SignIn
Kerala Kaumudi Online
Friday, 26 April 2024 8.31 PM IST

കെ. ആർ. വിയെ ഓർമ്മിക്കുമ്പോൾ

k-r-viswambharan

ആരായിരുന്നു കെ.ആർ.വി എന്ന ഡോ. കെ.ആർ. വിശ്വംഭരൻ ?​ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം അന്തരിക്കുമ്പോൾ 'ഔഷധി' യുടെ ചെയർമാനായിരുന്നു. അദ്ദേഹം വൈസ് ചാൻസലറായിരുന്ന കാർഷിക സർവകലാശാലയുടെ ഒരു ഭാഗം മുറിച്ചെടുത്ത് വെറ്റിനറി സർവകലാശാലയുണ്ടാക്കാൻ എനിക്ക് യോഗമുണ്ടായി. അതിനു മുൻപ് വളരെക്കാലം സർവീസിൽ കെ.ആർ.വി സീനിയറായിരുന്നു. ഞാൻ ഐ.എ.എസിൽ ചേർന്നപ്പോൾ കെ.ആർ.വി. എറണാകുളം ജില്ലാ കളക്ടറാണ്. ട്രെയിനികളായി ചെന്നപ്പോൾ 'ആബാദിൽ' ഉച്ചയൂണ് തരാൻ തിരക്കുകളൊഴിവാക്കി ഓടിവന്ന കെ.ആർ.വി.യെ ഓർമ്മയുണ്ട്. ഊഷ്മളതയും, ഊർജ്ജസ്വലതയും ഉള്ള നല്ല മനുഷ്യൻ. ഐ.എ.എസ് എന്തെന്നറിയാതെ ചെന്നു കയറിയപ്പോൾ കിട്ടിയ ഒരു സ്വീകരണച്ചടങ്ങിലും കെ.ആർ.വി. മുഖ്യാതിഥിയായിരുന്നു.

റവന്യൂ വകുപ്പിൽ കുറെയേറെ സമയം ചെലവിട്ടതിനു ശേഷമാണ് കെ.ആർ.വി. പ്രൊമോഷനിലൂടെ ഐ.എ.എസിലെത്തുന്നത്. വ്യക്തിസിദ്ധികൾ കൊണ്ട് സമ്പുഷ്ടമായിരുന്നു കെ.ആർ.വി.യുടെ സർവീസ്. ആൾ ജന്മനാ കലാകാരൻ. സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ച യശഃശരീരനായ കെ.കെ. തങ്കപ്പനും, കെ.ആർ.വി. യും, പ്രശസ്തനടൻ മമ്മൂട്ടിയും ഒക്കെ എറണാകുളം മഹാരാജാസിലെ പഴയ കൂട്ടുകാരാണെന്നും പറഞ്ഞറിയാം. മമ്മൂട്ടിയുടെ ശുപാർശയിലാണ് കെ.ആർ.വി. യെ വൈസ് ചാൻസലറായി നിയമിച്ചത് എന്ന് അസൂയാലുക്കൾ അടക്കം പറഞ്ഞുപോന്നു. സൗഹൃദത്തിന്റെ നിമിഷങ്ങളിൽ മമ്മൂട്ടിയുടെ റഫറൻസിൽ വൈസ് ചാൻസലറായ ആദ്യ മലയാളി എന്നൊക്കെ ഞാനും മുഖദാവിൽ തന്നെ തമാശ പറയുമായിരുന്നു.

കനമുള്ള ശബ്ദത്തിൽ പൊട്ടിപ്പൊട്ടി ചിരിക്കാനേ അപ്പോൾ കെ.ആർ.വി. തയ്യാറാകാറുള്ളൂ. വെറ്ററിനറി സർവകലാശാലയുടെ പേറെടുപ്പ് കെ.ആർ.വി.യുടെ കൂടി ഉദരത്തിൽ നിന്നാകയാൽ ഒട്ടൊക്കെ മല്ലയുദ്ധങ്ങളും നീരസങ്ങളും ആഴ്ചതോറും ഉണ്ടാകുമായിരുന്നു. മണ്ണുത്തിയിലുള്ള,​ അന്നേവരെ കാർഷിക സർവകലാശാല ഓപ്പറേറ്റ് ചെയ്തുപോന്ന ഗസ്റ്റ് ഹൗസ് ,​ ഭാഗംവയ്പ്പിന്റെ ഭാഗമായി ഞാൻ ഏകപക്ഷീയമായി ഉത്തരവിട്ട് പിടിച്ചെടുത്തത് കെ.ആർ.വി.യെ ഒട്ടൊക്കെ നീരസത്തിലാക്കി. കെ.ആർ.വി. എന്നെപ്പറ്റി കാർഷികോത്‌പാദന കമ്മിഷണറോടും മുകളിലും പരാതിപ്പെട്ടെന്നു തോന്നുന്നു. എന്നെ ശകാരിക്കാൻ മുതിർന്നവരോട് ഞാനും ചില്ലറ 'ന്യായം' പറഞ്ഞു. വൈസ് ചാൻസലർ പദവിയിൽ നിന്നും എന്നെ പുറത്താക്കാൻ ഒരു തലത്തിൽ ഒട്ടൊക്കെ ഫലപ്രദമായ ഒരാലോചന നടന്നത് ഇതുമാത്രം കൊണ്ടാവില്ല. എന്നാൽ അതു മുളപൊട്ടി. അക്കഥയിലേക്കു കടക്കുന്നില്ല. വ്യവഹാരം നടന്നെങ്കിലും ഞാൻ വൈകാതെ പദവിയിൽ തിരിച്ചെത്തി. കെ.ആർ.വി. സർവീസിൽ നിന്നും വിരമിക്കുന്നതുവരെ ഞങ്ങൾ സഹപ്രവർത്തകരുമായിരുന്നു.

