SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 AM IST

ആശ്വാസതീരത്തെ കാൻസർ ചികിത്സ

malabar

തിരുവനന്തപുരം ആർ.സി.സി കഴിഞ്ഞാൽ കാൻസർ ചികിത്സയ്‌ക്കുള്ള മലബാറിലെ പൊതുമേഖലാ സ്ഥാപനമായ എം.സി.സിയെ പി.ജി ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റാനുള്ള തീരുമാനം കാൻസർ രോഗികൾക്ക് ആശ്വാസം പകരുന്നു. ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം സർക്കാരിൽ നിന്നുണ്ടാകുന്നത്.

കാൻസർ ചികിത്സാ രംഗത്ത് ആധുനികരീതികൾ നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതാണ് എം.സി.സിയെ പി.ജി. ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റാനുള്ള തീരുമാനം. പി.ജി. ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുമ്പോൾ നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിലുള്ള എം.ഡി, എം.സി. എച്ച്, ഡി. എം തുടങ്ങിയ കോഴ്സുകൾ തുടങ്ങാനും കഴിയും.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനമാനമുണ്ടായത്.

വടക്കേ മലബാറിലെ ഫാസ്റ്റ് ഫുഡ് ജീവിതശൈലി ദഹനേന്ദ്രിയ കാൻസറിന് വഴി തുറക്കുന്നുവെന്ന തലശേരിയിലെ മലബാർ കാൻസർ സെന്ററിന്റെ പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇത്തരം കാൻസർ രോഗികളുടെ എണ്ണത്തിൽ അമ്പത് ശതമാനത്തോളം വർദ്ധനവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെയുണ്ടായ 8435 രോഗികളിൽ 70 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാൻസറാണ് കണ്ടെത്തിയത്. അഞ്ചിൽ രണ്ട് ഭാഗം കേസുകളും അന്നനാളം, വൻകുടൽ എന്നീ ഭാഗങ്ങളിലാണ് . അതേസമയം തിരുവനന്തപുരം ആർ.സി.സിയിൽ ഇതേ കാലയളവിൽ ചികിത്സ തേടിയവരിൽ വായിലെ കാൻസറും ശ്വാസകോശ കാൻസറുമാണ് കാണാനായത്.
ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ മുൻകൈയെടുത്ത് തുടങ്ങിയ മലബാർ കാൻസർ സെന്റർ പി.ജി. ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്താൻ രണ്ട് പതിറ്റാണ്ടിലേറെക്കാലം കാത്തിരിക്കേണ്ടി വന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായ വേളയിൽ തന്നെ പി.ജി. ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി.

സ്ഥാപനം വികസിക്കുന്നതോടെ ഇന്ത്യയ്‌ക്കകത്തും പുറത്തുനിന്നുമായി നിരവധി ഗവേഷണ വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടെ എം.സി.സി 750 കിടക്കകളുള്ള രാജ്യത്തെ പ്രധാന കാൻസർ ചികിത്സാകേന്ദ്രമായി മാറും. ആശുപത്രി വികസനത്തിന്റെ ഭാഗമായി 81.69 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഒപി–റേഡിയോ തെറാപ്പി ബ്ലോക്ക് രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാവും.

പുതിയ ബ്ലോക്കിൽ അത്യാധുനിക സംവിധാനത്തോടെ രോഗിസൗഹൃദ അന്തരീക്ഷത്തിൽ 34 ഒ.പികൾ സജ്ജീകരിക്കും. രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, നാലുലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് , ലിഫ്റ്റുകൾ , പവർ ലോൺട്രി , നഴ്‌സസ് ഹോസ്റ്റൽ പ്ലംബിങ്, ഇലക്ട്രിക്കൽ ജോലിയടക്കമുള്ളവയാണിപ്പോൾ നടക്കുന്നത്. കിഫ്ബി ഒന്നാംഘട്ടത്തിൽ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ 350 വിദ്യാർത്ഥികൾക്ക് താമസിക്കാനാവശ്യമായ സ്റ്റുഡന്റ്‌സ് ഹോസ്റ്റൽ നിർമാണം തുടങ്ങി.

