SignIn
Kerala Kaumudi Online
Friday, 26 April 2024 10.47 PM IST

എരിഞ്ഞൊടുങ്ങുന്ന തീപ്പെട്ടി വ്യവസായം

mach-box

തീയില്ലാതെ നിത്യജീവിതം മുന്നോട്ടു പോകാത്ത നമ്മൾ എരി‌ഞ്ഞൊടുങ്ങുന്ന തീപ്പെട്ടി വ്യവസായത്തെ കുറിച്ചു കൂടി ഓർക്കണം. സാങ്കേതിക വളർച്ച തീപ്പെട്ടി കൊള്ളികളെ പുറന്തള്ളി ഗ്യാസ് ലൈറ്ററുകളിലേക്ക് മാറിയെങ്കിലും ഇന്നും തീപ്പെട്ടി വ്യവസായം നിലനില്‌ക്കുന്നു. കടുത്ത പ്രതിസന്ധിയിലാണെന്നു മാത്രം.

നീണ്ട 14 വർഷത്തിന് ശേഷം തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയർത്തിയിരിക്കുകയാണ് ഉടമകൾ. കഴിഞ്ഞമാസം ശിവകാശിയിൽ ചേർന്ന ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ചെസിന്റെ യോഗത്തിലാണ് തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചതും ഇന്ധന വില ഉയർന്നതും ചരക്കു നീക്കത്തിന്റെ നികുതിയുമടക്കം ആയപ്പോൾ വില വർദ്ധിപ്പിക്കാതെ തീപ്പെട്ടി വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന നിലപാടാണ് കമ്പനികൾക്ക്. പുതുക്കിയ വില ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ചെലവ് കൂടി,

വിലവർദ്ധിപ്പിക്കാതെ

തരമില്ല

ഒരു തീപെട്ടി ഉണ്ടാക്കാൻ 14 അസംസ്‌കൃത വസ്തുക്കൾ ആവശ്യമാണെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഒരു കിലോഗ്രാം റെഡ് ഫോസ്ഫറസിന്റെ വില 425 രൂപയിൽ നിന്ന് 810 രൂപയായും മെഴുകിന്റെ വില 58 ൽ നിന്ന് 80 രൂപയായും ഉയർന്നു. മാത്രമല്ല പുറം ഭാഗത്തെ പെട്ടി നിർമ്മിക്കുന്ന ബോർഡിന്റെ വില 36 ൽ നിന്ന് 55 രൂപയിലെത്തി. അകത്തെ പെട്ടി നിർമ്മിക്കാനുള്ള ബോർഡിന് 32 ൽ നിന്ന് 58 രൂപയായും വില ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ പേപ്പർ, മരപ്പട്ടിക, പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. ദിനംപ്രതി വർദ്ധിക്കുന്ന ഡീസൽ വിലയും തീപെട്ടിയുടെ വില വർദ്ധിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമാണ്.

നിലവിൽ 600 തീപെട്ടികൾക്ക് (ഓരോ പെട്ടിയിലും 50 തീപ്പെട്ടികൾ വീതമുള്ളത്) 270 രൂപ മുതൽ 300 രൂപയാണ് നിർമ്മാതാക്കൾ ഈടാക്കുന്നത്. എന്നാൽ, ഡിസംബർ മുതൽ 60 ശതമാനം വില വർദ്ധിപ്പിക്കാനാണ് തീരുമാനം. അതായത്, യൂണിറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന തീപ്പെട്ടിയുടെ ഒരു കെട്ടിന് 430 മുതൽ 480 രൂപയായി ഉയർത്തും. 12 ശതമാനം ജി.എസ്.ടിയും ഗതാഗത ചെലവും ഒഴിവാക്കിയുള്ള വിലയാണ് ഇത്.

14 വർഷത്തിന് ശേഷമാണ് തീപെട്ടികൾക്ക് ഒരു രൂപ വില കൂട്ടുന്നത്. 2007 ൽ ആയിരുന്നു അവസാനമായി തീപ്പെട്ടിക്ക് വില വർദ്ധിപ്പിച്ചിരുന്നത്. അന്ന് 50 പൈസയിൽ നിന്ന് ഒരു രൂപയായാണ് കൂട്ടിയത്.

ദക്ഷിണേന്ത്യയിൽ പ്രധാനമായും തമിഴ്‌നാട്ടിലെ ശിവകാശി മേഖലയാണ് തീപ്പെട്ടി വ്യവസായത്തിന്റെ മുഖ്യകേന്ദ്രം. നാല് ലക്ഷത്തിലധികം പേരാണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നത്.

ജീവിതവെളിച്ചം ഇല്ലാതാകുന്നു

നിർദ്ധനരുടെ സർക്കാർ ജോലിയെന്നായിരുന്നു ഒരു കാലത്ത് തീപ്പെട്ടിനിർമ്മാണം അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് സംസ്ഥാനമൊട്ടാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ചെറുകിട വ്യവസായങ്ങളിൽ ഒന്നു മാത്രമായി തീപ്പെട്ടി നിർമ്മാണം ചുരുങ്ങിയിരിക്കുന്നു.

