SignIn
Kerala Kaumudi Online
Saturday, 27 April 2024 3.53 AM IST

ഹർഷീനമാരാവരുത് കേരളത്തിന്റെ ആരോഗ്യമോഡൽ

photo

ആരോഗ്യരംഗത്തെ കേരള മോഡൽ ലോകമാതൃകയാണെന്ന് കൊട്ടിഘോഷിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. നിപ്പ -കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളും ഗ്രാമങ്ങളിൽപ്പോലും മുഴുവൻ സമയ ഡോക്ടർമാരുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള മെച്ചപ്പെട്ട ചികിത്സയുമൊക്കെ കേരളമോഡലിന് കാരണമായി വിലയിരുത്തുമ്പോഴാണ് സർജറിക്കിടെ ശരീരത്തിനുള്ളിൽ അകപ്പെട്ട കത്രികയുമായി ഒരു യുവതി അഞ്ചുവർഷം കോഴിക്കോട്ട് ജീവിച്ചത്. ഒടുവിൽ കത്രിക പുറത്തെടുത്തപ്പോഴാകട്ടെ മെഡിക്കൽകോളജ് അധികൃതർ കൈയൊഴിഞ്ഞു. ഈ സംഭവത്തിന് നടുക്കത്തോടെയാണ് കേരളം സാക്ഷിയായത്.

