SignIn
Kerala Kaumudi Online
Saturday, 10 January 2026 8.29 AM IST

ജീവിതം കാണാത്ത തിരക്കഥകൾ

Increase Font Size Decrease Font Size Print Page
s

കോമഡി രംഗങ്ങൾക്ക് പ്രേക്ഷകരെ കിട്ടുന്നില്ലെന്ന വാദം ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് തെറ്രാണ്. ടിവി ചാനൽ പരിപാടികൾ കണ്ട് പൊട്ടിച്ചിരിക്കുന്നവരെ നമ്മുടെ വീടുകളിൽത്തന്നെ കാണാം. ഒരു സിനിമ കണ്ട് ചിരിക്കാൻ ആഗ്രഹിക്കുന്നവരാണ് അവരിൽ പലരും. പക്ഷെ, അതുണ്ടാകാത്തതുകൊണ്ട് ടിവി പരിപാടികൾ കണ്ട് ചിരിക്കുന്നു. നിലവാരമില്ലാത്ത കോമഡികളാണ് ടിവി പരിപാടികളിലൂടെ എത്തുന്നതെന്ന ആക്ഷേപം ചിലപ്പോഴൊക്കെ ശരിയാകാറുണ്ടെങ്കിലും, ഇടയ്ക്കിടെ ഉഗ്രൻ കോമഡി സീനുകൾ മിനി സ്ക്രീനിൽ എത്തുന്നുണ്ട്.

മികച്ച ഹാസ്യ രചനകളുടെ പിൻബലത്തോടെയാണ് അവ എത്തുന്നത്. ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിൽ നിന്ന് ഒപ്പിയെടുക്കുന്ന നർമ്മ മുഹൂർത്തങ്ങൾ ചേർത്തൊരുക്കുന്ന 'കൗമുദി ടിവി"യിലെ 'അളിയൻസ്" പോലുള്ള പരമ്പരകൾ, 'ഗം" പോലുള്ള പൊളിറ്റിക്കൽ കോമഡി പരിപാടികൾ ഉൾപ്പെടെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതാണ്. പഞ്ചവടിപ്പാലം, സന്ദേശം, സ്ഥലത്തെ പ്രധാന പയ്യൻസ് തുടങ്ങിയ എത്രയോ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളുണ്ടായി.

ഈ പട്ടികയിൽ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം" എല്ലാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴും മലയാളി ആഘോഷിക്കുന്നു. 1991-ൽ പുറത്തിറങ്ങിയ 'സന്ദേശ"ത്തിലെ ഓരോ വരിയും ഇന്നും പ്രസക്തമാണ്. 2014 സെപ്തംബറിൽ റിലീസ് ചെയ്ത 'വെള്ളിമൂങ്ങ'യാണ് ഈ ഗണത്തിൽ പ്രേഷകർ അംഗീകരിച്ച അവസാനത്തെ ചിത്രം. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമ്മാണച്ചെലവ് വെറും 2.8 കോടി രൂപയായിരുന്നു. തിയേറ്ററിൽ നിന്ന് കിട്ടിയത് 20 കോടിയും!

ജെൻസിക്കും

ഇഷ്ടം കോമഡി

പുതിയ തലമുറയെ വയലൻസിന്റെ ആരാധകരാക്കുന്നതിൽ ചോര തെറിപ്പിക്കുന്ന രംഗങ്ങൾ അടങ്ങിയ സിനിമകൾക്കും പങ്കുണ്ട്. കൊറിയൻ ചിത്രങ്ങളെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിലാണ് മലയാള സിനിമയിൽ ചോരക്കളി ഉള്ളത്. 'പേനാക്കത്തി കൊണ്ട് വിദ്യാരംഭം,​ കുത്ത് ഹരിശ്രീ..." എന്നൊക്കെയാണ് സിനിമാ ഗാനത്തിലെ വരികൾ പോകുന്നത്! പക്ഷെ, ഇങ്ങനെ തിയേറ്ററിൽ പോയി 'കൊലമാസ്" കാണുന്ന ജെൻസിയും ഒന്നു ചിരിക്കണമെങ്കിൽ മൊബൈൽ ഫോൺ തുറക്കും. അവിടെ പുതുതലമുറ ഇഷ്ടപ്പെടുന്നതും അവരുടെ ജീവിതത്തോട് നീതി പുലർത്തുന്നതുമായ ഒട്ടേറെ ഹാസ്യ മുഹൂർത്തങ്ങൾ കോർത്തിടുന്ന റീൽസും ചെറുസിനിമകളും ഉണ്ടാകും.

കൊവിഡിനു ശേഷമാണ് എല്ലാ തറമുറയിൽപ്പെട്ടവരും ഒരുപോലെ മൊബൈൽ ഫോണുകളിലേക്ക് കൂടുതലായി കണ്ണുനട്ടത്. യു ട്യൂബിൽ പുതിയ കോമഡി അവതാരങ്ങളെത്തി. ചുറ്റുമുള്ള ജീവിതത്തിൽ നിന്നും സ്വന്തം ജീവിതത്തിൽ നിന്നുമൊക്കെ അവർ നർമ്മം കണ്ടെത്തി. ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കണ്ട് ആസ്വദിക്കാൻ പണച്ചെലവില്ല. മെച്ചപ്പെട്ടത് കണ്ടിരിക്കാം; അല്ലാത്തതത് സ്‌കിപ്പ് ചെയ്തു പോകാം. ഇഷ്ടപ്പെട്ടെങ്കിൽ അത് അറിയിക്കാം.

നല്ലൊരു കോമഡി സിനിമ വന്നാൽ ജനം തിയേറ്ററിലെത്തി ആഘോഷമാക്കുമെന്ന് ഉറപ്പാണ്. ക്രിയേറ്റീവായ രചന വേണം. ടിവി ചാനൽ കോമഡികളിൽ നിലവാരമില്ലെങ്കിൽ ആസ്വാദകർ അപ്പോൾത്തന്നെ ചാനൽ മാറ്റും. സിനിമയില കോമഡിക്ക് നിലവാരമില്ലെന്ന് അറിഞ്ഞാൽ പ്രേക്ഷകർ ആ വഴിക്ക് വരികയേയില്ല!

(തുടരും )

ബോക്സ് മാറ്റർ

.............................

ക്രിമിനലിസത്തിനു

കാരണം

ന്യൂസ് ചാനലുകളും

മലയാള സിനിമയിൽ ഹാസ്യം ഇല്ലാതായെന്ന് ഈയിടെ പൊതുവേദിയിൽ പറഞ്ഞത് നടൻ സലിംകുമാറാണ്. ഈ വിഷയത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിച്ചു.

?​ നമ്മുടെ സിനിമയിലെ ചിരിക്ക് എന്തു പറ്റി.

 മലയാള സിനിമയിലെ ചിരി എവിടെയോ വച്ച് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അതൊരു സത്യമാണ്. അത് എവിടെയാണെന്ന് തേടിപ്പിടിക്കേണ്ട ബാദ്ധ്യത പ്രേക്ഷകർക്കു കൂടിയുണ്ട്.

?​ സിനിമയിലെ ഹാസ്യം നഷ്ടപ്പെടുന്നതിൽ സമൂഹം ഉത്തരവാദികളാണെന്നാണോ.

 ടി.വി ചാനലുകളിൽ എപ്പോൾ നോക്കിയാലും വാർത്തകളിൽ നിറയുന്നതല്ലാം ക്രിമിനലിസമാണ്. അവിടെ സന്തോഷമുണ്ടാക്കുന്ന ഒന്നുമില്ല. അത് സിനിമയെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. ഈ ചിരിയില്ലായ്മ സമൂഹത്തെ മൊത്തം ബാധിച്ചിട്ടുണ്ട്. വാർത്ത വച്ചു നോക്കിയാൽ പ്രശ്നങ്ങളില്ലാത്ത ദിവസങ്ങളില്ല. ചെറിയൊരു പ്രശ്നത്തെപ്പോലും പർവതീകരിക്കും. 24 മണിക്കൂർ ടിവി വാർത്താ ചാനലുകൾ എന്നു തുടങ്ങിയോ,​ അന്നു തുടങ്ങിയതാണ് ക്രിമിനലിസത്തിന്റെ ആഘോഷം എന്നേ ‌ഞാൻ പറയൂ. മുഴുവൻ സമയവും കാണിക്കാൻ എന്തെങ്കിലുമൊക്കെ വാർത്തകൾ വേണ്ടതുകൊണ്ട് നിസാര സംഭവങ്ങളെപ്പോലും വലിയ വാർത്തയാക്കി അവതരിപ്പിക്കും. അത് സിനിമയെ മാത്രമല്ല, സമൂഹത്തെയാകെ ബാധിക്കും. ത്രില്ലർ, ക്രൈം ത്രില്ലർ എന്നിങ്ങനെയുള്ള വിശേഷണങ്ങളോടെയാണ് സിനിമകൾ എത്തുന്നത്. കോമഡിക്ക് ഇപ്പോൾ ഒരു പ്രസക്തിയും ഇല്ലാതായെന്ന് തോന്നിപ്പോകും.

? നിർമ്മാണച്ചെലവിൽ കുറവ് വരുന്നതുകൊണ്ട് തന്നെ നിർമ്മാതാക്കൾ കോമഡി സിനിമകൾക്ക് മുൻഗണന കൊടുക്കേണ്ടതല്ലേ.

 നിർമ്മാതാക്കളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടാകുന്നില്ല. ഉണ്ടാക്കാൻ അറിയില്ലെന്നു കൂടി പറയേണ്ടിവരും. മനുഷ്യജീവിതം തന്നെയാണ് എല്ലാ സിനിമയുടെയും ആധാരം. ഒരു കഥ പറയണമെങ്കിൽ ഏതു രീതിയിലും പറയാം. അത് പറയുന്ന ആളുടെ കഴിവാണ്. ചിരിപരത്തിക്കൊണ്ട് കഥ പറയാൻ കഴിവുളളവർ ഇല്ലാതായി എന്നു പറയേണ്ടിവരും

TAGS: MOVIE SCRIPT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.