SignIn
Kerala Kaumudi Online
Friday, 26 April 2024 10.54 AM IST

അഴിമതിയ്‌ക്കാര് മണികെട്ടും ?

opinion

അഴിമതി ഉന്മൂലനം ചെയ്യാനായി രാജ്യത്ത് നിരവധി നിയമ സംവിധാനങ്ങളുണ്ട്. അത് എത്രമാത്രം ഫലപ്രദമാണെന്ന് പരിശാേധിക്കപ്പെടേണ്ടത് സമീപകാല സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ അനിവാര്യമാണ്. അഴിമതിക്കെതിരെ പോരാട്ടം വേണമെന്ന് പറയുമ്പോൾത്തന്നെ രാജ്യത്തെ ശക്തമായ നിയമസംവിധാനങ്ങളെ കൂട്ടിലടയ്‌ക്കുന്നത് ആരാണെന്നു കൂടി സമൂഹത്തിന് മുന്നിൽ വെളിപ്പെടണം. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും അവരുടേതായ റോളുണ്ട്. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ അതിനെതിരെ പ്രതികരിക്കാനും അധികാരികളെ അറിയിക്കാനും ജനങ്ങൾ മുന്നിട്ടിറങ്ങണം. അതിനൊപ്പം അഴിമതിക്ക് ഒരിക്കലും കൂട്ടുനിൽക്കില്ലെന്ന ഉറപ്പും ജനങ്ങൾക്ക് ലഭിക്കണം.

പാലങ്ങളും റോഡുകളും നിർമ്മിക്കുന്നതിന് കരാറെടുക്കുന്ന ചിലരും എന്ത് ഒത്താശകൾക്കും തണലേകുന്ന ഉദ്യോഗസ്ഥരും അഴിമതി നടത്തിയതിന്റെ ഫലമായി നിർമ്മാണപ്രവർത്തനങ്ങൾ പലതും തകർന്നടിഞ്ഞ അനവധി സംഭവങ്ങളുണ്ട്. പാലാരിവട്ടം മേൽപ്പാലം ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. വേണ്ടത്ര അളവിൽ സിമന്റും കമ്പിയും മറ്റും ഉപയോഗിക്കാതെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ അടിക്കടിയുണ്ടാകുന്നത്. ഇതിലൂടെ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഒരു മുൻ മന്ത്രി ഉൾപ്പെടെ പ്രതിയായ കേസിൽ ഇതുവരെ വിധി വന്നിട്ടില്ല.

ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തി ശിക്ഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയുണ്ട്. പൊതുപ്രവർത്തകരുടെയും ഭരണകർത്താക്കളുടെയും അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ലോകായുക്ത സംവിധാനം നിലവിലുണ്ട്. എന്നിട്ടും അഴിമതി ഇല്ലായ്മ ചെയ്യാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ അതിന് പിന്നിൽ പലവിധത്തിലുള്ള കരങ്ങളുണ്ടെന്ന് വ്യക്തം. അവ വെട്ടിമാറ്റിയാൽ മാത്രമേ അഴിമതി വിമുക്ത സമൂഹമെന്ന സ്വപ്‌നം പൂവണിയുകയുള്ളൂ.

