SignIn
Kerala Kaumudi Online
Friday, 26 April 2024 1.35 PM IST

നിയമം പാലിക്കാം നിയമത്തെ പരിപാലിക്കാം

photo

അന്താരാഷ്ട്ര നീതിന്യായ ദിനം ഇന്ന്

............................

രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന വ്യാവസായിക ഇടപാടുകൾ, വിവര കൈമാറ്റങ്ങൾ, അതിർത്തി തർക്കങ്ങൾ, സംഘർഷങ്ങൾ ഇവ നിലനില്ക്കുന്ന ഈ കാലത്ത് അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്ക് പ്രാധാന്യമേറെയാണ്.
നീതിന്യായ പരിപാലനത്തിനായി 139 രാജ്യങ്ങളും 80 ഓളം സംസ്ഥാനങ്ങൾ നേരിട്ടും പങ്കാളിയായ അന്താരാഷ്ട്ര നീതിന്യായ നിർവഹണകരാർ പ്രാബല്യത്തിലുണ്ട്. ലോകസുരക്ഷ, കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി, ഇരകളുടെ അവകാശ സംരക്ഷണം, സമാധാന സംരക്ഷണം എന്നിവയ്‌ക്കായി അന്താരാഷ്ട്ര തലത്തിൽ ക്രിമിനൽ നീതിന്യായ കോടതിയും നിലവിലുണ്ട്. 1998 ലെ റോം ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ. ഈ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ലോകത്തിൽ സ്ഥാപിതമായ ആദ്യത്തെ സ്ഥിരം അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് നെതർലന്റിലെ ഹേഗ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നത് .

നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, പാർലമെന്റ് എന്നിവ ബഹുമുഖ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീതിന്യായ ദിനം കടന്നുപോകുന്നത്.

രാജ്യസുരക്ഷ,​ സാമ്പത്തിക ഭദ്രത,​ സ്വൈരജീവിതം എന്നിവയാണ് ഓരോ പൗരനും ആഗ്രഹിക്കുന്നത്. എന്നാൽ ലോകത്തെ എല്ലാ രാജ്യങ്ങളും ഓരോ വർഷവും അവതരിപ്പിക്കുന്ന ബഡ്ജറ്റുകൾ ശ്രദ്ധിച്ചാൽ യുദ്ധസാമഗ്രികൾ വാങ്ങാനാണ് കൂടുതൽ തുക മാറ്റിവയ്‌ക്കുന്നതെന്ന് കാണാം. പരിഷ്കൃത ലോകം നേരിടുന്ന ദുരന്തമായി മാത്രമേ ഇതിനെ വിലയിരുത്താനാകൂ.

ക്ഷമ, കരുതൽ, സ്നേഹം,സമാധാനം എന്നിവ വ്യക്തികൾക്കും സമൂഹത്തിനും നഷ്ടപ്പെടുന്നു എന്നതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

