മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കനലുപൊള്ളുന്ന ചരിത്രസ്ഥലികളിലേക്ക് നീണ്ടുകിടക്കുന്നു കെ.ഇ.ഇസ്‌മയിൽ എന്ന പേര്. തൊഴിലാളിവർഗത്തിന്റെ വിമോചനത്തിനായി കനൽവഴികളിലൂടെ സഞ്ചരിച്ച അജയ്യനായ വിപ്ലവകാരി. ആറരപതിറ്റാണ്ട് പിന്നിട്ട പൊതുപ്രവർത്തനത്തിൽ പാവപ്പെട്ടവരുടെയും പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും കൈപിടിച്ചു നീങ്ങിയ കമ്മ്യൂണിസ്റ്റ്. മുൻമന്ത്രിയും മുതിർന്ന സി.പി.ഐ നേതാവുമായ കെ.ഇ.ഇസ്‌മയിലിന് ഇന്ന് 84 വയസ് തികയുന്നു.
കമ്മ്യൂണിസ്റ്റിലേക്ക്
1939 ൽ കിഴക്കഞ്ചേരിയിലെ കുണ്ടുകാട് തറവാട്ടിൽ ഇബ്രാഹിമിന്റെയും ചെല്ലമ്മാൾ ഉമ്മയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി ജനനം. 1950 കൾ ജന്മിത്വവും നാടുവാഴിത്തവും കൊടികുത്തിവാഴുന്ന കാലമായിരുന്നു. സമ്പന്ന കുടുംബത്തിൽ ജനിച്ച ഇസ്‌മയിൽ തനിക്ക് ചുറ്റുമുള്ള തൊഴിലാളി വർഗങ്ങളുടെയും പട്ടിണിപ്പാവങ്ങളുടെയും തീരാദുരിതങ്ങളെക്കുറിച്ചും അവർ നേരിടുന്ന അസമത്വങ്ങളെക്കുറച്ചും ചിന്തിച്ചു തുടങ്ങിയപ്പോഴാണ് കമ്മ്യൂണിസ്റ്റായത്. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകൽച്ചയുടെ കാരണവും പരിഹാരവും തേടി സഹോദരനും സഖാവുമായ കെ.ഇ.ഹനീഫയുടെ കൈപിടിച്ച് 14 കാരൻ ഇസ്‌മയിലും സമരമുഖത്തേക്ക് വന്നു. കിഴക്കഞ്ചേരി ഗവ. ഹൈസ്കൂളിൽ നിന്ന് പത്താംക്ലാസ് പൂർത്തിയാക്കിയശേഷം കിഴക്കഞ്ചേരി, വണ്ടാഴി, ആലത്തൂർ, വടക്കഞ്ചേരി തോട്ടം മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച സമരം, കർഷക തൊഴിലാളികൾക്ക് ന്യായമായ കൂലി ആവശ്യപ്പെട്ടുള്ള കൊടികുത്തൽ സമരം തുടങ്ങി നാടിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കെ.ഇ നിരന്തരം ശ്രമിച്ചു.
എ.ഐ.ടി.യു.സി നേതാവായിരുന്ന ജ്യേഷ്ഠൻ ഹനീഫയാണ് രാഷ്ട്രീയഗുരു. പിതാവ് ഇബ്രാഹിം സാഹിബ് മലഞ്ചരക്ക് വ്യാപാരിയായിരുന്നു. മാതാപിതാക്കൾ ആദ്യമൊക്കെ രാഷ്ട്രീയ പ്രവർത്തനങ്ങളെ എതിർത്തിരുന്നെങ്കിലും പിൽക്കാലത്ത് പിന്തുണച്ചു. കാറൽമാക്സും ലെലിനുമെല്ലാം കെ.ഇയുടെ യുവരക്തത്തെ സ്വാധീനിച്ചു.
