SignIn
Kerala Kaumudi Online
Thursday, 19 September 2024 3.36 PM IST

കുമാരനാശാൻ ; പ്രകമ്പനം സൃഷ്ടിച്ച കാവ്യങ്ങളുടെ സ്മരണയിൽ

Increase Font Size Decrease Font Size Print Page

kk

മഹാകവി കുമാരനാശാൻ ഓർമ്മയായിട്ട് ഇന്ന് 98 വർഷം

..........................................

അനശ്വരനായ മഹാകവി കുമാരനാശാനെപ്പ​റ്റിയുള്ള സ്മരണകൾക്ക് സവിശേഷ പ്രാധാന്യമുള്ള വർഷമാണ് കടന്നുവന്നിരിക്കുന്നത്.കേരളത്തിലെ സാമൂഹ്യ മണ്ഡലത്തിൽ പ്രകമ്പനം സൃഷ്ടിച്ച, കുമാരനാശാന്റെ 'ദുരവസ്ഥ' 'ചണ്ഡാലഭിക്ഷുകി' എന്നീകാവ്യങ്ങൾക്ക് നൂറുവർഷം തികയുന്ന അവസരത്തിലാണ് ആശാന്റെ 98-ാം അനുസ്മരണദിനമെന്ന കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. ജാതിചിന്തയ്‌ക്കെതിരെ കാഹളം മുഴക്കിയ ഈ കാവ്യങ്ങൾക്ക് ഈ ആധുനിക കാലഘട്ടത്തിലും പ്രസക്തിയും പ്രാധാന്യവും കൂടി വരുന്നുവെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ സാഹിത്യഅക്കാഡമി പോലുള്ള സ്ഥാപനങ്ങൾ കുമാരനാശാന്റെ ഈ കൃതികൾ ശതാബ്ദി വർഷത്തിലാണെന്ന കാര്യം അറിഞ്ഞ മട്ടില്ല.
കുമാരനാശാന്റെ 'ദുരവസ്ഥ'യ്ക്ക് പ്രമേയമായ മലബാർ കലാപത്തിന്റെ ഓർമ്മകൾ കഴിഞ്ഞവർഷം നൂറാം വർഷത്തിലേക്ക് കടന്നപ്പോൾ ഉണ്ടായ കോലാഹലം നമ്മൾ കണ്ടതാണ്. സാമൂഹിക ചലനങ്ങൾ സൂക്ഷ്മമായി മനസിലാക്കുന്ന കവി കലാപത്തിന്റെ ഭാഗമായി നടന്ന കൊടുംക്രൂരതകൾ സാവിത്രി എന്ന കഥാപാത്രത്തിന്റെ ദൃഷ്ടിയിലൂടെ അവതരിപ്പിച്ചു.
'അമ്മമ്മാരില്ലേ, സഹോദരിമാരില്ലേ
യിമ്മൂർഖർക്കീശ്വരചിന്തയില്ലേ ''
എന്ന വരികളിൽ കലാപത്തിന്റെ ഭീകരത തെളിഞ്ഞു കാണാം.എന്നാൽ ഇതൊന്നും കാണാതെ ചില മതവിഭാഗക്കാരുടെ പ്രീതി പിടിച്ചുപ​റ്റാൻ മലബാർ കലാപം സ്വാതന്ത്റ്യസമരമാണെന്ന് ചില കക്ഷിനേതാക്കൾ സമീപകാലത്ത് ഉറക്കെപ്പറഞ്ഞ് നടക്കുന്ന കാഴ്ചയും നാം കണ്ടു. ശ്രീബുദ്ധന്റെ ശിഷ്യനായ ആനന്ദഭിക്ഷു വേനലിൽ നടന്നു തളർന്നപ്പോൾ ചണ്ഡാലകുലത്തിൽപ്പെട്ട പെൺകുട്ടിയോട് വെള്ളം ആവശ്യപ്പെടുന്നതും 'ദാഹത്താൽ അങ്ങ് ജാതി മറന്നോ'യെന്ന പെൺകുട്ടിയുടെ ചോദ്യവും ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തെ ഇക്കാലത്തും പ്രസക്തമാക്കുന്നു.
