SignIn
Kerala Kaumudi Online
Friday, 26 April 2024 4.01 PM IST

പെൺകരുത്തിന്റെ രജത ജൂബിലി

kudumbasree

നവകേരള നിർമ്മിതിയുടെ പുതിയ ഘട്ടത്തിലാണ് കുടുംബശ്രീ രജതജൂബിലിയിലേക്ക് കടക്കുന്നത്. ലോകത്തിലേറ്റവും വലിയ സ്ത്രീ മുന്നേറ്റങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമ്മാർജനമെന്ന ലക്ഷ്യത്തോടെ 1998 മെയ് 17നാണ് കുടുംബശ്രീയുടെ പിറവി. ഇന്ന് 45,85,677 അംഗങ്ങളുടെ കരുത്താണ് ഈ പ്രസ്ഥാനത്തിനുള്ളത്. 3,06,551 അയൽക്കൂട്ടങ്ങളും 19470 എഡിഎസുകളും 1070 സിഡിഎസുകളും പ്രവർത്തിക്കുന്നു. 302595 അംഗങ്ങളുള്ള യുവതീ ഓക്സിലറി ഗ്രൂപ്പുകളും സജീവമാണ്. അസർ ബൈജാൻ, എതോപ്യ, ഉഗാണ്ട പോലുള്ള രാജ്യങ്ങൾ കുടുംബശ്രീ പ്രവർത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ദാരിദ്ര്യ നിർമ്മാർജ്ജന രീതി അവിടെ നടപ്പാക്കാനുള്ള പരിശ്രമത്തിലാണ്. പല രാജ്യങ്ങളും കേരളത്തിലേക്ക് വന്ന് ഈ മോഡലിനെക്കുറിച്ച് മനസിലാക്കി.

1996 ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ഗവൺമെന്റ് ജനകീയാസൂത്രണമെന്ന പേരിൽ അധികാര വികേന്ദ്രീകരണത്തിനുള്ള ശക്തമായ പ്രവർത്തനം തുടങ്ങി വൈകാതെതന്നെ കുടുംബശ്രീ പ്രസ്ഥാനവും ആരംഭിച്ചു.

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ ശക്തമായ പിന്തുയോടെയാണ് ഇന്ന് കുടുംബശ്രീ കരുത്തോടെ നിൽക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിന്റെ വഴികളിലൂടെ ദാരിദ്ര്യനിർമാർജ്ജനം എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഇന്ന് 5586.68 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഓരോ അംഗത്തിനും വിശ്വാസത്തോടെ സമീപിക്കാനാവുന്ന ഇടമായും വീട്ടുമുറ്റത്തെ ബാങ്കായും അയൽക്കൂട്ടങ്ങൾ മാറിയിരിക്കുന്നു. കുടുംബശ്രീ ഇന്റേണൽ ലോണായി 22021.33 കോടി രൂപയാണ് നൽകിയിട്ടുള്ളത്. 251125 അയൽക്കൂട്ടങ്ങൾ വിവിധ ബാങ്കുകളുമായി ലിങ്ക് ചെയ്യുകയും 15475.34 കോടി രൂപ വായ്പയെടുത്ത് കൃത്യമായ തിരിച്ചടവോടെ മുന്നോട്ടുപോവുകയും ചെയ്യുന്നു. 'മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി'യുടെ ഭാഗമായി സംസ്ഥാനത്തെ 25.15 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്കായി 1917.55 കോടി രൂപയാണ് ലഭ്യമാക്കിയത്. പലിശ സബ്സിഡി ഇനത്തിൽ 165.04 കോടി രൂപയും നൽകി.

കുടുംബശ്രീ ഉത്‌പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണിയും വരുമാനലഭ്യതയും ഉറപ്പുവരുത്താൻ വിപണന മേളകളോടൊപ്പം കുടുംബശ്രീ ബസാർ ഡോട്ട്.കോം എന്ന ഓൺലൈൻ വിപണനരംഗത്തും ചുവടുറപ്പിച്ചിട്ടുണ്ട്. ആമസോൺ, സഹേലി, ഫ്ളിപ് കാർട്ട് എന്നിവയുമായി സഹകരിച്ചും ഉത്‌പന്ന വിപണനം നടത്തുന്നുണ്ട്.

