SignIn
Kerala Kaumudi Online
Friday, 26 April 2024 9.28 AM IST

കൺകണ്ട ദൈവം

guru

ദാർശനികനും തത്ത്വചിന്തകനും മഹാകവിയും സാമൂഹ്യ പരിഷ്കർത്താവും സന്യാസിയും ആയിരിക്കെത്തന്നെ അരുൾ,അൻപ്, അനുകമ്പ എന്നീ ഈശ്വരീയ ഗുണങ്ങൾക്ക് വിളനിലമായിരുന്നു മഹാഗുരു. സമൂഹത്തിൽ മൃഗങ്ങളുടെ അത്രപോലും പരിഗണന നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെ വിമോചനത്തിനായി അവതരിച്ച അഥവാ മനുഷ്യജന്മം സ്വീകരിച്ച ഈശ്വരഭാവങ്ങൾ ഉൾച്ചേർന്ന മഹാപുരുഷനാണ് ഗുരു. ഏവർക്കും അതൊരു അനുഭവസത്യമാണ്.
അത്ഭുത പ്രവൃത്തികളും ചെപ്പടിവിദ്യകളും കാട്ടി ആളുകളെ കയ്യിലെടുക്കാനല്ല ഗുരു ശ്രമിച്ചത്. മറിച്ച് സന്ദർഭാനുസരണം ഉചിതമായവ ചെയ്യുന്നതിനാണ് മുൻതൂക്കം നൽകിയത്. ബഹുഭൂരിപക്ഷം ജനങ്ങൾക്കായി വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രനിർമ്മാണവും നിർവഹിച്ച ഗുരുവിനെ എതിർക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. വിവേകശാലികളായവർ എക്കാലത്തും ജാതിമതഭേദമന്യേ ഗുരുവിന്റെ മഹത്വം തിരിച്ചറിഞ്ഞിരുന്നു.
ഒരേസമയം കേരളത്തിലും സിലോണിലും പ്രത്യക്ഷപ്പെട്ട് ജനങ്ങൾക്ക് ഗുരു നൽകിയ ഉപദേശങ്ങളെകുറിച്ച് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഗുരുദേവന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ചിന്താശീലരായ പലഎഴുത്തുകാരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല നമുക്ക് പൊതുനിരത്തിൽ നടക്കാൻ,വിദ്യാഭ്യാസം ചെയ്യാൻ,താത്പ്പര്യമുള്ള തൊഴിലെടുക്കാൻ,സമ്പത്തുണ്ടാകാൻ,എന്തിനേറെ ഒരു മനുഷ്യന്റെ പ്രഥമവും പ്രാഥമികവുമായ അവകാശമായ ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്റ്യം നമുക്ക് തന്നത് ഗുരുവാണ്.
എം.പി.മൂത്തേടത്തിനും നിത്യവൃത്തിക്ക് പോലും വിഷമിച്ചിരുന്ന സി.ആർ.കേശവൻ വൈദ്യർക്കും ഗുരുദേവൻ ഒ​റ്റരൂപാ നാണയം പൂജിച്ച് നൽകിയതും ഈ പണം ഉപയോഗിച്ച് വ്യവസായം തുടങ്ങിയ അവർ ശതകോടീശ്വരന്മാരായി മാറിയ കഥയും സാങ്കൽപ്പികമല്ല, അനുഭവസത്യമാണ്. ഇന്നും നാം മനുഷ്യരായി ജീവിക്കുന്നുണ്ടെങ്കിൽ നമ്മൾ ഗുരുവിനാേട് ഏറെ കടപ്പെട്ടിരിക്കുന്നു.അങ്ങനെ വിലയിരുത്തുമ്പോൾ ഗുരുദേവൻ നമ്മൾക്ക് കൺകണ്ട ദൈവമാണ്.
