SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.56 PM IST

മാതൃകയാകട്ടെ ഈ ജനകീയ കനാൽ വിപ്ലവം

photo

അരലക്ഷം കർഷകരും കർഷകത്തൊഴിലാളികളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് 600 കിലോമീറ്റർ ദൂരത്തിൽ ഒരു കനാൽ ശുചീകരിക്കുകയാണ് റിപ്പബ്ലിക് ദിനത്തിൽ. അരനൂറ്റാണ്ട് പിന്നിടുന്ന കുറ്റിയാടി ജലസേചനപദ്ധതിയുടെ ഭാഗമായ കൈക്കനാലുകൾ ശുചീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തി കോഴിക്കോട് ജില്ലയിൽ കൃഷി സമ്പുഷ്ടമാക്കുകയാണ് ലക്ഷ്യം. നേതൃത്വം നൽകുന്നത് കേരള കർഷകസംഘം.

രാഷ്ട്രീയം മാറ്റിവെച്ചാൽ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത കാർഷിക വിപ്ലവത്തിനാണ് ജനുവരി 26ന് കോഴിക്കോട് വേദിയാവുന്നത്. കേരളം മുഴുവൻ പടരണം കൂട്ടായ്മയുടെ ഈ കരുത്ത്. കേരളത്തിന്റെ നീളം തെക്കുനിന്ന് വടക്കോട്ട് അളന്നാൽ 580 കിലോമീറ്ററാണ്. ഓർക്കുക, കേവലം ആറുമണിക്കൂർകൊണ്ടാണ് 600 കിലോമീറ്റർ നീളത്തിലുള്ള കനാലുകൾ അരലക്ഷം പേർ കൂട്ടായ്മയിലൂടെ വൃത്തിയാക്കാൻ പോകുന്നത് !

കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ 75 കിലോമീറ്ററിലെ രണ്ട് പ്രധാന കനാലുകളും 300 കിലോമീറ്റർ നീളുന്ന ഉപകനാലുകളുമാണ് റിപ്പബ്ലിക് ദിനത്തിൽ അരലക്ഷം പേർ ചേർന്ന് ശുചീകരിക്കുന്നത്. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് കനാൽ ശുചീകരണം.
കോഴിക്കോട് ജില്ലയിൽ കുറ്റിയാടി ജലസേചനപദ്ധതിയുടെ ഭാഗമായ കനാലിനെ ആശ്രയിച്ച് 36,000 ഏക്കറിലാണ് കൃഷി നടക്കുന്നത്. പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ കനാലുകളും ഉപകനാലുകളും അക്വഡേറ്ററുകളും നവീകരിക്കുന്നതിന്റെ മുന്നോടിയായി കുറ്റിയാടി കനാലിനെ പൂർണമായി ഉപയോഗയോഗ്യമാക്കുന്നതിന്റെ ആദ്യഘട്ടമാണിത്. മലബാറിലെ പ്രധാന ജലസേചന പദ്ധതിയായ കുറ്റിയാടി കനാൽ വീണ്ടെടുക്കുന്നത് കാർഷിക മേഖലയ്ക്ക് പുത്തനുണർവ് പകരും എന്നതിൽ സംശയമേതുമില്ല.