പട്ടാളത്തിൽ നിന്നുള്ള
പിരിച്ചുവിടൽ
1957ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമോചന സമരത്തെ തുടർന്ന് 1959ൽ കേന്ദ്രം പിരിച്ചുവിട്ടു. സംഘർഷാവസ്ഥയിലായ സാഹചര്യത്തിൽ കെ.ഇ.ഇസ്‌മയിലും സുഹൃത്തുക്കളായ ചെല്ലക്കണ്ണ്, വേലപ്പൻ, ചെല്ലത്ത എന്നിവരും പട്ടാളത്തിൽ ചേരാൻ കണ്ണൂരിലെത്തി. നാലുപേരും സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനത്തിന് ശേഷം ഇന്ത്യ - ചൈന അതിർത്തിയിൽ സൈന്യത്തിന്റെ ട്രക്ക് ഡ്രൈവറായി. പൊലീസ് വെരിഫിക്കേഷനിനിടെ കെ.ഇയുടെ കമ്മ്യൂണിസ്റ്റ് വിപ്ലവവീര്യം മനസിലാക്കിയ സൈന്യം അദ്ദേഹത്തെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. എ.കെ.ജിയുടെ നേതൃത്വത്തിൽ ദേശീയ കർഷകദ്രോഹ ബില്ലിനെതിരെയുള്ള പോരാട്ടത്തിന് അഭിവാദ്യമർപ്പിച്ച് പാലക്കാട് കളക്ടറേറ്റ് ഉപരോധത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചതാണ് വെരിഫിക്കേഷനിൽ വിനയായത്.
നാടക പ്രവർത്തകൻ
പട്ടാളത്തിൽനിന്ന് പിരിച്ചുവിട്ടശേഷം നാട്ടിൽ തിരിച്ചെത്തിയ കെ.ഇ.ഇസ്മായിൽ സാസ്കാരിക പരിപാടിയിലൂടെ വീണ്ടും പാർട്ടിയിൽ സജീവമായി. നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ പരമുപിള്ളയായി അഭിനയിച്ചു. തന്റെയുള്ളിലെ ചിത്രകാരന്റെ രചനകളെ സ്വയം ആസ്വദിക്കാനാണ് അദ്ദേഹം താത്പര്യപ്പെട്ടത്.
നാടുവിട്ടു, തറവാട്
സി.പി.എം കൈയടക്കി
1960കളിൽ സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലുണ്ടായ ആശയപരമായ വേർതിരിവുകൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അലയടിച്ചു. പ്രസ്ഥാനം പിളർന്നപ്പോൾ വലിയ ദുഃഖവും ആശങ്കയുമുണ്ടായി. പിളരേണ്ടത് അത്യാവശ്യമായിരുന്നെന്ന് ഇപ്പോഴും കരുതുന്നില്ല. പിളർപ്പിന് ശേഷം വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തിൽ സി.പി.ഐ - സി.പി.എം സംഘർഷങ്ങൾ തുടർക്കഥയായി. സിവിൽ, ക്രിമിനൽ കേസുകളെടുത്തതോടെ നാടുവിട്ടു. തറവാട് വീട് അന്നത്തെ സി.പി.എം നേതാക്കൾ പാർട്ടി ഓഫീസാക്കി.
പാർട്ടി ക്ലാസും
സാക്ഷരതാ പ്രവർത്തനവും
നീണ്ട പത്തുവർഷമെടുത്ത് പ്രദേശത്തെ സി.പി.എം - സി.പി.ഐ സംഘർഷത്തിന് അയവ് വരാൻ. ഇതിനിടെ ജില്ലയിൽ സി.പി.ഐയിലേക്ക് പ്രവർത്തകരെ ആകർഷിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കി. അതിന് നേതൃത്വം കൊടുത്തത് കെ.ഇ.ഇസ്‌മയിലും സഹോദരനും സുഹൃത്തുക്കളുമായിരുന്നു. രാത്രികാലങ്ങളിൽ കർഷകത്തൊഴിലാളികളുടെ വീടുകളിലെത്തി അവരെ എഴുത്തും വായനയും പഠിപ്പിച്ചു. അവകാശങ്ങളെക്കുറിച്ച് ബോദ്ധ്യപ്പെടുത്തി. ഇക്കാലയളവിൽ ആലത്തൂർ, മണ്ണാർക്കാട്, പട്ടാമ്പി മേഖലകളിൽ നിന്നുൾപ്പെടെ സി.പി.ഐലേക്ക് വലിയ വിഭാഗം ആളുകളെത്തി. വലിയൊരു രാഷ്ട്രീയ തണലായി പാർട്ടി വളർന്നു. 1973 ലായിരുന്നു കെ.ഇയുടെ വിവാഹം. വധു സാബിയ ബി.എഡ് തൃശൂരിലെ വിദ്യാർത്ഥിനിയായിരുന്നു. തൃശൂർ പാർട്ടി ഓഫീസിൽവച്ച് രക്തഹാരം അണിയിച്ചായിരുന്നു വിവാഹം. മൂന്ന് മക്കൾ: ലാലു, ബൈജു, സീമ.