അന്താരാഷ്ട്ര കോടതി നിലവിൽ വരുന്നതിനുമുമ്പ് എത്രയോ മുമ്പ് രാജ്യാന്തര വിഷയങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ മാതൃകകൾ നമുക്കുണ്ടായിരുന്നു അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്ന് ഇന്ത്യ-പാക് വിഭജന കരാറിലെ ഉടമ്പടികളുമായി ബന്ധപ്പെട്ടതാണ് . രാജ്യവിഭജനത്തിനു ശേഷം ഓരോരുത്തർക്കും പ്രത്യേകം വീതാംശങ്ങൾ കൊടുക്കുമ്പോൾ വീതിക്കാൻ കഴിയാത്തവ വിലനിശ്ചയിച്ച് ഒരാൾക്ക് നൽകുകയും നിശ്ചിതവിഹിതം മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്. ഈ ഇടപാട് ഓവൽടി എന്നാണ് അറിയപ്പെടുന്നത്. ഈ ഇനത്തിൽ 52 കോടി രൂപ ഇന്ത്യ പാകിസ്ഥാന് കൊടുക്കണമായിരുന്നു. സ്വാതന്ത്ര്യാനന്തരം രണ്ടുവർഷത്തിനകം എന്നതായിരുന്നു വ്യവസ്ഥ. രാജ്യം സ്വതന്ത്രയായ ശേഷം പാകിസ്ഥാൻ കാശ്മീർ കൈയേറാൻ ലക്ഷ്യമിട്ട് യുദ്ധം ആരംഭിച്ചു. ഈ സാഹചര്യത്തിൽ വ്യവസ്ഥപ്രകാരം പണം കൊടുക്കേണ്ടതില്ലെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് തീരുമാനിച്ചു. എന്നാൽ ഇതിനെതിരെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നിരാഹാരസമരം തുടങ്ങി. കാര്യങ്ങൾ ഗാന്ധിജിയെ ബോദ്ധ്യപ്പെടുത്താൻ സബ് കമ്മിറ്റി നിയോഗിക്കപ്പെട്ടു. ജവഹർലാൽ നെഹ്‌റു,​ സർദാർ പട്ടേൽ,​ ഗോപാലസ്വാമി അയ്യങ്കാർ തുടങ്ങിയവർ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി നിരാഹാരം അവസാനിപ്പിക്കാൻ ഗാന്ധിജിയോട് ആവശ്യപ്പെട്ടെങ്കിലും പറഞ്ഞ വാക്ക് മാറ്റിപ്പറയാൻ കഴിയില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. സമരം ആഴ്‌ചകൾ നീണ്ടു, ഗാന്ധിജിയുടെ ആരോഗ്യനില വഷളായി. അവസാനം ഓവൽടി കൊടുക്കാൻ കാബിനറ്റ് തീരുമാനിച്ച വിവരം അറിയിച്ചുകൊണ്ട് നെഹ്റു ബാപ്പുജിയോട് നിരാഹാരം പിൻവലിക്കാൻ അഭ്യർത്ഥിച്ചു . പക്ഷേ നിശ്ചയിച്ചിട്ടുള്ള തുക കൈമാറിയതിനുശേഷം മാത്രമേ നിരാഹാരം പിൻവലിക്കൂ എന്ന അതിശക്തമായ നിലപാടെടുത്തു ഗാന്ധിജി. ''ഭരണത്തിലേക്ക് വരുമ്പോൾ സ്വാതന്ത്ര്യ സമരത്തിലുള്ള ആദർശം നഷ്ടമായോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
സ്വാതന്ത്ര്യത്തിനു മുമ്പ് ഉണ്ടാക്കിയ ഉടമ്പടിയിൽ നിന്ന് പിന്മാറിയ നിങ്ങൾ നിരാഹാര സമരം പിൻവലിക്കുന്നതിനു വേണ്ടി നൽകുന്ന എന്നോടുള്ള ഉറപ്പ് നാളെ മാറ്റിയാൽ എന്തുചെയ്യും?'' അദ്ദേഹം ചോദിച്ചു. അവസാനം കാബിനറ്റ് തീരുമാനമെടുത്ത് പണം പാക്കിസ്ഥാന് നൽകിയതിനു ശേഷം മാത്രമാണ് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചത്.

200 വർഷങ്ങൾക്കു മുമ്പ് ദീർഘകാലം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന,​ നിയമവാഴ്ചയുടെ അപ്പോസ്തലനായി അറിയപ്പെട്ട വില്യം പിറ്റ് ദി യംഗർ പറഞ്ഞ വാക്കുകൾ കൂടി ഇവിടെ കുറിയ്‌ക്കട്ടെ: "നിയമം അവസാനിക്കുന്നിടത്ത് സ്വേച്ഛാധിപത്യം ആരംഭിക്കുന്നു. ദുർഭരണത്തിൽ നിന്നും ഒരു റിപ്പബ്ലിക്കിനെ കാക്കുന്ന പാറാവുകാരൻ അഥവാ കാവൽ ആണ് നിയമവാഴ്ച".

നീതി പുലരുന്നതിനു വേണ്ടി നിയമവാഴ്ച കൂടുതൽ ശക്തമാക്കണം.
ദുർനയങ്ങളെയും ദുർഭരണത്തെയും നേരിടാൻ നീതിന്യായ വ്യവസ്ഥയോട് പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന നടപടികളും നിലപാടുകളും ഉണ്ടാകണം .
ഇന്ന് അനുദിനം ഉയർന്നുവരുന്ന മതതീവ്രവാദവും അഴിമതിയും സ്വജനപക്ഷവാദവും വംശവെറിയും മാനവരാശിയ്ക്കെതിരായ അതിക്രമങ്ങളും ലോകത്തെ കലുഷിതമാക്കുമ്പോൾ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും ഇനി എത്ര ദൂരം എന്ന ചോദ്യം ഉയരുകയാണ്.


സത്യത്തോടും നീതിയോടും കൂടി നിയമം പാലിച്ചും നിയമത്തെ പരിപാലിച്ചുമുള്ള ജീവിതയാത്രയ്ക്ക് നാം തയ്യാറുണ്ടോ എന്ന ചോദ്യമാണ് പ്രതിധ്വനിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ നിർവഹണത്തിന് പിൻബലം നൽകാൻ കഴിയുന്ന വിശാലമായ വീക്ഷണത്തോടുകൂടിയുള്ള പ്രതിജ്ഞയെടുക്കുന്നതിനുള്ള സുദിനമായി ഈ ദിവസം മാറട്ടെയെന്ന് ആശംസിക്കുന്നു.


(സുപ്രീം കോടതി ബാർ അസോസിയേഷൻ അംഗമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERNATIONAL JUSTICE DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.