SignIn
Kerala Kaumudi Online
Saturday, 27 April 2024 10.31 AM IST

കെ - റെയിൽ ; അശാസ്ത്രീയം, അപ്രായോഗികം

krail

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ നടത്താതെയുമാണ് സിൽവർ ലൈൻ കെ - റെയിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 64941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തെ തെക്കുവടക്ക് വൻമതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മിൽ വേർതിരിക്കുന്ന വൻകോട്ടയായും മാറും.

നീതി ആയോഗിന്റെ 2018 ലെ കണക്ക് പ്രകാരം പദ്ധതിക്ക് 1.33 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 2021ൽ ഇത് ഒന്നരലക്ഷം കോടിക്ക് അടുത്താകും. 1383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്ന അംഗീകാരമില്ലാത്ത സ്ഥാപനമാണ് പരിസ്ഥിതിആഘാത പഠനം നടത്തിയിരിക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്തതിനാൽ വീണ്ടും 96 ലക്ഷം രൂപ മുടക്കി പഠനം നടത്താൻ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ചുരുങ്ങിയത് 20,000 കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുകയും 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കേണ്ടി വരികയും ചെയ്യും. 145 ഹെക്ടർ നെൽവയൽ നികത്തണം. 1000 മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമിക്കണം. അതേസമയം പ്രാഥമിക സാദ്ധ്യതാ പഠനം നടത്തിയ 'സിസ്ട്ര എം.വി ഐ' തലവനായ അലോക് ‌കുമാർ വർമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.

കെട്ടിച്ചമച്ച സാദ്ധ്യതാ പഠന റിപ്പോർട്ടെന്നാണ് അദ്ദേഹം പറയുന്നത്. പദ്ധതി രൂപരേഖ കെട്ടുകഥയാണെന്നും ലിഡാർ സർവെ കൃത്രിമമെന്നും അലോക് ‌കുമാർ വർമ്മ വ്യക്തമാക്കുന്നു. പ്രളയ, ഭൂകമ്പ സാദ്ധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതി രൂപരേഖയിലില്ല
സ്റ്റേഷനുകൾ തീരുമാനിച്ചതും കൃത്രിമ ഡി.പി.ആർ വച്ചാണ്. പദ്ധതി രൂപരേഖ പരസ്യപ്പെടുത്താൻ കെ-റെയിൽ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ പഠനത്തിന് മാത്രമാണ് തത്വത്തിൽ കേന്ദ്ര സർക്കാർ അംഗീകാരം നല്‌കിയത്.

15 മുതൽ 30 അടി ഉയരത്തിലും അതിന് ആനുപാതികമായ വീതിയിലുമാണ് സിൽവർ ലൈൻ 292 കി. മീറ്റർ (മൊത്തം ദൂരത്തിന്റെ 55ശതമാനം) ദൂരം വൻമതിൽ പോലെയാണ് നിർമ്മിക്കപ്പെടുന്നത്. ബാക്കി സ്ഥലത്ത് റെയിലിന് ഇരുവശത്തും മതിലും കെട്ടണം. പദ്ധതി വന്നാൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാദ്ധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തിൽ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിലെ ജലനിർഗമന മാർഗങ്ങൾ തടസപ്പെടുമെന്നും സർക്കാർ നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ട്. സ്വാഭാവിക ജലനിർഗമന മാർഗങ്ങൾ തടസപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്നറിയാൻ ഇനിയൊരു പഠനത്തിന്റെയും ആവശ്യമില്ല.

പശ്ചിമഘട്ടത്തിലൂടെയല്ല പദ്ധതി കടന്നു പോകുന്നതെന്ന ന്യായവാദമാണ് സർക്കാരിന്റേത്. എന്നാൽ കല്ലും മണ്ണും പശ്ചിമഘട്ടത്തിൽ നിന്നല്ലാതെ എവിടെനിന്ന് കണ്ടെത്തും? 2021ലെ പ്രളയത്തോടെ കോട്ടയം പോലുള്ള സ്ഥലങ്ങളിൽ ഹൈഡ്രോളജി പഠനം അനിവാര്യമാവുകയാണ്. 200 കിലോമീറ്റർ വേഗതയിലോടുന്ന (ഒരു മിനിറ്റിൽ ഏതാണ്ട് നാല് കിലോമീറ്റർ) വണ്ടികളുടെ ശബ്ദം, കമ്പനം, അടുത്ത് താമസിക്കുന്നവർക്കുണ്ടാകുന്ന പ്രയാസങ്ങൾ എന്നിവയൊക്കെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെടുത്തി പരിഗണിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാരിന്റെയോ റെയിൽവെ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാത്ത പദ്ധതിക്കു വേണ്ടി സ്ഥലമേറ്റെടുക്കുന്നതിലുള്ള സർക്കാരിന്റെ ധൃതിക്ക് പിന്നിൽ ദുരൂഹതയുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടിയുള്ള പദ്ധതിയാണോയെന്ന അലോക് കുമാർ വർമ്മയുടെ സംശയം ബലപ്പെടുത്തുന്നതാണ് സർക്കാരിന്റെ നീക്കങ്ങൾ.

ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ റിപ്പോർട്ട് കൂടി വന്ന സാഹചര്യത്തിൽ കേരളം അപകട മേഖലയിലാണെന്ന തിരിച്ചറിവുണ്ടാകണം. ഒരു മണിക്കൂർ നിറുത്താതെ മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന സംസ്ഥാനത്ത് ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ ഗൗരവതരമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്.

പ്രതിദിനം 79934 യാത്രക്കാർ തെക്കോട്ടും വടക്കോട്ടും യാത്ര ചെയ്യുമെന്നാണ് സർക്കാർ പറയുന്നത്. ഒരു പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ളതല്ല ഈ കണക്കുകൂട്ടൽ. ഇപ്പോൾ പണിനടക്കുന്ന മുംബൈ അഹമ്മദബാദ് റൂട്ടിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ ഇരട്ടി യാത്രക്കാരെയാണ് സിൽവർ ലൈനിൽ പ്രതീക്ഷിക്കുന്നത് എന്നതു തന്നെ കൗതുകകരമാണ്.

സി.എ.ജി. റിപ്പോർട്ട് പുറത്തു വന്നതോടെ സംസ്ഥാനത്തിന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതിയെപ്പറ്റി നമുക്ക് ബോദ്ധ്യപ്പെട്ടു. എന്നിട്ടും വൻസാമ്പത്തിക ബാദ്ധ്യതയേറ്റെടുത്ത് കേരളത്തെ കടത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക് തള്ളിവിടാനുള്ള നീക്കത്തെ എങ്ങനെ ന്യായീകരിക്കും? യു.ഡി.എഫ്. ഉന്നയിക്കുന്ന ഗൗരവതരമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ല. സിൽവർ ലൈനിന് പകരം ബദൽ മാർഗങ്ങളെക്കുറിച്ച് സർക്കാർ ആലോചിക്കണം. നിലവിലുള്ള റെയിൽവേ ലൈനുകൾക്ക് സമീപം പുതിയ ലൈനുകളുണ്ടാക്കാം. വളവുകൾ ഒഴിവാക്കാൻ 100 ഹെക്ടർ സ്ഥലമേ വേണ്ടിവരൂ. ഇതിനാകെ 20000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ്സുകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ സാദ്ധ്യതകളും തേടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K - RAIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.