SignIn
Kerala Kaumudi Online
Friday, 26 April 2024 2.31 AM IST

ഗുണ്ടാരാജ്...!

opinion

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പൊലീസ്, ഗുണ്ടകളുടെയും മാഫിയകളുടെയും തോളിൽ കൈയിട്ട് ചങ്ങാത്തം കൂടുന്നത് സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭൂഷണമല്ല. സിവിൽ പൊലീസ് ഓഫീസർ മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥർ ഗുണ്ടാത്തോഴന്മാരാണെന്ന് രഹസ്യാന്വേഷണ വിഭാഗം തെളിവുകൾ സഹിതം കണ്ടെത്തിയിട്ടുണ്ട്. വളരെ ചെറിയൊരു ശതമാനം പൊലീസുകാർക്കാണ് ഗുണ്ടാബന്ധമുള്ളത്. എന്നാൽ പാലിൽ വീണ വിഷത്തുള്ളികളെപ്പോലെ ഇവർ സേനയ്ക്കാകെ ചീത്തപ്പേരുണ്ടാക്കുകയും ജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യുന്നു. ഗുണ്ടാസംഘങ്ങളെയും ഗുണ്ടാത്തലവന്മാരെയും പിടിക്കാനുള്ള നീക്കങ്ങളെല്ലാം ഇവർ ചോർത്തി നൽകും. ഇത് മറ്റുള്ള ഉദ്യോഗസ്ഥർക്കും ഭീഷണിയാണ്. ഗുണ്ടാ- മാഫിയാ ബന്ധമുള്ള പൊലീസുകാരെ സേനയിൽ നിന്നൊഴിവാക്കാൻ സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി ആർ.രാജശേഖരൻ നായരുടെ ഇളയ സഹോദരൻ ശ്രീകുമാരൻ നായരെ ഗുണ്ടകൾ മർദ്ദിച്ച് കിണറ്റിലെറിഞ്ഞതിനെത്തുടർന്ന് ഉന്നത പൊലീസുദ്യോഗസ്ഥരെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഗുണ്ടകൾക്കും ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കുമെതിരേ കർശന നടപടിക്ക് നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സി.ഐ, എസ്.ഐ റാങ്കിലുള്ള ഏതാനും പേരെ സസ്പെൻഡ് ചെയ്തത്. ഗുണ്ടാ- മാഫിയാ ബന്ധമുള്ള ഡിവൈ.എസ്.പി, സി.ഐ റാങ്കുള്ള 120 ഉദ്യോഗസ്ഥരുണ്ടെന്നാണ് ഇന്റലിജൻസ് മേധാവിയുടെ കണ്ടെത്തൽ. ഇതിൽ നിരവധി പേർ ഇപ്പോഴും ക്രമസമാധാന ചുമതലയിൽ തുടരുകയാണ്. ക്രൈംബ്രാഞ്ച്, വിജിലൻസ്, സ്പെഷൽബ്രാഞ്ച് എന്നിവിടങ്ങളിലേക്ക് മാറ്റപ്പെട്ടവർ ഗുണ്ടകളുമായി ചങ്ങാത്തം തുടരുന്നു. ഇവരെ സ്ഥിരമായി നിരീക്ഷിക്കാനും നടപടിയെടുക്കാനും സംവിധാനം പൊലീസിലില്ല. പൊലീസുകാരുടെ ക്രിമിനൽ പ്രവർത്തനം കണ്ടെത്താനുള്ള ആഭ്യന്തര വിജിലൻസ് സമിതി ഇപ്പോൾ സജീവമാക്കിയിട്ടുണ്ട്. സമിതി നൽകുന്ന വിവരങ്ങൾ പ്രകാരം അന്വേഷണവും നടപടിയുമുണ്ടായാൽ പൊലീസിലെ ക്രിമിനൽ ബന്ധം നിയന്ത്രിക്കാനാവും.

