SignIn
Kerala Kaumudi Online
Friday, 26 April 2024 8.43 PM IST

വീണ്ടും വരുമോ ജനതാപരിവാർ കാലം ?

photo

"മൂന്ന് പ്രധാനമന്ത്രിമാരെ വരെ സമ്മാനിച്ചിട്ടുള്ള ജനതാ പരിവാർ ഒറ്റ കുടക്കീഴിലായിരുന്ന ആ കാലമാണ് ബീഹാറിലെ പുതിയ സംഭവവികാസങ്ങൾ എന്നെ ഓർമ്മിപ്പിച്ചത്. എനിക്കിപ്പോൾ പ്രായമേറെയായി. ഇനി പുതിയ തലമുറ തീരുമാനിക്കുകയാണെങ്കിൽ നമ്മുടെ മഹത്തായ രാഷ്ട്രത്തിന് മികച്ച ബദൽ സമ്മാനിക്കാൻ പ്രസ്ഥാനത്തിനാകും" - ബീഹാറിൽ ജനതാദൾ- യു എൻ.ഡി.എ ബന്ധം വിട്ട് പുറത്തുവന്ന ശേഷമുള്ള സംഭവവികാസങ്ങളോട് ജനതാദൾ-എസ് അഖിലേന്ത്യാ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ ട്വിറ്ററിൽ പ്രതികരിച്ചതാണിത്.

കേരളത്തിലെ പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകാരെ അദ്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്ത പ്രതികരണമാണ് ദേവഗൗഡയുടേത്. സമീപകാലത്തെ അദ്ദേഹത്തിന്റെ സമീപനങ്ങൾ അവരെയെല്ലാം നിരാശരാക്കിയിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ പാർട്ടിയെടുത്ത നിലപാടാണ് നിരാശയ്ക്ക് കാരണം.

കേരളത്തിൽ ഇടതുമുന്നണിയിൽ ഘടകകക്ഷികളായ രണ്ട് ജനതാദൾ ഗ്രൂപ്പുകൾ ലയിച്ച് ഒന്നാകാൻ മുന്നിട്ടിറങ്ങിയ സമയത്തായിരുന്നു ദേവഗൗഡയിൽ ബി.ജെ.പി ചായ്‌വിന്റെ സൂചനയുയർന്നത്. ജനതാദൾ-എസിൽ ലയിക്കാൻ, ലോക് താന്ത്രിക് ജനതാദൾ എന്ന അഖിലേന്ത്യാതലത്തിൽ ഇതിനകം ഇല്ലാതായിക്കഴിഞ്ഞ പാർട്ടിയുടെ കേരളഘടകമായി നിൽക്കുന്ന ഗ്രൂപ്പ് തീരുമാനിച്ചതായിരുന്നു. അസ്തിത്വപ്രതിസന്ധി മാറ്റുന്നതിനൊപ്പം ഇടതുമുന്നണിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കുകയുമാകാമെന്നവർ ചിന്തിച്ചിരുന്നു. നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ജെ.ഡി.എസ് കേരളഘടകവും ആഗ്രഹിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ പക്ഷേ ഇരുകൂട്ടരെയും വെള്ളത്തിലാക്കി. ഫലത്തിൽ കേരളത്തിലെ രണ്ട് ജനതാദൾ ഗ്രൂപ്പുകളും അസ്തിത്വവ്യഥ പേറുന്നതിനിടയിലാണ് ബീഹാർ സംഭവവികാസങ്ങൾ.

ബീഹാർ പറയുന്നത്

ദേശീയ രാഷ്ട്രീയത്തിൽ ബീഹാറിന് പ്രത്യേകസ്ഥാനമുണ്ട്. 1970 കളിലെ ജയപ്രകാശ് നാരായണൻ നയിച്ച പ്രസ്ഥാനം ദേശീയരാഷ്ട്രീയത്തിലെ സമഗ്രാധിപത്യത്തിനെതിരായ മഹാപ്രസ്ഥാനമായി വളർന്നതാണ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യ കണ്ടത്. അധികാരരാഷ്ട്രീയത്തിലെ സ്വേച്ഛാധിപത്യത്തിനെതിരായ ശക്തമായ പ്രതിപക്ഷ മുന്നേറ്റത്തിന് നേതൃത്വമുണ്ടായത് ബീഹാറിൽ നിന്നാണ്.

ലോക്‌സഭയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ സമ്മാനിക്കുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് ബീഹാർ. ഇപ്പോൾ ബീഹാറിലെ 40 ലോക്‌സഭാസീറ്റുകളിൽ 37ലും എൻ.ഡി.എ അംഗങ്ങളാണ്. അവിടെയാണിപ്പോൾ പഴയ മഹാഗഡ്ബന്ധൻ പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിനേക്കാളുപരി അവിടെ പഴയ സോഷ്യലിസ്റ്റ് ചേരി പുനരുജ്ജീവിപ്പിക്കപ്പെടുന്നു എന്നത് പ്രധാനമാണ്. ദേവഗൗഡയുടെ പ്രതികരണത്തിൽ അതിന്റെ ആവേശമാണ് നിഴലിക്കുന്നത്. ഏഴ് പാർട്ടികളുടെ സഖ്യമാണ് മഹാഗഡ്ബന്ധൻ. ഇപ്പോഴത്തെ നിലയ്ക്ക് അതിന് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തെ തോല്പിക്കാനാകുമെന്ന് ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സർവാധിപത്യത്തോടെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെതിരായ ശക്തമായ പ്രതിപക്ഷബദൽ വിദൂരസ്വപ്നം മാത്രമാണെന്ന് ചിന്തിക്കുന്നവർക്കും പുതിയ ബിഹാർമോഡൽ എന്തുകൊണ്ട് പ്രചോദനമായിക്കൂടെന്ന ചോദ്യം ഉയരുന്നുണ്ട്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന് തോന്നുന്നിടത്തുനിന്ന് ഇങ്ങനെയൊരു തുരുത്ത് ഉയർന്നുവന്നു. അതും ബീഹാറിൽ നിന്ന് ! അവിടെയാണ് ബീഹാറിലെ നിതീഷ് കുമാറിന്റെ പുതിയ ചുവടുമാറ്റത്തിന്റെ രാഷ്ട്രീയപ്രാധാന്യമേറുന്നത്. ഇടതുപാർട്ടികളെയടക്കം ഇത് സന്തോഷിപ്പിക്കുന്നു. നിതീഷിന്റെ നേതൃത്വത്തിൽ പുതിയ പ്രതിപക്ഷബദൽ എന്ന നിലയ്ക്ക് പോലും ചർച്ചകൾ ആരംഭിച്ചിരിക്കുന്നു. അത് എത്രത്തോളം ബി.ജെ.പിക്ക് തടയിടുമെന്നതൊക്കെ വലിയ ചോദ്യമായി തുടരുന്നുണ്ടെങ്കിലും.

ജയപ്രകാശ് നാരായണന്റെ ശിഷ്യരായിരുന്നു ലാലു പ്രസാദ് യാദവും നിതീഷ് കുമാറും. ബിഹാറിലെ സോഷ്യലിസ്റ്റ് ചേരിയിലെ പിൽക്കാല നായകരായി ഇരുവരും. ഇണങ്ങിയും പിണങ്ങിയുമായിരുന്നു സഞ്ചാരം. അധികാരരാഷ്ട്രീയ ഗോദയിൽ എത്ര ചാഞ്ചാട്ടങ്ങൾ നിതീഷ് ഇക്കാലയളവിൽ നടത്തിയെന്നതൊക്കെ കൗതുകകരമായ രാഷ്ട്രീയക്കാഴ്ചകളാണ്. ബി.ജെ.പി ചേരിയിൽ തന്നെ അദ്ദേഹം ഒന്നിലധികം തവണ പോയി. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒരു വിപ്രതിപത്തി അദ്ദേഹത്തിന്റെയുള്ളിൽ എന്നുമുണ്ടായിട്ടുണ്ട്. 2013ൽ മോദിയെ മുൻനിറുത്തി ബി.ജെ.പി കളത്തിലിറങ്ങുന്നതിൽ അതൃപ്തിയറിയിച്ചാണ് അദ്ദേഹം എൻ.ഡി.എ മുന്നണി വിട്ട് ലാലുവിന്റെ രാഷ്ട്രീയജനതാദളിനൊപ്പം വീണ്ടും സഖ്യമായത്. പിന്നീട് ലാലുവിന്റെ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെതിരായ അഴിമതിയാരോപണങ്ങളുയർത്തി വീണ്ടും പിണങ്ങി എൻ.ഡി.എയിലേക്ക് മടങ്ങി.

