SignIn
Kerala Kaumudi Online
Friday, 26 April 2024 11.38 PM IST

പൊലീസുണ്ടോ ഒരു ക്വട്ടേഷൻ കൊടുക്കാൻ

police

'പേറെടുക്കാൻ വന്ന വയറ്റാട്ടി ഇരട്ടപെറ്റെ 'ന്ന ഒരു ചൊല്ലുണ്ട്. കേരളത്തിലെ പൊലീസിന്റെ പോക്കു കാണുമ്പോൾ, അതറിയാവുന്നവരുടെ മനസിലേക്ക് ഈ പഴഞ്ചൊല്ലാവും ഓടിയെത്തുക. ക്രമസമാധാന പാലനത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന് നാഴികയ്ക്ക് നാല്പത് വട്ടം മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവർത്തിക്കുന്നുണ്ട്. ഓരോ ദിവസവും ചുറ്റും നടക്കുന്ന സംഭവങ്ങളും വർത്തമാനപ്പത്രങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലുമൊക്കെ വരുന്ന വാർത്തകളും കാണുമ്പോൾ സമാധാനത്തിന് ഒരു ക്രമവുമില്ലെന്ന് ബോദ്ധ്യമാവും. മാടുകളെ കശാപ്പു ചെയ്യുന്ന ലാഘവത്തോടെയാണ് കൊലപാതകങ്ങൾ നടക്കുന്നത്. കൊലപാതകങ്ങൾക്ക് കൃത്യമായ ക്ളാസിഫിക്കേഷൻ പോലുമായിട്ടുണ്ട്. അനാചാരകൊല, ദുരഭിമാനകൊല, മുൻവൈരാഗ്യകൊല, ക്വട്ടേഷൻകൊല, രാഷ്ട്രീയകൊല, ലഹരിക്കടിപ്പെട്ടുള്ളകൊല, ദൃശ്യംമോഡൽകൊല,ആസൂത്രിതകൊല... അങ്ങനെ വ്യത്യസ്തമായ തലക്കെട്ടുകളിൽ കൊലപാതകങ്ങൾ തരംതിരിക്കപ്പെട്ടിരിക്കുന്നു. അടിപിടി അക്രമസംഭവങ്ങൾക്ക് അങ്ങനെ വ്യത്യസ്ത തലക്കെട്ടുകൾ നൽകാൻ കഴിയില്ല, കാരണം അതിന് മാത്രം തലക്കെട്ടുകൾ നിലവിലില്ല. പല കേസുകളും അന്വേഷിച്ചു ചെല്ലുമ്പോൾ, കഥ മാറും . ചിലപ്പോഴെങ്കിലും ഈ കൃത്യങ്ങളുടെ പിന്നിലുള്ളവരുടെ ഉറ്റമിത്രങ്ങൾ പൊലീസ് തന്നെയാവും.

ഒറ്റ സ്റ്രാറുമുതൽ തോളിൽ താങ്ങാനാവാത്തത്ര സ്റ്റാറുകൾ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പരമ്പര തന്നെയുണ്ട് നാട്ടിൽ. സ്റ്റാറിന്റെ പത്രാസില്ലാതെ കണ്ണീർ ഷെല്ലു പൊട്ടിക്കാനും ലാത്തിവീശാനും കല്ലേറുകൊള്ളാനും വെള്ളം ചീറ്റിക്കാനും മാത്രം യോഗമുള്ള മറ്റൊരു വിഭാഗം യുവപൊലീസ് നിരയുമുണ്ട്. ശൗര്യത്തിനും സന്നാഹത്തിനും ഒട്ടും കുറവുമില്ല. എന്നിട്ടും ക്രമസമാധാനം എന്നത് സങ്കൽപ്പമായി മാറുന്ന സ്ഥിതി. ഇപ്പോ പുതിയ കണ്ടെത്തൽ പുറത്തുള്ളതിനേക്കാൾ കൂടുതൽ ക്രിമിനലുകൾ പൊലീസിനകത്താണെന്നാണ്. അത്തരക്കാരെ പിരിച്ചുവിടാനും അച്ചടക്ക നടപടി സ്വീകരിക്കാനും കൂട്ടത്തോടെ സ്ഥലം മാറ്റാനുമൊക്കെ നടപടി തുടങ്ങിയിരിക്കുകയാണ്. കാക്കിയണിഞ്ഞു കൊണ്ട് വണ്ടിക്കച്ചവടവും വസ്തുക്കച്ചവടവും ക്വട്ടേഷൻകാരുടെ വഴക്കുതീർക്കലുമൊക്കെ പതിവാക്കിയ കുറേപ്പേർ പൊലീസ് സേനയിൽ സന്തുഷ്ടരായി കഴിയുന്നുണ്ടെന്ന് വൈകിയെങ്കിലും സർക്കാരിന്, ആഭ്യന്തര വകുപ്പിന് ബോദ്ധ്യം വന്നു. കോഴിക്കൂടിന് കുറുക്കനെയായിരുന്നല്ലോ കാവലിരുത്തിയതെന്ന് ആരും ചിന്തിക്കരുത്. എല്ലാം ശരിയാവും.

