SignIn
Kerala Kaumudi Online
Friday, 26 April 2024 6.36 AM IST

അഖണ്ഡത കാക്കുന്നതിൽ കാലിടറുന്നു

india

ഒരു രാജ്യത്തിന്റെ വിദേശനയത്തിന്റെ ലക്ഷ്യങ്ങൾ പലതാണ്. രാജ്യത്തിന്റെ അഖണ്ഡത, സാമ്പത്തിക വികസനം, സമാധാന പാലനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാകും അത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങൾ പരിഹരിക്കാനും തടയാനും മറ്റു രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കലും അതിന്റെ ഭാഗമാണ്.

രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിൽ ഇന്ത്യ മുന്നേറിയിട്ടില്ലെന്നു കാണാം. 1949-ൽ നിലവിൽ വന്ന പീപ്പിൾസ് റിപ്പബ്ളിക് ഒഫ് ചൈനയ്‌ക്ക് സ്വതന്ത്ര ഇന്ത്യ സൗഹൃദം വാഗ്ദാനം ചെയ്തു. രക്ഷാസമിതിയിലെ സ്ഥിരാംഗമെന്ന നിലയിൽ ഐക്യരാഷ്‌ട്രസഭയിൽ ചൈനയ്‌ക്കുള്ള അവകാശത്തെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉയർത്തിക്കാട്ടി. അന്നത്തെ യു.എസ് പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ ഐക്യരാഷ്‌ട്രസഭയിലെ ചൈനയുടെ സ്ഥാനലബ്‌ധിയെ എതിർത്തിരുന്നു. ഇത് അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ഇടിവുണ്ടാക്കി. 1954ൽ നെഹ്‌റു ചൈനയുമായി പഞ്ചശീല ഉടമ്പടിയിൽ ഒപ്പുവച്ചു. പക്ഷേ 1962ൽ മാവോ സേതൂംഗ് ഇന്ത്യയെ ആക്രമിച്ചു.

യഥാർത്ഥ നിയന്ത്രണരേഖയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താനുള്ള കരാറുകൾ അവഗണിച്ച് ചൈന ഇന്ത്യയുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കയറുകയാണ്. സ്വന്തം അഖണ്ഡത സംരക്ഷിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്ന് വിലയിരുത്തേണ്ടി വരും.

അധികാരത്തിൽ വരുന്ന ഓരോ സർക്കാരും അഖണ്ഡഭാരതത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പാകിസ്ഥാന്റെ കാര്യത്തിലും നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊണ്ടത്. പാക് അധിനിവേശ കാശ്മീർ വീണ്ടെടുക്കാൻ ഒരു യുദ്ധം വേണ്ടെന്നായിരുന്നു ഇന്ത്യ 'വിവേകപൂർവ്വം' എടുത്ത തീരുമാനം.
ഇന്ത്യയുടെ വിദേശനയം അതിന്റെ സാമ്പത്തിക വളർച്ചയെ പിന്തുണച്ചിട്ടുണ്ട്. തുടക്കത്തിൽ നെഹ്‌റുവിന്റെ ഇന്ത്യയ്ക്ക് അന്ന് ശീതയുദ്ധത്തിലായിരുന്ന രണ്ട് പ്രതിയോഗികളിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചു. ഇന്ന് ജി-20-ലെ അംഗമാണ് ഇന്ത്യ. അടുത്ത ജി-20 ഉച്ചകോടി ഇന്ത്യയിലാണ്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യൻ സംഭാവന പരിമിതമാണ്. ലോക ജി.ഡി.പി 100 ട്രില്യൺ ഡോളറാണ്(നൂറ് ലക്ഷം കോടി ഡോളർ), യു.എസിന്റെ കൈവശം 25.3 ട്രില്യൺ ഡോളറും ചൈനയുടെ കൈവശം 19.9 ട്രില്യൺ ഡോളറുമുള്ളപ്പോൾ ഇന്ത്യ 3.3 ട്രില്യൺ ഡോളറുമായി ആറാം സ്ഥാനത്താണ്.


നെഹ്‌റുവിന്റെ കാലത്ത് അന്താരാഷ്ട്ര സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിൽ ഇന്ത്യയ്‌ക്ക് സജീവമായ പങ്കുണ്ടായിരുന്നു. ഇന്ന് ആഗോള രാഷ്‌ട്രീയ സാഹചര്യങ്ങൾ മാറിയതിനാൽ നെഹ്‌റുവും അന്നത്തെ പ്രതിരോധമന്ത്രി കൃഷ്ണമേനോനും ചെയ്തതുപോലെ കാര്യങ്ങൾ നടപ്പാക്കുക അത്ര എളുപ്പമല്ല.

എന്നിരുന്നാലും, ഗുരുതരമായ ക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് തുറന്ന നിലപാട് സ്വീകരിക്കാമായിരുന്നു. ശ്രീലങ്കയ്‌ക്ക് 400 കോടി ഡോളർ നൽകിയത് നീതിയുക്തമായി. എന്നിരുന്നാലും, ശ്രീലങ്കയിലെ നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യം അവസാനിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ജി-20 യുടെ പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യയ്ക്ക് ഒരു അന്താരാഷ്ട്ര സമ്മേളനം വിളിക്കാമായിരുന്നു.

അമേരിക്കയുടെ കടുത്ത സമ്മർദ്ദമുണ്ടായിട്ടും യുക്രെയിൻ അധിനിവേശത്തിൽ റഷ്യയെ അപലപിക്കാതെയും സാമ്പത്തിക ഉപരോധത്തെ പിന്തുണയ്‌ക്കാതെയും തലയുയർത്തി നിൽക്കുന്ന ഇന്ത്യയെയും നമ്മൾ കണ്ടു. കാലാവസ്ഥാവ്യതിയാനത്തിലും ഇന്ത്യയുടെ നിലപാടുകൾ ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.