SignIn
Kerala Kaumudi Online
Thursday, 25 April 2024 9.04 PM IST

സർക്കാരിന് സ്വപ്‌നം, ജനത്തിന് ദു:സ്വപ്‌നം

silver

സിൽവർലൈൻ സ്വപ്‌നപദ്ധതിയാണെന്ന് സർക്കാർ നയപ്രഖ്യാപനത്തിലടക്കം ആവർത്തിക്കുമ്പോഴും, കല്ലിട്ടുതിരിച്ച ഭൂമിയും പ്രതിഷേധിച്ചതിനെടുത്ത ക്രിമിനൽ കേസുകളും ജനങ്ങൾക്ക് ദുഃസ്വപ്നമായി തുടരുകയാണ്. പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാതിരിക്കുന്ന പശ്ചാത്തലത്തിൽ, ഭൂമിയേറ്റെടുക്കലിന് 11 ജില്ലകളിലും നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചും ഓഫീസുകൾപൂട്ടിയും ഭൂമിയേറ്റെടുക്കൽ മരവിപ്പിച്ചെങ്കിലും സിൽവർലൈൻ സ്വപ്നപദ്ധതി തന്നെയെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. വിശദമായ പദ്ധതിരേഖ സംസ്ഥാന സർക്കാർ അംഗീകരിച്ചെന്നും അന്തിമാനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണെന്നും നയപ്രഖ്യാപനം വിശദീകരിക്കുന്നു.

ബലപ്രയോഗത്തിലൂടെ ഭൂമിയേറ്റെടുത്ത് പിടിവാശിയോടെ നടപ്പാക്കേണ്ടെന്ന ധാരണയിലാണ് റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിച്ചത്. എന്നാൽ പദ്ധതി ഉപേക്ഷിച്ചെന്ന് ഉത്തരവിറക്കാൻ സർക്കാർ തയ്യാറല്ലാത്ത സാഹചര്യത്തിൽ കല്ലിടാൻ തിരഞ്ഞെടുത്ത 955.13ഹെക്ടർ സ്വകാര്യഭൂമിയുടെ കാര്യത്തിൽ ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. കല്ലിടൽ തടഞ്ഞ ആയിരത്തിലേറെ പേർക്കെതിരെയുള്ള ക്രിമിനൽകേസ് പിൻവലിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. 197കിലോമീറ്ററിൽ ഏഴായിരത്തോളം മഞ്ഞക്കല്ലുകളാണ് കെ-റെയിൽ സ്ഥാപിച്ചത്. സർവേയും തുടർനടപടികളുമെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. 9000 പേരുടെ വീടുകളും കടകളും പൊളിക്കണമെന്നും 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്നും കണക്കുകൂട്ടിയിരുന്നു. 11ജില്ലകളിലായി 250ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാവുമായിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടും സർക്കാർ വഴങ്ങിയിട്ടില്ല. കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

സിൽവർലൈൻ ഉപേക്ഷിക്കാനാവുന്നതല്ലെന്നും കേന്ദ്രാനുമതി കിട്ടിയ ശേഷം മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ കേന്ദ്രാനുമതി കിട്ടിയാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നുമാണ് പ്രതിപക്ഷനിലപാട്. സിൽവർലൈൻ വിജ്ഞാപനം റദ്ദാക്കണമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെടുന്നത്. പ്രതിഷേധിച്ചവ‌ർക്കെതിരായ കേസുകൾ പിൻവലിക്കണം. കല്ലിട്ടുതിരിച്ച 1221 ഹെക്ടർ ഭൂമിയിൽ ഒരുതരം ക്രയവിക്രയവും നടക്കില്ല. അഡിഷണൽ ചീഫ് സെക്രട്ടറി കത്തെഴുതിയാൽ ഏതെങ്കിലും ബാങ്ക് വായ്പ കൊടുക്കുമോ? ജനങ്ങൾ വല്ലാത്ത ദുരിതത്തിലാണ്. 530 കിലോമീറ്ററിൽ ഇരുവശത്തും 10മീറ്റർ വീതിയിലെ ബഫർസോണിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയുണ്ട്. ഇത് സർക്കാർ ഏറ്റെടുക്കില്ല, നഷ്ടപരിഹാരവുമില്ല. കേന്ദ്രാനുമതിയില്ലാതെ പണം ചെലവിടരുതെന്ന് ഉത്തരവിലുണ്ടായിട്ടും 56കോടി ചെലവിട്ടു. പദ്ധതി നടപ്പാവില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. പക്ഷേ,​ പെട്ടെന്ന് പിൻവലിക്കാൻ തയ്യാറല്ലെന്നുമാത്രം- സതീശൻ വിശദീകരിച്ചു.