സംസ്ഥാനത്ത് എത്ര ഗുണ്ടകളുണ്ടെന്ന് പൊലീസിന് കൃത്യമായ കണക്കില്ല. ഗുണ്ടാപട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ 1392 പേരടക്കം സംസ്ഥാനത്തു സാമൂഹിക വിരുദ്ധരും സജീവ ഗുണ്ടകളുമായി 8,745 പേർ ഉണ്ടെന്നാണ് ഏകദേശ കണക്ക്. 1433 ഗുണ്ടകളുള്ള കോട്ടയമാണ് മുന്നിൽ. തിരുവനന്തപുരം സിറ്റിയാണ് രണ്ടാമത്. എന്നാൽ ഇന്റലിജൻസ് കണക്കുപ്രകാരം സംസ്ഥാനത്ത് പതിനയ്യായിരത്തിൽ അധികം ഗുണ്ടകളുണ്ട്. ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കെതിരേ റാങ്ക് ഏതാണെന്ന് പരിഗണിക്കാതെ കർശന നടപടിയെടുക്കാനാണ് നിർദ്ദേശിച്ചത്. ഇതേത്തുടർന്ന് ഗുണ്ടാ, മാഫിയാ ബന്ധമുള്ള പൊലീസുകാരുടെ വിവരങ്ങൾ എല്ലാ ജില്ലകളിൽ നിന്നും ഡി.ജി.പി ശേഖരിച്ചു. ഇതിനു പുറമെ ഇന്റലിജൻസ് തെളിവുകളടക്കം കൈമാറി. ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധത്തിന് പുറമെ ഭൂമിയിടപാടുകൾക്ക് മദ്ധ്യസ്ഥരാവുകയും പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും പരാതികൾ സ്വീകരിക്കാതിരിക്കുകയും ചെയ്തെന്ന് കണ്ടെത്തിയാണ് 4സി.ഐമാരെയും ഒരു എസ്.ഐയെയും സസ്പെൻഡ് ചെയ്തത്. ഒരു സി.ഐയ്ക്കെതിരേ പരസ്ത്രീബന്ധ പരാതിയുമുണ്ട്. ത​ല​സ്ഥാ​ന​ത്ത് ആ​വ​ർ​ത്തി​ച്ച് ഗു​ണ്ട​ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും​ പ്ര​തി​ക​ളാ​യ​ ഗു​ണ്ടാ​നേ​താ​ക്ക​ളെ​ പി​ടി​ച്ചി​ല്ല​. ഇ​വ​ർ​ക്ക് ഒ​ളി​വി​ൽ​ പോ​കാ​ന​ട​ക്കം​ പൊ​ലീ​സി​ന്റെ​ സ​ഹാ​യം​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ന്റ​ലി​ജ​ൻ​സ് കണ്ടെത്തിയത്. കരുതൽ തടങ്കലും നാടുകടത്തലും ഒഴിവാക്കാനും പൊലീസിന്റെ ഒത്താശയുണ്ട്. ഗുണ്ടാവേട്ടയുടെ രഹസ്യങ്ങൾ ചോർത്തിയും എതിർസംഘങ്ങളെ ജയിലിലടച്ചും മദ്യസൽക്കാരം നടത്തിയും കേസുകൾ ഒതുക്കിയുമാണ് പൊലീസിന്റെ ഗുണ്ടാച്ചങ്ങാത്തം. പ്രതിഫലമായി ഗുണ്ടാസംഘം കൃത്യമായി മാസപ്പടിയുമെത്തിക്കും.

