SignIn
Kerala Kaumudi Online
Saturday, 27 April 2024 3.40 AM IST

വ്യാവസായിക മുന്നേറ്റം ; മാറ്റത്തിന്റെ കാറ്റ്

photo

വ്യവസായ സംരംഭകർക്ക് ഒട്ടും അനുയോജ്യമല്ലാത്ത സംസ്ഥാനമെന്ന മോശം പ്രതിച്ഛായ ഏറെക്കാലം കേരളത്തിന് ചാർത്തപ്പെട്ടിരുന്നു. ഭാഗ്യവശാൽ,​ കേരളത്തിൽ കാറ്റ് മാറിവീശുകയാണ്. പ്രതിച്ഛായ മെച്ചപ്പെടുത്താൻ സംസ്ഥാനത്തിന് സാധിച്ചിരിക്കുന്നു. വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരും കടന്നുവരാൻ ആഗ്രഹിക്കുന്നവരുമായ സംരംഭകരോട് സംവദിക്കുമ്പോൾ നമുക്കത് മനസിലാകും.

കേന്ദ്രസർക്കാരിന്റെ വ്യാവസായിക സൗഹൃദസംസ്ഥാനങ്ങളുടെ റാങ്കിംഗിൽ ഏറെവർഷക്കാലം കേരളം പിൻനിരയിലായിരുന്നു. 2018ൽ ഐകകണ്ഠ്യേന ഇൻവെസ്‌റ്റ്‌മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്‌ട് പാസാക്കി. പക്ഷേ,​ റാങ്കിംഗ് മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ വലിയൊരു കുതിച്ചുചാട്ടം പ്രതീക്ഷിച്ച സർക്കാരിനും കണക്കുകൂട്ടലുകൾ തെറ്റി. എന്നാൽ,​ അതിനുശേഷം ഉന്നത ഉദ്യോഗസ്ഥരും സർക്കാരും ഗൗരവത്തോടെ കാര്യങ്ങളെ കാണാൻ തുടങ്ങി. വ്യാവസായികരംഗത്ത് ഉയർന്ന റാങ്കുകളിലുള്ള മറ്റ് സംസ്ഥാനങ്ങൾ എന്താണ് ചെയ്യുന്നതെന്ന് വിലയിരുത്തി വ്യത്യസ്‌തതകൾ തിരിച്ചറിയാൻ ശ്രമിച്ചു. ഇത് അനുകൂലമായ മാറ്റങ്ങളിലേക്ക് വഴിതെളിച്ചു. നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യാവസായികസൗഹൃദ സംസ്ഥാനമാകാനുമുള്ള വ്യക്തമായ കാഴ്ചപ്പാടോടെ അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നതിലേക്ക് സർക്കാർ ചുവടുവച്ചു. ലക്ഷ്യം കൈവരിക്കാനായി ഉന്നത ഉദ്യോഗസ്ഥരും രാഷ്‌ട്രീയനേതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തുടങ്ങി. താഴെത്തട്ടിലെ ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ആ സന്ദേശം ലഭിച്ചു - ''നമ്മുടെ സംസ്ഥാനം നിക്ഷേപസൗഹൃദമായിരിക്കണം" . ഉദ്യോഗസ്ഥരിലെ താഴെത്തലത്തിൽ ഈ സന്ദേശം വഴിയുള്ള മാറ്റം കഠിനമായിരുന്നെങ്കിലും ഉന്നതതലത്തിലെ ഉദ്യോഗസ്ഥരുടെ നിരന്തരമായ കഠിനശ്രമങ്ങളിലൂടെ മാറ്റം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കാണാം.

രാഷ്‌ട്രീയനേതാക്കൾക്കിടയിലും താഴെത്തട്ടിൽ ഈ മാറ്റമുണ്ടായി. പഞ്ചായത്ത് തലങ്ങളിലും മുനിസിപ്പാലിറ്റികളിലും പ്രസിഡന്റുമാർ,​ ചെയർപേഴ്‌സൺമാർ,​ വാർഡ്/ഡിവിഷൻ അംഗങ്ങൾ തുടങ്ങിയവർ നിക്ഷേപ,​ സംരംഭകസൗഹൃദ പദ്ധതികൾക്കും യോഗങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. എന്റെ അറിവിൽ,​ ഇത്തരം കാഴ്ചകൾ മുമ്പ് ഉണ്ടായിട്ടില്ല. പഞ്ചായത്ത്,​ മുനിസിപ്പാലിറ്റി സെക്രട്ടറിമാരും സജീവമായി പങ്കെടുക്കുന്ന അത്തരം യോഗങ്ങൾ നമ്മുടെ സംസ്ഥാനത്ത് മികച്ച വ്യാവസായിക,​ നിക്ഷേപ സൗഹൃദാന്തരീക്ഷം ഉണ്ടാവണമെന്ന ശക്തമായ സന്ദേശം ഏവരിലേക്കും അയയ്ക്കാൻ ഉപകരിക്കുന്നു.

കേരളത്തിൽ ഒരു നിക്ഷേപ പദ്ധതി/സംരംഭം ആരംഭിക്കാനും വിജയകരമായി നടത്തിക്കൊണ്ടു പോകാനുമുള്ള ബുദ്ധിമുട്ട് എന്തായിരുന്നുവെന്ന് ഏവർക്കും വ്യക്തമായി അറിയാം. 'മിഥുനം" സിനിമയിലെ 'ദാക്ഷായണി ബിസ്‌കറ്റ്" കമ്പനിയെ അനുസ്‌മരിപ്പിക്കുന്ന പല സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ,​ അക്കഥയൊക്കെ പഴങ്കഥയായിരിക്കുന്നു. കേരളവും വ്യാവസായിക,​ നിക്ഷേപക സൗഹൃദ സംസ്ഥാനമായി മുന്നേറുകയാണ്.

