ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കുമായി പോരാടിയ ധീരവനിത. ഉപ്പു സത്യഗ്രഹത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഗാന്ധിയെ ബോദ്ധ്യപ്പെടുത്തി നിരവധി സ്ത്രീകളെ സമരമുഖത്തേക്ക് കൊണ്ടുവന്നു. ഉപ്പു നികുതിയ്ക്കെതിരായ മാർച്ചിൽ പങ്കെടുത്തതിന് അറസ്റ്റിലായി. ഇന്ത്യയിൽ നിയമലംഘനത്തിന് അറസ്റ്റിലായ ആദ്യ സ്ത്രീകളിൽ ഒരാൾ. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് അഞ്ചുവർഷത്തോളം ജയിലിൽ കഴിഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കാല്പനിക നായിക എന്നറിയപ്പെടുന്നു.
1903 ഏപ്രിൽ മൂന്നിന് മംഗലാപുരത്ത് ബ്രാഹ്മണ കുടുംബത്തിൽ ജനനം. ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടയായ കമലാദേവി സ്വാതന്ത്ര്യസമര രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സേവാദൾ സംഘടനയിൽ ചേർന്നു. മദ്രാസ് പ്രവിശ്യാ അസംബ്ലിയിൽ നിയമസഭാംഗമായി മത്സരിച്ച ആദ്യ വനിത. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന കമലാദേവി 1927ൽ മാർഗരറ്റ് കസിൻസുമായി ചേർന്ന് ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് സ്ഥാപിച്ചു.
രാജ്യവിഭജനത്തിനു ശേഷം, പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുകയും പുനരധിവാസത്തിനായി ഇന്ത്യൻ കോപ്പറേറ്റീവ് യൂണിയൻ രൂപീകരിക്കുകയും ചെയ്തു. എ.ഐ.ഡബ്ല്യു.സിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രസിഡന്റുമായിരുന്നു. സ്ത്രീകൾക്കായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. 1988 ഒക്ടോബർ 29ന് മുംബയിൽ അന്തരിച്ചു. 1955ൽ പത്മഭൂഷണും 1987ൽ പത്മവിഭൂഷണും നൽകി രാജ്യം കമലാദേവിയെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |