SignIn
Kerala Kaumudi Online
Friday, 26 April 2024 2.44 PM IST

അവരും നമുക്കൊപ്പം ചേർന്നു നടക്കട്ടെ

photo-2-

ഇക്കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ കതിരൂർ തികച്ചും വ്യത്യസ്തമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഉൽസവാഘോഷം തന്നെയായിരുന്നു അവിടെ. സംസ്ഥാനത്ത് ആദ്യമായി ജില്ലാപ്പഞ്ചായത്ത് ട്രാൻസ്ജെൻഡറിന് വീട് നിർമ്മിച്ചുകൊടുക്കുന്ന ചടങ്ങ്. അവഗണനയും ഒറ്റപ്പെടലും ഒരു ഭാഗത്ത് തുടരുമ്പോൾ പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാഗത്തെ ചേർത്തു നിറുത്തി പൊതുസമൂഹത്തിനൊപ്പം നടത്താനുള്ള ശ്രമത്തിന്റെ ആദ്യപടിയായാണ് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. ട്രാൻസ്ജെൻഡറുകളെ മുഖ്യധാരയിലെത്തിക്കാനുള്ള നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ ഈ ചടങ്ങ് ഏറെ ശ്രദ്ധേയമായിരുന്നു. വിദേശത്തുനിന്നും അഭിനന്ദനങ്ങൾ ജില്ലാ പഞ്ചായത്തിനെ തേടിയെത്തി. ഒറ്റപ്പെടുത്തേണ്ടവരല്ല ഈ വിഭാഗമെന്നും ചേർത്തു നിറുത്തി നമുക്കൊപ്പം ഉയരങ്ങളിലേക്ക് എത്തിക്കേണ്ടവരാണെന്നുമുള്ള തിരിച്ചറിവായിരിക്കാം ഇത്തരമൊരു ശ്രമത്തിന് ജില്ലാ പഞ്ചായത്തിന് പ്രേരണയായത്. കതിരൂർ പഞ്ചായത്തിലെ ഇരുപത്തിയാറാം വാർഡിലെ പറമ്പത്ത് ഹൗസിംഗ് കോളനിയിലുള്ള ട്രാൻസ്ജെൻഡറായ നിധീഷിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. വർഷങ്ങളായി കുറെ അലഞ്ഞിട്ടും നടക്കാതെപോയ നിധീഷിന്റെ സ്വപ്നമാണ് കണ്ണൂർ ജില്ലാപ്പഞ്ചായത്തിന്റെ ഭവനനിർമ്മാണ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകാനൊരുങ്ങുന്നത്.

പദ്ധതിയിലൂടെ ആദ്യത്തെ വീട് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ട്രാൻസ്ജെൻഡറുകളെ ചേർത്തു നിറുത്തുന്ന ജില്ലാപ്പഞ്ചായത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും പദ്ധതി സംസ്ഥാനം മുഴുവൻ നടപ്പിലാക്കണമെന്നും നിധീഷ് പറ‌ഞ്ഞു. സർക്കാരിന്റെ മറ്റ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയിട്ടും ചില ബാങ്കുകളിൽ വായ്‌പയ്ക്ക് അപേക്ഷിച്ചിട്ടും ഇതൊന്നും നിധീഷിന് ലഭിച്ചിരുന്നില്ല.വീട് പണി അനിശ്ചിതത്വത്തിലായപ്പോഴാണ് ജില്ലാപ്പഞ്ചായത്തിന്റെ പുതിയ പദ്ധതിയെ കുറിച്ച് അറിയുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഗൃഹനിർമ്മാണ പദ്ധതിക്ക് ഒരു ജില്ലാപ്പഞ്ചായത്ത് തുടക്കം കുറിക്കുന്നത് . സമൂഹത്തിൽ വിവിധ മേഖലകളിലായി തങ്ങളുടേതായ ഇടം നേടി മുന്നേറുന്ന ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് കണ്ണൂർ ജില്ലാപ്പഞ്ചായത്തിന്റെ മാതൃകാപരമായ ചുവട് വയ്‌പ്പ് നൽകുന്നത് വലിയ പ്രതീക്ഷ കൂടിയാണ്. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കായി സംരംഭകത്വ പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും കണ്ണൂർ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.

കതിരൂർ പഞ്ചായത്തിലൊരുങ്ങുന്ന വീടിന്റെ ഗുണഭോക്താവിനെ കണ്ടെത്തിയത് പഞ്ചായത്ത് അധികൃതർ തന്നെയാണ്. വീട് നിർമ്മിക്കുന്നതിന് 3.5 സെന്റ് സ്ഥലവും കതിരൂർ പഞ്ചായത്ത് നൽകി. ജില്ലാപ്പഞ്ചായത്ത് നാല് ലക്ഷം രൂപയാണ് നിധീഷിന് നൽകുന്നത്. പഞ്ചായത്തുകൾ വഴി നടപ്പിലാക്കുന്ന പദ്ധതിക്ക് അതത് പഞ്ചായത്ത് ആവശ്യപ്പെടുന്ന തുക നൽകും. അഞ്ച് വർഷം മുൻപ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ട്രാൻസ്‌ജെൻഡറുകളുടെ സർവേ നടത്തിയിരുന്നു. അന്ന് 250 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്. ഇവർക്കായി വിവിധ പദ്ധതികൾ വിഭാവനം ചെയ്ത് വരികയാണെന്ന് അധികൃതർ പറഞ്ഞു. ഭവനനിർമ്മാണത്തിന് ലൈഫ് മിഷൻ പോലുള്ള പദ്ധതികളുണ്ടെങ്കിലും പല കാരണങ്ങളാൽ പലപ്പോഴും ട്രാൻസ്ജെൻഡറുകൾ തള്ളപ്പെടാറാണ് പതിവ്. ഇത്തരക്കാർക്ക് ഏറെ ആശ്വാസകരമാണ് കണ്ണൂർ ജില്ലാപ്പഞ്ചായത്തിന്റെ പുതിയ പദ്ധതി.

