SignIn
Kerala Kaumudi Online
Sunday, 28 April 2024 10.26 AM IST

ആശ്വാസത്തിനിടയിലും ആശയക്കുഴപ്പം

photo

1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാനം ഭൂപ്രശ്‌നങ്ങളിൽ നട്ടം തിരിയുന്ന ഇടുക്കി ജില്ലയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ്. കെട്ടിടങ്ങൾ ക്രമവത്കരിച്ചു നൽകാനുള്ള നീക്കം വിനോദ സഞ്ചാര മേഖലകളിലുൾപ്പെടെ സംരംഭകർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. 1500 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള കെട്ടിടങ്ങളും ഉയർന്ന ഫീസ് ഈടാക്കി ക്രമപ്പെടുത്തുന്നതും ഗുണകരമാകും. പത്ത് ചെയിൻ, മൂന്ന് ചെയിൻ മേഖലകളിലുൾപ്പെടെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള തീരുമാനവും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാണ്. ഉദ്യോഗസ്ഥരുടെ തെറ്റ് കാരണം മൂന്നാർ ട്രൈബ്യൂണലിന് കീഴിലായ ആനവിലാസത്തെ മൂന്നാർ മേഖലയുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ഒരാഴ്ചയ്ക്കകം ഉത്തരവിറക്കാനും ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ആനവിലാസത്തെ കോടതിയുടെ അനുമതിയോടെ മൂന്നാർ മേഖലയിലെ വില്ലേജുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് അന്നത്തെ റവന്യൂ മന്ത്രി വാഗ്ദാനം ചെയ്‌തെങ്കിലും അതുണ്ടായില്ല. പുതിയ തീരുമാനമെങ്കിലും നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഇടുക്കി.

എന്നാൽ 1500 ചതുരശ്ര അടിക്ക് മുകളിലുള്ള നിർമ്മാണങ്ങളുടെ കാര്യത്തിലാണ് അവ്യക്തതയും ആശങ്കയുമുള്ളത്. ഇത് ക്രമവത്കരിക്കണമെങ്കിൽ ഉയർന്ന ഫീസ് ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് യോഗത്തിൽ പറഞ്ഞിരിക്കുന്നത്. ഇത് ഇടുക്കി ജില്ലയ്ക്ക് മാത്രം ഏർപ്പെടുത്തതാണെന്ന് യോഗ തീരുമാനങ്ങളിൽ നിന്ന് മനസിലാക്കുന്നതായി സംഘടനകൾ പറയുന്നു. ഇത് ഇടുക്കിയിലെ ജനങ്ങളെ രണ്ടാം തരം പൗരൻമാരായി കാണുന്നതു കൊണ്ടാണെന്നാണ് ഇവരുടെ ആരോപണം. പട്ടയ ഭൂമിയിലെ നിർമ്മാണങ്ങളെല്ലാം ക്രമപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്. ഭൂ നിയമ ഭേദഗതി ഒരു ജില്ലയ്ക്ക് മാത്രമായി നടപ്പാക്കാൻ പറ്റില്ലെന്നും സംസ്ഥാനമൊട്ടാകെ നടപ്പാക്കേണ്ടി വരുമെന്നും വിവിധ സംഘടനകൾ പറയുന്നു. അങ്ങനെയുണ്ടായാൽ 1960ലെ നിയമപ്രകാരമുള്ള ഭൂമിയിലെ കെട്ടിടങ്ങളെല്ലാം ഉയർന്ന തുക നൽകി ക്രമപ്പെടുത്തേണ്ടി വരും. അതിനാൽ ഇത് വലിയ നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങും. വലിയ അഴിമതിയാണ് ഇത്തരം തീരുമാനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘടനകൾ പറയുന്നു. ഡീൻ കുര്യാക്കോസ് എം.പിയും വിവിധ ഭൂസംരക്ഷണ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

നേരത്തെ എല്ലാം നിയമവിരുദ്ധം

1964 ലെ ഭൂപതിവു ചട്ടം അനുസരിച്ചു നൽകിയിട്ടുള്ള പട്ടയ ഭൂമിയിൽ ഏലം ഡ്രയർ, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങൾ, ടൂറിസം അനുബന്ധ വ്യവസായങ്ങൾ, ഹോട്ടലുകൾ, കട മുറികൾ എന്നിവയെല്ലാം നിയമ വിരുദ്ധമാണ്. ചെറുകിട വ്യവസായങ്ങൾക്കും അനുമതിയില്ല. വാടകയ്ക്കു കൊടുക്കുന്നതിനു വേണ്ടി നിർമ്മിച്ച വീടുകൾ വരെ വാണിജ്യാവശ്യങ്ങളിൽ വരും. അതിനാൽ ഇതും നിയമവിരുദ്ധമാണ്. നിലവിൽ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും നിയമം ബാധകമാണ്. സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാനും ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്കും നിയമം തടസമാണ്. ചട്ടം ഭേദഗതി ചെയ്യുന്നതോടെ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