പ്രശ്‌നത്തിൽ മാദ്ധ്യമങ്ങൾ ജാഗ്രത കാണിച്ചപ്പോൾ വിവാദവും കോലാഹലങ്ങളുമായി. മെഡിക്കൽ കോളേജ് മൂന്നംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു. മൂന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ഹർഷീനയ്‌ക്ക് ലഭിക്കേണ്ട നീതിയായിരുന്നില്ല അവരുടെ മുന്നിൽ. മറിച്ച് കുറ്റക്കാരായ സഹപ്രവർത്തകരെ എങ്ങനെയും രക്ഷിക്കാനുള്ള വ്യഗ്രതയായിരുന്നു. ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്ത് വീട്ടിൽ വിശ്രമിക്കുന്ന ഹർഷീനയോട് കോഴിക്കോട് മെഡിക്കൽ കോളജിൽ തങ്ങളുടെ സന്നിധിയിലെത്താൻ കല്‌പന. അപകടം മണത്തറിഞ്ഞ ഹർഷീനയും ബന്ധുക്കളും തെളിവെടുപ്പിന് പോകേണ്ടെന്ന തീരുമാനം കൈക്കൊണ്ടു. ആന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിക്ക് കത്തയച്ചു. മാദ്ധ്യമവാർത്തകൾ കൊടുമ്പിരിക്കൊണ്ടപ്പോൾ മെഡിക്കൽകോളജിന് പുറത്തെ മൂന്ന് ഡോക്ടർമാരെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആരോഗ്യമന്ത്രി നേരിട്ട് ഉത്തരവിട്ടു. തികഞ്ഞ ആത്മാർഥതയോടെ അവർ അടുത്ത ദിവസം തന്നെ അടിവാരത്തെ ഹർഷീനയുടെ വീട് തേടിയെത്തി. തെളിവെടുത്തു. സത്യം ബോദ്ധ്യമായെന്നും ഹർഷീനയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നും വിധിയെഴുതി. ഉടൻ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി ഹർഷീനയ്ക്ക് നീതി ലഭ്യമാക്കുമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പക്ഷേ മാസം രണ്ടായിട്ടും അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടില്ല.
രണ്ടുമാസം സ്വന്തം വീട്ടിൽ വിശ്രമജീവിതം നയിച്ച ഹർഷീന തന്റെ ആരോഗ്യത്തേക്കാൾ പ്രധാനം മൂന്നുമക്കളുടെ ഭാവിയാണെന്ന് കരുതി പന്തീരാങ്കാവിലെ ഭർത്താവിന്റെ വീട്ടിലെത്തി. ഒരാഴ്ചയായപ്പോഴെക്കും വീട്ടുജോലികൾ ആ മുപ്പതുകാരിയെ തളർത്തി. കടുത്ത നടുവേദന, സ്റ്റിച്ചിൽ പഴുപ്പ്...കലശലായപ്പോൾ ഹർഷീന വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിൽത്തന്നെ ചികിത്സയ്ക്കെത്തി. ഹർഷീന വീണ്ടും ആശുപത്രിയിലായതും ആവർ അനുഭവിക്കുന്ന കൊടിയ ദുരിതവും പിറ്റേദിവസം കേരളാകൗമുദി റിപ്പോർട്ട് ചെയ്തു. അതോടെ മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുത്തു. തനിക്ക് നീതി കിട്ടുംവരെ ആശുപത്രിയിൽ സമരമിരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. അതിനിടെ കഴിഞ്ഞ ഒന്നരമാസമായി ഹർഷീന ആരോഗ്യമന്ത്രി വീണാ ജേർജിനെ വിളിക്കുന്നുണ്ടായിരുന്നു. പലപ്പോഴും ഫോണെടുക്കുന്നത് പി.എ. ' ഇപ്പ ശരിയാക്കാം, ഇപ്പ ശരിയാക്കാം..' എന്ന് മറുപടി. ഒടുക്കം മന്തിയുടെ ഫോണിൽ നേരിട്ട് വിളിച്ചപ്പോൾ എടുത്തത് മറ്റാരോ. അപ്പോഴും മറുപടി ശരിയാക്കാം. ഒന്നും ശരിയാവില്ലെന്ന് ഉറപ്പായതോടെയാണ് ചികിത്സയ്ക്കും സമരത്തിനുമായി ഹർഷീന മെഡിക്കൽകോളജിന്റെ പടി ഒരുവട്ടം കൂടി കയറിയത്. ' അവരും ഒരു സ്‌ത്രീയല്ലേ, പ്രസവ ശസ്ത്രക്രിയയും പ്രശ്‌നങ്ങളും സ്ത്രീകൾ പ്രസവകാലത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങളുമെല്ലാം അറിയില്ലേ..എന്നിട്ടും എന്നെപ്പോലൊരു സ്ത്രീയോട് എന്തിനിങ്ങനെ ചെയ്യുന്നു...' ആശുപത്രിയിൽ വെച്ച് കണ്ണീരോടെയായിരുന്നു ഹർഷീനയുടെ ചോദ്യം.
കേരളകൗമുദി വാർത്ത വന്നതോടെ അതുവരെ പരിധിക്ക് പുറത്തായിരുന്ന മന്ത്രി രംഗത്തെത്തി. ആശുപത്രിയിലിരിക്കുന്ന ഹർഷീനയുമായി അരമണിക്കൂറോളം സംസാരിച്ചു. ഒരു തിരക്കും ഉണ്ടായിരുന്നില്ല..' ഹർഷീനയ്ക്ക് ഒപ്പമാണ് സർക്കാർ. ഹർഷീന അനുഭവിച്ച ദുരിതത്തിന്റെ ആഴമെല്ലാം മനസിലായി. രണ്ട് അന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ചു. ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ കുറേ അപാകതകളുണ്ട്. വ്യക്തതക്കുറവുണ്ട്, അതുകൊണ്ടു തന്നെ ശാസ്ത്രീയ പരിശോധനകൾ നടക്കണം. ഇതിനായി അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഹർഷീന സമരത്തിനൊന്നും മുതിരാതെ, വീട്ടിൽ പോകണം..' ഫോണിലായതുകൊണ്ട് മന്ത്രി കൈകൂപ്പിയാണോ പറയുന്നതെന്ന് ഹർഷീന കണ്ടില്ലെന്നു മാത്രം.

