SignIn
Kerala Kaumudi Online
Saturday, 27 April 2024 4.38 AM IST

എനിക്കും അടിച്ചിട്ടുണ്ട് ലോട്ടറി

cartoon-1

ഉച്ചകഴിഞ്ഞ് രണ്ട് രണ്ടരമണി. പതിവ് ഉച്ചമയക്കത്തിലായിരുന്നു ഞാൻ. ഉച്ചമയക്കം എന്നത് പരമ്പരാഗത രീതിയിൽ പറഞ്ഞതാണ്. ഒരുമണിമുതൽ അഞ്ചുമണിവരെ നീളുന്ന പ്രക്രിയ മയക്കമാവില്ലല്ലോ. വൈകുന്നേരം ചായകുടി എന്ന കലാരൂപം കൂടി ഇല്ലായിരുന്നെങ്കിൽ അത്താഴയാമം വരെ നീളുമായിരുന്നു എന്റെ മയക്കം. അങ്ങനെ കൂർക്കം വലിച്ച് മയങ്ങവേ ഭാര്യ വെപ്രാളത്തോടെ വന്ന് കുലുക്കിയുണർത്തി. ടിവിയിൽ എന്തോ സംഭവം നടക്കുകയാണത്രേ. ഉറക്കം കഴിഞ്ഞാൽ എന്റെ അടുത്ത വിനോദം ടിവികാണലാണ്.

ടിവിയുടെ മുന്നിൽ വന്നപ്പോൾ കാണുന്നത്, ടിവി നിറയെ, 'മാദ്ധ്യമപ്പട". ക്യാമറകളുടെ അയ്യരുകളി. ഓണം ബംബർ അടിച്ച ഭാഗ്യവാനെ തലങ്ങും വിലങ്ങും ഷൂട്ടുചെയ്യുകയാണ്. ഭാഗ്യവാൻ, ഭാഗ്യവാന്റെ കുടുംബം, ഭാഗ്യവാൻ നടന്ന വഴിത്താരകൾ ഒക്കെ കവർ ചെയ്യപ്പെടുന്നു. അനുബന്ധ സ്റ്റോറികൾ വേറെയുമുണ്ട്. കാശു കടം ചോദിക്കുന്നവരെ പ്രതിരോധിക്കേണ്ടതെങ്ങനെ, ലോട്ടറിയും ഇൻകം ടാക്സിന്റെ കാണാപ്പുറങ്ങളും, ബന്ധുക്കൾ ശത്രുക്കളാവുമോ? മുൻകാല ഭാഗ്യവാന്മാർ അനുഭവങ്ങളുടെ തീച്ചൂളയിൽനിന്നു നൽകുന്ന ഉപദേശങ്ങൾ, വാസ്തവത്തിൽ ലോട്ടറിയടിച്ചത് വ്യക്തിയ്‌ക്കാണോ ഇൻകംടാക്സ് വകുപ്പിനാണോ? കുടുക്ക പൊട്ടിച്ചെടുത്ത അമ്പതുരൂപ ഒറ്റനോട്ടായിരുന്നോ, ചില്ലറയായിരുന്നോ, തുടങ്ങി എന്നെപ്പോലുള്ള പ്രേക്ഷകനെ ആവേശഭരിതരാക്കുന്ന അനേകം ഉപവിവരങ്ങൾ.

എന്റെ സന്തോഷം

ലോട്ടറിയടിച്ച ഭാഗ്യവാനെ ഞാൻ നോക്കി. അല്ല എന്റെ പരിചയക്കാരനല്ല. ബന്ധുത്വവുമില്ല. എന്റെ ചുറ്റുപാടിലുള്ള ആളുമല്ല. എനിക്ക് പരിചയമേ ഇല്ലാത്തയാൾ. ഹൊ! ആശ്വാസമായി. എന്റെ ബന്ധുക്കാരിലോ പരിചയക്കാരിലോ ആർക്കെങ്കിലുമാണ് സൗഭാഗ്യം വന്നിരുന്നെങ്കിൽ പിന്നെ എനിക്കുറങ്ങാൻ പറ്റുമോ? ബന്ധുവിന് ലോട്ടറിയടിച്ച ദേഷ്യം മറ്റുകാരണങ്ങൾ കണ്ടെത്തി ഞാൻ വീട്ടുകാരോട് പ്രകടിപ്പിക്കില്ലേ. 'ഇങ്ങനെയാണോ ചായയുണ്ടാക്കുന്നത്. അവളുടെ ഒരു ഛായ, കൊണ്ടുഭോ" എന്നൊക്കെ പരിചയക്കാർ നന്നാകുന്നതിന്റെ ദേഷ്യം ഞാൻ ഭാര്യയോട് തീർക്കില്ലേ. ഹാ! ഇതിപ്പോൾ ഒരജ്ഞാത സുഹൃത്ത്. ഒരു പരിചയവുമില്ല. നന്ദി ദൈവമേ നന്ദി. നമുക്ക് ഒരു നേട്ടം വരുന്നതിനേക്കാൾ ഇരട്ടി സന്തോഷമാണല്ലോ നമ്മുടെ വേണ്ടപ്പെട്ടവർക്ക് നേട്ടം വന്നില്ലെന്നറിയുന്നത്.