പല്ലനയാ​റ്റിലെ ബോട്ട് യാത്രയ്ക്ക് മുൻപ് ഗുരുദേവനെ കണ്ട് യാത്രപറയാൻ വന്ന കുമാരനാശാന് തിരക്ക് മൂലം മുഖം കാണിക്കാൻ കഴിഞ്ഞില്ല. ബോട്ടിന്റെ സമയമായതുകൊണ്ട് ശിഷ്യരോട് ഗുരു വരുമ്പോൾ വിവരം അറിയിക്കാൻ പറഞ്ഞേൽപ്പിച്ച് ആശാൻ പോയി. പൂജ കഴിഞ്ഞ് വന്ന ഗുരുവിനോട് ശിഷ്യർ ആശാൻ പോയ വിവരം പറഞ്ഞപ്പോൾ മറുപടി ഇപ്രകാരമായിരുന്നു.
'കുമാരു പോയല്ലേ....? '
ശിഷ്യർക്ക് ആദ്യശ്രവണമാത്രയിൽ അതിന്റെ ആന്തരികാർത്ഥം പിടികിട്ടിയില്ല. എന്നാൽ അടുത്ത പ്രഭാതം ഉണർന്നത് റെഡിമർ ബോട്ടപകടത്തിൽ കുമാരനാശാൻ നമ്മെ വിട്ടുപോയ വാർത്തയുമായിട്ടായിരുന്നു. ഈ തരത്തിൽ അന്തർദൃഷ്ടിയുണ്ടായിരുന്ന ഗുരുദേവൻ സ്വന്തം സമാധി പോലും കൃത്യമായി പ്രവചിച്ചിരുന്നു. 73​ാം വയസിൽ മഹാസമാധിക്ക് മുൻപുളള ദിവസങ്ങളിൽ അടുത്ത ശിഷ്യരോട് തന്റെ ലൗകികജീവിതദൗത്യം അവസാനിക്കുകയാണെന്നും സമാധിയാവാനുളള സമയം സമാഗതമായിരിക്കുന്നുവെന്നും സൂചിപ്പിക്കുകയുണ്ടായി.
മനുഷ്യാതീതമായ കഴിവുകളുളള ഗുരുവിനെ ഈശ്വരസ്ഥാനത്ത് സങ്കൽപ്പിച്ച് പൂജിക്കുന്നതും പ്രാർത്ഥിക്കുന്നതും ഗുരുമന്ദിരങ്ങളും ഗുരുദേവക്ഷേത്രങ്ങളും സ്ഥാപിക്കുന്നതും അനൗചിത്യമാണെന്ന് വാദിക്കുന്ന ബുദ്ധിജീവി നാട്യക്കാർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് പറയാതെ വയ്യ.
ഹൈന്ദവപുരാണം പരിശോധിച്ചാൽ നാം ഈശ്വരസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ദേവന്മാരിലേറെയും മനുഷ്യജന്മം പൂകിയപ്പോൾ മനുഷ്യസഹജമായ ദോഷങ്ങളും തിന്മകളും ദൗർബല്യങ്ങളും പ്രകടിപ്പിച്ചവരാണെന്ന് കാണാൻ സാധിക്കും. പൂർണ്ണമായ അർത്ഥത്തിൽ നന്മയുടെ പ്രതിരൂപമെന്നോ മാതൃകാ ബിംബങ്ങളെന്നോ വിശേഷിപ്പിക്കുക സാദ്ധ്യമല്ല. എന്നാൽ ഗുരുദേവനാകട്ടെ ഇതിൽനിന്ന് തീർത്തും വിഭിന്നനാണ്.
സാമൂഹ്യപരിഷ്‌കരണ ശ്രമങ്ങളോട് വിയോജിപ്പുളളവർ പോലും ഗുരുദേവന്റെ ശത്രുക്കളായിട്ടില്ല. എല്ലാവരും ആദരിക്കുന്ന, ഭയഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കുന്ന സവിശേഷ വ്യക്തിത്വമായിരുന്നു എക്കാലവും ഗുരുദേവൻ. അതിന്റെ ആത്യന്തികവും അടിസ്ഥാനപരവുമായ കാരണം മ​റ്റൊന്നല്ല. എല്ലാ അർത്ഥത്തിലും പൂർണ്ണതയോട് അടുത്തുനിന്ന,നന്മയുടെ മൂർത്തിമദ്ഭാവമായിരുന്നു ശ്രീനാരായണഗുരുദേവൻ .