3,43,271 വനിതാ കർഷകർ 74776 കാർഷിക കൂട്ടായ്മകളിലൂടെ 33,310.05 ഹെക്ടർ സ്ഥലത്ത് കൃഷിചെയ്യുന്നു. ആട് ഗ്രാമം, ക്ഷീരസാഗരം, കേരള ചിക്കൻ എന്നീ പദ്ധതികളിലൂടെ മൃഗസംരക്ഷണ മേഖലയിലും കുടുംബശ്രീയുണ്ട്. രണ്ട് ഐ.ടി യൂണിറ്റുകളും ഒരു ഐ.ടി കൺസോർഷ്യവും 19 ട്രെയിനിംഗ് ഗ്രൂപ്പുകളും കുടുംബശ്രീയുടേതായുണ്ട്. സംരംഭക മേഖലകളിൽ 91060 ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. 1184 ജനകീയ ഹോട്ടലുകളുണ്ട്.

2021 ഡിസംബർ 18ന് സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനത്തെ തുടർന്ന് നാടുംനഗരവും ഇളക്കിമറിക്കുന്ന നിരവധി പ്രചാരണ പരിപാടികൾ കുടുംബശ്രീ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

കുടുംബശ്രീയുടെ നിയമാവലി അനുസരിച്ച് ഒരു കുടുംബത്തിലെ ഒരു സ്ത്രീയ്ക്കാണ് അയൽക്കൂട്ടത്തിൽ അംഗമാകാൻ സാധിക്കുക. രജതജൂബിലി വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാർ കണ്ട ഒരു പരിമിതി ഈ മാനദണ്ഡപ്രകാരം യുവതികൾക്ക് കുടുംബശ്രീയുടെ ഭാഗമാകാൻ സാധിക്കുന്നില്ല എന്നതാണ്. കുടുംബശ്രീ യുവതീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കാൻ രണ്ടാം പിണറായി വിജയൻ സർക്കാർ തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. 18 മുതൽ 40 വയസുവരെയുള്ള വനിതകളാണ് ഇതിൽ അംഗങ്ങളാവുക. വിദ്യാഭ്യാസ യോഗ്യതയുള്ളവരും എന്നാൽ വീട്ടമ്മമാരായി ഒതുങ്ങാൻ നിർബന്ധിതരാവുകയും ചെയ്യുന്ന യുവതികൾക്ക് അവർ പഠിച്ച മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കാനാണ് യുവതീ ഓക്സിലറി ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. സംസ്ഥാനത്ത് 19555 ഓക്സിലറി ഗ്രൂപ്പുകൾ ഇതിനകം നിലവിൽ വന്നുകഴിഞ്ഞു. 302595 അംഗങ്ങളാണ് ഓക്സിലറി ഗ്രൂപ്പുകളിലുള്ളത്. ഇത് ഇനിയും വിപുലപ്പെടുത്തും.

സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ അവരുടെ പങ്കാളിത്തം അനിവാര്യമാണ്. പങ്കാളിത്തത്തിലെ പരിമിതികൾ സമൂഹത്തെയാകമാനം പ്രതികൂലമായി ബാധിക്കും. സ്ത്രീകളുടെ ദുസ്ഥിതി ഇല്ലാതാക്കി സുസ്ഥിതി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് നൽകുന്ന ഊന്നലിനൊപ്പം പങ്കാളിത്തത്തിനും പ്രാധാന്യം നൽകണം. അസമത്വം ഇല്ലാതാക്കാൻ ഇത് ഗുണം ചെയ്യും. സ്വന്തമായി വരുമാനവും വീടിന് പുറത്ത് ജോലി കണ്ടെത്താനുള്ള പ്രാപ്തിയും കുടുംബത്തിനകത്തും പുറത്തും തീരുമാനങ്ങളെടുക്കാനും മറ്റുമുള്ള സ്ത്രീപക്ഷ സാക്ഷരത സ്ത്രീകൾക്ക് നൽകേണ്ടതുണ്ട്. സ്വാതന്ത്ര്യവും അധികാരവും ലഭിക്കുമ്പോൾ സ്ത്രീകളുടെ ശബ്ദത്തിനും പങ്കാളിത്തത്തിനും കരുത്ത് കൂടും. സമൂഹത്തിൽ സ്ത്രീപദവി ഉയരും. കുടുംബശ്രീയുടെ രജത ജൂബിലി വർഷത്തിൽ ഇത്തരം ചിന്തകൾ തെളിക്കുന്ന പുതുവഴികളിലൂടെ മുന്നേറി, സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കാൻ കുടുംബശ്രീ വനിതകൾ കൈകോർക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE SILVER JUBILEE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.