SignIn
Kerala Kaumudi Online
Friday, 26 April 2024 3.25 PM IST

കാട് കാക്കുന്നവരുടെ കഴുകൻ കണ്ണുകൾ

opinion

വനം തങ്ങളുടെ അധികാര പരിധിയിലുള്ള സാമ്രാജ്യമാണെന്ന അഹങ്കാര മനോഭാവം വനംവകുപ്പിലെ ഒരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്. വ്യാപകമായ വനംകൊള്ളയും അനാശാസ്യ പ്രവണതകളും അരങ്ങേറുന്ന ആരും ശ്രദ്ധിക്കപ്പെടാത്ത മേഖലയാണ് വനം. ജനവാസം ഇല്ലെന്നതുകൊണ്ടു തന്നെ വനത്തിനുള്ളിലെ അനധികൃത പ്രവണതകളിൽ അധികവും പുറംലോകം കാണുന്നില്ല. 2020 ജൂണിൽ കോന്നി മേഖലയിലെ പാടം, കരിപ്പാൻതോട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ നിന്ന് ഇരുപത് ലക്ഷത്തിലേറെ വിലയുള്ള തേക്ക് തടികൾ വനപാലകരുടെ ഒത്താശയോടെ മുറിച്ചു കടത്തിയത് കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്ന് ഏതാനും തടിക്കച്ചവടക്കാരും ഇടനിലക്കാരും അറസ്റ്റിലായിരുന്നു. ഏതാനും വനപാലകരെ സസ്പെൻഡ് ചെയ്തെങ്കിലും സത്യസന്ധമായി പ്രവർത്തിച്ച ചില ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷാനടപടികൾ എടുത്തത് വനപാലകർക്കിടയിൽ കടുത്ത അതൃപ്തിയും ചേരിതിരിവും സൃഷ്ടിച്ചിരുന്നു. വനംകൊള്ളയ്ക്ക് ഒരു പരിധിവരെ തടയിടാൻ ഇൗ സംഭവം ഇടയാക്കി. എന്നാലും, അധികാരമത്തിൽ ഏത് അനധികൃത ഇടപാടുകളും നടത്താൻ ഒരു വിഭാഗം വനംവകുപ്പിൽ ഇപ്പോഴുമുണ്ടെന്നാണ് ശബരിമല തീർത്ഥാടനം തുടങ്ങിയപ്പോൾ പൂങ്കാവന പാതയിലെ ചില കച്ചവടങ്ങൾ സൂചിപ്പിക്കുന്നത്. ശബരിമലപാതയിൽ പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപം ചില വനപാലകർ ചേർന്ന് ഹോട്ടൽ തുറന്നിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ ലാഭേച്ഛയോട‌െ മറ്റ് തൊഴിലുകളിൽ ഏർപ്പെടരുതെന്ന സർവീസ് ചട്ടം മറന്നുകൊണ്ടാണ് അയ്യപ്പാസ് എന്ന പേരിൽ ശബരിമല ധർമ്മശാസ്താവിന്റെ വിഗ്രഹരൂപത്തിലുള്ള ചിത്രം പതിച്ച ബാനർകെട്ടി കച്ചവടം നടത്തുന്നത്. ഇൗ സംഭവവും കേരളകൗമുദി പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് പ്ളാപ്പള്ളി ഫോറസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഹോട്ടൽ നടത്തിപ്പിൽ നിന്ന് വനപാലകർ പിന്മാറിയിട്ടില്ല. തിരുവല്ല സ്വദേശിയെ ബിനാമിയാക്കി കൊണ്ടാണ് ഹോട്ടൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. ശബരിമല പാതയിൽ ഹോട്ടലുകൾ തുടങ്ങുന്നതിന് ദേവസ്വം ബോർഡ് കരാർ ക്ഷണിച്ചിരുന്നു. വേറെയും ആളുകൾ ടെൻഡർ നൽകിയെങ്കിലും ചില ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്ളാപ്പള്ളിയിൽ ഹോട്ടലിന്റെ കരാർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുകയായിരുന്നു. പ്ളാപ്പള്ളി സ്റ്റേഷനിലെ വനപാലകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ 'നമ്മുടെ കടയുടെ കുറ്റിയടി എല്ലാവരുടെയും അനുവാദത്തോടെ ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ നിർവഹിച്ചു' എന്ന സന്ദേശം പ്രചരിക്കുകയും ചെയ്തു. സേനയുടെ ഭാഗമായവർ സ്വന്തം സാമ്പത്തിക നേട്ടത്തിന് ലാഭക്കണ്ണോടെ കച്ചവടം തുടങ്ങിയതിനെ ഒരു വിഭാഗം വനപാലകർ ചോദ്യം ചെയ്യുന്നുണ്ട്. പക്ഷേ, ഇത്തരം അനധികൃത പ്രവണതകളെ മുളയിലേ നുള്ളിക്കളയേണ്ട മുതിർന്ന ഉദ്യോഗസ്ഥർ താഴെുള്ളവരുടെ എല്ലാ ചെയ്തികൾക്കും കൂട്ടു നിൽക്കുന്നുവെന്നതാണ് വനംവകുപ്പ് നേരിടുന്ന വലിയ പ്രശ്നം.