തലവേദന റവന്യൂ വകുപ്പിന്

ജില്ലയിൽ പ്രധാനമായും രണ്ട് തരം പട്ടയങ്ങളാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യത്തേത് റവന്യൂ ഭൂമിയ്ക്ക് പട്ടയം നൽകുന്ന 1964ലെ ചട്ടവും രണ്ടാമത്തേത് വനഭൂമിക്ക് പട്ടയം നൽകുന്ന 1993ലെ ചട്ടവും പ്രകാരമാണ്. ഈ രണ്ട് ചട്ടങ്ങളും ഉണ്ടാക്കിയിരിക്കുന്നത് 1960ലെ ഭൂനിയമം പ്രകാരമാണ്. ഈ നിയമം ഭേദഗതി ചെയ്ത് രണ്ട് ചട്ടങ്ങളിലും മാറ്റം വരുത്താനാണ് സർക്കാരിന്റെ നീക്കം. 1964ലെ ചട്ടം പ്രകാരം ആയിരക്കണക്കിന് പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ കഴിഞ്ഞ 15 വർഷത്തിനിടെ നൽകിയതിന് മാത്രമാണ് കൃത്യമായ രേഖകൾ റവന്യൂ വകുപ്പിന്റെ കൈയിലുള്ളത്. ഇക്കാര്യം ജില്ലാ ഭരണകൂടവും സ്ഥിരീകരിക്കുന്നുണ്ട്. ഇത് കൃത്യമായി കമ്പ്യൂട്ടർ ഡേറ്റയാക്കാനും വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിന് മുമ്പുള്ളവയുടെ പലരേഖകളും ഭൂപതിവ് ഓഫീസുകളിൽ പോലും ലഭ്യമല്ല. എന്നാൽ പട്ടയം വിതരണം ചെയ്യാൻ തുടങ്ങിയിട്ട് ആറ് പതിറ്റാണ്ട് തികയുകയാണ്. ഈ മാസം തന്നെ നിയമത്തിൽ ഭേദഗതി വരുത്തി നിർമാണങ്ങൾ നിയമപരമാക്കാൻ അനുമതി നൽകിയാൽ അത് വലിയ ഭഗീരഥ പ്രയത്നമാകും റവന്യൂ വകുപ്പിനുണ്ടാക്കുക. ആയിരക്കണക്കിന് അപേക്ഷകൾ ഓരോ താലൂക്കിലുമെത്താം. ഇതിൽ വ്യാജവും ഒറിജിനലും തിരിച്ചറിയാൻ തന്നെ ഏറെ ജോലി എടുക്കേണ്ടി വരും. ഇതിനായി തന്നെ വർഷങ്ങളുടെ നിയമ പോരാട്ടവും നടന്നെന്ന് വരാം. വലിയ അഴിമതിക്കും ഇത് കളമൊരുക്കും. ഇഷ്ടക്കാർക്ക് വ്യാജപട്ടയം പോലും നിയമപരമാക്കി നൽകാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. ഇതെല്ലാം ഔദ്യോഗിക രേഖയായി മാറിയാൽ പിന്നീട് സർക്കാരിന് പോലും അത് തിരുത്തുക പ്രായോഗികമാകില്ല. രവീന്ദ്രൻ പട്ടയം റദ്ദാക്കായിട്ട് ഒരു വർഷമാകുമ്പോഴും നടപടികൾ ഇപ്പോഴും പൂർത്തിയാക്കാനായിട്ടില്ലെന്ന് ഓർക്കണം.

വർഷങ്ങളായുള്ള ഭൂപ്രശ്‌നം

2007ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാറിലെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയതോടെയാണ് ചട്ട ലംഘനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ആദ്യം കൈയേറ്റ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിച്ച ദൗത്യ സംഘം പിന്നീട് ഭൂപതിവ് ചട്ട ലംഘനത്തിലും നടപടികളിലേക്ക് കടന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിച്ചെങ്കിലും ചട്ടലംഘനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങൾ തുടർന്നു. 2010ൽ മൂന്നാറിലെ സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി അനധികൃത നിർമാണം നടത്തിയ കേസുകൾ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചു. മൂന്നാർ മേഖലയിലെ നിർമ്മാണങ്ങൾക്ക് നിരാക്ഷേപപത്രം വേണമെന്ന് കോടതി ഉത്തരവിട്ടു. കെ.ഡി.എച്ച്, ചിന്നക്കനാൽ, പള്ളിവാസൽ, ആനവിരട്ടി എന്നിവ കൂടാതെ മൂന്നാറിൽ നിന്ന് ഏറെ അകലെയുള്ള ആനവിലാസം, ശാന്തമ്പാറ, ബൈസൺവാലി, വെള്ളത്തൂവൽ വില്ലേജുകളിലും റവന്യൂ വകുപ്പ് ഈ നിബന്ധന നടപ്പാക്കി. സർക്കാർ 2016 മുതൽ ഈ മേഖലയിൽ സമ്പൂർണ നിർമ്മാണ നിരോധനം നടപ്പാക്കാനാണ് ശ്രമിച്ചത്. ഇതിനിടെ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസുകളും ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കി. 2019 ആഗസ്റ്റിൽ റവന്യൂ വകുപ്പ് ഒമ്പതോളം വ്യവസ്ഥകൾ ചേർത്ത് ഇറക്കിയ ഉത്തരവോടെ ജില്ലയിലാകെ നിർമാണ നിരോധനമെന്ന സാഹചര്യമുണ്ടായി. തുടർന്ന് ഇത് സംസ്ഥാനത്താകെ ബാധകമാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ 2019 ഡിസംബർ 19ന് മുഖ്യമന്ത്രി ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു. അത് ഇപ്പോഴാണ് നടപ്പിലായത്. ഇതിനിടെ നിരവധി ഹർത്താലുകൾക്കും സമരങ്ങൾക്കും ജില്ല സാക്ഷ്യം വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAND ASSIGNMENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.