ഒരുകാലത്ത് സമൂഹത്തിൽനിന്നും ഏറെ മാറ്റിനിറുത്തപ്പെട്ട ട്രാൻസ്ജെൻഡർ വിഭാഗം ഇന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരും മനുഷ്യരാണെന്നും അവർക്കും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടെന്നും സമൂഹം അംഗീകരിച്ചു വരികയാണ്. സമൂഹത്തിൽ അവർക്കും തങ്ങളുടേതായ സ്ഥാനമുണ്ടെന്ന സന്ദേശം കൂടിയാണ് കണ്ണൂർ ജില്ലാപഞ്ചായത്ത് നൽകുന്നത്.

വാടക വീട് കിട്ടാനില്ല

ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കാൻ കുടുംബം പലപ്പോഴും തയ്യാറാകാറില്ല. വീട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ട സ്ഥിതിയാണ് പലർക്കും. വീടുവിട്ടിറങ്ങേണ്ടിവന്ന നിരവധി ട്രാൻസ്ജെൻഡറുകൾ ഇന്ന് സമൂഹത്തിലുണ്ട്.എന്നാൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കാമെന്ന് കരുതിയാൽ ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന ഒറ്റക്കാരണം കൊണ്ട് ഇവർക്ക് വാടകയ്ക്ക് വീട് നൽകാനും പലരും തയ്യാറല്ല .പലപ്പോഴും തെരുവുകളിൽ ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഗതികേടാണ് ഇവരിൽ പലർക്കും. കുടുംബം അകറ്റി നിറുത്തുന്ന ട്രാൻസ്ജെൻഡറുകൾക്ക് മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമാണ് .ഇത്തരം സാഹചര്യങ്ങളിലാണ് കണ്ണൂർ ജില്ലാപ്പഞ്ചായത്ത് മുന്നോട്ട് വച്ച പദ്ധതിക്ക് പ്രധാന്യമേറുന്നത്. ഈ വിഭാഗത്തിന് സുരക്ഷിതമായ പുനരധിവാസമാണ് ജില്ലാപ്പഞ്ചായത്ത് നൽകുന്നത്.

പദ്ധതി ഇങ്ങനെ

പഞ്ചായത്തുകൾ ഗുണഭോക്താക്കളെ കണ്ടെത്തിയാൽ ജില്ലാപ്പഞ്ചായത്ത് പദ്ധതിയിലൂടെ നിശ്ചിത തുക നൽകും. ഭവനം ആവശ്യമുള്ളവർക്ക് പഞ്ചായത്തുകളിൽ അപേക്ഷ നൽകാവുന്നതാണ്. നിരവധിപേർ ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്. അർഹരായവരെയെല്ലാം പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു. കണ്ണൂരിൽ രണ്ടാമത്തെ വീട് നൽകുന്നത് അഴീക്കോട് പഞ്ചായത്തിലാണ്. വൈകാതെ നടപടി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

കലാട്രൂപ്പും

രൂപീകരിക്കുന്നു

രാജ്യത്താദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി സാമ്പത്തികനയം ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു നടപ്പിലാക്കിയതും കണ്ണൂർ ജില്ലാപ്പഞ്ചായത്താണ്. ഇതിന്റെ തുടർച്ചയായാണ് ട്രാൻസ്‌ജെൻഡറുകൾക്കായി പ്രത്യേക ഭവന പദ്ധതിയും രൂപീകരിച്ചത്. ട്രാൻസ്‌ജെൻഡറുകൾക്കുള്ള കലാട്രൂപ്പും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കാനിരിക്കുകയാണ്. ഇരുപതു ലക്ഷം രൂപ ചെലവഴിച്ച് ഇതിനോടകം പരിശീലനവും നൃത്ത പരിപാടികൾക്കാവശ്യമായ വസ്ത്രങ്ങളുൾപ്പെടെയുള്ളവ വാങ്ങി നൽകി. കലാപരമായ മുന്നേറ്റത്തിന് ജില്ലാപ്പഞ്ചായത്ത് സഹായങ്ങൾ ചെയ്തു തരണമെന്ന് ട്രാൻസ്ജെൻഡർ സംഘടനകൾ മുന്നോട്ടുവച്ച ആവശ്യത്തെ തുട‌ർന്നാണ് ജില്ലാപ്പഞ്ചായത്ത് ഇത്തരമൊരു കലാ ട്രൂപ്പ് രൂപീകരിക്കുന്നത്. ട്രൂപ്പിന്റെ ഉദ്ഘാടനം വൈകാതെ നടക്കും. ജില്ലാപ്പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഒരു കൂട്ടം ട്രാൻസ്ജെൻഡറുകൾ നൈസി ചിപ്സ് എന്ന പേരിൽ ചിപ്സ് നിർമ്മാണ യൂണിറ്റും നടത്തി വരുന്നുണ്ട്. ഈ സംരഭവും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOME PROJECT FOR TRANSGENDERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.