SignIn
Kerala Kaumudi Online
Friday, 20 September 2024 12.59 PM IST

ഹാഷ്‌വാല്യുവും തിരിച്ചറിയപ്പെടേണ്ട സത്യങ്ങളും

Increase Font Size Decrease Font Size Print Page

photo

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും സാക്ഷിവിസ്‌താരവും അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് മുൻ ഡി.ജി.പി ആർ.ശ്രീലേഖ നടൻ ദിലീപിന് ക്ളീൻചിറ്റ് നൽകുന്നതിന് സമാനമായ ചില വാദങ്ങൾ ഉയർത്തി വിവാദം സൃഷ്‌ടിച്ചത്. അവർ ഉയർത്തിയ വാദങ്ങൾ ശരിയോ തെറ്റോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. അട്ടിമറികളുടെ സിഗ്‌നലുകൾ പലതവണ തെളിഞ്ഞ ഒരു കേസിന്റെ വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ സർവീസിലിരിക്കെ പറയേണ്ട കാര്യങ്ങൾ ഇപ്പോൾ എന്തിന് പറയുന്നുവെന്ന ചോദ്യമാണ് പ്രസക്തം. കഴിഞ്ഞ അഞ്ചുവർഷമായി കേസിലെ വഴിത്തിരിവുകൾ ദിനംപ്രതി നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്. അതിൽ ഏറ്റവും നിർണായകം നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് കരുതുന്ന മെമ്മറി കാർഡ് അനധികൃതമായി മൂന്നു തവണ പരിശോധിച്ചെന്ന ഞെട്ടിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ടാണ്. അതും കോടതിയുടെ കസ്‌റ്റഡിയിലിരുന്ന മെമ്മറി കാർഡ്. നിയമലോകത്തെ ഞെട്ടിച്ച ഈ വീഴ്ചയിലെ കുറ്റക്കാരെ കേസിൽ വിധിപറയുന്നതിന് മുമ്പേ കണ്ടെത്തേണ്ടതുണ്ട്. ആർക്കോ വേണ്ടി ചെയ്‌ത കൊടിയ തെറ്റിന് കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം.

മെമ്മറി കാർഡ് ആദ്യം തുറക്കുമ്പോൾ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെയും രണ്ടാമത് തുറക്കുമ്പോൾ ജില്ലാ കോടതിയുടെയും മൂന്നാമത് തുറക്കുമ്പോൾ പ്രത്യേക വിചാരണ കോടതിയുടെയും കസ്റ്റഡിയിലായിരുന്നു. മെമ്മറി കാർഡ് കസ്‌റ്റഡിയിലെടുക്കുമ്പോൾ അതിന്റെ ഹാഷ്‌വാല്യൂ മഹസറിൽ രേഖപ്പെടുത്തുകയാണ് പതിവ്. പിന്നീട് ഈ മെമ്മറി കാർഡ് കമ്പ്യൂട്ടറിലോ, മൊബൈൽ ഫോണിലോ ഇട്ട് പ്രവർത്തിപ്പിച്ചാൽ ഹാഷ്‌വാല്യൂവിൽ മാറ്റം വരും. പൊലീസിന്റെ കൈവശമോ കോടതിയിലോ സൂക്ഷിക്കുന്ന മെമ്മറികാർഡ് ഏതെങ്കിലും ഘട്ടത്തിൽ തുറക്കുമ്പോൾ മാറിയ ഹാഷ്‌വാല്യൂ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്താതെ ഹാഷ്‌വാല്യൂ മാറിയിട്ടുണ്ടെങ്കിൽ മെമ്മറികാർഡ് അനധികൃതമായി ആരോ പ്രവർത്തിപ്പിച്ചെന്ന് ഉറപ്പാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ജിഗാബൈറ്റ് ശേഷിയുള്ള സാൻഡിസ്‌കിന്റെ മെമ്മറി കാർഡിൽ എട്ടു വീഡിയോകളാണുള്ളത്. ഇതെല്ലാം നടിയെ ആക്രമിച്ചപ്പോൾ പകർത്തിയ ദൃശങ്ങളാണ്. ഫോറൻസിക് റിപ്പോർട്ടിൽ പരാമർശിക്കുന്ന വിവാ ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ ഉടമകളെ കണ്ടെത്തിയാൽ മാത്രമേ ദുരൂഹത അവസാനിക്കൂ. രണ്ടു തവണ മെമ്മറി കാർഡ് തുറന്നിരിക്കുന്നത് രാത്രിയിലാണെന്നതാണ് മറ്റൊരു കാര്യം. ഡിജിറ്റൽ തെളിവുകളുടെ ഡി.എൻ.എ എന്ന വിശേഷണമാണ് ഹാഷ്‌വാല്യൂവിന് ചേരുക. ഡിജിറ്റൽ തെളിവുകൾ കോടതിയുടെ മുന്നിലെത്തുമ്പോൾ അവ വിശ്വസനീയവും ആധികാരിവുമായിരിക്കണം. ഈ ഘട്ടത്തിലാണ് സൈബർ ഫോറൻസിക് എന്ന ശാസ്‌ത്രശാഖയുടെ അനിവാര്യത. ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന ഡിജിറ്റൽ തെളിവുകൾ ഏതുസമയവും പ്രത്യക്ഷമായോ അല്ലാതെയോ നശിപ്പിക്കാനോ കേടുവരുത്താനോ തിരുത്താനോ, കൂടിചേർക്കലുകൾ നടത്താനോ കഴിയും. അതിനാൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ സൈബർ ഫോറൻസിക് ശാസ്‌ത്രത്തിന്റെ സാങ്കേതിക വിദ്യയാണ് ഹാഷ്‌വാല്യൂ. ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഇതുതന്നെയാണ്.