സംരംഭം തുടങ്ങാനുള്ള അനുമതികൾ നേടിയെടുക്കുക എന്നതായിരുന്നു മുൻകാലങ്ങളിലെ പ്രധാന പ്രതിസന്ധി. നിരവധി ഓഫീസുകൾ കയറിയിറങ്ങിയാലും അനുമതികൾ ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഇപ്പോൾ സ്ഥിതിമാറി. ലൈസൻസുകളും അനുമതികളും ലഭിക്കാനുള്ള അപേക്ഷ നമുക്ക് ഇപ്പോൾ ഓൺലൈനിൽ സമർപ്പിക്കാം. പണ്ട് നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഏറെക്കാലം പിടിച്ചിരുന്നെങ്കിൽ ഇപ്പോൾ ലളിതമായും വേഗത്തിലും സാദ്ധ്യമാകുന്നു എന്നത് വലിയൊരു ആകർഷണം തന്നെയാണ്.

കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ (കെ.എസ്.ഇ.ബി)​ വന്നമാറ്റമാണ് ഏറ്റവും ശ്രദ്ധേയം. വൈദ്യുതി കണക്‌ഷൻ ലഭിക്കുക ഇപ്പോൾ സുഗമമായിരിക്കുന്നു. ഇത് പുതുസംരംഭകർക്കും ഇനി വരാനിരിക്കുന്ന സംരംഭകർക്കും നൽകുന്ന ആശ്വാസവും പ്രോത്സാഹനവും ചെറുതല്ല. വൈദ്യുതിവിതരണത്തിലെ തടസങ്ങളും പഴയ ഓർമ്മയായി മാറിയിരിക്കുന്നു എന്നതും നേട്ടമാണ്. ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ്,​ ഫയർ ആൻഡ് സേഫ്‌റ്റി,​ ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകളിലുണ്ടായ സൗഹൃദപരമായ മാറ്റങ്ങളും എടുത്തുപറയേണ്ടതാണ്. ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങൾ തിരക്കി നടപടിക്രമങ്ങൾക്ക് മുൻകൈയെടുക്കുന്നു. പ്രമോട്ടർ സ്ഥലത്തുണ്ടാവണമെന്ന് ശഠിക്കാതെ ഫാക്‌ടറി സന്ദർശിച്ച് തുടർനടപടികളെടുക്കുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിക്ഷേപസൗഹൃദ അന്തരീക്ഷം വിലയിരുത്തി തയ്യാറാക്കിയ റാങ്കിംഗിൽ 2019ൽ 28-ാം സ്ഥാനത്തായിരുന്ന കേരളം 15-ാം റാങ്കിലേക്ക് കുതിച്ചെത്തിയിരുന്നു. കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി)​ അഖിലേന്ത്യാതലത്തിൽ നടത്തിയ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് വിലയിരുത്തലിലാണ് കേരളം ആസ്‌പയർ വിഭാഗത്തിൽ ഇടംനേടുകയും റാങ്കിംഗിൽ വലിയ മുന്നേറ്റം കൈവരിക്കുകയും ചെയ്‌തത്. 2019ലെ 28-ാം സ്ഥാനത്തുനിന്ന് അഭിപ്രായ സർവേയിൽ 75 ശതമാനത്തിലേറെ സ്കോർ നേടിയായിരുന്നു ഈ അഭിമാനകരമായ നേട്ടം.

കേരളം കൈവരിച്ച ഈ നിർണായക മാറ്റത്തിന് വ്യാവസായിക,​ വ്യാപാരരംഗത്തെ കൂട്ടായ്‌മകളായ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ)​,​ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (ഫിക്കി)​,​ കേരള സ്മോൾ സ്‌കെയിൽ ഇൻഡസ്‌ട്രിയൽ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ)​ എന്നിവയും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ അസോസിയേഷനുകളുമായി സർക്കാർ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. അസോസിയേഷൻ നേതൃത്വം മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും നിരന്തരം സംവദിച്ച് നിക്ഷേപകരുടെ ആശങ്കകളും ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം യോഗങ്ങളും ചർച്ചകളും സംസ്ഥാനത്തെ വ്യാവസായികരംഗത്ത് അനുകൂലമായ മാറ്റത്തിന്റെ വലിയകാറ്റ് വീശാൻ വഴിയൊരുക്കി എന്നതിൽ സംശയമില്ല.

ഇത്തരം യോഗങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളാനും ശേഖരിച്ച് പ്രാവർത്തികമാക്കാനും സർക്കാരിന് കഴിഞ്ഞതാണ് വിജയത്തിലേക്ക് വഴിതെളിച്ചത്. ഇക്കാര്യത്തിൽ സർക്കാർ വലിയ അഭിനന്ദനമർഹിക്കുന്നു. മികച്ച സംസ്ഥാനങ്ങളിൽ ഒന്നാമതെത്താൻ പക്ഷേ,​ കേരളത്തിന് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. എന്നാൽ,​ കേരളം കുതിപ്പ് തുടങ്ങിയിട്ടേയുള്ളൂ എന്ന് നമുക്ക് കരുതാം. ഈ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

(കേരള സ്മോൾ സ്‌കെയിൽ ഇൻഡസ്‌ട്രിയൽ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ)​ മുൻ പ്രസിഡന്റും ടൈകോൺ കേരള ഡയറക്‌ടറുമാണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDUSTRIAL GROWTH OF KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.