''നരന് നരനശുദ്ധവസ്തുപോലും
ധരയിൽ നടപ്പത് തീണ്ടലാണ് പോലും''
എന്ന സ്വാതന്ത്റ്യഗാഥയിലെ വരികൾ ജാതിക്കെതിരെ ഉതിർത്ത കൂരമ്പുകളായിരുന്നുവെന്ന് നമുക്കറിയാം.
എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരിക്കെ 1904ൽ ആരംഭിച്ച 'വിവേകോദയം' മാസികയിൽ ജാതി അനാചാരങ്ങളിൽ മനംമടുത്ത് ആശാൻ ഇങ്ങനെ എഴുതി. 'ഭാരതത്തിൽ ജാതി ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതും പോലെ അത്ര കഠിനമായ ലോകദ്റോഹം ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു അസുരൻ 18പുരാണങ്ങളും ഉപപുരാണങ്ങളും തിരിച്ചും മറിച്ചു നോക്കിയാൽ കാണാൻ കഴിയുമോ?
ജാതി ഉച്ചനീചത്വവും അയിത്തവും തീണ്ടലും തൊടീലുമൊക്കെ ആ കാലഘട്ടത്തിൽ എത്രത്തോളം ശക്തമായിരുന്നുവെന്ന് ഈ വരികൾ തെളിയിക്കുന്നു. പിന്നാക്ക ജാതിസംവരണത്തെ പലവിധ കാരണങ്ങൾ പറഞ്ഞ് എതിർക്കുന്നവർ കുമാരനാശാന്റെ വരികളുടെ അർത്ഥം ഉൾക്കൊണ്ടിരുന്നുവെങ്കിൽ എന്ന് ആശിക്കുകയാണ്.
ശ്രീമൂലം പ്രജാസഭയിൽ ഈഴവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനെതിരെ വിവേകോദയത്തിലെ മുഖപ്രസംഗത്തിലൂടെയാണ് ആശാൻ ശക്തമായ വിമർശനമുയർത്തിയത്. തുടർന്ന് പ്രജാസഭയിൽ എസ്.എൻ.ഡി.പി യോഗത്തിന് പ്രാതിനിധ്യം അനുവദിക്കുകയും കുമാരനാശാനെ തന്നെ പ്രതിനിധിയായി തീരുമാനിക്കുകയും ചെയ്തു.
പ്രജാസഭയിലെ ആദ്യപ്രസംഗത്തിൽ തന്നെ കുമാരനാശാൻ തുറന്നടിച്ചു. ''കേരളത്തിൽ ഇരപ്പാളികൾ ഇല്ലാത്ത ഒരു സമുദായമുണ്ടെങ്കിൽ അത് ഈഴവരാണ്''. പ്രജാസഭയിൽ ആശാന്റെ ഇടപെടലുകൾക്ക് ഫലമുണ്ടായി. അവർണർക്ക് പ്രവേശനം നിഷേധിച്ചിരുന്ന പല സ്‌കൂളുകളും ഈഴവർക്കും മറ്റ് പിന്നാക്കക്കാർക്കുമായി തുറന്നു കൊടുത്തു. ഈഴവർക്ക് പ്രവേശനം നിഷേധിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക അദ്ദേഹം പ്രജാസഭയിൽ വച്ചു. തുടർന്ന് സംസ്‌കൃത ആയുർവേദ പാഠശാലകളിലും ഈഴവർക്ക് പ്രവേശനം ലഭിച്ചു. 49 വയസുവരെ മാത്രം നീണ്ടുനിന്ന സംഭവബഹുലമായ ജീവിതകാലത്തിനിടയിൽ ഗ്രന്ഥകാരൻ,അദ്ധ്യാപകൻ,കവി,വ്യവസായി, പത്രാധിപർ നിയമസഭാസാമാജികൻ, സംഘടനാ പ്രവർത്തകൻ തുടങ്ങിയ ബഹുമുഖ മേഖലകളിൽ കുമാരനാശൻ തിളങ്ങി.