പാലക്കാടിന്റെ പ്രതാപങ്ങളിലൊന്നു തന്നെയായിരുന്നു ഈ തൊഴിൽ മേഖലയും. പക്ഷെ, ഒരു തീപ്പെട്ടിക്കൊള്ളി എരിഞ്ഞു തീരുന്നതിനേക്കാൾ വേഗത്തിൽ കമ്പനികൾ പൂട്ടിപ്പോകുന്നത് കാണേണ്ട ഗതികേടിലാണ് പാലക്കാട്ടുകാർ.

1970 - 85 കാലഘട്ടങ്ങളിൽ പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്, മുതലമട, ആലത്തൂർ, വാളയാർ, കഞ്ചിക്കോട്, മുണ്ടൂർ,ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിൽ ചെറുതും വലുതുമായി നൂറോളം തീപ്പെട്ടി നിർമ്മാണ കമ്പനികളുണ്ടായിരുന്നു. ഇന്ന് ഇതിന്റെ നാലിലൊന്ന് കമ്പനികൾ മാത്രമേ അവശേഷിക്കുന്നുള്ളു. പലരും നഷ്ടം സഹിച്ചാണ് കമ്പനികൾ നടത്തിപ്പോകുന്നത്. മരങ്ങളുടെ ലഭ്യതയിലുണ്ടായ കുറവും അത് സൃഷ്ടിച്ച കടുത്ത വിലവർദ്ധനവുമാണ് തീപ്പെട്ടി കമ്പനികളുടെ നടുവൊടിച്ചത്. തീപ്പെട്ടിക്ക് ആവശ്യമായ കൊള്ളികൾക്കു വേണ്ടി തമിഴ്‌നാട് മറ്റു സ്ഥലങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതും സ്വന്തമായി തന്നെ നിർമ്മാണം ആരംഭിച്ചതും കേരളത്തെ കൂടുതൽ പ്രതിസന്ധികളിലേക്ക് നയിച്ചു.

എൺപതുകളുടെ അവസാനത്തോടെ പ്രതിസന്ധി ഉടലെടുത്തെങ്കിലും പലരും അടച്ചുപൂട്ടലിലേക്ക് നീങ്ങിയില്ല. അടുത്ത രണ്ട് പതിറ്റാണ്ടിനിടെ ചിലർ ഈ മേഖല ഉപേക്ഷിച്ചു. 2012 – 2013 കാലഘട്ടം വരെ മിക്കവരും വലിയ പ്രശ്‌നങ്ങൾ കൂടാതെ നിലനിന്നു പോന്നിരുന്നു. പിന്നീടാണ് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതെന്ന് ഈ മേഖലയിലെ പ്രമുഖർ പറയുന്നു.

നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതോടൊപ്പം ജീവിതച്ചെലവുകൾക്കനുസരിച്ച് കൂലി വർദ്ധിപ്പിക്കേണ്ടി വന്നു. ഇത് അഞ്ച് ശതമാനത്തോളം നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ചെറുകിട വ്യവസായശാലകളെ കൂടുതൽ കടബാദ്ധ്യതയിലേക്ക് നയിച്ചു. പലർക്കും കമ്പനികൾ അടച്ചുപൂട്ടേണ്ടി വന്നു. ചിലർ മറ്റു വ്യവസായങ്ങളിലേക്കും ചുവടുമാറ്റി. വളരെക്കുറച്ചു കമ്പനിയുടമകൾ മാത്രമാണ് ഇന്നും തീപ്പെട്ടിനിർമ്മാണവുമായി മുന്നോട്ടു പോകുന്നത്. ആർക്കും തന്നെ ഇതിൽനിന്നു യാതൊരുവിധ ലാഭവും ലഭിക്കുന്നില്ലെന്ന് ജില്ലയിലെ തീപ്പെട്ടി നിർമ്മാണ കമ്പനി ഉടമകൾ പറയുന്നു.

ഇനിയും സർക്കാർ

അവഗണിക്കരുത്

തീപ്പെട്ടിനിർമ്മാണം തകരുന്നത് കമ്പനിയുടമയെയോ തൊഴിലാളിയെയോ മാത്രമല്ല ബാധിക്കുക. ഈ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മരം കൊണ്ടുവരുന്നവർ മുതൽ കയറ്റി അയയ്‌ക്കുന്നതിന് ചാക്ക് തുന്നുന്നവർ അടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കും.

അഞ്ചോ ആറോ വർഷങ്ങൾക്കുള്ളിൽ തീപ്പെട്ടി നിർമ്മാണം പൂർണമായി ഇല്ലാതാകും. അധികാരികൾ ഒരു വ്യവസായം പൂർണമായും നശിക്കുന്നതു കണ്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വർഷങ്ങളായി കടുത്ത അവഗണനയാണ് ഈ മേഖല നേരിടുന്നതെന്നും കമ്പനി ഉടമകൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MACH BOX
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.