ഓപ്പറേഷൻ കാവൽ

പൊളിച്ചടുക്കി

'ഓപ്പറേഷൻ കാവൽ' എന്ന പേരിൽ ഡിജിപി പ്രഖ്യാപിച്ച ഗുണ്ടാവേട്ടയും സ്റ്റേഷൻ-ജില്ലാ തലത്തിൽ പ്രഖ്യാപിച്ച പ്രത്യേകദൗത്യവും പരാജയപ്പെട്ടത് പൊലീസുകാരുടെ നിസഹകരണം കാരണമായിരുന്നു. വർഷങ്ങളായി നടപ്പാക്കാതിരുന്ന വാറണ്ടുകൾ നടപ്പാക്കിയും ചില്ലറ പരിശോധനകൾ നടത്തിയതുമല്ലാതെ ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് നടപടിയെടുത്തില്ല. 3000ഗുണ്ടകളെ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പുതുതായി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഓപ്പറേഷൻ കാവൽ അട്ടിമറിക്കപ്പെട്ടത്. ഗുണ്ടകളെ നിരീക്ഷിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തി. ഇതോടെ, ഗുണ്ടാവേട്ട പരാജയപ്പെട്ടു. പോത്തൻകോട്ട് ഗുണ്ടാസംഘങ്ങൾ എതിർസംഘത്തിൽ പെട്ടയാളുടെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തിയ നിഷ്ഠൂര സംഭവത്തെതുടർന്നായിരുന്നു 'ഓപ്പറേഷൻ കാവൽ' പ്രഖ്യാപിച്ചത്. തുടക്കത്തിൽ അറുന്നൂറിലേറെ സ്ഥിരം ഗുണ്ടകളെ ജയിലിലാക്കി. വിവരങ്ങൾ പൊലീസിൽ നിന്നുതന്നെ ചോർന്നതോടെ ഒളിവിലുള്ള പിടികിട്ടാപ്പുള്ളികളെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിമാരുടെ പ്രത്യേക സംഘത്തിന്റെ ഓപ്പറേഷനുകൾ പരാജയപ്പെട്ടു.

നിരീക്ഷിക്കണ്ടയാൾ

ഗുണ്ടാവിരുന്നിൽ

ഗുണ്ടാ, മാഫിയാ ബന്ധമുള്ള പൊലീസുദ്യോഗസ്ഥർക്കെതിരേ ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ, ഗുണ്ടകളെക്കുറിച്ച് രഹസ്യാന്വേഷണം നടത്തേണ്ട ഡിവൈ.എസ്.പി ഗുണ്ടകളുടെ വിരുന്നിൽ പങ്കെടുത്തതായി കണ്ടെത്തി. തിരുവനന്തപുരത്ത് സ്പെഷ്യൽ ബ്രാഞ്ചിലെ ഡിവൈ.എസ്.പിയാണ് ഗുണ്ടകളുടെ സത്കാരത്തിൽ പങ്കെടുത്തതായി കണ്ടെത്തിയത്. ഈ ഉദ്യോഗസ്ഥനെതിരേ വിശദമായ അന്വേഷണം നടത്താൻ ഡി.ജി.പി ഉത്തരവിട്ടിരിക്കുകയാണ്. ഗുണ്ടസംഘങ്ങളുടെ ഒത്തുചേരലിനായി നടത്തിയ ആഘോഷ വിരുന്നിലാണ് ഈ ഡിവൈ.എസ്.പി പങ്കെടുത്തത്. ഈ ഉദ്യോഗസ്ഥനു ശേഷം സ്പെഷ്യൽ ബ്രാഞ്ചിലെത്തിയ ഡിവൈ.എസ്.പിക്കും ഗുണ്ടാബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം നഗരത്തിനു പുറത്തുള്ള മേഖലകളിലെ ഗുണ്ടാ സംഘങ്ങളുമായാണ് ഈ ഡിവൈ.എസ്.പിമാർ അടുപ്പം പുലർത്തിയത്. തലസ്ഥാനത്തെ മറ്റൊരു ഡിവൈ.എസ്.പി മകളുടെ ജന്മദിനാഘോഷത്തിന് ഗുണ്ടകളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയതായും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.

