SignIn
Kerala Kaumudi Online
Monday, 01 September 2025 5.00 AM IST

വികസനം കാണാൻ ജീവിച്ചിരിക്കേണ്ടേ സർ...?

Increase Font Size Decrease Font Size Print Page

opinion

കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലെ നികുതിഭാരം കൊണ്ട് വീർപ്പുമുട്ടി ഇനിയെങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പാവങ്ങളോട് ഭരിക്കുന്നവർ ചോദിക്കുന്നു, നാട് വികസിക്കേണ്ടേ ? കടംകയറി മുടിയുമ്പോൾ അനാവശ്യ ധൂർത്തൊഴിവാക്കാൻ നടപടി സ്വീകരിച്ചുകൂടെയെന്ന് നിയമസഭയിൽ ആരാഞ്ഞ പ്രതിപക്ഷത്തെ ധനകാര്യമന്ത്രി പരിഹസിച്ചത് ഇങ്ങനെ 'അനാവശ്യ ചെലവുകൾ കുറയ്ക്കുക, കുറയ്ക്കുക എന്ന് പറഞ്ഞാൽ ആരെങ്കിലും ഒരു കാർ വാങ്ങുന്നതോ 10 പേർ വിദേശയാത്ര പോകുന്നതോ അല്ല സാർ ചെലവ്ചുരുക്കൽ'

കേരളം ഭരിക്കുന്നവരുടെ അനാസ്ഥമൂലം ലഭിക്കേണ്ട കോടികളുടെ നികുതി പിരിച്ചെടുക്കാതെയാണ് കടുത്ത നികുതിഭാരം ജനങ്ങളുടെ തലയിൽ കെട്ടിവച്ചതെന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. സാമൂഹിക സുരക്ഷാ പെൻഷന്റെ പേരിൽ ഏർപ്പെടുത്തിയ രണ്ടുരൂപയുടെ ഇന്ധനസെസിലൂടെ ഒരു വർഷം ലഭിക്കുക വെറും 750 കോടി രൂപ മാത്രമാണ്. വിവിധ വകുപ്പുകളുടെ ക്രമക്കേടും വഴിവിട്ടുള്ള ആനുകൂല്യം നൽകലും ഒഴിവാക്കിയാൽ പോലും നിലവിലുള്ളതിന്റെ 25 ശതമാനം അധികവരുമാനം ലഭിക്കുമെന്നാണ് സി.എ.ജി യുടെ കണ്ടെത്തൽ. സ്വന്തക്കാർക്കും ബന്ധുക്കൾക്കും നിയമപ്രകാരമല്ലാതെ ഇളവുകളും ആനുകൂല്യങ്ങളും നൽകുന്നതിലൂടെയും കരാറുകളുമായി ബന്ധപ്പെട്ട നികുതി നിർണയത്തിലെ വീഴ്ചകളും ബാർലൈസൻസ് പുതുക്കുന്നതിലെ കള്ളക്കളികളും അടക്കം നികുതി വരുമാനം ചോരുന്നതിന്റെ വിശദാംശങ്ങളും സി.എ.ജി റിപ്പോർട്ടിലുണ്ട്.

കേന്ദ്രസഹായം വെട്ടിക്കുറച്ചതിനാലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏർപ്പെടുത്തിയതെന്ന വാദം കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ നൽകിയ മറുപടിയോടെ പൊളിയുന്ന അവസ്ഥയായി. കേരളം ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാൻ 2017 മുതൽ അക്കൗണ്ടന്റ് ജനറൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണ് എൻ.കെ പ്രേമചന്ദ്രൻ എം.പി യുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞത്.

