SignIn
Kerala Kaumudi Online
Saturday, 21 September 2024 10.57 AM IST

അതിരിടാനാവാത്ത വിശ്വമഹാകവി

Increase Font Size Decrease Font Size Print Page

kumaran

ജാതിവ്യവസ്ഥകളുടെ ഉച്ചനീചത്വങ്ങളെ വിധിവിഹിതമെന്ന മട്ടിൽ അനുഭവിച്ചു തീർത്തുകൊണ്ടിരുന്ന സമൂഹത്തിൽ സാമൂഹ്യവിപ്ലവകാരിയായി ഒഴുക്കിനെതിരെ ഉണർന്നുനിൽക്കാൻ ആശാനെ കരുത്തനാക്കിയത് ശ്രീനാരായണദർശനമായിരുന്നു. ആശാനെ ശ്രീബുദ്ധസംഹിതകളിലേക്ക് അടുപ്പിച്ചത് ഹിന്ദുമതത്തിൽ മുറ്റിനിന്ന ദുരാചാരങ്ങളോടുള്ള അടങ്ങാത്ത അമർഷമായിരുന്നു. കവിതകൾക്ക് രൂപപരമായ സൗകര്യവും ശില്പചാരുതയും കൈയടക്കവും നല്കിയത് കേരളപാണിനി എ. ആർ. രാജരാജവർമ്മയുമായുണ്ടായ സഹവാസവും ഇംഗ്ലീഷ് കവിതാപരിചയവും സംസ്‌കൃത–തമിഴ് സാഹിത്യശാഖകളുമായി സ്ഥാപിച്ച ആത്മബന്ധവുമായിരുന്നു. ശ്രീനാരായണഗുരുവും എ.ആറും ഇല്ലായിരുന്നെങ്കിൽ നമുക്കു കിട്ടുമായിരുന്നത് മറ്റൊരു ആശാനെ ആകുമായിരുന്നു.

1891 ൽ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടുമ്പോൾ ആശാന് 18 വയസ്സ്. ഗുരുവിന്റെ പ്രേരണ കൊണ്ടാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയതും ഉപരിപഠനം നടത്തിയതും ബാംഗ്ലൂർ ,കൽക്കത്താ യാത്രകൾ നടത്തിയതുമെല്ലാം. 1903 ൽ ശ്രീനാരായണ ധർമ്മപരിപാലന യോഗം സ്ഥാപിതമായപ്പോൾ സെക്രട്ടറി സ്ഥാനത്തേക്ക് നിയുക്തനായി. തുടർന്ന് വിവേകോദയത്തിന്റെ പത്രാധിപത്യവും ഏറ്റെടുത്തു.

1907 ൽ വീണപൂവ് പ്രസിദ്ധപ്പെടുത്തുന്നതോടെയാണ് ആശാനും മലയാളകാവ്യസരണിയും ഒരുപോലെ വഴിതിരിഞ്ഞത്. സിംഹപ്രസവം, നളിനി, ലീല, ശ്രീബുദ്ധചരിതം ബാലരാമായണം, ഗ്രാമവൃക്ഷത്തിലെ കുയിൽ, പ്രരോദനം, ചിന്താവിഷ്ടയായസീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയ വ്യക്തിമുദ്ര പതിഞ്ഞ കൃതികളാണ് സ്ഥലകാലങ്ങൾക്ക് അതിരിടാനാവാത്ത വിശ്വമഹാകവിയായി ആശാനെ ഉയർത്തുന്നത്.
ന്യായവിദ്വാൻ, തർക്കതീർത്ഥ തുടങ്ങിയ പരീക്ഷകൾക്കുവേണ്ടി ബാംഗ്ലൂരിലും കൽക്കത്തയിലുമൊക്കെ ചുറ്റിയടിച്ച ഘട്ടത്തിലാണ് ആശാന് ലോകസാഹിത്യത്തിലേക്കു കിളിവാതിൽ തുറക്കാനായത്.

ബാംഗ്ലൂരിൽ ഡോ.പൽപ്പുവുമായി ബന്ധപ്പെട്ടതും അദ്ദേഹം ആശാനെ ഷെല്ലിയിലേക്കും റോബർട്ട് ബ്രൌണിങ്ങിലേക്കും കീറ്റ്സിലേക്കുമൊക്കെ ആനയിച്ചതും നവോന്മേഷദായകമായ തനതു കാവ്യശൈലി രൂപപ്പെടുത്താൻ അദ്ദേഹത്തെ സഹായിച്ചു.

മഹാകാവ്യമെഴുതാതെ മഹാകവിയായി ആശാൻ. കടലിനെയും സൂര്യചന്ദ്രന്മാരെയും വിപ്രലംഭശൃംഗാരത്തെയും പുത്രസംഭവത്തെയുമൊക്കെ വർണിക്കുന്നതാവണം മഹാകാവ്യമെന്ന ചട്ടക്കൂടിൽ ഒതുങ്ങിനില്ക്കാൻ കാളിദാസനെപ്പോലെ ആശാനും തയ്യാറായില്ല.

അതിഭാവുകത്വവും അലങ്കാരങ്ങളുടെ കൃത്രിമമായകളും നിറക്കൂട്ടുകളും നിറഞ്ഞ സംസ്‌കൃത പദജഡിലമായ അനുകരണകൃതികൾ മാത്രം പിറന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് ആധുനികമലയാള കാവ്യചരിത്രത്തിലൊരു നാഴികക്കല്ലായി വീണപൂവ് വന്നത്.

വിലാപഗീതത്തിന്റെ സ്വഭാവമുള്ള വീണപൂവിൽ ആശാൻ സമ്പൂർണ ജീവിതത്തെക്കുറിച്ചുള്ള സത്യം തത്വചിന്താപരമായ ഉൾക്കാഴ്ചയോടെ പറഞ്ഞുവെച്ചു.

സിംഹപ്രസവം എന്ന ചെറുകവിതയുടെ ഹ്രസ്വമായ ഇടവേളയ്ക്കുശേഷം ആശാനെഴുതിയ പ്രമുഖ കവിത നളിനിയാണ്. വീണപൂവിന്റെ രൂപഭേദമാണ് നളിനി. നായിക നളിനിയാണെന്നതു കൊണ്ടുതന്നെ നായകൻ ദിവാകരനാണ്. നായികയായ നളിനി, മണ്ണിൽ മരിച്ച് വിണ്ണിലെ കല്പവൃക്ഷശാഖയിൽ പുനർജ്ജനിക്കുന്ന വീണപൂവിന്റെ സഹോദരീസ്ഥാനത്ത് അമരത്വമാർജ്ജിക്കുന്നു.

ആശാന്റെ പ്രേമകാവ്യങ്ങളിൽ മൂന്നാമത്തേതാണ് ലീല. നളിനിയും ലീലയും തമ്മിൽ സാജാത്യവൈജാത്യങ്ങൾ ഏറെയുണ്ടെന്ന് ആശാൻ വ്യക്തമാക്കിയിട്ടുണ്ട്. നളിനി ശാന്തമായ സുഗന്ധവും ഉദാരമായ ശോഭയുമുള്ള താമരപ്പൂവാണെങ്കിൽ ലീല പ്രകടമായ സൗരഭ്യവും ഉജ്ജ്വല കാന്തിയുമുള്ള ചെമ്പകപ്പൂവാണെന്ന് ആശാൻ വിശേഷിപ്പിക്കുന്നു.

ആശാന് അനുഭവിക്കേണ്ടിവന്ന വൈകാരികവിഷാദത്തിന്റെ ഫലമാണ് 'ഗ്രാമവൃക്ഷത്തിലെ കുയിൽ' . ഈ കവിതയിലെ കുയിൽ കവി തന്നെയാണ്. ഗ്രാമവൃക്ഷം എസ്.എൻ.ഡി.പി. യോഗവും വൃക്ഷത്തിന്റെ അധിപനായ യോഗി ശ്രീനാരായണഗുരുവുമാണ്.

