SignIn
Kerala Kaumudi Online
Saturday, 27 April 2024 5.25 PM IST

കാടിറങ്ങുന്ന ഭീതി

kabali

മഴക്കാലത്ത് പ്രളയം, ഉരുൾപ്പൊട്ടൽ, ഡാം തുറന്നുവിടൽ അങ്ങനെ ആശങ്കകളും ഭീതികളും പലവിധമാണ് മലയോരമേഖലകളിൽ. എന്നാൽ തുലാവർഷം പിന്നിട്ട് വേനലിലേക്ക് കടക്കുമ്പോഴാകട്ടെ, കാടിറങ്ങുന്ന വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന ഭയാശങ്കകളും. വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാകുമ്പോഴാണ് വന്യമൃഗങ്ങളുടെ വിഹാരം വിലങ്ങുതടിയാകുന്നത്. ഇതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ് അതിരപ്പിള്ളി-മലക്കപ്പാറ വിനോദസഞ്ചാരവഴികൾ. ഇന്ത്യയിലെ ഹിറ്റ് സിനിമകളുടെ പ്രധാന ലൊക്കേഷൻ കൂടിയായ അതിരപ്പിള്ളിയുടെ സൗന്ദര്യം നുകരാൻ എത്തുന്നവരുടെ എണ്ണം കൂടിവരുമ്പോഴാണ് കബാലി എന്ന കാട്ടാന വില്ലനായി വഴി മുടക്കുന്നത്.

മലക്കപ്പാറ റൂട്ടിൽ യാത്ര ചെയ്യുമ്പോൾ ഏത് സമയത്തും ഒരു കൊമ്പൻ വാഹനത്തിന് മുന്നിലെത്തിയേക്കാമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. വനംവകുപ്പ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒറ്റയാൻ 'കബാലി' കുലുങ്ങിയില്ല. മലക്കപ്പാറ റൂട്ടിൽ ഷോളയാർ, ആനക്കയം ഭാഗത്താണ് കബാലിയുടെ വിഹാരകേന്ദ്രം. ആരെയും കൂസാത്ത ഒറ്റയാനായതുകൊണ്ട് രജനീകാന്തിന്റെ കഥാപാത്രമായ 'കബാലി' എന്ന പേര് നാട്ടുകാർ നൽകി. കബാലി റോഡിലിറങ്ങിയാൽ അവൻ മടങ്ങും വരെ കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല. അവൻ കാട്ടിക്കൂട്ടിയ പരാക്രമങ്ങളേറെയാണ്. ഷോളയാർ പവർഹൗസിൽ പെൻസ്റ്റോക്ക് പൈപ്പിന്റെ സമീപത്ത് അടക്കം അവൻ വിഹരിക്കുന്നുണ്ട്. ഭൂരിഭാഗം സമയവും വനപാതയോടു ചേർന്നുള്ള കാട്ടിൽത്തന്നെയാണ് കബാലി കഴിയുന്നത്. ഇതുവഴി സ്ഥിരം പോകുന്ന യാത്രികരും കെ.എസ്.ആർ.ടി.സി ബസുകളും അതീവ ജാഗ്രതയിലാണ്.
ആഴ്ചകൾക്ക് മുമ്പ് ഫോറസ്റ്റ് ജീപ്പ് കുത്തിമറിച്ചിടാൻ ശ്രമിച്ചിരുന്നു കബാലി. അന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണ സ്വഭാവമുള്ളതിനാൽ ആനയെ കണ്ടാൽ വാഹനം നിറുത്തരുതെന്നും ഫോട്ടോ എടുക്കാൻ ശ്രമിക്കരുതെന്നും വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ബസിനെ

പിന്നോട്ടോടിച്ച്...

ചാലക്കുടിവാൽപാറ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് നേരെ കബാലി പാഞ്ഞടുത്തത് വലിയ വാർത്തയായിരുന്നു. ആനയിൽനിന്ന് രക്ഷപ്പെടാൻ എട്ട് കിലോമീറ്ററാണ് ഡ്രൈവർ അംബുജാക്ഷൻ ബസ് പിന്നോട്ട് ഓടിച്ചത്. അമ്പലപ്പാറ മുതൽ ആനക്കയം വരെ ബസ് പിന്നോട്ട് ഓടി. ഇത്രയും ദൂരം ബസിന് നേർക്ക് ആനയും വന്നു. പിന്നീട് കാട്ടിലേക്ക് മറഞ്ഞതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്‌. ഒറ്റയാനിൽനിന്ന് രക്ഷനേടാൻ കാറും ലോറിയും ഉൾപ്പെടെ പിന്നോട്ടോടിച്ച് രക്ഷപ്പെടുകയാണ് ആളുകൾ. മലക്കപ്പാറയിൽനിന്ന് തേയില കയറ്റിവന്ന ലോറി ഉൾപ്പെടെ ആന തടഞ്ഞിരുന്നു. കബാലി മാത്രമല്ല, മറ്റ് കാട്ടാനകളും പ്രശ്നക്കാർ തന്നെ. കഴിഞ്ഞദിവസം പ്‌ളാന്റേഷൻ കോർപറേഷൻ മൂന്നാം ബ്ലോക്കിൽ ഓഫീസ് കെട്ടിടത്തിനുള്ളിൽ കാട്ടാന കയറിയിരുന്നു. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഫയലുകളും ഫർണിച്ചറും ആക്രമണത്തിൽ നശിച്ചു. കെട്ടിടത്തിന്റെ വാതിൽ തകർത്താണ് ആന ഉള്ളിൽ കടന്നത്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കു സമീപമുള്ള കെട്ടിടത്തിനു നേരെയും ആക്രണമുണ്ടായിരുന്നു. ഓഫീസിനോടു ചേർന്നുള്ള ശുചിമുറിയും ആനകൾ തകർത്തിരുന്നു.