ആരാണ് ഈ സാഹചര്യത്തിനെല്ലാം ഉത്തരവാദി ?. പൊലീസിന്റെ ദൗർബല്യം മുതലെടുത്ത് അഴിഞ്ഞാടുന്ന ക്രിമിനലുകളാണോ, ക്രിമിനലുകൾക്കും കുട്ടിനേതാക്കൾക്കും മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ടി വരുന്ന പൊലീസുദ്യോഗസ്ഥരാണോ, ക്രിമിനലുകളെ സംരക്ഷിക്കുകയും പൊലീസിനെ കയറൂരി വിടുകയും ചെയ്യുന്ന ഭരണകർത്താക്കളാണോ, എന്തെല്ലാം കാട്ടിക്കൂട്ടിയാലും വോട്ടുകുത്തി ജയിപ്പിച്ച് മന്ത്രിമാരെ സൃഷ്ടിക്കുന്ന പൊതുജനങ്ങളാണോ. ഈ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരമില്ലാത്തതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. പൊലീസിന് നിയതമായ ചില ധർമ്മങ്ങളുണ്ട്. നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കേണ്ടവരാണ് പൊലീസ്. പ്രാഥമികമായി അവരെ അവരുടെ ജോലിക്ക് സ്വതന്ത്രമായി വിടുക എന്നതാണ് പ്രധാനം. പണ്ടൊക്കെ പൊലീസ് ജീപ്പിന്റെ ശബ്ദം കേട്ടാൽ ജനം ഓടി മാറുന്ന സ്ഥിതിയുണ്ടായിരുന്നു. ആ സ്ഥാനത്താണ് ഇന്ന് പരസ്യമായി പൊലീസിനെ ചോദ്യം ചെയ്യുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന അവസ്ഥ. പൊലീസ് മർദ്ദനയന്ത്രങ്ങളായി മാറണമെന്നും കിട്ടുന്നവരെയെല്ലാം ഉപദ്രവിക്കണമെന്നുമല്ല ഇതിനർത്ഥം. അത്തരക്കാരെ കണ്ടെത്തിയാൽ സേനയിൽ നിന്ന് ഒഴിവാക്കുക തന്നെ വേണം. എന്നാൽ കുറ്റങ്ങൾ ചെയ്താൽ പൊലീസ് നടപടി ഉണ്ടാവുമെന്നും നിയമപരമായ ശിക്ഷ ലഭിക്കുമെന്നുമുള്ള ധാരണ ജനമനസിൽ പതിയണം. കുറ്റക്കാരെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിമുക്തരാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന ബോദ്ധ്യം വേണം. പിടികൂടുന്ന കുറ്റവാളിയുമായി പൊലീസ് മുൻപെ, അയാളെ ബലം പ്രയോഗിച്ചാണെങ്കിലും ഇറക്കിക്കൊണ്ടുവരാനുള്ള രാഷ്ട്രീയക്കാരൻ പിൻപെ എന്ന വർത്തമാനകാല ശൈലി മാറണം.

ദേശീയപാതയിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കാനെന്ന പേരിൽ പണ്ട് ആലപ്പുഴ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ പ്രത്യേക പരിഷ്കാരം നടത്തി. രാത്രിയിൽ വരുന്ന ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പൊലീസുകാർ കട്ടൻകാപ്പി തയ്യാറാക്കി സൗജന്യമായി നൽകുന്ന പദ്ധതി. ഡ്രൈവർമാരുടെ ഉറക്കം പോകാനായിരുന്നു ഇത്. വേണ്ടതിലധികം ജോലിഭാരമുള്ള പൊലീസുകാർ വേണം രാത്രിയിൽ കാപ്പിയുണ്ടാക്കേണ്ടത്. ഏതായാലും അധികകാലം നീണ്ടില്ല പൊലീസിന്റെ ഈ കാപ്പിക്കച്ചവടം. നാട്ടുകാരെയും കൂട്ടി രാത്രികാലങ്ങളിൽ പൊലീസ് കള്ളനെ അന്വേഷിച്ചു നടക്കുന്ന ഒരു പദ്ധതി എറണാകുളത്തും നടത്തി. ഇത്തരം തമാശകൾ കൊണ്ട് എന്തുഫലമാണ് ഉണ്ടാവുക. ശാന്തിപ്പണിക്ക് വരുന്നവരെ കൊണ്ട് ചവിട്ടുനാടകം നടത്തിക്കുന്ന പോലെയെ ഇതിനെയും കാണാനാവൂ.

പൊലീസിന് മേലുള്ള രാഷ്ട്രീയക്കാരുടെ കുതിരകയറ്റമാണ് കാര്യങ്ങൾ ഇത്രയും ദുഷിപ്പിലേക്ക് എത്തിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കായംകുളത്തുണ്ടായ സംഭവമാണ് ഇതിന് ഏറ്റവും ഒടുവിലെ ഉദാഹരണം. ഇരുചക്രവാഹനമോടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് നിർദ്ദേശിച്ചതിന്റെ പേരിൽ സി.പി.എമ്മിന്റെ ഒരു ലോക്കൽ കമ്മിറ്റി അംഗം സബ് ഇൻസ്പെക്ടർക്ക് നേരെ കയർക്കുന്നതിന്റെയും നെഞ്ചുവിരിച്ചുനിന്ന് വെല്ലുവിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വേണ്ടുവോളം പ്രചരിച്ചതാണ്. ക്രമസമാധാന പാലനം നടത്തേണ്ട ഒരു ഉദ്യോഗസ്ഥനെയാണ് ജനങ്ങൾ നോക്കി നിൽക്കെ പാർട്ടിയുടെ 'ഉശിരൻ സഖാവ് ' വെള്ളം കുടിപ്പിച്ചത്. ഏതു മുന്നണി ഭരിച്ചാലും അവരുടെ പാർട്ടിക്കാർ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത് പതിവായി മാറിയിരിക്കുന്നു.

ഇങ്ങനെ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായും ആയുധമായുമൊക്കെ നിൽക്കുന്നവരുമായി കാലക്രമത്തിൽ പൊലീസും ബന്ധം സ്ഥാപിച്ചാൽ ആരെ കുറ്രം പറയാനാവും. കാക്കിയുടെ പരിരക്ഷയിൽ എന്തുമാവാം എന്ന തോന്നൽ അറിയാതെ മനസിലുറച്ചുപോയാൽ എന്തുചെയ്യാനാവും. കാലങ്ങളായി ഒരു കീഴ്വഴക്കം പോലെ ശീലിച്ചു പോയ ഇത്തരം കാര്യങ്ങൾ അവസാനിച്ചെങ്കിലേ മതിയാവൂ. ഏതു മുന്നണി ഭരിച്ചാലും അവരുടെ യുവകിങ്കരന്മാർക്കും പ്രാദേശിക നേതൃഭീകരന്മാർക്കും അഴിഞ്ഞാടാനുള്ള അവസരം നൽകാതിരിക്കുക. ഒപ്പം കൈക്കൂലി, കായികപീഡനം, സദാചാരവിരുദ്ധ ലീലാവിലാസം തുടങ്ങിയ വൈകൃതങ്ങളുള്ള പൊലീസുദ്യോഗസ്ഥർക്കും കടിഞ്ഞാൺ വേണം. തെറ്റായിട്ടെന്തെങ്കിലും ചെയ്താൽ രക്ഷപ്പെട്ടു വരിക പ്രയാസമാണെന്ന തോന്നൽ വളരണം. അല്പം വൈകിയാണെങ്കിലും ഇപ്പോൾ സംസ്ഥാന സർക്കാർ ചില നടപടികൾ തുടങ്ങിയത് ആശ്വാസകരമാണ്. ചില്ലറ എതിർപ്പുകളൊക്കെ ഉയർന്നേക്കാം. എങ്കിലും ഒരു ശുദ്ധികലശം നടത്താൻ ആർജ്ജവം കാട്ടുകയും അത് 'പുത്തനച്ചിയുടെ പുരപ്പുറം തൂക്കൽ' ആകാതിരിക്കുകയും ചെയ്താൽ ഈ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാവും.

ഇതുകൂടി കേൾക്കണേ

പകൽ ഗുണ്ടയെ പിടിക്കാൻ നടന്നിട്ട് രാത്രിയിൽ അവരുടെ സൽക്കാരത്തിന് കാത്തുകെട്ടിക്കിടക്കുന്ന മാന്യന്മാർ പൊലീസിൽ ഏറെയാണ്. സ്ക്വാഡുകൾ രൂപീകരിക്കുമ്പോൾ ഇത്തരക്കാർ അതിൽ നുഴഞ്ഞു കയറാതിരിക്കാനുള്ള ഒരു കണ്ണുകൂടി ബന്ധപ്പെട്ടവർക്ക് വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ILLEGEL ACTIVITIES OF KERALA POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.