ചരിത്രത്തിലേക്ക്

കാർഷിക മേഖലയെ മാത്രം ആശ്രയിച്ചുള്ള ജീവിത വൃത്തിയായിരുന്നു കോഴിക്കോട് ജില്ലയുടെ വടകര, കുറ്റിയാടി, പേരാമ്പ്ര മേഖലകളുടേത്. നെല്ലും കവുങ്ങും തെങ്ങും ഇടവിളകളുമൊക്കെയായി ജല ലഭ്യതയെ ആശ്രയിച്ചുള്ള കൃഷികൾ. വേനൽകാലം ഉണ്ടാക്കിയത് വലിയ പ്രതിസന്ധികളാണ്. കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാത്തത് മേഖലയെ കർഷകരുടെ കണ്ണീർ ഭൂമിയാക്കി. ഇതിനൊരു പരിഹാരമായാണ് കൃഷിയും വൈദ്യുതി ഉത്പാദനവും ലക്ഷ്യമിട്ടുള്ള കുറ്റിയാടി ജലസേചേന പദ്ധതികളുടെ ആരംഭം.
1957ലെ ഇ.എം.എസ് സർക്കാർ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ അടിസ്ഥാനമാക്കിയാണ് കക്കയം, കുറ്റിയാടി ജലസേചന പദ്ധതികൾ രൂപപ്പെട്ടത്. 1963ൽ പ്രവൃത്തി ആരംഭിച്ച ജലസേചന പദ്ധതിയുടെ ഒന്നാംഘട്ടം 1973ൽ കമ്മിഷൻ ചെയ്തു. പെരുവണ്ണൂമൂഴിയിൽ നിന്നും തുടങ്ങി മൂന്നുകിലോമീറ്റർ അകലെ പട്ടാണിപ്പാറയിൽ എത്തുമ്പോൾ വലതുകര, ഇടതുകര എന്നപേരിൽ കനാൽ രണ്ടായി പിരിയും. ഇടുതുകരയാണ് പ്രധാനം. കായണ്ണയിൽ നിന്നും കക്കോടി വരെ. മെയിൻ കനാലിൽ നിന്നും ബ്രാഞ്ച് കനാലുകളും ഡിസ്ട്രിബ്യൂട്ടറികളും ഫീൽഡ് ബുത്തുകളുമടക്കം ചെറുതും വലുതുമായി പോകും. പ്രധാനമായും മനുഷ്യാദ്ധ്വാനമാണ് കനാൽ നിർമാണത്തിന് പിന്നിൽ. മുണ്ടുമുറുക്കിയുടുത്ത് രാഷ്ട്രീയ ഭേദമന്യേ പിക്കാസും തൂമ്പകളും കോടാലികളുമായി ജനം ഇറങ്ങിയപ്പോൾ അവർക്കുള്ള ഭക്ഷണവും വിഭവങ്ങളുമായി കൂടെ നാട്ടുകാരും നിന്നു. 600 കിലോമീറ്ററോളം ദൂരത്തിൽ മനുഷ്യാദ്ധ്വാനത്തിലൂടെ മാത്രം ഒരുപക്ഷെ മറ്റെവിടെയും ഇല്ലാത്തവിധം കാർഷിക വിപ്ലവം തന്നെയാണ് മേഖലയിലേത്. വേനലായാൽ ഒരു തുള്ളി വെള്ളം കിട്ടില്ല. ദൂരെസ്ഥലങ്ങളിൽ നിന്ന് തലച്ചുമടായി വെള്ളമെത്തിച്ചുള്ള കൃഷി പ്രയാസമായപ്പോഴാണ് ഡാമിലെ വൈദ്യുതി ഉപയോഗത്തിനുശേഷമുള്ള വെള്ളം കൃഷിക്കായി ഉപയോഗിക്കാൻ കനാലുകളുണ്ടാക്കിയത്. ഓരോ പ്രദേശത്തുകൂടിയും വലുതും ചെറുതുമായ കനാലുകൾ കടന്നുപോകുമ്പോൾ കൃഷിക്ക് ആവശ്യാനുസരണം വെള്ളം ശേഖരിക്കാനായി. അതിനപ്പുറത്ത് നീരുറവകളായി ഈ വെള്ളം കിണറിലേക്കും പടർന്നു. സംസ്ഥാനമൊട്ടാകെ വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുമ്പോഴും കുറ്റിയാടി കനാൽ കടന്നുപോകുന്ന കോഴിക്കോടിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും കുടിവെള്ള പ്രശ്‌നംപോലും രൂക്ഷമായില്ല. നല്ല വേനൽക്കാലത്ത് ഒരു തുള്ളി മഴപോലും പെയ്തില്ലെങ്കിലും കിണറുകളിലേക്ക് വെള്ളം ഉയരുന്ന പ്രതിഭാസം ഒരുപക്ഷെ കോഴിക്കോടിന് മാത്രം സ്വന്തമായിരിക്കും. 1993ലാണ് കനാൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചത്. വടകര, കൊയിലാണ്ടി താലൂക്കുകൾക്ക് പൂർണമായും കോഴിക്കോട് താലൂക്കിലെ ഏതാനും പഞ്ചായത്തുകൾക്കും നഗരപരിസരങ്ങൾക്കും കൃഷിക്കും കുടിവെള്ളത്തിനും വലിയ ആശ്വാസമാണ് ഈ പദ്ധതി.