വില്ലൻ ഇറങ്ങിയിട്ട്

വർഷങ്ങളേറെ

2019 മുതൽ കബാലി അതിരപ്പിള്ളി വാൽപാറ റൂട്ടിൽ ഉണ്ടെന്നാണ് പറയുന്നത്. രണ്ടുവർഷമായി ഒറ്റയാൻ റോഡിൽ സ്ഥിരമായി ഇറങ്ങിത്തുടങ്ങിയതായും പറയുന്നു. ആനയെ കണ്ട് ഓടിരക്ഷപ്പെട്ട യാത്രക്കാരേറെയുണ്ട്. നിരവധി വാഹനങ്ങളും തകർത്തു. റോഡിലിറങ്ങിയാൽ കബാലി വാഹനങ്ങൾക്കു നേരെ പാഞ്ഞടുക്കുമെന്നതാണ് ജനങ്ങളെ ഭയചകിതരാക്കുന്നത്. ചാലക്കുടിയിൽനിന്ന് വാൽപാറയിലേക്കു സ്വകാര്യ ബസുകളും, കെ.എസ്.ആർ.ടി.സി ബസുകളും അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അതിരപ്പള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത്, ഷോളയാർ മലക്കപ്പാറ വാൽപാറ വഴി പൊള്ളാച്ചിയിലേക്ക് പോകുന്ന വിനോദസഞ്ചാരികളുമേറെ. കാട്ടാനകളെ കണ്ടാൽ ഹോൺ അടിക്കരുതെന്നും ഹെഡ് ലൈറ്റ് ഇടരുതെന്നും ആനയുടെ അടുത്തുപോയി ചിത്രമെടുക്കാൻ ശ്രമിക്കരുതെന്നും പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ. എന്നിട്ടും അതിരപ്പള്ളി-വാൽപാറ റൂട്ടിൽ കാട്ടാനകൾക്ക് മുമ്പിൽ അകപ്പെട്ട വിനോദസഞ്ചാരികളേറെയുണ്ട്. പല ദൃശ്യങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ഒരിക്കൽ ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടിരുന്നു. ബൈക്ക് ഓഫ് ചെയ്ത് ആനയുടെ മുന്നിൽ നിന്നപ്പോൾ ഉപദ്രവിക്കാതെ കടന്നുപോകുന്നതും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. അതിരപ്പള്ളി– വാൽപാറ റൂട്ടിൽ

ആനകൾ കടന്നു പോകുന്ന നിരവധി ആനത്താരകളുണ്ടെന്നാണ് പറയുന്നത്. ഈ സ്ഥലങ്ങളിലെല്ലാം നിശ്ചയിച്ച വേഗം മറികടക്കുന്നതും അപകടത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്തായാലും മനുഷ്യർ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. കാട് മൃഗങ്ങളുടെ ആവാസസ്ഥലമാണ്. അവരുടെ ഇടങ്ങളിലൂടെ കടന്നുപോകുമ്പോൾ, അവരെ പ്രകോപിപ്പിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്. അതാണ് കാടിനോടും മൃഗങ്ങളോടും നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സഹായം.

പ്രതിരോധം അകലെ...

അതിരപ്പിളളിയിൽ വന്യജീവി ആക്രമണങ്ങൾ തടയാൻ സോളാർ റെയിൽ ഫെൻസിങ്ങുകളും ആനമതിലും സ്ഥാപിക്കുമെന്ന് മാസങ്ങൾക്ക് മുൻപ് മന്ത്രിതലയോഗത്തിൽ വ്യക്തമാക്കിയിരുന്നു. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉടൻ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും

വന്യമൃഗങ്ങളെ പ്രതിരോധിക്കാനുമായി വോളന്ററി ഫോഴ്‌സ് രൂപീകരിക്കാനും വനപാലകരുടെ സേവനം കാര്യക്ഷമമാക്കി വ്യത്യസ്ത രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാനുമെല്ലാം തീരുമാനിച്ചു. ആവശ്യമുള്ള ഇടങ്ങളിൽ ട്രഞ്ച്, ആനമതിൽ എന്നിവ സ്ഥാപിക്കാനും വനംവകുപ്പ് ജീവനക്കാരുടെ അംഗ സംഖ്യ വർദ്ധിപ്പിക്കാനും മേഖലയിലെ അപകടകാരികളായ മൂന്ന് കാട്ടാനകളെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ, എല്ലാ പ്രതിരോധങ്ങളേയും നിഷ്പ്രയാസം വന്യമൃഗങ്ങൾ അതിജീവിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT ATTACK, WILD ANIMALS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.