ക്രിമിനൽ കേസുകളിലെ നിർണായക തെളിവുകൾ ഉൾപ്പെടുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കോടതികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിട്ടുണ്ട്. നടിയെ പീഡിപ്പിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് സേഫ്‌ കസ്‌റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവാദിത്വമുണ്ടായിരുന്ന മൂന്ന് കോടതികളിലും അനധികൃതമായി തുറന്നുനോക്കിയെന്ന ഫോറൻസിക് റിപ്പോർട്ട് അതീവ ഗുരുതരമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്. ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് ഉറപ്പാക്കണമെങ്കിൽ വിശദമായ അന്വേഷണം വേണം. കോടതി ജീവനക്കാരെയും പ്രതിഭാഗം അഭിഭാഷകരെയും സംശയനിഴലിലാക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ട്. വിവാദമായ ഒരു കേസിൽ കോടതിയുടെ കസ്‌റ്റഡിയിലിരിക്കുന്ന നിർണായക തെളിവ് അനധികൃതമായി പരിശോധിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കുറ്റക്കാരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണം. അതിലേക്ക് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉയരണം. കേസ് അട്ടിമറിക്കാൻ പല ഘട്ടങ്ങളിലും ശ്രമമുണ്ടായെന്ന ആക്ഷേപം ഉയർന്ന പശ്‌ചാത്തലത്തിൽ ഇനിയുള്ള നടപടി ക്രമങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