മഞ്ഞക്കുറ്റിയും

കേസുകളും

കല്ലിട്ട ഭൂമി വിൽക്കുകയോ ഈടുവച്ച് വായ്പയെടുക്കുകയോ അനന്തരാവകാശികൾക്ക് കൈമാറുകയോ ചെയ്യുന്നതിൽ തടസമില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഒരുതരം ക്രയവിക്രയവും നടക്കുന്നില്ലെന്നതാണ് വാസ്തവം. 197കിലോമീറ്ററിൽ ഏഴായിരത്തോളം മഞ്ഞക്കല്ലുകളാണ് കെ-റെയിൽ സ്ഥാപിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും ജനങ്ങൾ പിഴുതുമാറ്റി. സർവേ നടത്താനാണ് കല്ലിട്ടത്. ഭൂമിയേറ്റെടുക്കാൻ റവന്യൂവകുപ്പ് 11(1)വിജ്ഞാപനം പുറപ്പെടുവിച്ചാലേ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിക്കാനാവൂ. അതുണ്ടായിട്ടില്ല. നിർദ്ദിഷ്ട അലൈൻമെന്റിൽ 9000പേരുടെ വീടുകളും കടകളും പൊളിക്കണമെന്നും തിനായിരത്തോളം പേരുടെ ഭൂമിയേറ്റെടുക്കണമെന്നുമായിരുന്നു കെ-റെയിലിന്റെ കണക്ക്. ഇവർക്കെല്ലാം ഭൂമി വിൽക്കുകയോ ഭൂമി ഈടാക്കി വായ്പയെടുക്കുകയോ അനന്തരാവകാശികൾക്ക് കൈമാറുകയോ ചെയ്യുന്നതിൽ നിയമപരമായി തടസമില്ലെന്ന് കെ-റെയിൽ വ്യക്തമാക്കുന്നുണ്ട്. പദ്ധതിപ്രദേശത്തെ ഭൂമി ഇടുവയ്ക്കുന്നവർക്ക് വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകൾക്കും സംഘങ്ങൾക്കും സഹകരണ രജിസ്ട്രാർ നിർദ്ദേശം നൽകി. സർവേ നടത്തിയെന്ന പേരിൽ വായ്പ നിഷേധിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ദേശസാത്കൃത ബാങ്കുകൾക്ക് ഇത്തരമൊരു നിർദ്ദേശം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ നിന്ന് ലഭിച്ചിട്ടില്ല. പദ്ധതിപ്രദേശത്തെ ഭൂമിയിൽ നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകാനിടയില്ല. പദ്ധതി ഉപേക്ഷിച്ച് സർക്കാർ ഉത്തരവിറക്കുംവരെ പുതിയ നിർമ്മാണങ്ങൾക്ക് അനുമതി ലഭിക്കാനിടയില്ല.