ചെലവ് ചുരുക്കൽ ഇങ്ങനെ

ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കാൻ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വന്നിറങ്ങിയത് 15 ലക്ഷം രൂപ വിലയുള്ള മാരുതി സിയാസ് കാറിലാണ്. കേരളത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ പോലും 35 ലക്ഷം വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറിലാണ് യാത്ര. 10 വർഷം മുമ്പ് വരെ സെക്രട്ടറിയേറ്റിൽ സ്പെഷ്യൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർക്ക് മാത്രമായിരുന്നു വാഹനമുണ്ടായിരുന്നത്. ഇന്ന് അണ്ടർ സെക്രട്ടറിക്ക് വരെ ഇന്നോവയുണ്ട്. ജില്ലാതലത്തിൽ കളക്ടർക്ക് മാത്രമായിരുന്നു കാറ്. ആർ.ഡി.ഒ ക്ക് പോലും ജീപ്പായിരുന്നു. ഇപ്പോൾ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അദ്ധ്യക്ഷൻമാർക്ക് വരെ ഇന്നോവയുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റിനും കോർപ്പറേഷൻ ഡെപ്യൂട്ടി മേയർക്കും മുന്തിയ വാഹനമുണ്ട്. സർക്കാർവാഹനങ്ങളുടെ ദുരുപയോഗം മൂലം കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്. ലൈഫ് പദ്ധതി പ്രകാരം എട്ട് വീടുകൾ നിർമ്മിക്കാം ഒരു ഇന്നോവയുടെ വിലയ്ക്ക്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ കാലിത്തൊഴുത്തും ഇടിഞ്ഞു വീണ ചുറ്റുമതിൽ നന്നാക്കാനുമായി 40 ലക്ഷം രൂപ അനുവദിച്ചത് ഈയിടെയാണ്. ലൈഫ് പദ്ധതിപ്രകാരം നിർമ്മിക്കുന്ന ഒരു വീടിന് വെറും നാലുലക്ഷം രൂപയാണ് നൽകുന്നതെന്നോർക്കുക. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇപ്പോൾ വരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് 19 വിദേശയാത്രകളാണ്. ഇതിൽ 15 ഔദ്യോഗികയാത്രകളും മൂന്നെണ്ണം ചികിത്സാർത്ഥവും ഒരെണ്ണം സ്വകാര്യ ആവശ്യത്തിനുമാണ്. ഇതിൽ മൂന്ന് ഔദ്യോഗികയാത്രകളുടെയും ചികിത്സാർത്ഥമുള്ള രണ്ട് യാത്രകളുടെയും നിയമസഭയിൽ വെളിപ്പെടുത്തിയ കണക്ക് പ്രകാരം 32, 58185 രൂപയാണ് ചെലവായത്. ബാക്കി 14 യാത്രകളുടെ കണക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കടംകയറി

ആത്മഹത്യ

ചെയ്യുന്നവർ

എതിർക്കുന്നവരെ വികസന വിരുദ്ധരായി കാണുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് ജനത്തിന് മെച്ചപ്പെട്ട ജീവിതം നൽകാനാണ് ഈ നികുതി വർദ്ധനയെന്നാണ്. നാടിന്റെ നന്മയ്ക്കായി സ്വീകരിക്കുന്ന നടപടി. അതിനെ ആ രീതിയിൽ കണ്ടാൽ മതിയെന്ന് ലാഘവത്തോടെ പറയുമ്പോഴും കഴിഞ്ഞ ഒരുമാസത്തിനിടെ സാമ്പത്തിക ബാദ്ധ്യതയാൽ ജീവിതം വഴിമുട്ടി ആത്മഹത്യയിൽ അഭയം തേടിയവരുടെ കണക്ക് കേട്ടാൽ ഞെട്ടും. നാലുമാസമായി ശമ്പളമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ സാക്ഷരതാ പ്രേരക് കൊല്ലം പത്തനാപുരം സ്വദേശി ബിജുമോൻ തൂങ്ങിമരിച്ചു. പച്ചക്കറി വാങ്ങാൻ പോലും പണമില്ലായിരുന്നു എന്നാണ് ബിജുമോന്റെ മാതാവ് വിജയമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്. 1714 സാക്ഷരതാ പ്രേരക്മാരാണ് മാസങ്ങളായി ശമ്പളമില്ലാതെ ജോലിചെയ്യുന്നത്. വയനാട് പുൽപ്പള്ളിയിൽ കൃഷ്ണൻകുട്ടി എന്ന ഗൃഹനാഥൻ ബാങ്കിന്റെ ജപ്തിഭീഷണി ഭയന്ന് ജീവനൊടുക്കിയത് ഈ മാസം ഒന്നിനാണ്. കൊല്ലം പുത്തുരിൽ സാമ്പത്തിക ബാദ്ധ്യത താങ്ങാനാകാതെ വീട്ടുമുറ്റത്ത് സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. തൊടുപുഴയിൽ കടംകയറിയ കുടുംബത്തിലെ അച്ഛനും അമ്മയും മകളും വിഷംകഴിച്ചാണ് ജീവനൊടുക്കിയത്. പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കി നഷ്ടം താങ്ങാനാകാതെയാണ് ഇടുക്കി രാജാക്കാട്ട് കർഷകൻ ജീവനൊടുക്കിയത്. വൈക്കത്ത് ഗൃഹനാഥനും ചെറായിയിൽ കുടുംബവും ആത്മബത്യ ചെയ്തത് സാമ്പത്തികഭാരം താങ്ങാനാകാതെ ജീവിതം വഴിമുട്ടിയപ്പോഴാണ്. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നൽകാനാണ് നികുതിഭാരം ഉയർത്തിയതെന്ന് ഭരണാധികാരികൾ പറയുമ്പോഴും ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തതിനാൽ മാത്രം ജീവിതം തള്ളിനീക്കുന്നവർ ഏറെയുണ്ട് ഈ പ്രബുദ്ധ കേരളത്തിൽ.

TAGS: KERALA BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.