ദൈവങ്ങൾക്ക് പോലും കരഗതമാക്കാൻ കഴിയാത്തവിധം പൂർണ്ണതയെ സ്പർശിക്കുകയെന്ന മനുഷ്യസാദ്ധ്യമല്ലാത്ത നിഷ്ഠയും നൈതികതയും പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കിയ ഗുരുദേവൻ ഒരേസമയം ഏ​റ്റവും മികച്ച മനുഷ്യനും ഈശ്വരതുല്യനുമാണ്. ഈശ്വരൻ എന്ന് തീർത്ത് പറയാനും നാം മടിക്കേണ്ടതില്ല. കാരണം ഗുരുദേവനോളം ഈശ്വരീയ ഗുണങ്ങളും ഭാവങ്ങളും കർമ്മങ്ങളും അനുഷ്ഠിച്ച മ​റ്റൊരു അവതാരപുരുഷൻ ഈ ഭൂമിയിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഗുരുവിന്റെ അനുഗ്രഹാശിസുകളാണ് ഈഴവസമുദായത്തെ തലപ്പൊക്കമുള്ള ഒരു വിഭാഗമായി ഉയർത്തിയത്.
ഇതരമതസ്ഥരും സമുദായങ്ങളും പോലും അനുദിനം ഗുരുദേവന്റെ പ്രഭാവം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഗുരുദേവന്റെ കൃതികൾക്ക് വ്യാഖ്യാനം ചമയ്‌ക്കാനും ദർശനത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കാനും എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരുന്നത് നമുക്ക് അഭിമാനിക്കാൻ വകനൽകുന്നു.
ജീവിതപരിചയം വച്ച് നെഞ്ചുറപ്പോടെ പറയാൻ കഴിയും എന്റെ കർമ്മമണ്ഡലത്തിലെ എല്ലാ നേട്ടങ്ങൾക്കും യശസിനും ഞാൻ പൂർണ്ണമായി കടപ്പെട്ടിരിക്കുന്നത് കറകളഞ്ഞ ഗുരുഭക്തിയോടാണ്. ആശ്രയിക്കുന്നവരെ കൈവിടാത്ത ഗുരുദേവൻ ഏത് പ്രതിസന്ധിയിലും നിഴൽപോലെ നമുക്ക് ഒപ്പം നിലകൊള്ളുന്നു.
നമ്മെ കൈവെളളയിൽ കാത്ത് പരിപാലിക്കുന്നു. അതുകൊണ്ട് തന്നെ കേവലം സമുദായപരിഷ്‌കർത്താവ് എന്നതിനപ്പുറം കൺകണ്ട ദൈവം എന്ന തലത്തിൽ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്നെക്കാൾ തീവ്രമായ ഗുണാനുഭവങ്ങൾ നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടാവുമെന്ന് അറിയാം. ഗുരുജയന്തിയ്ക്കും സമാധിക്കും മാത്രമല്ല ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പരമകാരുണികനായ ഗുരുദേവനെ ഹൃദയമദ്ധ്യത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് നമുക്ക് ജീവിതപരീക്ഷയെ നേരിടാം. ആത്യന്തിക വിജയം നമ്മുടേതായിരിക്കുമെന്ന കാര്യം സംശയാതീതമാണ്. ഗുരുദേവൻ ജയിക്കട്ടെ. ഗുരുധർമ്മം ജയിക്കട്ടെ.
''ഓം..ശ്രീനാരായണ പരമഗുരവേ നമ: ''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU SAMADHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.