ പ്രത്യാശ വളർത്താൻ, നശീകരണ ആയുധങ്ങൾ ഉയർത്തുന്ന അപകടസാദ്ധ്യതകൾ ലഘൂകരിക്കുന്നതിനും ആഗോള സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ഏറ്റവും ശക്തമായ രാജ്യങ്ങൾക്കിടയിൽ സത്യസന്ധമായ സംഭാഷണം ഞങ്ങൾ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ജി 20 അജൻഡ എല്ലാവരേയും ഉൾക്കൊള്ളുന്നതും അഭിലാഷപൂർണവും പ്രവർത്തനകേന്ദ്രീകൃതവും നിർണായകവുമായിരിക്കും.

ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയെ ഐക്യത്തിന്റെയും പ്രത്യാശയുടെയും പരിഹാരത്തിന്റെയും അദ്ധ്യക്ഷതയാക്കാൻ നമുക്ക് ഒരുമിക്കാം. മനുഷ്യകേന്ദ്രീകൃത ആഗോളവത്‌കരണത്തിന്റെ പുതിയ മാതൃക രൂപപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G 20 AND INDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.