കവിയും വൈയാകരണനും പണ്ഡിതനും ആശാന്റെ കാവ്യവ്യക്തിത്വത്തെ കടഞ്ഞ് കാതലാക്കിയെടുത്ത ഗുരു സമാനമായ വ്യക്തിയുമായ കേരളപാണിനി എ.ആർ.രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്ന് 1919 ൽ എഴുതിയ വിലാപകാവ്യമാണ് പ്രരോദനം. എ.ആറും ആശാനും തമ്മിലുണ്ടായിരുന്നത് അതിഗാഢമായ ആത്മബന്ധമായിരുന്നു. ആ ബന്ധത്തിലെ തീവ്രത കവിതയിലും പിരിമുറുക്കമാവുന്നു.

ആശാന്റെ മൗലികപ്രതിഭ സമ്പൂർണമായ സർഗ്ഗവികാസം തേടുന്നത് ചിന്താവിഷ്ടയായ സീതയിലാണ്. ശ്രീരാമന്റെ ദൈവിക പരിവേഷമാകെ മാറ്റിവെച്ച് അദ്ദേഹത്തെ മനസ്സിന്റെ പ്രതിക്കൂട്ടിൽ നിറുത്തി അതിനിശിതമായി കുറ്റവിചാരണ ചെയ്യാനുള്ള മാനസിക പരിപാകം ഈ സീതയ്‌ക്കുണ്ട്. ഇത്രമേൽ വ്യക്തിത്വമാർന്ന ഒരു സീതയെ സമൂഹത്തിനു സങ്കല്പിക്കാനാവാത്ത ഘട്ടത്തിൽ ക്രാന്തദർശിയായ ആശാൻ സാഹിത്യത്തിനു നല്കി.

ആശാന്റെ കാവ്യജീവിതത്തിന്റെ സമാപ്തി ഘട്ടത്തിലാണ് സാമൂഹ്യ വിപ്ലവത്തിന്റെ തുയിലുണർത്തുപാട്ടെന്ന് വിശേഷിപ്പിക്കാവുന്ന ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ജനിക്കുന്നത്. വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന വിശേഷണം അദ്ദേഹത്തിനു നല്കിയ കാവ്യസപര്യയുടെ ഘട്ടമാണിത്.

ജാതിജീർണതകൾകൊണ്ട് ശ്വാസം മുട്ടുന്ന സാമൂഹ്യാവസ്ഥയിൽ വ്യവസ്ഥിതിക്കെതിരെ സ്വയമറിയാതെ ബഹിർഗമിച്ചതാണ് ഈ കവിതകൾ.

ദുരവസ്ഥയുടെ ഇതിവൃത്തത്തെയും ആവിഷ്‌കാര രീതിയെയും മാത്രമല്ല കവിയെയും യാഥാസ്ഥിതികത്വം ചോദ്യം ചെയ്തു. ആശാന്റെ ധീരമായ വിഗ്രഹഭഞ്ജകത്വം അവയെ കവിതകൊണ്ടും കാലംകൊണ്ടും അതിജീവിച്ചു.

ദുരവസ്ഥയിൽ നായിക ഉന്നത കുലജാതയാണെങ്കിൽ ചണ്ഡാലഭിക്ഷുകിയിൽ നായിക അധഃകൃത ജാതിയിൽപ്പെട്ടവളാണ്. രണ്ടു കവിതകളുടെയും ലക്ഷ്യം ജാതീയതയുടെ നെടുങ്കോട്ട പൊളിക്കൽ തന്നെ.

ആശാന്റെ അവസാനകൃതിയാണ് കരുണ. കുലത്തൊഴിലായി കിട്ടിയ വേശ്യാവൃത്തിയിൽ ജീവിതം കഴിക്കേണ്ടിവന്ന ഗണികയായ വാസവദത്തയുടെ മനസിൽ അചുംബിത സ്‌നേഹത്തിന്റെ ഉറവപൊട്ടുന്നതും ബുദ്ധശിഷ്യനായ ഉപഗുപ്തൻ ആർദ്രഹൃദയനായി വാസവദത്തയെ പാപവിമുക്തിയിലേക്കു നയിക്കുന്നതുമാണ് കരുണയുടെ പ്രമേയം. എത്ര ബഹുവർണ ശബളമാണ് ആ കാവ്യലോകം!

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KUMARANASAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.