'സ്‌നേഹമാണഖിലസാരമൂഴിയിൽ
സ്‌നേഹസാരമിഹ സത്യമേകമാം'
എന്ന് പാടിയ സ്‌നേഹഗായകന് പൊതുപ്രവർത്തനത്തിൽ ഒരുപാട് ദുരനുഭവങ്ങളുണ്ടായിയെന്നത് വസ്തുതയാണ്. കുമാരനാശാന്റെ കാവ്യജീവിതത്തെ മുൻനിറുത്തി ബ്രിട്ടീഷ് ഭരണാധികാരിയായ വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച അഭിമാനകരമായ സംഭവം അദ്ദേഹത്തെ അധിക്ഷേപിക്കാൻ ചിലർ ഉപയോഗിച്ചു .ബ്രിട്ടീഷുകാരുടെ പാദസേവകനാണെന്ന് വരെ ശത്രുക്കൾ പറഞ്ഞുനടന്നു.
മദ്റാസ് യൂണിവേഴ്‌സി​റ്റി സിൻഡിക്കേ​റ്റിന്റെ തീരുമാന പ്രകാരമാണ് അന്ന് ഇന്ത്യാ സന്ദർശനത്തിനെത്തിയ വെയിൽസ് രാജകുമാരൻ പട്ടുംവളയും സമ്മാനിച്ചതെന്ന വസ്തുതയൊന്നും വിമർശകർ കണ്ടില്ല. ഈ ബഹുമതി ലഭിച്ച ആദ്യ ഭാരതീയനായിരുന്നു ആശാൻ. എന്നാൽ പിന്നാക്കക്കാരൻ എന്ന കാരണത്താൽ ആ കാലഘട്ടത്തിൽ മാത്രമല്ല സമീപകാലത്തും ആശാനെ പല പ്രമുഖരും അധിക്ഷേപിച്ചു. ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കേണ്ടി വന്നു ആശാന്.
കവിതവച്ച് അക്കാലത്ത് പണമുണ്ടാക്കാൻ കഴിയുമായിരുന്നില്ല. ശത്രുക്കൾ ഏറെയുണ്ടായിരുന്നു ആ സ്‌നേഹഗായകന്. സ്വന്തം സമുദായത്തിൽ നിന്നും ഏറെ എതിർപ്പുകൾ നേരിടേണ്ടിവന്നു. പ്രമുഖ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്റെ ഭാഷയിൽ പറഞ്ഞാൽ 'സങ്കടങ്ങളുടെ പെരുങ്കടൽ നീന്തികടന്ന ആളാണ് ആശാൻ'.
98 വർഷം മുമ്പ് പല്ലനയാ​റ്റിൽ കുമാരനാശാന്റെ ജീവിതം വിലയം പ്രാപിച്ചതിന് ശേഷം അരനൂ​റ്റാണ്ടോളം പല്ലനയിൽ ഒരു കല്ലറ മാത്രമായിരുന്നു സ്മാരകം. ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന തീരുമാനമെടുക്കാൻ 1974ൽ അന്ന് മന്ത്റിയായിരുന്ന ടി.കെ. ദിവാകരൻ അവിടെ എത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. 1976ൽ സ്മാരകം യാഥാർത്ഥ്യമായെങ്കിലും പിന്നീട് വന്ന ഭരണാധികാരികൾ വാഗ്ദാനം ചെയ്ത ബ്രിഡ്ജ് മ്യൂസിയവും ഗവേഷണ വിദ്യാർത്ഥികൾക്ക് ലൈബ്രറിയും മ​റ്റും ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. കുമാരനാശാന്റെ കഥാപാത്രങ്ങളെ പ്രതിഫലിപ്പിക്കുന്ന മ്യൂസിയമടങ്ങുന്ന സ്മാരകം രണ്ടുവർഷം മുമ്പ് സ്ഥാപിക്കപ്പെട്ടത് കവിയെ സ്‌നേഹിക്കുന്നവർക്ക് ആശ്വാസം പകരുന്നു.
മഹാകവിയെന്ന നിലയിലും ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ വിപ്ലവകാരി എന്ന നിലയിലും ആശാന് വേണ്ട ആദരവ് കിട്ടിയിട്ടുണ്ടോയെന്ന് എല്ലാവരും ചിന്തിക്കുകയും വിലയിരുത്തുകയും വേണം. ആശാനെ അനുസ്മരിക്കാൻ സർക്കാർ സംവിധാനങ്ങൾ മുൻകൈയെടുത്ത് വലിയ സമ്മേളനങ്ങളോ സാഹിത്യ സദസുകളോ പല്ലനയിൽ നടത്തിയതായി അറിവില്ല. ജാതി വ്യവസ്ഥയ്‌ക്കെതിരെ കവി നടത്തിയ തീക്ഷ്ണമായ പ്രതികരണമാണ് ഈ അവസരത്തിൽ മനസിലെത്തുന്നത്.
''മാ​റ്റുവിൻ ചട്ടങ്ങളെ
സ്വയമല്ലെങ്കിൽ
മാ​റ്റുമതുകളീ

നിങ്ങളെത്താൻ''.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KUMARANASAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.