എന്നെ വൈസ് ചാൻസലർ പദവിയിൽ നിന്നും നീക്കാൻ നടന്ന ആലോചനയുടെ നാൾവഴി പിന്നീട് കെ.ആർ.വി. വിശദമായി പറഞ്ഞിരുന്നു. എന്തുകൊണ്ടിത് അന്നു പറഞ്ഞില്ലെന്ന് ഞാൻ ചോദിച്ചപ്പോൾ കെ.ആർ.വി. യുടെ നിഷ്‌കളങ്കമായ ഉത്തരം 'എനിക്കന്നങ്ങനെ തോന്നിയില്ല' എന്നായിരുന്നു. കെ.ആർ.വി യോടും ആരൊക്കെയോ പിന്നീട് എന്തൊക്കെയോ കണക്കു തീർത്തു. തിരഞ്ഞെടുക്കപ്പെട്ട വൈസ് ചാൻസലറായിട്ടും അഡീഷണൽ സെക്രട്ടറിയുടെ ശമ്പളമേ അക്കാലത്ത് കിട്ടിയുള്ളൂ. പലകുറി കോടതിയെ സമീപിക്കാൻ ഞാൻ പറഞ്ഞിട്ടും സർക്കാരിനും ചാൻസലർക്കും എതിരെ കേസ് നൽകാൻ കെ.ആർ.വി. മടിച്ചു. ഒടുവിൽ ഫുൾ പെൻഷനുപോലും കെ.ആർ.വി. ഏറെക്കാലം വിഷമിച്ചു എന്നാണോർമ്മ.

ദളിത് സമൂഹത്തിൽ നിന്നും കെ.ആർ.വി.ക്ക് മുൻപ് കേരളത്തിൽ ഒരു വൈസ് ചാൻസലർ ഉണ്ടായിട്ടുണ്ടാകുമോ എന്നെനിക്കു സംശയമുണ്ട്. അതിന്റെ വിരോധം കൊണ്ടൊന്നും ആവില്ല പലപ്പോഴും അർഹതപ്പെട്ടതു കിട്ടാൻതന്നെ കെ.ആർ.വി.ക്ക് പ്രയാസം നേരിട്ടത്. പൊതുവിൽ അർഹതയുള്ളത് വൈകി കിട്ടുന്നത് മുൻപേ പറക്കുന്നവരുടെ പൊതു ദുര്യോഗമാണ്. വൈകിയുള്ള അംഗീകരിക്കപ്പെടൽ ദളിത് ജീവിതത്തിന്റെ വിവിധ പ്രയാസങ്ങളിൽ ഒന്നു മാത്രമാണല്ലോ. കെ.ആർ.വി. പ്രയോഗമതിയായ ഒരു പൊതുപ്രവർത്തകനായിരുന്നു. നിസംഗനായിരുന്നു. തിരുവനന്തപുരത്ത് വന്നാൽ ഫോണിലെങ്കിലും വിളിക്കാതെ മടങ്ങില്ല. കെ.ആർ.വി. വിദ്യാർത്ഥിയായിരുന്നപ്പോൾ എഴുതിയ വിപ്ലവപ്രണയ ഗാനങ്ങൾ പാടിയിരുന്നത് കെ.കെ. തങ്കപ്പനായിരുന്നു. രോഗബാധക്കു ശേഷം കെ.കെ. തങ്കപ്പനും, കെ.ആർ.വി.യും ഭേദപ്പെട്ട് തിരിച്ചെത്തുന്നു എന്നു ധരിച്ചിരിക്കുമ്പോഴാണ് അവരുടെ മരണവാർത്ത അവിചാരിതമായി എത്തുന്നത്. കെ.ആർ.വി.യെ വ്യത്യസ്തനാക്കിയിരുന്നത് സങ്കോചമില്ലാത്ത, തുറന്ന, ധീരമായ വാക്കുകളായിരുന്നു. കരളുറപ്പുള്ള സംഭാഷണമേ അദ്ദേഹം നടത്തിയിരുന്നുള്ളൂ. ആരുടെ മുന്നിലും വേണ്ടതിലധികം താണുകേണ് കെ.ആർ.വി. സംസാരിച്ചു കണ്ടിട്ടില്ല. ചരിത്രം ദുർബലരാക്കിയ മനുഷ്യർക്ക് ഒരു മാതൃകയായിരുന്നു കെ.ആർ.വി.യുടെ ആ താൻപോരിമ. പാടിപ്പാടി കെ.കെ. തങ്കപ്പൻ പോയി, പിന്നാലെ ആ പാട്ടുകളെഴുതിയ കെ.ആർ.വി. യും. ഇരുവരും മഹാരാജാസിൽ പണ്ട് പാടി നടന്ന വിപ്ലവപ്രണയ ഗാനങ്ങൾ ഒരു പക്ഷേ മരിക്കാതെ അവിടവിടെ അലയടിക്കുന്നുണ്ടാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K R VISWAMBHARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.