മികച്ച പരിശീലനം ലഭിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരാണ് മിക്ക വകുപ്പുകളുടെയും തലപ്പത്ത് ഭരണം നടത്തുന്നത്. ഇവർക്ക് കാര്യക്ഷമതയും ഭരണമികവുണ്ടെങ്കിലും പലപ്പോഴും സർക്കാരുകളുടെ താളത്തിനൊത്ത് തുള്ളാൻ വിധിക്കപ്പെട്ടവരാണ്. ശക്തമായ നടപടിയെടുത്താലും സർക്കാരിന്റെ ഒറ്റനോട്ടത്തിൽ ഇവർക്ക് പിൻവാങ്ങേണ്ടി വരും. ഇതിൽ പ്രതിഷേധിച്ച് ചില ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷൻ തേടി കേന്ദ്ര സർവീസുകളിലേക്ക് പോകുന്നതും നിത്യകാഴ്ചയാണ്. ഇതിനൊക്കെ മാറ്റം വരുത്തേണ്ടത് ഭരണംകൂടം തന്നെയാണ്. ഇന്ന് കൈക്കൂലി കേസുകൾ അനുദിനം വർദ്ധിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരെ പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കുടുക്കുന്ന സംഭവങ്ങൾ ഏറിവരുന്നത് എടുത്തു പറയേണ്ടതാണ്. സർട്ടിഫിക്കറ്റുകൾക്കും സർക്കാർ ആശുപത്രിയിൽ ഗർഭപാത്രം മാറ്റിവയ്‌ക്കുന്നതിനുംവരെ ഒരു നാണവുമില്ലാതെ പാവങ്ങളോട് വളരെ തുച്ഛമായ തുക വരെ വാങ്ങുന്നവരുണ്ട്. ഇവരുടെ ശമ്പളം ലക്ഷങ്ങൾക്ക് അടുത്തുവരുമെന്ന് ചിന്തിക്കണം. എന്നിട്ടും ആർത്തിക്ക് ഒരു കുറവുമില്ല. പിടിക്കപ്പെട്ടാലും വേഗത്തിൽ സർവീസിൽ തിരികെ കയറാമെന്ന വിശ്വാസമാണ് നെറികെട്ട പ്രവൃത്തിയിലേക്ക് പലരും വീണ്ടും വീണ്ടും ചെന്നെത്താൻ കാരണം. അടുത്തകാലത്ത് എം.ജി. സർവകലാശാലയിൽ കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥയുടെ പ്രതികരണം നാം കേട്ടതാണ്. 'ഞാൻ മാത്രമല്ല, ഓഫീസിലെ മറ്റു പലരും കൈക്കൂലി വാങ്ങുന്നുണ്ട്' എന്നാണ് അവർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സംസ്ഥാനത്തെ പല സർക്കാർ ഓഫീസുകളുടെയും അവസ്ഥയാണ് ആ വാക്കുകളിലൂടെ പുറത്തുവന്നത്. കൈക്കൂലി വാങ്ങുന്നവരിൽ ചെറിയൊരു ശതമാനം പേർ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. എന്നിട്ടും അത്തരക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നത് ഓഫീസുകളിലെ ഒരാചാരമായി കൈക്കൂലി മാറിക്കഴിഞ്ഞതുകൊണ്ടാണ്.

2018ൽ കൈക്കൂലി വാങ്ങിയ 18 ഉദ്യോഗസ്ഥരാണ് വിജിലൻസിന്റെ പിടിയിലായത്. 2019ൽ 17 പേർ പിടിയിലായി. 2020ൽ 24 പേരും 2021ൽ 30 പേരും പിടിയിലായി. 2022ൽ 42 പേരിലേക്കെത്തി. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നും സേവനങ്ങൾക്ക് ഒരു തരത്തിലുള്ള പാരിതോഷികങ്ങളും നൽകരുതെന്നും അറിയിക്കുന്ന പരസ്യബോർഡുകൾ എല്ലാ സർക്കാർ ഓഫീസുകളിലെയും പ്രവേശന കവാടങ്ങളിൽ കാണാം. ഈ ബോർഡിൽ പരാതിപ്പെടേണ്ട ഓഫീസറുടെ വിലാസവും നമ്പറുമുണ്ടാകും. ഇതെല്ലാം മറികടന്നാണ് നിയമ വിരുദ്ധ ഇടപാടുകൾ അരങ്ങേറുന്നത്. കൈക്കൂലി വാങ്ങുന്ന ചില ഉദ്യോഗസ്ഥർക്ക് എങ്ങനെ പിടിക്കപ്പെടാതെ രക്ഷപ്പെടാൻ കഴിയുമെന്ന് അറിയാം. അതിനായി അവർ പല മാർഗങ്ങൾ ഒരുക്കും. കൈക്കൂലി വാങ്ങാനുള്ള അവസരമുണ്ടാക്കുന്നതിനായി ഫയലുകൾ താമസിപ്പിച്ചും അപേക്ഷകനെ പല തവണ നടത്തിക്കുകയും ചെയ്യുന്നത് ഇന്ന് നാട്ടുനടപ്പാണ്. സാധാരണഗതിയിൽ ആരും വിജിലൻസിനെ വിവരമറിയിക്കാറില്ല. പണം കൊടുത്തിട്ടും കാര്യം സാധിക്കാത്തവരും ഓഫീസുകളിൽ കയറിയിറങ്ങി സഹികെടുന്നവരുമാണ് വിജിലൻസിനെ സമീപിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ അവർ നൽകുന്ന പൊടി വിതറിയ നോട്ടുകൾ കൈക്കൂലിയായി നൽകുകയും പുറത്തു കാത്തുനിൽക്കുന്ന വിജിലൻസുകാർ ഉദ്യോഗസ്ഥനെ തെളിവോടെ പിടികൂടുകയുമാണ് ചെയ്യുന്നത്.
മിക്ക കൈക്കൂലി കേസിലും ആരോപണവിധേയരായവർ പരമാവധി ഒന്നര വർഷം സസ്‌പെൻഷനിലാകും. വിജിലൻസ് നേരിട്ടെടുക്കുന്ന അഴിമതിക്കേസുകളിൽ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നിർബ്ബന്ധമാക്കിയതിനാൽ സ്വാധീനമുള്ള ഏത് ഉദ്യോഗസ്ഥനും അന്വേഷണം അട്ടിമറിക്കാൻ കഴിയും. വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനകളിൽ പിടിക്കപ്പെടുന്നവർക്കും രക്ഷപ്പെടാൻ പഴുതുകൾ ഏറെയുണ്ട്. ഇത്തരം പരിശോധനകളിൽ കണക്കിൽപ്പെടാത്ത പണം പിടികൂടിയാൽ തന്നെ അത്തരം ഉദ്യോഗസ്ഥരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പു മേധാവിക്കു കൈമാറാനെ വിജിലൻസ് ഡയറക്ടർക്ക് കഴിയൂ. വകുപ്പു മേധാവിക്കു വേണമെങ്കിൽ അവരെ സസ്‌പെൻഡ് ചെയ്യാം. സ്ഥലം മാറ്റം അല്ലെങ്കിൽ വകുപ്പുതല അന്വേഷണം നടത്താമെന്നതാണ് അടുത്ത നടപടി. ഫയലുകൾ ഇങ്ങനെ ഒച്ചിനെ പോലെ ഇഴയുന്നതിനിടയിൽ സംഘടനാ നേതൃത്വം വഴി സർക്കാരിനെ സ്വാധീനിച്ച് ഇക്കൂട്ടർ രക്ഷപ്പെടും. സർക്കാർ പറഞ്ഞാൽ കേസ് എഴുതിത്തള്ളുകയല്ലാതെ വേറെ നിവൃത്തിയുമില്ല. ഈ പ്രവണത ഇന്ന് വർദ്ധിച്ചു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലൈഫ് മിഷൻ കേസിലെ വിജിലൻസ് അന്വേഷണം. അവർ അന്വേഷണം മുഴുമിപ്പിച്ചതുമില്ല, പിടിച്ചെടുത്ത ഫയലുകൾ സി.ബി.ഐയ്‌ക്ക് കൈമാറാനും തയ്യാറായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പ്രതികൂട്ടിലാക്കിയ കേസിൽ വിജിലൻസിന്റെ ചിറകരിഞ്ഞുവെന്ന് വ്യക്തം. ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ചോദിച്ചാൽ സർക്കാർ തലത്തിൽ നിന്നാണെന്ന് വ്യക്തം. ഇത്തരം സമീപനങ്ങൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് എങ്ങനെ അഴിമതി തുടച്ചു നീക്കാനാകും. അഴിമതിക്ക് തടയിടേണ്ടവർ തന്നെ കുടചൂടുന്നുവെന്ന് പറയേണ്ടി വരും. കേരള ലോകായുക്‌തയും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അവർക്ക് ഉത്തരവുകൾ പോലും പുറപ്പെടുവിക്കാൻ കഴിയുന്നില്ല.

സുതാര്യമല്ലാത്ത ഇടപാടുകളും കമ്മിഷൻ വ്യവസ്ഥയും ഭരണകൂടങ്ങളെ സംശയത്തിന്റെ നിഴലിൽ നിറുത്തുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിലയ്ക്കു നിറുത്തേണ്ട സർക്കാർ തന്നെ വഴിവിട്ട് പലതും ചെയ്യുമ്പോൾ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ആരെയും ഭയപ്പെടാനില്ലാത്ത അവസ്ഥയാണ് സംജാതമാകുന്നത്. കൈക്കൂലി കൊടുക്കാതെ കാര്യങ്ങൾ നേടിയെടുക്കാനുള്ള മനോഭാവം പൊതു സമൂഹത്തിലും വളർത്തിയെടുക്കണം. കൈക്കൂലിക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുകയും ഉദ്യോഗസ്ഥരെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടത് സമൂഹത്തോടുള്ള കടമയാണ്. അതിലൂടെ ജനങ്ങൾക്ക് അവകാശമായ സേവനങ്ങൾ ഇടനിലയില്ലാതെ ലഭ്യമാക്കാനും കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOW CORRUPTION CAN BE PREVENTED
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.