ഭാഗ്യം ഭാഗ്യം

ഒറ്റദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ ആ സുഹൃത്തിനെ ഞാൻ നോക്കി. തുടർന്ന് 'ഭാഗ്യവും ഞാനും" എന്ന വിഷയത്തെക്കുറിച്ച് ഒരു ചിന്ത ആരംഭിച്ചു. ഇങ്ങനെ ഒരു ബംബർ ഭാഗ്യം എനിക്ക് ജീവിതത്തിലെന്നെങ്കിലും വരാൻ സാദ്ധ്യതയുണ്ടോ? ഞാനാണ് ഈ ടിക്കറ്റെടുത്തിരുന്നതെങ്കിൽ ചിലപ്പോൾ ഷർട്ടിന്റെ പോക്കറ്റിലിട്ടിരുന്ന ടിക്കറ്റ് അടുത്ത ദിവസം തുണി അലക്കുമ്പോൾ പോക്കറ്റിൽത്തന്നെ കിടന്ന് വെള്ളത്തോടൊപ്പം ലയിച്ച് ടിക്കറ്റിന്റെ കളറും പറ്റി എന്റെ ഉടുപ്പും കൂടി ചീത്തയാകും. അത്രയാണ് എന്റെ ഭാഗ്യം.

''ഭാഗ്യവന്തം പ്രസൂയേഥഃ

മാശൂരം മാ - ച പണ്ഡിതം"

കുന്തീദേവി പാഞ്ചാലിയെ ഉപദേശിച്ചതാണ്. ശൂരനെയോ പണ്ഡിതനെയോ അല്ല ഭാഗ്യവാനെ വേണം പ്രസവിക്കാൻ. ഞാനൊരു ശൂരനോ പണ്ഡിതനോ ആകാത്തപ്പോൾ എന്റെ അമ്മ ചിന്തിച്ചുകാണും, മിനിമം ഒരു ഭാഗ്യവാനെങ്കിലും ആകുമെന്ന്. പാവം. അവസ്ഥ ഞാനാലോചിച്ചു. എനിക്ക് ഭാഗ്യമെന്തെങ്കിലും വന്നിട്ടുണ്ടോ. ആ ആലോചനയിൽ നിന്നാണ് എനിക്കും എന്നെപ്പോലുള്ള ശരാശരിക്കാർക്കും കിട്ടിയ ഭാഗ്യനിർഭാഗ്യങ്ങൾ ഓർമ്മയിൽ വന്നത്.

ഭാഗ്യങ്ങൾ

നിർഭാഗ്യങ്ങളും

1. സ്കൂളിൽ പഠിക്കുമ്പോൾ കണക്ക് സാർ ചോദ്യം ചോദിക്കാനൊരുങ്ങും. നമ്മുടെ നേർക്കാണ് നോട്ടം. നെഞ്ച് പടപടാ ഇടിക്കും. നമുക്ക് ഉത്തരം അറിഞ്ഞുകൂട. ഒരു നിമിഷം അതാ ക്ളാസ് കഴിഞ്ഞതായി ബെല്ല് മുഴങ്ങുന്നു. എന്റെ പൊന്നോ. അതല്ലേ ഭാഗ്യം. ഏത് ഓണം ബംബർ തരും ഇതിന്റെ ഏഴയലത്തു നില്ക്കാനുള്ള സന്തോഷം.