കള്ളനെ താക്കോൽ

ഏൽപ്പിക്കുന്നു

ഫോറസ്റ്റ് വകുപ്പ് പൊലീസും ഫയർഫോഴ്സും പാേലെ സേനാ വിഭാഗമാണ്. അച്ചടക്കത്തോടെ പ്രവർത്തിക്കുകയും വനത്തിനുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും കേസെടുക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമുള്ളവരാണ് വനപാലകർ.

വനത്തിനുള്ളിലെ അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്താൻ വനംവകുപ്പിന് ഫോറസ്റ്റ് ഇന്റലിജൻസ് സെൽ എന്ന വിഭാഗമുണ്ട്. നിർഭാഗ്യകരമായ കാര്യം, ഇന്റലിജൻസ് സെല്ലിലേക്ക് നിയമിക്കപ്പെടുന്നവരിൽ വലിയ വിഭാഗം വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വനപാലകർ ആണെന്നുള്ളതാണ്. പ്ളാപ്പള്ളിയിലെ ഹോട്ടൽ നടത്തിപ്പിന്റെ പേരിൽ സ്ഥലം മാറ്റം ലഭിച്ച ഒരു ഫീറ്റ് ഫോറസ്റ്റ് ഒാഫീസറെ ഇന്റലിജൻസ് സെല്ലിലേക്ക് നിയമിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ഇൗ ഒാഫീസർക്കെതിരെ നേരത്തേതന്നെ നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. ഹോട്ടൽ നടത്തിപ്പിനുള്ള ശിക്ഷാ നടപടിയായി ഇദ്ദേഹത്തെ സ്ഥലം മാറ്റിയത് തൊട്ടടുത്ത ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ്. ഹോട്ടലിലെ കണക്കുകൾ നോക്കാൻ അവസരം ഒരുക്കിക്കൊണ്ട് ഉന്നതഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തലോടി വിടുകയായിരുന്നു. നേരത്തേ, വനംകൊള്ളയ്ക്ക് കൂട്ടുനിന്ന ഫോറസ്റ്റ് ഒാഫീസർമാരിൽ ചിലരെയും ഇന്റലിജൻസ് സെല്ലിലേക്ക് നിയമിച്ചിരുന്നു. കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതു പോലെയുള്ള നടപടികളാണ് കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നടപടികൾ വനംവകുപ്പ് കൈക്കൊള്ളുന്നത്.

വനിതകൾക്കും

രക്ഷയില്ല

വനംവകുപ്പിൽ അടുത്തിടെയായി വർദ്ധിച്ചുവരുന്ന മറ്റൊരു തെറ്റായ പ്രവണത ബീറ്റ് ഒഫീസർമാരിലെ വനിതകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളാണ്. ഉൾക്കാടുകളിലെ ഫോറസ്റ്റ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന വനിതാ ഒാഫീസർമാർക്ക് സുരക്ഷിതത്വമില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. അഴിമതികൾക്കും കുറ്റകൃത്യങ്ങൾക്കും ശിക്ഷാനടപടിക്ക് വിധേയരായ റേഞ്ച് ഒാഫീസർമാരും ഡെപ്യൂട്ടി റേഞ്ച് ഒാഫീസർമാരും വാഴുന്ന ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിയോഗിക്കപ്പെട്ട ചില വനിതാ ബീറ്റ് ഒാഫീസർമാർ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ ഫോറസ്റ്റ് വകുപ്പിന്റെ വനിതാ സെല്ലിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

ഇത്തരത്തിൽ കുത്തഴിഞ്ഞ ഭരണസംവിധാനം നിലനിൽക്കുന്ന സേനാവിഭാഗമായി ഫോറസ്റ്റ് വകുപ്പ് മാറുന്നതായി ആക്ഷേപമുയർന്നിട്ടും ശുദ്ധീകരണ പ്രക്രിയകൾക്ക് മുൻകൈയെടുക്കാൻ വനംവകുപ്പ് ഭരിച്ചിട്ടുള്ള മന്ത്രിമാർക്ക് കഴിഞ്ഞിട്ടില്ല. ചീഫ് കൺസർവേറ്റർമാരും ഡി.എഫ്.ഒമാരും നൽകുന്ന റിപ്പോർട്ടുകൾ വിശ്വസിച്ച് അവരുടെ ഉപദേശപ്രകാരം പ്രവർത്തിക്കുന്ന മന്ത്രിമാരാണ് വനംവകുപ്പ് ഭരിച്ചിട്ടുള്ളത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തുകയെന്നതാണ് വനംവകുപ്പിൽ ആദ്യം ചെയ്യേണ്ടത്. ജനവാസ മേഖലകളിൽ കാട്ടാനയും കടുവയും പുലിയും ഇറങ്ങുമ്പോൾ കാട്ടിലേക്ക് ഒാടിച്ച് കയറ്റാനുള്ളവർ മാത്രമായാണ് വനപാലകരെ നാട്ടുകാർ കാണുന്നത്. കേന്ദ്ര വനം-വന്യജീവിവകുപ്പ് നൽകുന്ന വിശാലമായ അധികാരം വനത്തിനുള്ളിൽ കുറ്റകൃത്യങ്ങളിലേർപ്പെടാനും അനാശാസ്യ പ്രവണതകൾക്കും ഉള്ളതല്ലെന്ന ബോദ്ധ്യവും പരിശീലനവുമാണ് വനപാലകരുടെ ഉള്ളിലുണ്ടാകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ILLEGAL ACTIVITIES IN FOREST DEPARTMENT KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.