11ജില്ലകളിലായി 250ലേറെ കേസുകളാണുള്ളത്. ചുരുക്കത്തിൽ പദ്ധതി നടന്നില്ലെങ്കിലും ജനങ്ങളുടെ തലയ്ക്കുമുകളിൽ വാൾ പോലെ കേസുകളുണ്ടാവും. പൊതുമുതൽ നശിപ്പിച്ചതിന് പുറമേ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, നിയമം ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചു, കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ഭൂരിഭാഗം കേസുകളിലും ചുമത്തിയിട്ടുള്ളത്. ഇതിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലാവുന്നവർ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക ജാമ്യത്തിനായി കെട്ടിവയ്‌ക്കേണ്ടി വരും. കല്ലൊന്നിന് 5000രൂപ വരെയാണ് ഈടാക്കുക. 200പേർക്ക് ഇതുവരെ സമൻസ് ലഭിച്ചിട്ടുണ്ട്. അങ്കമാലിയിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച അഞ്ചുപേർക്ക് 25,000 രൂപ കെട്ടിവച്ചശേഷമാണ് ജാമ്യം അനുവദിച്ചത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 5000മുതൽ 10,000വരെ പിഴയടയ്ക്കാൻ നിരവധി പേർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോട്ടയത്തും കണ്ണൂരിലും കോഴിക്കോട്ടും എറണാകുളത്തും കൊല്ലത്തുമാണ് കേസുകളേറെയും. പ്രതിയാക്കപ്പെട്ടവരിൽ രാഷ്ട്രീയക്കാരും സമരസമിതിക്കാരും നാട്ടുകാരുമുണ്ട്. നിരവധി സ്ത്രീകളും പ്രതികളാണ്. കേസുകൾ പിൻവലിക്കണോയെന്ന് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നാണ് പൊലീസും കെ-റെയിലും പറയുന്നത്. അതുവരെ പൊതുമുതൽ നശിപ്പിച്ചതിനെടുത്ത കേസുകളിൽ നിയമപരമായ നടപടികൾ പൊലീസ് തുടരും. പ്രതികൾക്കെതിരെ കുറ്റപത്രം നൽകും. അറസ്റ്റ്, റിമാൻഡ് നടപടികളുണ്ടാവില്ല. പിന്നീട് കേസ് പിൻവലിക്കണോ എന്ന് സർക്കാരിന് തീരുമാനിക്കാം. എന്നാൽ പൊതുമുതൽ നശിപ്പിച്ചതിനെടുത്ത കേസുകൾ പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.

ഉപേക്ഷിച്ചിട്ടില്ലെന്ന്

കെ-റെയിലും

സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നുമാണ് കെ-റെയിൽ പറയുന്നത്. കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെതുടർന്നാണ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, പദ്ധതിയുടെ തുടർ നടപടികളിലേക്ക് കടക്കും. കേരളത്തിന്റെ അമ്പതു വർഷത്തെ വികസനം മുന്നിൽക്കണ്ട് ആവിഷ്‌കരിച്ചതാണ് സിൽവർലൈൻ. ഹൈഡ്രോളജിക്കൽ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തൽ പഠനം, കണ്ടൽക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയവ ഏജൻസികൾ പൂർത്തിയാക്കി വരികയാണ്. 2020 സെപ്തംബർ ഒമ്പതിനാണ് സിൽവർലൈൻ ഡി.പി.ആർ റെയിൽവേ ബോർഡിന് സമർപ്പിച്ചത്.