ഗുണ്ടകളെ പൂട്ടാൻ

ചൂടൻ എസ്.ഐമാർ

നേരത്തേ എസ്.ഐമാർ സ്റ്റേഷൻ ഭരിക്കുമ്പോൾ ഏതെങ്കിലും പ്രദേശത്ത് ഒരു ഗുണ്ട ഉദയം ചെയ്തു തുടങ്ങുമ്പോഴേ പൊലീസ് ഇടപെടുമായിരുന്നു. 'ചൂടൻ' എസ്.ഐയുടെ കൈയുടെ ചൂടറിഞ്ഞ് ഗുണ്ട ഒതുങ്ങുകയോ പണി മതിയാക്കുകയോ ചെയ്യുമായിരുന്നു. യുവ എസ്.ഐമാരിൽ നിന്ന് സ്റ്റേഷൻ ചുമതല സി.ഐമാർക്ക് നൽകിയതോടെ ഗുണ്ടാവേട്ട തണുത്തു. സി.ഐമാർ സ്റ്റേഷൻ ഭരണത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധിച്ചതോടെ, നാട്ടിൽ ഗുണ്ടകൾ ശക്തരായി. യുവാക്കളായ എസ്.ഐമാർ ഗുണ്ടകളെ ഓടിച്ചിട്ടുപിടിക്കുന്ന പതിവ് ഇല്ലാതായി. പേരിനുള്ള പരിശോധനകളല്ലാതെ സ്ഥിരം ക്രിമിനലുകളെ പൂട്ടാൻ നടപടികളില്ലാതായി. സി.ഐമാർക്കുമേൽ രാഷ്ട്രീയ സമ്മർദ്ദവുമായതോടെ ഗുണ്ടകൾ വിലസാൻ തുടങ്ങി. സ്റ്റേഷൻ തലത്തിൽ ക്രൈം ഡോക്യുമെന്റേഷൻ ആൻഡ് മാനേജ്മെന്റ് സെൽ തുടങ്ങിയാലേ ഗുണ്ടകളുടെ കേസ് വിവരങ്ങൾ കൃത്യമായി ശേഖരിക്കാനാവൂ. കൃത്യമായ വിവരങ്ങളുണ്ടെങ്കിലേ കാപ്പ ചുമത്തി ശിക്ഷിക്കാനാവൂ.

'ഗുണ്ടാസൗഹൃദ'മായി

മംഗലപുരം സ്റ്റേഷൻ

തിരുവനന്തപുരം റൂറലിലെ മംഗലപുരം സ്റ്റേഷൻ 'ഗുണ്ടാസൗഹൃദ'മാണെന്നാണ് പൊലീസ് ആസ്ഥാനം വിലയിരുത്തുന്നത്. ഏറ്രവുമധികം നിർമ്മാണം നടക്കുന്ന കഴക്കൂട്ടം, മംഗലപുരം മേഖലയിൽ മണ്ണ്-മണൽ മാഫിയ പൊലീസിന്റെ ഉറ്റചങ്ങാതിമാരാണ്. വൻ സാമ്പത്തിക ഇടപാടുകൾക്ക് മദ്ധ്യസ്ഥരാവുന്നതും പൊലീസാണ്. സി.ഐയും പൊലീസുകാരും സംയുക്തമായി നടത്തുന്ന ഇടപാടുകളിൽ മനംമടുത്ത് അടുത്തിടെ സ്ഥലംമാറ്റം കിട്ടിയെത്തിയ ചില പൊലീസുകാർ അവിടെനിന്ന് മാറ്റംവാങ്ങിപ്പോയി. സ്റ്റേഷനിലെ എല്ലാവരെയും മാറ്രാനാണ് ശുപാർശ. എന്നാൽ കൂട്ട നടപടിയെടുക്കുന്നത് പൊലീസിന്റെ മനോവീര്യം തകർക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവരെ മാത്രമേ മാറ്റാവൂ എന്നും ആവശ്യപ്പെട്ട് പൊലീസ് സംഘടനകൾ രംഗത്തെത്തിയതോടെ കൂട്ടനടപടി തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.

സമ്മർദ്ദ തന്ത്രവുമായി

പൊലീസ് സംഘടന

പൊലീസ് മേധാവിയുടെയും ഇന്റലിജൻസ് എ.ഡി.ജി.പിയുടെയും അന്വേഷണത്തിൽ ഗുണ്ടാ, മാഫിയാ ബന്ധമുണ്ടെന്ന് കണ്ടെത്തിയ എല്ലാവർക്കെതിരെയും റാങ്ക് നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നതാണ്. എന്നിട്ടും നടപടി ഇഴയുകയാണ്. ഗുണ്ടാബന്ധമുള്ള ഉദ്യോഗസ്ഥരുടെ സസ്പെൻഷനെയും സ്ഥലംമാറ്റത്തെയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായി എതിർക്കുകയാണ് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെക്കണ്ട് എതിർപ്പറിയിച്ചു. ഇതോടെ എ.ഡി.ജി.പി അജിത്കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ച് നടപടി വൈകിപ്പിക്കാൻ നിർദ്ദേശിച്ചതായാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാവും തുടർനടപടികളെന്ന് പൊലീസ് ഉന്നതർ വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GUNDARAJ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.