പട്ടാമ്പി
തിരഞ്ഞെടുപ്പ് ഗോദ
പൊതുപ്രവർത്തനങ്ങളിൽ സജീവമായിരിക്കെ 1979ൽ കിഴക്കഞ്ചേരി പഞ്ചായത്ത് പത്താംവാർഡിൽ മത്സരിച്ച് ഭരണസമിതി അംഗമായി. പട്ടാമ്പിയായിരുന്നു എല്ലാക്കാലത്തും തിരഞ്ഞെടുപ്പ് ഗോദ. 82ൽ പി.കെ.ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. 87ൽ ലീല ദാമോദര മേനോനോട് പരാജയപ്പെട്ടു. പക്ഷേ, 91ൽ അവരെത്തന്നെ തോൽപിച്ച് പകരംവീട്ടി. 96ൽ ഇ.കെ.നായനാർ മന്ത്രിസഭയിൽ റവന്യൂമന്ത്രി. അച്യുതമേനോന്റെയും പി.കെ.വിയുടെയും പിൻഗാമിയെന്ന് വാഴ്ത്തപ്പെട്ടു. പിന്നീട് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. പിന്നെ, രാജ്യസഭയിൽ ആറുവർഷം. 1968ൽ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗമായി. 80 മുതൽ ദേശീയ കൗൺസിൽ അംഗവുമായി. 2023 വരെ ദേശീയ എക്സിക്യുട്ടീവ് അംഗമായി തുടർന്നു. പാർട്ടിയുടെ അസിസ്റ്റന്റ് സെക്രട്ടറിപദം വരെയെത്തി. 40 വർഷത്തോളം പാർട്ടിയുടെ സംസ്ഥാന - ദേശീയ നേതൃനിരയിൽ പ്രവർത്തിച്ച അപൂർവ വ്യക്തിത്വം.
റവന്യു വകുപ്പ്
പുനഃസംഘടിപ്പിച്ച മന്ത്രി
റവന്യു മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും സമാനതകളില്ലാത്തതാണ്. 40 വർഷമായി നടക്കാതിരുന്ന പുനസംഘടന റവന്യു വകുപ്പിൽ നടത്തിയത് കെ.ഇ.ഇസ്മായിലാണ്. അതിലൂടെ വകുപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി. റവന്യു മന്ത്രിയായിരിക്കെ ആദിവാസികളുടെ ഭൂമിപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നടത്തിയ ഇടപെടൽ പ്രശംസനീയമാണ്. കേരളത്തിൽ ആദിവാസികൾക്ക് ഭൂമി നൽകിയതും പുറമ്പോക്കിൽ കഴിയുന്നവർക്ക് പട്ടയവും കൈവശാവകാശ രേഖകളും വിതരണം ചെയ്തതും ചരിത്രത്തിന്റെ ഭാഗം.
പാലക്കാട് ജില്ലയിൽ പട്ടാമ്പി കൊച്ചിൻ പാലം, സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി വികസനം, ബ്ലോക്ക് പഞ്ചായത്ത്, പട്ടാമ്പി സംസ്കൃത കോളേജിന്റെ നവീകരണം, ഷൊർണൂർ പ്രിന്റിംഗ് പ്രസ്, മിൽമ ചില്ലിംഗ് പ്ലാന്റ്, സഹകരണ പ്രസ്, വെള്ളപ്പൊക്ക ദുരിതാശ്വാസ റോഡുകൾ മുതലായവ വികസന പ്രവർത്തനങ്ങളിൽ ചിലതുമാത്രം.
ഇന്ത്യയെന്ന
പ്രതിപക്ഷ സഖ്യം
പ്രതീക്ഷനൽകുന്നു
സി.പി.ഐക്ക് ദേശീയപാർട്ടി സ്ഥാനം നഷ്ടപ്പെട്ടതിന് കുറിച്ച് നിലവിൽ ഉത്കണ്ഠപ്പെടേണ്ടതില്ല. 1925ൽ രൂപീകരിച്ച പാർട്ടി നാളിതുവരെയും ജനനന്മ ലക്ഷ്യംവച്ച് മാത്രമാണ് പ്രവർത്തിച്ചത്. അത് തുടരും. രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ തകർത്ത് ഫാസിസ്റ്റ് രീതിയിൽ മുന്നോട്ട് പോകുന്ന കേന്ദ്രത്തിനെതിരെ ദേശീയതലത്തിൽ ഉയർന്ന വിശാല പ്രതിപക്ഷസംഖ്യം പുതിയ പ്രതീക്ഷ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |