SignIn
Kerala Kaumudi Online
Saturday, 26 July 2025 12.54 PM IST

ഗാന്ധിജിയും രാമനാമവും

Increase Font Size Decrease Font Size Print Page

mahathmaji

കേരളകൗമുദിയിൽ (ജനുവരി 30 ) ഗാന്ധിജിയുടെ സെക്രട്ടറിമാരിൽ ഒരാളായിരുന്ന വി. കല്യാണത്തിന്റെ പ്രസ്താവനയെ ആധാരമാക്കിയുള്ള ഒരു ലേഖനം കണ്ടു. അതിൽ 'ഗാന്ധിജി, ഗോഡ്സെയുടെ വെടിയേറ്റു വീണപ്പോൾ ഒരക്ഷരം പോലും ഉച്ചരിക്കാൻ സാദ്ധ്യതയില്ലായിരുന്നുവെന്നും ഏതോ പത്രലേഖകന്റെ ഭാവനാവിലാസം മാത്രമായ ആ വാക്കുകൾക്ക് ആഗോളപ്രചാരം കിട്ടി എന്നും കല്യാണത്തിന്റെ വാചകങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഇതിന്റെ വാസ്തവം പരിശോധിക്കുമ്പോൾ ആചാര്യ കൃപലാനി, ഗാന്ധിജിയുടെ പുത്രനായ രാജ്‌മോഹൻ ഗാന്ധി, പൗത്രി സുമിത്രാഗാന്ധി കുൽക്കർണി, ഗാന്ധിജിയെ നടക്കാൻ സഹായിച്ചിരുന്ന ആഭ, മനു എന്നീ പെൺകുട്ടികൾ, മഹാത്മാ എന്ന ജീവചരിത്രഗ്രന്ഥമെഴുതിയ ഡി.ജി. തെണ്ടുൽക്കർ, ഗാന്ധിജിയെക്കുറിച്ച് എഴുതിയിട്ടുള്ള മറ്റനവധിപേരുടെ കൃതികളെല്ലാം കല്യാണത്തിന്റെ അഭിപ്രായത്തെ ഖണ്ഡിക്കുന്നവയാണ്.

വെടിയേറ്റുവീഴുമ്പോൾ ഗാന്ധിജിയുടെ ഏറ്റവും അടുത്തുണ്ടായിരുന്ന മനു, ഗാന്ധി 'മൈ മദർ" എന്ന തന്റെ കൃതി​യി​ൽ ഒരു വർഷം മുമ്പ് അതേമാസം അതേ തീയതി​യി​​ൽ (30-1-1947ൽ) നൗഖാലിയിൽ വച്ചുനടന്ന ഒരു സംഭവത്തോടു ബന്ധപ്പെടുത്തി പറയുന്നത് നോക്കുക.

'നൗഖാലിയിലെ ആം കി എന്ന സ്ഥലത്തുവച്ച് ഞാൻ എത്രതന്നെ ശ്രമിച്ചിട്ടും ബാപ്പുവിനു കുടിക്കാൻ ആട്ടിൻപാൽ കിട്ടിയില്ല. ഞാൻ വിഷമിക്കുന്നത് കണ്ടപ്പോൾ ബാപ്പു പറഞ്ഞു. അതൊരു പ്രശ്‌നമല്ല. ആട്ടിൻപാലിനു പകരം തേങ്ങാപ്പാലും നെയ്യിന് പകരം പഴകാത്ത തേങ്ങഎണ്ണയും മതിയാകും."

അങ്ങനെ ബാപ്പുവിന്റെ നിർദ്ദേശപ്രകാരം എട്ട് ഔൺസ് ആട്ടിൻപാലിനു പകരം അതേഅളവിൽ തേങ്ങാപ്പാൽ നൽകി. അതോടെ, ദഹനക്കുറവ് മൂലം അദ്ദേഹത്തിനു കലശലായ വയറ്റിളക്കം ഉണ്ടായി. വൈകുന്നേരമായപ്പോൾ രാത്രി തങ്ങേണ്ട കൂടാരത്തിൽ എത്തുന്നതിനു മുമ്പുതന്നെ ബാപ്പു കുഴഞ്ഞുവീണു.

'പരിഭ്രാന്തയായ ഞാൻ, അല്പം അകലെയുള്ള ഗ്രാമത്തിൽ സമാധാന ശ്രമങ്ങളിലേർപ്പെട്ടിരുന്ന ഡോ. സുശീലാ നയ്യാരെ ഇക്കാര്യം അറിയിക്കാൻ നിർമൽകുമാർ ബാബുവിനെ വിളിക്കുന്നതുകേട്ട് ബാപ്പു ഉണർന്നു. അദ്ദേഹം എന്നോട് പറഞ്ഞു.

'മനുദീ, നീ നിർമൽ ബാബുവിനെ വിളിച്ചതു ശരിയായില്ല. ഈ സമയം നീ ചെയ്യേണ്ടത് ഹൃദയപൂർവം രാമനാമം ജപിക്കുകയാണ്. ഞാൻ ഈ സമയം മുഴുവൻ രാമമന്ത്രത്തിൽ മുഴുകുകയായിരുന്നു. നീയും അത് ചെയ്തിരുന്നെങ്കിൽ ഞാൻ അത്യന്തം സന്തുഷ്ടനാകുമായിരുന്നു. നീ സുശീലയെ വിളിക്കാനായി നിർമൽബാബുവിനെ അയയ്‌ക്കേണ്ടതില്ല. എന്റെ യഥാർത്ഥ ഡോക്ടർ രാമനാണ്. എന്നിൽനിന്ന് രാമന് എത്രകാലമാണോ സേവനം ലഭിക്കേണ്ടത് ആ കാലം വരെയും അവൻ എന്റെ ജീവൻ നിലനിറുത്തും. അതു വേണ്ടെന്നു തോന്നുമ്പോൾ അവൻ എന്നെ അവനിലേക്കു വിളിക്കും."

ഇതുകേട്ട് ഒരു വി​റയൽ എന്റെ ശരീരത്തി​ലൂടെ കടന്നുപോയി​. ബാപ്പു പി​ന്നെയും പറഞ്ഞു:

"ഇന്നു ദൈവം നമ്മൾ രണ്ടുപേരെയും രക്ഷി​ച്ചി​രി​ക്കുകയാണ്. നീ കുറി​പ്പു കൊടുത്തയച്ചി​രുന്നെങ്കി​ൽ സുശീല അവളുടെ സേവനം ഉപേക്ഷി​ച്ച് ഉടനെ ഇവി​ടെയെത്തുമായി​രുന്നു. ദൈവത്തി​നു നന്ദി​. ഞാൻ ഇന്ന് പരീക്ഷി​ക്കപ്പെടുകയായി​രുന്നു. രാമനാമം എന്റെ ഹൃദയത്തി​ൽ ആഴത്തി​ൽ കടന്നുചെന്നി​ട്ടുണ്ടെങ്കി​ൽ ഞാൻ രോഗം വന്നു മരി​ക്കുകയി​ല്ലെന്ന് എനി​ക്ക് ബോദ്ധ്യമുണ്ട്. അവസാന ശ്വാസം വരെയും രാമനാമം ഒരാളുടെ ചുണ്ടുകളി​ൽ ഉണ്ടായി​രി​ക്കണം."

എന്നിട്ട് ബാപ്പു, ഹനുമാന്റെയും സീതയുടെയും രാമഭക്തി എന്നോടുപറഞ്ഞു. ഞാൻ എന്റെ ഡയറിയിൽ ഈ സംഭവം കുറിച്ചുവച്ചു. ഇത് ബാപ്പു വെടിയേറ്റ് മരിക്കുന്നതിനു ഒരു വർഷം മുമ്പ് 1947 ജനുവരി 30ന് നടന്ന സംഭവമായിരുന്നു. അടുത്തവർഷം ഇതേ തീയതിയിൽ എന്റെ ഹൃദയം പിളരുംവിധം, ബാപ്പുവിന്റെ വേർപിരിയുന്ന ആത്മാവിന്റെ രാമ... രാമ... എന്ന ശബ്ദം കേൾക്കാനിടയാകുമെന്ന് അന്നെനിക്കു സങ്കല്പിക്കാൻപോലും കഴിയുമായിരുന്നില്ല. ദൈവത്തിന്റെ വഴികൾ അജ്ഞാതമാണ്. (P. 28 - 30)

ഇത് ഗാന്ധിജി വെടിയേറ്റുവീഴുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന മനുവിന്റെ വാക്കുകളാണ്. ആഭയും ഇതുതന്നെയാണ് പറഞ്ഞത്. ഗാന്ധിജി ജീവൻ വെടിയുന്ന നേരത്ത് രാമ രാമ എന്ന് ഉരുവിട്ടതിനു വേറെ തെളിവിന്റെ ആവശ്യമില്ല.

ഗാന്ധിജി മറ്റൊരു ഘട്ടത്തിൽ തലയ്ക്കടിയേറ്റുവീണ് ബോധം തിരിച്ചു കിട്ടിയപ്പോൾ അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതു നോക്കാം.

ഇത് സംഭവിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. എന്റെ ദക്ഷിണാഫ്രിക്കൻ സത്യാഗ്രഹസമരം എന്ന കൃതിയിൽ ഗാന്ധിജി തന്നെ അതു വ്യക്തമായി പറയുന്നുണ്ട്. അവിടെ മിർ ആലം എന്നുപേരായ ഇന്ത്യാക്കാരനായ പത്താൻ ആയിരുന്നു ആക്രമണകാരി.

വെള്ളക്കാരുടെ സർക്കാരുമായുള്ള കരാർപ്രകാരം പ്രവാസികളായ ഭാരതീയരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പത്താൻകാർക്കിടയിലുണ്ടായ തെറ്റിദ്ധാരണയുടെ ഫലമായി മിർ ആലം തലക്കടിച്ചുവീഴ്ത്തി. സുഷുമ്‌നയിൽ നിന്ന് അല്പം മാറി അടികൊണ്ടതിനാലാണ് അന്ന് രക്ഷപ്പെട്ടത്. വീഴുമ്പോൾ താൻ രാമശബ്ദം ഉരുവിട്ടതായി ഗാന്ധിജി തന്നെ പറയുന്നുണ്ട്.

ഇങ്ങനെ മനു, ആഭ എന്നീ പെൺകുട്ടികളുടെ വാക്കുകൾ എല്ലാ ജീവചരിത്രകാരന്മാരുടെയും എഴുത്തുകൾ എന്നിവയെല്ലാം കല്യാണത്തിന്റെ അഭിപ്രായത്തെ അസത്യമാക്കുന്നു.

ഗോഡ്‌ സെയും ഗോഡ്‌സെയുടെ നീച കർമ്മത്തെ ന്യായീകരിക്കുന്നവരും വി. കല്യാണവും മാത്രമാണ് ഗാന്ധിജി രാമനാമം ഉച്ചരിച്ചില്ലെന്നു പറയുന്നത്. ഗാന്ധി വിരോധികളിൽ ചിലർ അദ്ദേഹം ഹേറാം എന്നല്ല ഹേ റഹിം എന്നാണു പറഞ്ഞതെന്ന് ആക്ഷേപിക്കുന്നുമുണ്ട്.

(ലേഖകൻ സർവോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഗാന്ധിജിയെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇതിൽ ഗാന്ധിജിയെക്കുറിച്ച് ഗോഡ്‌സെ, ഗാന്ധിജിയും അംബേദ്‌കറും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചവയാണ്.)

TAGS: MAHATHMAJI AND RAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.