SignIn
Kerala Kaumudi Online
Saturday, 27 April 2024 3.35 AM IST

പാർട്ടി സമ്മേളനങ്ങളുണ്ടോ, കുടുംബശ്രീയുണ്ടേ

kudumbasree

പാർട്ടി പരിപാടികൾക്ക് കൊടിപിടിക്കാനും പോസ്റ്ററൊട്ടിക്കാനും പ്രകടനം നടത്താനും ആളെ കിട്ടാൻ പണ്ട് വലിയ പ്രയാസമില്ലായിരുന്നു. അണികളുടെ ആവേശം ആൾക്കൂട്ടമായി കാണിക്കുന്നതിൽ പാർട്ടികൾ തമ്മിൽ പൊരിഞ്ഞ മത്സരം നടക്കാറുണ്ടായിരുന്നു. ഇക്കാര്യത്തിൽ സി.പി.എമ്മും സി.പി.എെയും കോൺഗ്രസും ബി.ജെ.പിയും പിന്നിലായിരുന്നില്ല. കൊടി തോളിൽചാരി നടക്കുന്നത് അഭിമാനമായിരുന്നു. പ്രകടനത്തിന് മുദ്രാവാക്യം വിളിച്ചുകൊടുക്കാനും ആവേശം കാട്ടുന്നവരുണ്ടായിരുന്നു. പോസ്റ്റർ ഒട്ടിക്കാൻ പ്രവർത്തകർ തമ്മിൽത്തന്നെ ഒരുതരം വീറും വാശിയും ഉണ്ടായിരുന്നു അന്ന്. ലോറിക്ക് പിന്നിൽ കമ്പ് കെട്ടി ആളെ കുത്തിത്തിരുകി കോളാമ്പിയിലൂടെ പാർട്ടിപ്പാട്ട് കേൾപ്പിച്ച് പോകുന്ന കാഴ്ചകൾ പാതകളെ ഇളക്കിമറിച്ചിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ട് മുൻപ് നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയായിരുന്നു പാർട്ടി പ്രവർത്തനം. പാർട്ടിക്കുവേണ്ടി ചോരയും നീരുമൊഴുക്കിയിരുന്ന ആ കാലം മാഞ്ഞുകൊണ്ടിരിക്കുന്നു. സമ്മേളനങ്ങളും കൊടികെട്ടലും പോസ്റ്റർ ഒട്ടിക്കലും ഇൗവന്റ് മാനേജ്മെന്റിന്റെ കൈകളിലായി. പക്ഷേ, ആളെ കൂട്ടൽ പഴയതുപോലെ നടക്കുന്നില്ല.

നാട്ടിൽ ഇപ്പോൾ കുടുംബശ്രീ എന്നൊരു സംവിധാനമുണ്ടായതുകൊണ്ട് പ്രകടനത്തിനും സമ്മേളനത്തിനും ആളെ പിടിക്കാൻ നേതാക്കൾക്ക് വലിയ കഷ്ടപ്പാട് വേണ്ടി വരുന്നില്ല. കുടുംബശ്രീ അയൽക്കൂട്ടങ്ങളും എ.ഡി.എസും സി.ഡി.എസുമൊക്കെയാണ് ഭരണത്തിലിരിക്കുന്ന പാർട്ടികളുടെ ജനകീയ ശക്തി. അടുത്തിടെ പത്തനംതിട്ടയിലുണ്ടായ ഒരു വിവാദം കുടുംബശ്രീയെ വീണ്ടും 'ജനകീയ'മാക്കി. സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.എെയുടെ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ട വേദിയാവുകയാണ്. ഇൗ മാസം 27 മുതൽ 30 വരെയാണ് യുവശക്തി തെളിയിക്കുന്ന സമ്മേളനം. അതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെമ്പാടും ജനകീയ സെമിനാറുകൾ നടന്നു. യുവജന പ്രവർത്തകർ ബിരിയാണി വിറ്റും മാലിന്യം പെറുക്കിയും കൂലിപ്പണിക്കു പോയുമൊക്കെയാണ് സമ്മേളനത്തിന് വേണ്ടുന്ന ചെലവ് കണ്ടെത്തുന്നതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. രണ്ട് കോടി രൂപ ചെലവാകും എന്നാണ് ഡി.വൈ.എഫ്.എെ പുറത്തുവിട്ട കണക്ക്. പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിൽ നടക്കുന്ന സെമിനാറുകളിൽ ആൾക്കൂട്ടമായി കേട്ടിരിക്കാൻ സഖാക്കൾക്ക് സമയമില്ല. സെമിനാർ കേട്ടിരുന്ന് കോട്ടുവായിട്ടാൽ തുട്ട് കിട്ടില്ലല്ലോ. അതുകൊണ്ട് സെമിനാറിൽ ആളെ കൂട്ടാൻ നേതാക്കൾ കണ്ടെത്തിയ ഉപായമാണ് കുടുംബശ്രീ.

ഡിമാൻഡേറി കുടുംബശ്രീ!

ഭരിക്കുന്ന പാർട്ടി സി.പി.എം ആയതുകൊണ്ട് കുടുംബശ്രീ അവരുടെ വരുതിയിലാണ്. പാർട്ടി ആടാൻ പറഞ്ഞാൽ ആടണം. പാടാൻ പറഞ്ഞാൽ അതും ചെയ്യണം. അവരെ സെമിനാറുകളിലേക്ക് ക്ഷണിച്ച തെറ്റേ ഡി.വൈ.എഫ്.എെ ചെയ്തുള്ളൂ. സ്ത്രീ ശാക്തീകരണം വിഷയമായതുകൊണ്ട് എല്ലാവരും പങ്കെടുക്കണമെന്ന ശബ്ദസന്ദേശം ഒരു കുടുംബ്രീ സി.ഡി.എസ് ചെയർപേഴ്സന്റേതായി അവരുടെ വാട്സാപ്പ് ഗ്രൂപ്പിലെത്തി. 'എല്ലാവരും സെറ്റ് സാരിയും ബ്ളൗസും ധരിക്കണം. ഡി.വൈ.എഫ്.എെയുടെ കൊടിനിറം വെള്ളയായതുകൊണ്ട് വെള്ളസാരിയുടുക്കണം. പാർട്ടി ചുവപ്പായതുകൊണ്ട് ചുവന്ന ബ്ളൗസിടണം. നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവരിൽ നിന്ന് പിഴയീടാക്കും...' എന്നിങ്ങനെയായിരുന്നു സന്ദേശം. എന്തിനും കുറ്റം കണ്ടെത്താൻ നോക്കുന്ന ചില മാദ്ധ്യമക്കാർ അത് വാർത്തയാക്കി. യഥാർത്ഥത്തിൽ കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സന്റേതായിരുന്നു ശബ്ദം. വാർത്ത നൽകിയവർ സി.ഡി.എസ് എന്നാക്കി തെറ്റിക്കുകയും ചെയ്തു. ചരിത്ര സംഭവമാകാൻ പോകുന്ന ഡി.വൈ.എഫ്. എെ സമ്മേളനത്തെപ്പറ്റി വിറളി പൂണ്ടവർ ശബ്ദസന്ദേശത്തിന്റെ പേരിൽ വിവാദം ഉണ്ടാക്കുകയാണെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 'എ'യെ 'സി' യാക്കിയ വാർത്ത തെറ്റെന്ന് സ്ഥാപിക്കാനും മാദ്ധ്യമ പ്രവർത്തകരെ പാഠം പഠിപ്പിക്കാനും സി.ഡി.എസ് ചെയർപേഴ്സണുമായി വാർത്താസമ്മേളനത്തിന് എത്തി. വാർത്താസമ്മേളനം ഒരു ഘട്ടത്തിൽ ഡി.വൈ.എഫ്.എെ നേതാക്കളും മാദ്ധ്യമ പ്രവർത്തകരുമായി വാക്കേറ്റമായി. പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പറഞ്ഞ് ഇരുകൂട്ടരും വെല്ലുവിളിച്ചു.

ചട്ടലംഘനം തിരിച്ചടിച്ചു

ഡി.വൈ.എഫ്.എെ വാർത്താസമ്മേളനത്തിലേക്ക് സർക്കാർ സംവിധാനമായ കുടുംബശ്രീയുടെ സി.ഡി.എസ് ചെയർപേഴ്സണെ വിളിച്ചു കൊണ്ടുവന്നത് ചട്ടവിരുദ്ധമല്ലേ എന്ന ചോദ്യം നേതാക്കളെ പ്രതിക്കൂട്ടിലാക്കി. വാർത്തയിലെ സി.ഡി.എസ് എന്ന വസ്തുതാവിരുദ്ധമായ വാക്കിനെ പൊളിച്ചടുക്കാൻ സി.ഡി.എസ് ചെയർപേഴ്സണെ തന്നെ വാർത്താസമ്മേളത്തിൽ എത്തിച്ച പിൻബുദ്ധി ഡി.വൈ.എഫ്.എെക്കാരുടേത് അല്ലെന്നാണ് പിന്നാമ്പുറ വർത്തമാനം. പാർട്ടി സഖാക്കളുടെ ഉപദേശമായിരുന്നു.

ഒടുവിൽ, ശബ്ദസന്ദേശം അയച്ച എ.ഡി.എസ് ചെയർപേഴ്സണെ തിരിച്ചറിഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ പേരിനു വേണ്ടി ഒരു വിശദീകരണം ചോദിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ക്ഷമ ചോദിച്ചു മറുപടികത്തു നൽകി. പാർട്ടി പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും കത്തിൽ പറഞ്ഞു. മേലിൽ പാർട്ടികളുട‌െ പരിപാട‌ികൾക്ക് കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കരുതെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ കർശന നിർദേശം നൽകി.

ഇനി കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ സമ്മേളനങ്ങൾ വരുമ്പോൾ ആളെ കൂട്ടണമെന്നുണ്ടെങ്കിൽ കുടുംബശ്രീയെ ബന്ധപ്പെടുക. ശബ്ദസന്ദേശം ഉണ്ടായിരിക്കുന്നതല്ല. എല്ലാ രഹസ്യമായ ഏർപ്പാടായിരിക്കും. അതാണല്ലോ ഡി.വൈ.എഫ്.എെ സമ്മേളനത്തെ വിവാദമാക്കിയത്.

പിന്നാമ്പുറം: ഡി.വൈ.എഫ്.എെ സമ്മേളനത്തിന് പിരിവില്ലെന്നാണ് നേതാക്കൾ പ്രഖ്യാപിച്ചത്. ബിരിയാണിയും പച്ചക്കറിയും വിറ്റും ആക്രി പെറുക്കിയും ആണത്രേ പണം കണ്ടെത്തുന്നത്. പക്ഷേ, ഡി.വൈ.എഫ്.എെ സമ്മേളനത്തിന്റേതായി സ്വാഗതസംഘം ചെയർമാന്റെയും ജനറൽ കൺവീനറുടെയും പേരും ഒപ്പും പതിച്ച സംഭാവന കൂപ്പണുകൾ സോഷ്യൽമീഡിയയിൽ പാറിക്കളിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.