പദ്ധതിക്ക് കാലിടറിയപ്പോൾ

ജനകീയ ഇടപെടൽ

അമ്പത് വർഷം പിന്നിടുമ്പോൾ കനാലുകൾ അറ്റകുറ്റപ്പണി നടത്താതെ വെള്ളം ചോർന്നും കാടുമൂടിയും ചെളിനിറഞ്ഞും അവതാളത്തിലാവുമെന്ന അവസ്ഥയിലാണ് കർഷകസംഘം മുൻകൈയെടുത്ത് ബൃഹത്തായ ഉദ്യമത്തിന് ഇറങ്ങിയത്. സർക്കാരിൽ സമർപ്പിച്ച നിരവധി പദ്ധതികൾക്കൊന്നും ഫണ്ടില്ലെന്ന മറുപടികൾക്ക് എങ്ങനെ ജനകീയമായ ഇടപെടലിലൂടെ പരിഹാരം കാണാമെന്ന ചിന്തയിൽ നിന്നാണ് ശുചീകരണ യജ്ഞത്തിന് തീരുമാനമെടുത്തത്.

ഇരുവശങ്ങളും സിമന്റിട്ട് പടുത്തുയർത്തിയതെല്ലാം തകർന്നുപോയിരിക്കുന്നു. കാടുമൂടിയും ചെളി നിറഞ്ഞും വെള്ളം വൃത്തികേടാവുന്നു. കൈക്കനാലുകളെല്ലാം ചളിയും മണ്ണും മൂടി ഒഴുക്കു നിലച്ചു. കനാൽവെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷി നടത്തിയ ആയിരക്കണക്കിന് കർഷകർ പെരുവഴിയിലാകുന്ന അവസ്ഥ. അത്തരമൊരു പരിതസ്ഥിതിയിൽ നിന്നാണ് കർഷകരക്ഷയ്ക്ക് കനാലിനെ വീണ്ടെടുക്കുകയെന്ന സന്ദേശവുമായി കർഷകസംഘം രംഗത്തെത്തിയത്. പ്രസ്ഥാനത്തിന് രാഷ്ട്രീയമുണ്ടെങ്കിലും കനാൽ ശുചീകരണത്തിന് രാഷ്ട്രീയമില്ലാത്തതിനാൽ എല്ലാ വിഭാഗം രാഷ്ട്രീയ കക്ഷികളും ജനവിഭാഗങ്ങളും മത സംഘടനകളുമെല്ലാം കനാൽ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാകുന്നു.

നിർമാണ ജോലികൾക്കപ്പുറത്ത് ഒരുത്സവമായിട്ടാണ് കനാൽ ശുചീകരണം. ഒരുഭാഗത്ത് ജോലികൾ നടക്കുമ്പോൾ മറുഭാഗത്ത് കൊട്ടും കുരവയും പാട്ടും. കുടിവെള്ളവും ഭക്ഷണവുമൊക്കെയായി ഓരോ പ്രദേശത്തും വീട്ടമ്മമാരും നാട്ടുകാരും. കായണ്ണയിൽ രാവിലെ എട്ടിന് മന്ത്രി റോഷി അഗസ്റ്റിൻ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാർ, ജനപ്രതിനിധികൾ, സിനിമ-നാടക താരങ്ങൾ, എല്ലാമേഖലയിൽ നിന്നുമുള്ള കലാകാരന്മാർ പരിപാടിയുടെ ഭാഗമാവും. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയൊരു ജനകീയ മുന്നേറ്റമാണ് ഇവിടെ നടക്കുന്നത്. ജനം ഒന്നിച്ചിറങ്ങിയാൽ സാധിക്കാത്തതായി ഒന്നുമില്ല. എന്നാൽ ഇത്തരമൊരു ജനകീയ കൂട്ടായ്മയ്ക്ക് സർക്കാരും കരുത്തുപകരേണ്ടതുണ്ട്. മനുഷ്യാദ്ധ്വാനത്തിനപ്പുറത്ത് കനാലിന്റെ ചോർച്ചകൾ ശാസ്ത്രീയമായി അടയ്‌ക്കുകയും കേവലം മണ്ണുമാത്രമായിരിക്കുന്ന ഇടകനാലുകൾ കോൺക്രീറ്റ് ചെയ്ത് വെടിപ്പാക്കുകയും ചെയ്താലുള്ള വെള്ളം ചോർന്നുപോകാതെ ജനങ്ങളിലേക്കെത്തിക്കാനും കനാലുകൾ സംരക്ഷിക്കാനും കഴിയും. അതിനാവശ്യമായ ഫണ്ട് സർക്കാർ വകയിരുത്തി നൽകുകയും പ്രതിനിധികളുടെ കൃത്യമായ ഫോളോ അപ്പുകളുണ്ടാവുകയും ചെയ്താൽ നിലവിലുള്ള കൂട്ടായ്മയുടെ കരുത്തിൽ കാര്യങ്ങൾ സുഗമമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUTTIYADI CANAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.