SignIn
Kerala Kaumudi Online
Friday, 26 April 2024 1.44 PM IST

സംഭരണം ഇഴഞ്ഞ് കുട്ടനാടൻ പാടങ്ങൾ

photo

മഴയിൽ നിലംപൊത്തിയ നെൽക്കതിരുകൾ കിളിർത്ത് തുടങ്ങിയിട്ടും കുട്ടനാട്ടിൽ നെല്ല് സംഭരണം കാര്യക്ഷമമാകുന്നില്ല. മില്ലുടമകൾ കൃത്യമായി സംഭരണം നടത്താത്തതാണ് പ്രധാന പ്രതിസന്ധി. കൃഷിനാശ സമയത്ത് പോലും, സംഭരിക്കുന്ന നെല്ലിന് മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നുണ്ട്. വേനൽമഴയിൽ നനഞ്ഞ നെല്ല് സംഭരിക്കുന്നതിനാലാണ് കിഴിവിന്റെ പേരിൽ കഴുത്തറുപ്പ് സമീപനം സ്വീകരിക്കുന്നത്. ഒരു ക്വിന്റൽ നെല്ലിന്മേൽ 10 മുതൽ 15 കിലോ വരെയാണ് കിഴിവായി ആവശ്യപ്പെടുന്നത്. മഴ ഇടവിട്ട് വരവറിയിക്കുന്നതിനാൽ കിട്ടുന്ന വിലയ്ക്ക് നെല്ല് വിറ്റ് നഷ്ടം കുറയ്ക്കാനുള്ള പെടാപ്പാടിലാണ് കർഷകരും. നിരന്തരമായി തുടർന്ന മഴയിൽ ഏക്കറുകണക്കിന് പാടശേഖരങ്ങളിലാണ് കൊയ്ത്ത് വൈകി നെല്ല് കിളിർത്തത്. ഒരാഴ്ചയിലെ മഴവെള്ളം ആറായിരത്തിലധികം ഹെക്ടർ നിലത്തെ മുക്കിയിരുന്നു. ഇതിൽ രണ്ടായിരത്തോളം ഹെക്ടറിലെ നെല്ല് പാടേ നശിച്ചു. മഴ വെള്ളം പാടശേഖരങ്ങളിൽ നിന്ന് ഒഴുകിപ്പോകാൻ മാർഗമില്ലാതെ കെട്ടിക്കിടന്നു. ഇതേ സഥലത്ത് നിലം പൊത്തിയ നെൽച്ചെടികൾ കൊയ്തെടുക്കാനാവാത്തത് കനത്ത തിരിച്ചടിയായി.

ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് കൊയ്തെടുത്ത് കരയ്ക്കെത്തിച്ച നെല്ല് സംഭരിക്കാൻ മില്ലുകാർ എത്തുന്നതും നോക്കി കർഷകർ വരമ്പുകളിൽ കാത്തിരിക്കുന്നത് കുട്ടനാട്ടിലെ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. പ്ലാസ്റ്റിക് ചാക്കുകളും, ടാർപ്പോളിൻ ഷീറ്റുകളും വിരിച്ച് നനവ് തട്ടാതെ നിധി കാക്കുന്ന ഭൂതത്തെ പോലെയുള്ള കർഷകന്റെ ഇരിപ്പ് പലപ്പോഴും ആഴ്ചകളോളം നീളും. സംഭരണം കൃത്യമല്ലാതെ വരുമ്പോൾ, നിലം പാട്ടത്തിനെടുത്ത് കൃഷി നടത്തിയ സ്ത്രീകളുൾപ്പടെയുള്ള കർഷകർ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കുട്ടനാടിന് പുറമേ അപ്പർ കുട്ടനാട് ഭാഗങ്ങളിലും രണ്ടാഴ്ച മുമ്പ് കൊയ്തെടുത്ത നെല്ല് പോലും സംഭരണം നടക്കാതെ കൂന കൂട്ടിയിട്ടിരിക്കുകയാണ്. പാടശേഖരങ്ങളിൽ നിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനത്തിൽ അവസാന പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കർഷകർ.

