SignIn
Kerala Kaumudi Online
Monday, 12 May 2025 4.59 PM IST

പൊള്ളുന്ന കാട് , വെന്തുനീറി ജീവനുകൾ

Increase Font Size Decrease Font Size Print Page

photo

നാട്ടിലെ പൊള്ളുന്ന ചൂടിനെക്കുറിച്ച് പരിതപിക്കുന്ന നാം കാട്ടിലെ പുഴുക്കൾ മുതൽ സിംഹം വരെയുള്ള ജീവിവർഗങ്ങളും പായലുകൾ മുതൽ വൻമരങ്ങൾ അടക്കമുളള സസ്യജാലങ്ങളും നേരിടുന്ന കൊടുംചൂടിനെക്കുറിച്ച് ഓർക്കാറുണ്ടോ! സ്വാഭാവിക വനം പുനഃസ്ഥാപിച്ചില്ലെങ്കിൽ നാടിനൊപ്പം കാടും ചുട്ടുപൊള്ളി കാട്ടുതീയ്ക്കും വന്യജീവികളുടെ കാടിറക്കത്തിനും കാരണമാകുമെന്ന് കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിട്ട് കാലങ്ങളായി. വ്യാവസായിക ആവശ്യത്തിന് 1950 -1980 കാലത്ത് സ്വാഭാവികവനം വെട്ടിത്തെളിച്ച് യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ വിദേശ ഏകവിളത്തോട്ടങ്ങൾ വളർത്തിയതിന്റെ പ്രത്യാഘാതം ഇപ്പോഴും നമ്മുടെ കാടുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അധിനിവേശ സസ്യങ്ങൾ പ്രാദേശിക സസ്യങ്ങൾക്ക് ഭീഷണിയാവുകയും വരൾച്ചയ്ക്കും ജലദൗർലഭ്യത്തിനും പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്കും കാരണമാവുകയും ചെയ്‌തു. മൂന്ന് വർഷം മുൻപ് തൃശൂരിലെ കൊറ്റമ്പത്തൂരിൽ മൂന്ന് വനപാലകർ കാട്ടുതീയിൽ മരിച്ചത് അക്കേഷ്യ മരങ്ങൾക്ക് തീപിടിച്ചായിരുന്നു.

സസ്യങ്ങൾ മുറിച്ച് സ്വാഭാവിക വനവത്കരണം തുടങ്ങിയെങ്കിലും ഫണ്ടിന്റെ കുറവും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം കാര്യക്ഷമമല്ല. 2021 ഡിസംബറിലാണ് സ്വാഭാവിക വന പുനഃസ്ഥാപന നയരേഖ മന്ത്രിസഭ അംഗീകരിച്ചത്. അക്കേഷ്യ, വാറ്റിൽ, യൂക്കാലിപ്റ്റസ് തുടങ്ങിയവ മുറിച്ചും വന്യജീവി വഴിത്താരകളിലും പ്രകൃതിദുരന്ത പ്രദേശങ്ങളിലും സ്വാഭാവിക വനം വളർത്താനായിരുന്നു ലക്ഷ്യം. ആവാസവ്യവസ്ഥയ്‌ക്ക് ചേരാത്ത സെന്ന (മഞ്ഞക്കൊന്ന), ലന്റാന, മൈക്കേനിയ തുടങ്ങിയ സസ്യങ്ങൾ പെട്ടെന്ന് നീക്കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞവർഷം വയനാട് സുൽത്താൻ ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ 30 ഹെക്ടറിൽ നൂൽപ്പുഴ പഞ്ചായത്തുമായി ചേർന്ന് വനം വകുപ്പ് 'വനീകരണം"എന്ന പേരിൽ പദ്ധതി തുടങ്ങിയിരുന്നു. ഇതുവരെ നാല് ഹെക്‌ടറിൽ 3000 മുളകളും ആയിരം ഫലവൃക്ഷങ്ങളും നട്ടു. വരുംവർഷങ്ങളിൽ ഇത് 200 ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും വനവത്കരണം നടപ്പാക്കുന്നുണ്ടെങ്കിലും വനംവകുപ്പിന്റെ ശ്രമങ്ങൾക്ക് വേഗം പോരെന്നാണ് ആക്ഷേപം. കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാനും അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാനും വൃക്ഷങ്ങൾക്ക് കഴിയും. അങ്ങനെ വനവത്കരണത്തിന് തദ്ദേശവകുപ്പ്, കുടുംബശ്രീ, വനസംരക്ഷണ സമിതികൾ, ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികൾ, സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവ സഹകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വരൾച്ച മുതൽ

ചുഴലി വരെ

വനമേഖലകൾ വരൾച്ചയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും മാത്രമല്ല, മിന്നൽ ചുഴലിക്കാറ്റുകളും പതിവായിട്ടുണ്ട്. മൂന്ന് വർഷമായി മലയോരമേഖലയായ തൃശൂരിലെ പുത്തൂരിൽ തുടർച്ചയായി മിന്നൽ ചുഴലിക്കാറ്റുകളുണ്ടായി. നിരവധി വീടുകളും കാർഷികവിളകളും നശിച്ചുകൊണ്ടിരുന്നു. നാശനഷ്ടങ്ങളുടെ കണക്കെടുത്ത്, പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവനകൾ കൂടി ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ഈ പ്രതിഭാസം സംബന്ധിച്ച് പരിശോധിക്കാൻ ദുരന്തനിവാരണ കമ്മിഷന് നിർദ്ദേശം നൽകി. പക്ഷേ, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിന് കൃത്യമായ പഠനവുമില്ല, ഉത്തരവുമില്ല.

