SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.52 PM IST

പ്രഹസനമാകുന്ന കേരളോത്സവങ്ങൾ

Increase Font Size Decrease Font Size Print Page

photo

കേരളോത്സവം നാട്ടുകാരുടെ കലാകായികമേളയാണ്. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പ്രതിഭകൾക്ക് മാറ്റുരയ്‌ക്കാനുള്ള വേദി. ഗ്രാമപ്പഞ്ചായത്തുകളിൽ നടക്കുന്ന കേരളോത്‌സവത്തിലെ വിജയികൾ ബ്ളോക്ക് അടിസ്ഥാനത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വിജയികൾ ജില്ലാ കേരളോൽസവത്തിലും മത്സരിക്കുന്നു.

യുവജനങ്ങളുടെ കലയും കായികശേഷിയും പ്രകടിപ്പിക്കുന്ന വലിയ ഉത്സവമായിട്ടാണ് കേരളോൽസവം ആദ്യ വർഷങ്ങളിൽ നടന്നിരുന്നത്. ഒരുമയുടെ ഉൽസവമെന്ന നിലയിൽ വലിയ ജനപങ്കാളിത്തവുമുണ്ടായിരുന്നു. സ്കൂൾ, സർവകലാശാല യുവജനോത്‌സവങ്ങളുടെ മാതൃകയിൽ വർണാഭമായ ഘോഷയാത്രയോടെയാണ് തുടക്കം. അത്തരത്തിൽ

യുവജനങ്ങളുടേയും ജനപ്രതിനിധികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പത്തനംതിട്ട ജില്ലാ കേരളോത്സവത്തിന്റെ ഘോഷയാത്ര. ചെണ്ടമേളങ്ങളും മുത്തുക്കുടകളുമായി പ്രമുഖരെ കൊടുമണ്ണിലെ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് സ്വീകരിച്ചു. വേദിനിറഞ്ഞ് വി.എെ.പികളുമായി ഉദ്ഘാടന സമ്മേളനം. മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും പങ്കെടുത്ത ഉദ്ഘാടനചടങ്ങ് കഴിഞ്ഞതോടെ ആളൊഴിഞ്ഞ പൂരപ്പറമ്പായി കേരളോത്സവവേദി.

ചടങ്ങ് കഴിഞ്ഞ് സംഘാ‌ടകരും ഉദ്യോഗസ്ഥരും സ്ഥലംവിട്ടതോടെ മത്സരങ്ങൾ നടത്താൻ വേദികളിൽ സംഘാടകരുണ്ടായിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റേയും യുവജന ക്ഷേമ ബോർഡിന്റേയും ആഭിമുഖ്യത്തിലാണ് കേരളോത്സവം നടന്നത്. തങ്ങളുടെ വേദികൾ എവിടെയെന്നറിയാതെ മത്സരാർത്ഥികൾ കുഴങ്ങി. വിധികർത്താക്കളായി എത്തിയവർ ശങ്കിച്ചു നിന്നവരെ വിളിച്ച് വേദിയിൽ കയറ്റുന്ന കാഴ്ചകളുണ്ടായി. ഉപകരണ സംഗീത മത്സരങ്ങളിൽ പങ്കെടുക്കാൻ ആളുണ്ടായിരുന്നില്ല. വയലിൻ, സിത്താർ, മദ്ദളം, ചെണ്ട, ഫ്ളൂട്ട്, വീണ ഇനങ്ങളിൽ മത്സരിക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയ വിധികർത്താക്കൾ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ ക്ഷമയോടെ കാത്തിരുന്നു. മത്സരാർത്ഥികളെ ചില വിധി കർത്താക്കൾ ഫോണിൽ വിളിച്ചെങ്കിലും താത്‌പര്യമില്ലെന്നായിരുന്നു അവരുടെ മറുപടി.

ഗ്രാമപ്പഞ്ചായത്ത്, ബ്ളോക്ക് തല കേരളോത്സവങ്ങളിൽ പെൻസിൽ ഡ്രോയിംഗും വാട്ടർകളർ പെയിന്റിംഗും ക്ളേമോഡലിംഗും മത്സര ഇനങ്ങളായിരുന്നു. പെൻസിൽ ഡ്രോയിംഗിൽ ഒന്നാം സ്ഥാനക്കാർ ജില്ലാ കേരളോത്സവത്തിനെത്തി ഏറെനേരം കാത്തിരുന്നു. ആ ഇനത്തിൽ മത്സരമില്ലെന്ന് സംഘാടകർ അറിയിച്ചപ്പോൾ പങ്കെടുക്കാനെത്തിയവർ ഞെട്ടി. ജില്ലാ കേരളോത്സവത്തിന് വാട്ടർകളറും ക്ളേ മോഡലിംഗും കാർട്ടൂൺ മത്സരങ്ങളും മാത്രമേയുള്ളൂ. പെൻസിൽ ഡ്രേിയിംഗിന് എത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

ആവേശമില്ലാതെ

ട്രാക്കും ഫീൽഡും

ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടങ്ങിയ കായികമേളയും നിരാശപ്പെടുത്തി. 1500 മീറ്റർ ഒാട്ടത്തിന് രജിസ്റ്റർ ചെയ്തവർ കുറവായതിനാൽ ആൺ, പെൺ വിഭാഗങ്ങളെ മുന്നിലും പിന്നിലുമായി ഒാടിച്ച് മത്സരം പൂർത്തിയാക്കി. സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ഷൂ ഉപയോഗിക്കണമെന്നാണ് ചട്ടമെങ്കിലും ചെരിപ്പിട്ടും നഗ്നപാദരായും ഒാടിയവരുണ്ടായിരുന്നു. ത്രോ ഇനങ്ങൾക്ക് ഉന്നവും ദിശയും തെറ്റി. പരിശീലനം ലഭിച്ച സ്കൂൾ കായികമേളയിലെ കുട്ടികൾ സമ്മാനം നേടി. പതിനെട്ട് വയസിന് മുകളിലുള്ളവരുടെ പങ്കാളിത്തം കുറഞ്ഞു.