മഹാഗഡ്ബന്ധനും ഇടതും

ബീഹാറിലെ മഹാഗഡ്ബന്ധനിൽ കോൺഗ്രസും സി.പി.ഐ.എം.എൽ, സി.പി.ഐ, സി.പി.എം എന്നീ ഇടതുപാർട്ടികളുമുണ്ട്. ബീഹാറിലെ പുതിയ പുനരുജ്ജീവനത്തിൽ ഇവരെല്ലാവരും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. 12 അംഗങ്ങളുള്ള സി.പി.ഐ.എം.എൽ പാർട്ടി പുതിയ മഹാഗഡ്ബന്ധൻ സർക്കാരിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നു. സി.പി.ഐയും സി.പി.എമ്മും തീരുമാനിച്ചിട്ടില്ല. അവർ ഉൾപാർട്ടി ചർച്ചകളിലാണ്. സർക്കാരിന്റെ ഭാഗമാകേണ്ടെന്ന നിലപാടാണ് ഉരുത്തിരിയുന്നത്. രണ്ട് വീതം അംഗങ്ങളുണ്ട് ഇരുപാർട്ടികൾക്കും. മന്ത്രിസഭയിൽ ചേർന്നില്ലെങ്കിലും ബീഹാറിലേത് ശുഭോദർക്കമായ നീക്കമെന്നാണ് മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ള ഇതേപ്പറ്റി പറഞ്ഞത്. പക്ഷേ അദ്ദേഹം ദേവഗൗഡയുടെ പ്രതികരണത്തിൽ അത്ര ആത്മാർത്ഥത ദർശിക്കുന്നില്ല. കർണാടകയിലെ ഗൗഡയുടെ അവസരവാദ നിലപാടുകളാണ് അതിന് കാരണം .

കേരളത്തിലെ

ദളുകാർ പറയുന്നു

ബീഹാർനാടകം ഏറ്റവും ആശ്വാസം പകർന്നിരിക്കുന്നത് കേരളത്തിലെ രണ്ട് ദൾഗ്രൂപ്പുകൾക്കാണ്. സി.പി.എമ്മും സി.പി.ഐയും പുതിയ ബീഹാർ സർക്കാരിൽ ചേരണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. നേരത്തേ നിതീഷ് കുമാറും മറ്റും എൻ.ഡി.എയിലേക്ക് പോയപ്പോഴാണ് ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകാർ തെറ്റിപ്പിരിഞ്ഞ് എൽ.ജെ.ഡി ഉണ്ടാക്കിയത്. നിതീഷിന്റെ ചുവടുമാറ്റത്തോടെ വെട്ടിലായ കേരളത്തിലെ വീരേന്ദ്രകുമാർ വിഭാഗം കൈയോടെ ജനതാദൾ-യു വിട്ട് എൽ.ജെ.ഡിയുടെ ഭാഗമായി. (സമതാപാർട്ടിയെ ശരദ് യാദവിന്റെ പാർട്ടിയിൽ ലയിപ്പിച്ചാണല്ലോ നിതീഷും കൂട്ടരും ജെ.ഡി.യു ആയത്.)

ദേവഗൗഡയുടെ സമീപകാലത്തെ ബി.ജെ.പി പ്രേമം കാരണം ജെ.ഡി.എസുമായുള്ള ലയനത്തിൽനിന്ന് പിന്നാക്കം പോയ കേരളത്തിലെ എൽ.ജെ.ഡിക്കാരിൽ വീണ്ടും ജെ.ഡി.യുവിലേക്ക് ചേക്കേറണമെന്ന ആഗ്രഹമുയർന്നിട്ടുണ്ട്. എന്നാൽ ഗൗഡയുടെ ഇപ്പോഴുണ്ടായ പ്രതികരണം ലയനനീക്കത്തെ ജീവൻ വയ്പിക്കുമെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഗൗഡയുടെ പ്രതികരണം സ്വാഗതാർഹമാണെന്ന് പറഞ്ഞ എൽ.ജെ.ഡി നേതാവ് വറുഗീസ് ജോർജ്, നിതീഷിന്റെ പുതിയ തീരുമാനത്തെയാണ് അങ്ങേയറ്റം വിലമതിക്കുന്നത്. ജെ.ഡി.യുവിലേക്കുള്ള മടക്കചർച്ച ഊർജിതമാകുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്.

ലയനനീക്കത്തിൽ നിന്ന് എൽ.ജെ.ഡി പിൻവലിഞ്ഞതിൽ ജെ.ഡി.എസ് കേരളഘടകം ദോഷം കാണുന്നില്ല. ബി.ജെ.പി ചേരിയിലേക്ക് പോകുന്നുവെന്ന തോന്നലുണർത്തുന്നൊരു പാർട്ടിയിൽ പോയി ആത്മഹത്യ വരിക്കുന്നതെന്തിനെന്ന ചോദ്യം അവരിലുണ്ടായാൽ എങ്ങനെ തെറ്റ് പറയാനാകും? പക്ഷേ ഗൗഡയുടെ പുതിയ പ്രതികരണം കേരളത്തിലെ ദൾലയന ചർച്ചകൾക്ക് പോസിറ്റീവ് സിഗ്നൽ നൽകുമെന്ന് ജെ.ഡി.എസ് നേതാവ് ജോസ് തെറ്റയിൽ കാണുന്നു. ഈ മാസം 20, 21 തീയതികളിലെ ജെ.ഡി.എസ് സംസ്ഥാനകമ്മിറ്റിയോഗം അതിനാൽ ലയനചർച്ചകളെ സജീവമാക്കിയേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JANATHAPARIVAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.