2. പണ്ട് സിനിമാ തിയേറ്ററിൽ ടിക്കറ്റിന് പൊരിഞ്ഞ പോരാട്ടം നടത്തി തള്ളിക്കയറും. നമ്മൾ ടിക്കറ്റെടുത്തുകഴിയുമ്പോൾ അതാ പ്രഖ്യാപനം വരുന്നു. ടിക്കറ്റ് ക്ളോസ്ഡ്. ശ്ശൊ! എന്തൊരു സന്തോഷം. എന്തൊരു ഭാഗ്യം. ചിലപ്പോൾ നമ്മുടെ തൊട്ടുമുമ്പിൽ നിൽക്കുന്ന ആൾ എടുത്തുകഴിയുമ്പോൾ ടിക്കറ്റ് ക്ളോസ്ഡ് ശബ്ദം കേൾക്കുന്നു. നിങ്ങൾ നിർഭാഗ്യത്തിന്റെ പടുകുഴിയിൽ.

3. റെയിൽവേ സ്റ്റേഷനിലോ മറ്റോ ടിക്കറ്റെടുക്കാൻ നില്ക്കുന്നു. നാലഞ്ച് ക്യൂ ഉണ്ട്. ഏറ്റവും നീളം കുറഞ്ഞ ക്യൂവിൽ നമ്മൾ. തൊട്ടടുത്ത ക്യൂവിലാണെങ്കിൽ നമ്മൾ പതിനെട്ടാമനാകും. ഇതിൽ പതിനഞ്ചാമൻ. അപ്പോഴതാ മുന്നിൽ ടിക്കറ്റെടുത്തുനിൽക്കുന്ന കക്ഷിയും ടിക്കറ്റ് നൽകുന്ന സഹോദരനുമായി ഒരു സംസാരം. ചില്ലറ ഇല്ലായ്മയോ ട്രെയിൻ സമയമോ ഒക്കെയാണ്. വലതുവശത്തെ ക്യൂ നമ്മളെ പരിഹസിച്ച് മുന്നോട്ട്. അതിൽ നമ്മൾ കണക്കാക്കിയ നമ്മുടെ സ്ഥാനക്കാരൻ ടിക്കറ്റെടുത്ത് കഴിയുമ്പോഴും നമ്മൾ പത്താമനായി ഇൗ ക്യൂവിൽ. ചിലപ്പോൾ നമ്മൾ കൗണ്ടറിനടുത്തെത്തുമ്പോൾ സ്റ്റാഫ് മറ്റെന്തോ കാര്യത്തിന് കൗണ്ടർ ക്ളോസ് ചെയ്തുപോകുന്നു. ആ വരിയിൽ മുന്നിൽനിന്ന നമ്മൾ അടുത്ത വരിയിൽ പിന്നിൽ. ഭാഗ്യനിർഭാഗ്യങ്ങളുടെ വിളയാട്ടം നോക്കണം സാർ.

4. ഒരേ ലക്ഷ്യത്തിലേക്കു പോകുന്ന രണ്ട് ബസുകൾ സ്റ്റാൻഡിലെത്തുന്നു. നമ്മൾ മുന്നിൽവരുന്ന വേഗത കൂടിയ, തിരക്ക് കുറഞ്ഞ ബസിൽ കയറുന്നു. കത്തിച്ചുപോകുന്ന ബസ് വഴിയിൽ പഞ്ചറാകുന്നു. നമ്മൾ പിന്നാലെ വരുന്ന ബസിൽ സീറ്റില്ലാത്ത നിന്നുപോകുന്നു.

5. ഒരു പ്രായത്തിൽ പ്രണയത്തിൽ വീഴാൻ സാധിക്കുന്നു. ഭാഗ്യം. ആ പ്രണയം വിവാഹത്തിലെത്തുന്നു. മിക്കപ്പോഴും നിർഭാഗ്യം.

6. സ്വന്തമായി വീടുവയ്ക്കുവാൻ സാധിക്കുന്നു. ഭാഗ്യം. ഹൗസിംഗ് ലോൺ തീരുന്നില്ല. നിർഭാഗ്യം.

7, ദിവസങ്ങൾ സജീവമാകാൻ വാട്സാപ്പിൽ പുത്തൻ സൗഹൃദം. ഭാഗ്യം. ഫോൺ പാസ് വേഡ് ഭാര്യ മനസിലാക്കുന്നു. നിർഭാഗ്യം.

8. തെരുവുനായ കടിക്കാതെ വിടുന്നു. ഭാഗ്യം. നായയോട് മനസുകൊണ്ട് നന്ദി പറഞ്ഞ് കാൽ വയ്ക്കുന്നത് സ്ളാബ് പൊളിഞ്ഞുകിടക്കുന്ന ഓടയ്ക്കുമേൽ. നിർഭാഗ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOTTERY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.