SignIn
Kerala Kaumudi Online
Friday, 20 September 2024 11.11 PM IST

ലോകകേരള സഭ വീണ്ടും സമ്മേളിക്കുമ്പോൾ

Increase Font Size Decrease Font Size Print Page

loka-kerala-sabha

ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തിരിതെളിയുന്നു. ലോകമെമ്പാടുമുള്ള മലയാളികളെ ഏഴ് മേഖലകളായി തിരിച്ച് അവരുടെ പ്രതിനിധികൾ, ജനപ്രതിനിധികൾക്കൊപ്പം കേരളത്തിന്റെയും പ്രവാസികളുടെയും പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഒരുമിക്കുന്നതാണ് കൂട്ടായ്മയുടെ സവിശേഷത. പ്രവാസിമലയാളികളുടെ ആഗോളസഹകരണവും കൂട്ടായ്മയും ഉറപ്പാക്കുകയും കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി ആ കൂട്ടായ്മയെ സമന്വയിപ്പിക്കുകയുമാണ് ലക്ഷ്യം.
ലോകമലയാളികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതിന്റെ നേട്ടങ്ങൾ പ്രളയം, കൊവിഡ്, യുക്രെയ്ൻ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ കേരളത്തിന് ബോദ്ധ്യപ്പെട്ടതാണ്.

ലോകകേരള സഭയിൽ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് ഈ സഭ. പ്രവാസികളിൽ ഇന്ത്യക്ക് പറത്തുള്ളവർ 104 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് 36 പേരും തിരിച്ചെത്തിയവർ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. വിവിധ പ്രവാസമേഖലയിലെ പ്രമുഖരടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളുമുണ്ടാവും. ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധിയിൽ നടക്കുന്ന പൊതുസമ്മേളനം അകംകേരളത്തിന്റെയും അതിന്റെ നട്ടെല്ലായി നിലകൊള്ളുന്ന പുറംകേരളത്തിന്റെയും സംഗമമായിരിക്കും.

പ്രവാസികളോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെയും കടപ്പാടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ലോകകേരള സഭ എന്ന ആശയം. പതിറ്റാണ്ടുകളുടെ മലയാളി പ്രവാസാനുഭവം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വിലമതിക്കാനാവാത്ത സമ്പത്താണ്. കഴിവും വൈദഗ്ദ്ധ്യവും ആശയഗരിമയും സമ്മേളിക്കുന്ന ആ വിഭവശേഷിയെ വേണ്ടവിധത്തിൽ ഈ മണ്ണിലേക്ക് ആവാഹിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. പൗരത്വമുള്ളവർക്ക് മാത്രമായി ലോകകേരള സഭാംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗരന്മാരല്ലാത്ത കേരളീയരെയും മറ്റു നിലകളിൽ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സ്വാഗതം ചെയ്യുന്നുണ്ട്.

കേരളസഭാ നേതാവ് മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമെന്ന നിലയിൽ ലോകകേരളസഭ ജനാധിപത്യപ്രക്രിയയെ കൂടുതൽ സമ്പന്നമാക്കുന്നു.

അകംകേരളവും പുറംകേരളവും കൈകോർത്തുകൊണ്ട് കൂടുതൽ ശോഭനമായ ഭാവിയിലേക്ക് ചുവടുവയ്ക്കാനുള്ള മാർഗങ്ങളാണ് മൂന്നാം ലോകകേരള സഭ ചർച്ചചെയ്യുന്നത്. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തിൽ പ്രവാസി ഇടപെടലിന്റെ സാദ്ധ്യതകൾ, നവകേരള നിർമാണത്തിന് സഹായകമാവുന്ന പ്രവാസി നിക്ഷേപസാദ്ധ്യതകൾ എന്നിവയാണ് ആദ്യ രണ്ട് വിഷയങ്ങൾ. ആഗോളതൊഴിൽ വിപണിയുടെ പുതിയ പ്രവണതകൾ വിശകലനം ചെയ്തുകൊണ്ട് ഗുണമേന്മയുള്ള പ്രവാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ഇവിടെ ചർച്ചയാവും. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ തീർച്ചയായും ഈ സമ്മേളനത്തിന്റെ മുഖ്യവിഷയമാണ്.
അതോടൊപ്പം വിദേശത്ത് പ്രവാസികൾ നേരിടുന്ന വ്യത്യസ്ത സാഹചര്യങ്ങളും ചർച്ചയാവും. ലോകകേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളിലാണ് ചേർന്നത്. ആ സമ്മേളന തീരുമാനങ്ങളിൽ മുഖ്യം ലോകകേരള സഭ സെക്രട്ടറിയേറ്റ് രൂപീകരിക്കുക, ഏഴ് വിഷയ മേഖല സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിക്കുക എന്നിവയായിരുന്നു.
ലോകകേരള സഭ സെക്രട്ടേറിയേറ്റിന്റെ പ്രത്യേക ഓഫീസ് നോർക്ക സെന്ററിൽ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരുടെ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച ശുപാർശകളിൽ

ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് & ഹോൾഡിങ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചു. പ്രവാസി ആനുകാലിക പ്രസിദ്ധീകരണം 'ലോക മലയാളം' ആരംഭിച്ചു.


നോർക്കയുടെ കാൽനൂറ്റാണ്ട്

ഒരു സംസ്ഥാനത്ത് ആദ്യമായി പ്രവാസികൾക്ക് പ്രത്യേക വകുപ്പ് രൂപീകൃതമായത് കേരളത്തിലാണ്. 1996 ഡിസംബർ ആറിന് നിലവിൽ വന്ന നോർക്ക പ്രവർത്തന പാന്ഥാവിൽ 25 വർഷം പിന്നിടുന്ന വേളയിലാണ് മൂന്നാം ലോകകേരള സഭ സമ്മേളിക്കുന്നത്. നിലവിലുള്ള പദ്ധതികൾ സജീവായി മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം പുതിയ പദ്ധതികളും നോർക്ക ആവിഷ്‌കരിക്കുന്നുണ്ട്.
കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ ലക്ഷ്യമാക്കി ഒരു പരിരക്ഷാ ഇൻഷുറൻസ് പദ്ധതിയും പരിഗണനയിലാണ്. കുടുംബത്തെ നാട്ടിൽവിട്ട് വിദേശത്ത് കഴിയുന്നവർക്കുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. പ്രവാസികളെയും കുടുംബാംഗങ്ങളെയും പരിരക്ഷയിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പ്രവാസികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് മറ്റൊരു പ്രധാന ചുവടുവയ്പ്പ്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിയുടെയും വിവരങ്ങൾ ഒരു ക്ലിക്കിൽ ലഭ്യമാക്കാനുള്ള വലിയ സംരംഭമാണിത്. ലോകമലയാളികളുടെ ഏകീകരണത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാനുള്ള മികച്ച മുതൽക്കൂട്ടായിരിക്കും.
നോർക്കയുടെയെും അതിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ ലോകകേരളസഭാംഗങ്ങളുടെ അഭിപ്രായങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് ഈ അവസരത്തിൽ ഉറപ്പു നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOKA KERALA SABHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.