കോടതിയുടെ കസ്‌റ്റഡിയിലിരിക്കുന്ന നിർണായക തെളിവ് എങ്ങനെ അനധികൃതമായി പരിശോധിച്ചുവെന്ന ചോദ്യം ഉയരുമ്പോൾ അതിന് ഇടയാക്കിയേക്കാവുന്ന സാഹചര്യങ്ങളും പരിശോധിക്കണം. ട്രഷറിയുടെ സുരക്ഷാമുറിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡും പെൻഡ്രൈവും വിചാരണക്കോടതിയിൽ എത്തിച്ച ദിവസമാണ് മെമ്മറി കാർഡ് തുറന്നത്. ഒന്നാം പ്രതിയുടെ അഭിഭാഷകന് ദൃശ്യങ്ങൾ പരിശോധിക്കാനായി മെമ്മറി കാർഡും പെൻഡ്രൈവും വിചാരണക്കോടതിയിൽ 2021 ജൂലായ് 19 രാവിലെയാണ് എത്തിച്ചത്. അന്ന് ഉച്ചയ്‌ക്ക് 12.19 നും 12.54 നും ഇടയിലാണ് ജിയോ സിംകാർഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ട് മെമ്മറി കാർഡ് ആരോ പരിശോധിച്ചത്. എന്നാൽ, അന്ന് കോടതിയിൽ സജ്ജീകരിച്ച ലാപ്‌ടാേപ്പിൽ ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്‌ക്ക് മൂന്നുമണിക്ക് ശേഷമാണ് ദൃശ്യങ്ങൾ കണ്ടതെന്നാണ് അഭിഭാഷകന്റെ വാദം. 15 മിനിട്ട് നീണ്ടുനിന്ന പരിശോധനയ്‌ക്ക് ഉപയോഗിച്ചത് മെമ്മറി കാർഡല്ലായിരുന്നു. പെൻഡ്രൈവ് ലാപ്‌ടോപ്പിൽ കുത്തിയാണ് ദൃശ്യങ്ങൾ കാണിച്ചതെന്നും പറയുന്നു. ഈ പറയുന്ന കാര്യം ശരിയാണെങ്കിൽ കോടതിയിൽ മെമ്മറി കാർഡ് എത്തിച്ച സമയത്ത് ഉച്ചയോടെ ആരോ വിവാ ഫോണിൽ ഉപയോഗിച്ചെന്ന് കരുതേണ്ടിവരും. അങ്ങനെയെങ്കിൽ അവരെയാണ് കണ്ടെത്തേണ്ടത്. മെമ്മറി കാർഡ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കസ്‌റ്റഡിയിലായിരുന്ന 2018 ജനുവരി ഒമ്പതിന് രാത്രി 9.58 ന് ലാപ്‌ടാേപ്പുമായി ഘടിപ്പിച്ചും , പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ 2018 ഡിസംബർ 13 ന് രാത്രി 10.58ന് ആൻഡ്രോയ്‌ഡ് ഫോണിലിട്ടുമാണ് സിംകാർഡ് പരിശോധിച്ചത്. രാത്രി വൈകി നടന്ന പരിശോധന കോടതിയുടെ ഉള്ളിലായിരിക്കാൻ ഒരു സാദ്ധ്യതയുമില്ല. ആരെങ്കിലും മെമ്മറി കാർഡ് കോടതിയുടെ പുറത്തു കൊണ്ടുപോയാൽ മാത്രമേ പരിശോധിക്കാൻ കഴിയൂ എന്നത് ഞെട്ടിക്കുന്ന വിവരമാണ്. വിചാരണഘട്ടത്തിലുള്ള കേസിൽ ആർ. ശ്രീലേഖയുടെ പരാമർശം പൊലീസിനെ പ്രതിരാേധത്തിലാക്കുന്നതാണ് എന്നതിൽ തർക്കമില്ല. കേസിലെ ചില നിർണായക തെളിവുകൾ യഥാർത്ഥമല്ലെന്ന തുറന്നുപറച്ചിൽ വിചാരണയെ ബാധിക്കുമെന്ന സംശയം പലരും ഉയർത്തിയിട്ടുണ്ട്. അതിലേറെ ഗൗരവമേറിയ വിഷയം മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നുള്ളതാണ്. കോടതിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്‌തേക്കാവുന്ന നടപടി ആഴത്തിൽ പരിശോധിക്കേണ്ടതാണ്. ഒരു നാട് മുഴുവൻ ചർച്ചയായ ഒരു കേസിലെ മുഴുവൻ നടപടിക്രമങ്ങളും സുതാര്യമാക്കേണ്ടത് ജ്യുഡീഷറിയുടെ കർത്തവ്യം കൂടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HASH VALUE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.