മികവുള്ള

നൃത്തം

കൊടുമൺ എൽ.പി സ്കൂളിലെ നൃത്തമത്സര വേദികളിൽ മാത്രമാണ് പങ്കാളിത്തമുണ്ടായിരുന്നത്. വേഷവും താളവും ഭാവവുമായി കുച്ചിപ്പുടി മത്സരം അരങ്ങേറിയപ്പോൾ കാഴ്ചക്കാരായി മത്സരാർത്ഥികളുടെ ബന്ധുക്കൾ മാത്രം. സ്കൂൾ ഒാഡിറ്റോറിയത്തിലെ ടൈൽ പാകിയ സ്റ്റേജിൽ നൃത്തച്ചുവടുകൾ വച്ച് കലാപ്രതിഭകൾ അരങ്ങൊഴിഞ്ഞു. ജില്ലയിലെ എട്ട് ബ്ളോക്ക് പഞ്ചായത്തുകളിലും നാല് നഗരസഭകളിലും നടന്ന കേരളോത്സവങ്ങളിലെ ഒന്നാം സ്ഥാനക്കാരാണ് ജില്ലാ കേരളോത്സവത്തിലേക്ക് എത്തിയത്.

മൂന്ന് ദിവസം നീണ്ട കേരളോൽസവം നടത്തിപ്പിന് എട്ടുലക്ഷം രൂപയാണ് ചെലവ്. പണം ചെലവാക്കലും കണക്കെഴുതി ഒപ്പിക്കലും ജീവനക്കാരുടെ തന്നിഷ്ടത്തിന് വിട്ട് ജില്ലാപ്പഞ്ചായത്ത് ഭരണകൂടം അധികാര വികേന്ദ്രീകരണത്തിന്റെ മാതൃക സൃഷ്ടിച്ചു. ഭക്ഷണവും വിശ്രമവും ആയുധമാക്കി യുവജനേക്ഷേമ ബോർഡ് ജീവനക്കാർ ഒപ്പം കൂടി. ഉൽസവം ആഘോഷിച്ച് ലഹരി വീരൻമാർ വേദികളിലൂടെ വിഹരിച്ചെന്ന് പിന്നാമ്പുറ വർത്തമാനം കേട്ടു. രംഗങ്ങൾക്ക് രസഭാവം നൽകി വിധികർത്താക്കൾ മത്സര നടത്തിപ്പുകാരും കർട്ടനുയർത്തലുകാരുമായി.

സമാപനദിവസം നടന്ന വടംവലി മത്സരം ചിരി സിനിമകളെ വെല്ലുന്നതായി. ജേഴ്സിയും ഷൂസുകളും ധരിച്ചെത്തിയ ടീമിനെ തോൽപ്പിക്കാനെത്തിയത് മുണ്ടും ഷർട്ടും സ്കേർട്ടും ധരിച്ച നഗ്നപാദരായ എതിർ ടീമുകൾ. ഓർക്കാൻ ഒത്തിരിയൊത്തിരി കാര്യങ്ങൾ സമ്മാനിച്ച് കേരളോത്സവം കൊടിയിറങ്ങിയപ്പോൾ വിജയികൾക്ക് സമ്മാനം നൽകാനും ആശീർവദിക്കാനും വീണ്ടും ജനപ്രതിനിധികളെത്തി. കേരളോത്സസവം നാട് ഏറ്റെടുത്ത ഉൽസവമായെന്ന പ്രഖ്യാപനമുണ്ടായി. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും കേരളോത്‌സവത്തിൽ നിന്ന് ലഭിക്കുമെന്നു പോലും മത്സരിക്കാൻ യോഗ്യത നേടിയ പലരും അറിഞ്ഞിരുന്നില്ല. ആരും അറിയിച്ചതുമില്ല. ആർക്കോ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ മാത്രമായി കേരളോൽസവം ഒതുങ്ങി. ലക്ഷങ്ങൾ മുടക്കിയുള്ള കേരളോത്‌സവം നടത്തിപ്പുകൾ പ്രഹസനമായി മാറുകയാണ്. കൊവിഡിന്റെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന സ്കൂൾ കലാ, കായിക മേളകളും സർവകലാശാല യുവജനോൽസവങ്ങളും ജനപങ്കാളിത്തം കൊണ്ട് മികവുറ്റതായിരുന്നു. എന്നാൽ, സംഘാടനത്തിലെ പിഴവുകൾ കൊണ്ട് കേരളോൽസവങ്ങൾ അവഗണിക്കപ്പെടുന്നത് ജില്ലാപ്പഞ്ചായത്ത് ഭരണകൂടങ്ങളുടെ ശ്രദ്ധപതിയേണ്ട വിഷയമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALOTHSAVAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.