ഈവർഷം മദ്ധ്യകേരളത്തിൽ മഴയ്ക്കുള്ള സാദ്ധ്യത കുറവാണെന്നും ചൂട് പെട്ടെന്ന് ശമിക്കില്ലെന്നുമാണ് കാലാവസ്ഥാ ഗവേഷകരുടെ അഭിപ്രായം. സാധാരണ വേനൽമഴയ്ക്കുണ്ടാകേണ്ട സാഹചര്യം രൂപംകൊണ്ടിട്ടില്ല. പ്രാദേശിക ഘടകങ്ങൾ മഴയ്ക്ക് കാരണമാകാമെങ്കിലും ആ സാദ്ധ്യതകളും നിലനിൽക്കുന്നില്ല. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ വർഷങ്ങളേക്കാൾ കനത്തചൂടാണ് തൃശൂർ അടക്കമുളള ജില്ലകളിൽ. കേരളത്തിൽ താപതരംഗം സംഭവിച്ചെന്ന് പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രാദേശിക വനങ്ങളുടെ വിസ്തൃതിയിലുള്ള ചെറിയ മാറ്റം പോലും മഴയെ ബാധിക്കുന്നുണ്ടെന്ന് ചില ഏജൻസികൾ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. മനുഷ്യനിർമ്മിത വനപ്രദേശങ്ങളും മരങ്ങൾ നട്ട് വളർത്തുന്ന പ്ലാന്റേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണിത്. മരങ്ങൾ വ്യാപകമായി മുറിക്കുമ്പോൾ വലിയ അളവിൽ സംഭരിച്ചിരിക്കുന്ന കാർബൺ പുറന്തള്ളപ്പെടും. ഇത് അന്തരീക്ഷ താപനില കൂട്ടും. ബാഷ്പീകരണവും വർദ്ധിക്കും. മഴത്തുള്ളികൾ ഭൂമിയിലെത്തും മുമ്പേ ബാഷ്പീകരിക്കപ്പെടുന്നതിനും ഇതിടയാക്കും.


പ്രാദേശികമായും മഴയില്ല

വേനൽമഴയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് പ്രാദേശിക കാലാവസ്ഥ. നിശ്ചിതസ്ഥലത്തുണ്ടാകുന്ന കാലാവസ്ഥാമാറ്റത്താൽ കൂടുതൽ മേഘങ്ങൾ രൂപം കൊള്ളുകയും പെട്ടെന്ന് മഴ പെയ്യുകയും ചെയ്യാറുണ്ട്. ഇക്കുറി അതുണ്ടാകുന്നില്ല. ഉൾക്കാടുകളിൽ മരങ്ങൾ വ്യാപകമായി നശിച്ചതിനാൽ മലയോരമേഖലകളിലും മഴയ്ക്കുള്ള സാദ്ധ്യതകളില്ല. കാട്ടുതീ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കാടുകളിൽ മരങ്ങൾ കത്തിനശിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കാട്ടുതീ സാദ്ധ്യത മുന്നിൽക്കണ്ട് വനപ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിന് ചിലയിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വേനൽമഴ ലഭിച്ചില്ലെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ് വലിയ തോതിൽ താഴും. പച്ചക്കറി അടക്കമുള്ള കൃഷിയെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ വനവിസ്തൃതി ഏതാണ്ട് 30 ശതമാനം മാത്രമാണുള്ളത്. എന്നാൽ 33 ശതമാനമെങ്കിലും വനവിസ്തൃതി അനിവാര്യമാണ്. വിദേശയിനം മരങ്ങൾ 27,000 ഹെക്ടർ ഉണ്ടെന്നാണ് കണക്ക്. തേക്കുതോട്ടങ്ങൾ 90,000 ഹെക്ടറും .

എന്തായാലും നിബിഡ വനങ്ങളും സ്വാഭാവിക സസ്യങ്ങളും കുറഞ്ഞതോടെ കാടുകൾ മെലിഞ്ഞു. അധിനിവേശ സസ്യങ്ങൾ പരിസ്ഥിതിയെ അസന്തുലിതമാക്കി. പ്രകൃതിദുരന്തങ്ങൾ കാടിന്റെ ഭൂപ്രകൃതി മാറ്റി. ചൂട് കൂടി സൂക്ഷ്‌മജീവികൾ നശിച്ചു. ബാഷ്പീകരണം കൂടിയതോടെ താപനില ഉയർന്നു. കാടിന്റെ കാലാവസ്ഥ മാറി. കൊടുംചൂടിൽ കാടുകളിൽ ജലക്ഷാമം ഉണ്ടാവുകയും ഫലങ്ങളും മറ്റ് തീറ്റയും ഇല്ലാതാവുകയും ചെയ്യുമ്പോൾ മൃഗങ്ങൾ കാടിറങ്ങാനുള്ള സാദ്ധ്യത കൂടുന്നതായി കാലാവസ്ഥാ ഗവേഷകൻ ഡോ.ഗോപകുമാർ ചോലയിൽ സാക്ഷ്യപ്പെടുത്തുന്നു.

TAGS: GLOBAL WARMING AND FORESTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.