കർണാടകം

കൂട്ടിനില്ല

സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാതിരിക്കുന്ന കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ, ബി.ജെ.പി ഭരിക്കുന്ന കർണാടകത്തെ ഒപ്പംകൂട്ടി സംയുക്തനീക്കത്തിന് സർക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. നാലുമണിക്കൂറിൽ കാസർകോട്ടെത്താവുന്ന സിൽവർലൈൻ മംഗലാപുരത്തേക്ക് നീട്ടി, വിഴിഞ്ഞം- മംഗലാപുരം തുറമുഖങ്ങൾ തമ്മിലുള്ള അതിവേഗ കണക്ടിവിറ്റിയാക്കി മാറ്റാനായിരുന്നു നീക്കം. സിൽവർലൈൻ മംഗലാപുരത്തേക്ക് നീട്ടാൻ 45.92കിലോമീറ്റർ റെയിൽപാത നിർമ്മിക്കണം. ഇതിന് 5510.4കോടി ചെലവുണ്ട്. ഇത്രയും ചെലവ് കർണാടകം വഹിച്ചാൽ തിരുവനന്തപുരത്തേക്ക് അവർക്ക് അതിവേഗ റെയിൽപ്പാത ലഭിക്കുമെന്ന ഓഫറാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഈ ഓഫർ നിരാകരിച്ചു. മംഗലാപുരത്തേക്ക് സിൽവർലൈൻ നീട്ടുന്നത് സാദ്ധ്യമാണോ എന്ന് കെ-റെയിൽ പ്രാഥമിക പഠനം നടത്തിയിരുന്നു. നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായി സിൽവർലൈൻ പാത സ്ഥാപിക്കുന്നത് സാങ്കേതികമായി സാദ്ധ്യമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മംഗലാപുരത്തു നിന്നുള്ള സമുദ്രോത്പ്പന്ന ബിസിനസിനും ഗുണകരമായിരിക്കും സിൽവർലൈനെന്നും കേരളം അറിയിച്ചിട്ടും കർണാടകം വഴങ്ങിയില്ല. ബി.ജെ.പി ഭരിക്കുന്ന കർണാടകത്തെ ഒപ്പം കൂട്ടിയാൽ സിൽവർലൈനിനുള്ള കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കാനിടയുണ്ടെന്നും റെയിൽവേ ഭൂമിയും എളുപ്പം വിട്ടുകിട്ടാനിടയുണ്ടെന്നുമാണ് സംസ്ഥാനം കണക്കുകൂട്ടിയത്. അദാനി നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് മംഗലാപുരം തുറമുഖവുമായി കണ്ക്ടിവിറ്റി ലഭിക്കുമെന്നതിനാൽ ആ വഴിക്കുള്ള അനുമതികളും എളുപ്പത്തിലാവുമെന്നും പ്രതീക്ഷിച്ചു.

കെ-റെയിൽ

കൺസൾട്ടൻസി

സിൽവർലൈൻ മരവിപ്പിലായതോടെ, കെ–റെയിൽ കൺസൾട്ടൻസി രംഗത്തേക്കിറങ്ങി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും അടിസ്ഥാനസൗകര്യ പദ്ധതികളുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി മാറി. കിഫ്ബി, കെ. എസ്.ആർ.ടി.സി, സ്മാർട്ട് സിറ്റി എന്നിവയുടെ വിവിധ പദ്ധതികളുടെ കൺസൾട്ടൻസി കരാറേറ്റെടുത്തു. കേരളത്തിൽ റെയിൽ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത കമ്പനിയായി രൂപീകരിച്ചതാണു കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ അഥവാ കെ–റെയിൽ. റെയിൽവേയിൽ നിന്നുൾപ്പെടെ അൻപതോളം വിദഗ്ധർ കെ–റെയിലിലുണ്ട്. ഇവരുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി പൊതുമേഖലയിലെ അടിസ്ഥാനസൗകര്യ പദ്ധതികളെ സഹായിക്കുകയും ഒപ്പം കെ–റെയിലിനു വരുമാനമുണ്ടാക്കുകയുമാണു ലക്ഷ്യം. അങ്കമാലിയിലെ ട്രാൻസിറ്റ് ഹബ് ഉൾപ്പെടെ 6 പദ്ധതികളുടെ കൺസൽറ്റൻസി കെ–റെയിലിനു നൽകാൻ കെഎസ്ആർടിസി ബോർഡ് തീരുമാനിച്ചിട്ടുണ്ട്. തലശേരി-മൈസൂർ റെയിൽപ്പാതയ്ക്ക് പദ്ധതിരേഖയുണ്ടാക്കൽ, 27ലെവൽക്രോസുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കൽ, ശബരിപാതയുടെ എസ്റ്റിമേറ്റ് പുതുക്കൽ എന്നിങ്ങനെ മറ്റുജോലികളും കെ-റെയിൽ വഹിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K - RAIL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.