വെള്ളം കെട്ടികിടക്കുന്നതിന് പുറമേ മടവീഴ്ചയും ആവർത്തിക്കുകയാണ്. ഇടയ്ക്ക് മഴ മാറിയെങ്കിലും വെള്ളം കെട്ടി നിൽക്കുന്നതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ പാടത്തിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ചമ്പക്കുളം കൃഷി ഭവനിലെ 150 ഏക്കർ വിസ്തൃതിയുള്ള മൂലപ്പള്ളിക്കാടകരി കാച്ചാംകോണം പാടശേഖരത്തിലെ 120 ദിവസം മൂപ്പുള്ള നെല്ല് ഇനിയും കൊയ്തെടുക്കാൻ സാധിച്ചിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് കൊയ്യാൻ യന്ത്രങ്ങൾ എത്തിച്ചിരുന്നെങ്കിലും, ഭാരം കൂടുതൽ കാരണം യന്ത്രം വെള്ളക്കെട്ടിലേക്ക് ഇറക്കാനായില്ല. മടവീഴ്ചയുണ്ടായ പള്ളിപ്പാട് വൈപ്പിൻകാട് വടക്ക് പാടശേഖരത്തിലെ 110 ഏക്കറിലെ കൃഷി നശിച്ചുതുടങ്ങി. കഴിഞ്ഞയാഴ്ച കൊയ്ത്തിനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് ഇടിത്തീ പോലെ മടവീഴ്ചയുണ്ടായത്. അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതാണ് പുറംബണ്ട് തകരാൻ കാരണ മായത്. ഇവിടെയും നെല്ല് കിളി‌ർത്ത് തുടങ്ങി. കൊയ്തിട്ടാലും സംഭരണപ്രതിസന്ധിയിൽ തട്ടി നെല്ല് കെട്ടിക്കിടക്കും. നൂറ് കണക്കിന് കർഷകരുടെ മാസങ്ങളോളം നീണ്ട അദ്ധ്വാനമാണ് വെള്ളത്തിലായിരിക്കുന്നത്. മഴ തോരാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭൂരിഭാഗം കൊയ്ത്ത് യന്ത്രങ്ങളും തിരിച്ചുപോയി. ലക്ഷങ്ങൾ ചെലവഴിച്ച് കൃഷിയിറക്കിയ കർഷകർ ഇതോടെ കൂടിയ നിരക്ക് നൽകി യന്ത്രങ്ങൾ വാടകയ്ക്ക് എടുക്കേണ്ട ഗതികേടിലാണ്.


വേനൽമഴയെത്തുടർന്ന് കുട്ടനാട്ടിൽ കൃഷിനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് അതിവേഗത്തിൽ നടപടി സ്വീകരിക്കുമെന്നാണ് റവന്യൂ മന്ത്രി കെ.രാജൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

കർഷകരുടെ ആശങ്കകൾ പൂർണമായും പരിഹരിക്കുമെന്നും, നഷ്ടപരിഹാര വിതരണം ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം. ദുരിതാശ്വാസ നടപടികൾക്കായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. .

പല പാടശേഖരങ്ങളും വെള്ളം കയറിയ നിലയിലാണ്. താഴ്ന്ന മേഖലകളിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് അടിയന്തരമായി വെള്ളം പമ്പു ചെയ്തു കളഞ്ഞ് കൊയ്ത്ത് നടത്താനുള്ള നടപടികൾ ഏകോപിപ്പിക്കണം. നെല്ലു സംഭരണം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കണം. ഈർപ്പമുണ്ടെന്ന കാരണം കാട്ടി കിഴിവ് എന്ന പേരിൽ അളവിൽ കുറവു വരുത്തി മില്ലുടമകളും ഏജന്റുമാരും കർഷകരെ ചൂഷണം ചെയ്യുന്നതായി എല്ലാ വർഷവും നിരവധി പരാതികളാണ് ഉയരുന്നത്. സംഭരണ വേളയിൽ നെല്ല് കൃത്യമായി അളക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താൻ പാഡി ഓഫീസർമാർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

കുട്ടനാട്ടിലെ നിരവധി പാടശേഖങ്ങളിൽ മട വീണിട്ടുണ്ട്. ബണ്ടുകൾ പുനർനിർമിക്കാൻ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി തുക അനുവദിക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കണം. എല്ലാ പാടശേഖരങ്ങളിലും സുരക്ഷിതമായ പുറംബണ്ട് നിർമ്മിക്കണം. കാർഷിക കലണ്ടർ പ്രകാരമുള്ള കൃഷി സംവിധാനം കൃത്യമായി നടപ്പാക്കണം. രണ്ടാം കുട്ടനാട് പാക്കേജിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്തണം. ജില്ലയിൽ വേനൽ മഴ മൂലം127 കോടി രൂപയുടെ കൃഷിനഷ്ടം സംഭവിച്ചതായാണ് കണക്ക്. ആകെ 27,000 ഹെക്ടറിലാണ് ജില്ലയിൽ നെൽ കൃഷി ഇറക്കിയത്. ഇതിൽ 7527 ഹെക്ടറിലും കൃഷി നശിച്ചു. 9500 ഹെക്ടറിലെ കൊയ്ത്തു കഴിഞ്ഞു. ശേഷിക്കുന്ന സ്ഥലത്തെ കൊയ്ത്തു കൂടി കഴിഞ്ഞാൽ മാത്രമേ നെൽകൃഷിക്കുണ്ടായ നാശനഷ്ടത്തിന്റെ അന്തിമ കണക്ക് ലഭ്യമാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALAPPUZHA ISSUE, PADDY LAND, KUTTANAD, FARMERS ISSUE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.