മന്ത്രിയുടെ ആശ്വാസവാക്കു കേട്ട് ഹർഷീനയിപ്പോൾ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ചോദ്യങ്ങളേറെയുണ്ട് ജനത്തിനും ഹർഷീനയ്ക്കും മന്ത്രിയോട്. ഏറെ വിവാദമാവുകയും ഒരു നിർധന യുവതിയുടെ ജീവിതപ്രശ്‌നവുമായ കാര്യത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തതക്കുറവുണ്ടെന്ന് കണ്ടെത്താൻ രണ്ടുമാസം വേണ്ടിയിരുന്നോ..? ഹർഷീനയുടെ വാദങ്ങൾ ശരിയാണെന്നും അവർക്ക് നീതി ഉറപ്പാണെന്നും മാദ്ധ്യമങ്ങളോടക്കം പറഞ്ഞ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ വ്യക്തതക്കുറവ് എന്താണ്..? സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്‌ക്ക് നൽകുന്ന ആശുപത്രി ഉപകരണങ്ങളുടെ എണ്ണവും കണക്കുമെടുക്കണം, അല്ലെങ്കിൽ ഒരു ഫോറൻസിക് പരിശോധന നടത്തണം ആ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതാണോ എന്ന് കണ്ടെത്താൻ. അത്രയും ചെയ്താൽ കണ്ടെത്താവുന്ന കാര്യത്തിന് ഇത്രയും മാസങ്ങൾ ഒരു യുവതിയെ മുൾമുനയിൽ നിറുത്തണോ..? അവസാനം പഴയ എസ് കത്തിയുടെ കഥയാവുമോ ഹർഷീനയുടെ വയറ്റിൽനിന്ന് കണ്ടെത്തിയ കത്രികയ്ക്ക്.. ചോദ്യങ്ങൾ ഒരുപാടാണ്. എന്തായാലും മന്ത്രിയുടെ പുതിയ അന്വേഷണത്തിന് കൂടി കാത്തിരിക്കാം. പക്ഷേ മന്ത്രിയുടെ ആശ്വാസവചനം കഴിഞ്ഞിട്ട് ദിവസം അഞ്ചായി..! ഒരു വിളിയോ വരവോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നതും വസ്തുത. ആരോഗ്യരംഗത്തെ കേരള മോഡൽ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമല്ല, മറിച്ച് സർക്കാരിന്റേതാണെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു.


നാൾ വഴികൾ

കോഴിക്കോട് അടിവാരം സ്വദേശിനി 30കാരിയായ ഹർഷീന കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അനുഭവിച്ചത് വിവരണാതീതമായ അനുഭവങ്ങൾ. വയറിൽ കത്രികയുമായി അഞ്ചുവർഷം. അതുകഴിഞ്ഞ് ശസ്ത്രക്രിയ. കത്രിക നീക്കംചെയ്തിട്ടും നിലയ്ക്കാത്ത ആരോഗ്യപ്രശ്‌നങ്ങൾ. ലക്ഷങ്ങൾ ചെലവഴിച്ച കുടുംബം ഒടുക്കം കടക്കെണിയിൽ. സർക്കാരിനോട് ഹർഷീനയ്ക്ക് ഇന്ന് ഒരേയൊരാവശ്യമാണുള്ളത്,​ ചികിത്സാ ചെലവെങ്കിലും നൽകണം.

2012 നവംബർ 23ന് ആദ്യ പ്രസവം. 2016 മാർച്ച് 28ന് രണ്ടാം പ്രസവം (രണ്ടും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ) 2017 നവംബർ 30ന് മൂന്നാം പ്രസവത്തിന് കോഴിക്കോട് മെഡിക്കൽകോളജിൽ. സർജറിക്ക് ശേഷം മാസങ്ങളോളം നിരവധി അസുഖങ്ങൾ. വിവിധ ആശുപത്രികളിൽ ചികിത്സയും സർജറികളും. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ യൂറിനറി ബ്ലാഡറിനോട് ചേർന്ന് 6.1 സെന്റീമീറ്റർ വലുപ്പമുള്ള ലോഹഭാഗം കണ്ടെത്തി. 2022 സെപ്തംബർ 17ന് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക (ആർട്ടറി ഫോർസെപ്‌സ്) പുറത്തെടുത്തു. വിവാദമായപ്പോൾ മെഡിക്കൽ കോളേജിന്റെ അന്വേഷണസംഘം രംഗത്ത്. ഹർഷീന അന്വേഷണത്തെ തള്ളിയപ്പോൾ ആരോഗ്യവകുപ്പിന്റെ അന്വേഷണം 2022 ഒക്ടോബർ 21ന്. ഈ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തള്ളിയാണ് ആരോഗ്യമന്ത്രി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARSHEENA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.