32 കോടി രൂപയുടെ ഏഴുനില കെട്ടിടമാണ് ഹോസ്റ്റലിനു വേണ്ടി നിർമിക്കുന്നത്. നഴ്‌സിങ് കോളേജ് വിപുലീകരണത്തിനും അനുമതിയായി. 25.5 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി.

84 കിടക്കകളുള്ള

കീമോ തെറാപ്പി വിഭാഗം

റേഡിയോ തെറാപ്പി വിഭാഗത്തിൽ 84 കിടക്കകളുള്ള കീമോതെറാപ്പി വാർഡുണ്ടാവും. നിലവിൽ 34 ബെഡാണ് കീമോതെറാപ്പിക്കുള്ളത്. കീമോ ചെയ്യാനുള്ള രോഗികളുടെ കാത്തിരിപ്പ് പുതിയ ബ്ലോക്ക് വരുന്നതോടെ അവസാനിക്കും. റേഡിയോ ബയോളജി ലാബ്, റേഡിയോ തെറാപ്പി, സർജറി വിഭാഗങ്ങളും ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കും. പുതിയ റേഡിയേഷൻ മെഷീനും സജ്ജമാക്കും. കൂടുതൽ രോഗികൾക്ക് റേഡിയേഷനും കീമോയും നടത്താൻ പുതിയ ബ്ലോക്ക് തുറക്കുന്നതോടെ സാധിക്കും.

കിഫ്ബി രണ്ടാംഘട്ടത്തിൽ 398 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതിയായത്. 14 നില കെട്ടിടനിർമാണത്തിനുള്ള ടെൻഡർ നടപടി തുടങ്ങി. മൂന്ന് വർഷത്തിനുള്ളിൽ പ്രവൃത്തി തീർക്കും. 12 ഓപ്പറേഷൻ തിയറ്റർ, 20 ബോൺ മാരോ ട്രാൻസ്‌പ്ളാന്റേഷൻ മുറികൾ എന്നിവ വരുന്നതോടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ അതിവേഗം ലഭിക്കും. ഭരണവിഭാഗവും പുതിയ വാർഡുകളും ഇവിടെ സജ്ജീകരിക്കും. ഗസ്റ്റ്ഹൗസ് നിർമാണവും കിഫ്ബി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടും.

രോഗികളുടെ

എണ്ണത്തിൽ വർദ്ധന

ആർ.സി.സി.യെ മാത്രം ആശ്രയിച്ചിരുന്ന മലബാർ മേഖലയിലെ കാൻസർ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന കേന്ദ്രമായി മലബാർ കാൻസർ സെന്ററിനെ മാറ്റാനാണ് സർക്കാർ നീക്കം . 2008ൽ 1040 ഓളം പുതിയ രോഗികൾ എം. സി.സിയെ ആശ്രയിച്ചിരുന്നെങ്കിൽ 2021ൽ പുതിയ രോഗികളുടെ എണ്ണം പതിനായിരത്തോളമായി. തുടർചികിത്സക്കായി എത്തിയവരുടെ എണ്ണം 80000 ആയി വർദ്ധിക്കുകയും, 4600 പേരെ കിടത്തി ചികിത്സിക്കും വിധേയമായിട്ടുണ്ട്. കുട്ടികളിലെ മജ്ജ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ചെയ്യുന്ന ഏക സ്ഥാപനമാണ് മലബാർ കാൻസർ സെന്റർ.

2000ത്തിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഇ.കെ. നായനാർ വൈദ്യുതി വകുപ്പിന് കീഴിൽ ആരംഭിച്ച സ്ഥാപനം പിന്നീട് 2008ൽ ആരോഗ്യ വകുപ്പിന് കൈമാറുകയായിരുന്നു.

കുട്ടികളിൽ കണ്ടുവരുന്ന കാൻസർ ചികിൽസിച്ചാൽ പൂർണമായി ഭേദമാകുന്നവയാണ്. കുട്ടികളുടെ കാൻസർ ചികിത്സ വളരെ അധികം കാഠിന്യമേറിയതും ദൈർഘ്യമേറിയതുമാണ്. കുട്ടികളുടെ ചികിത്സക്കൊപ്പം മാതാപിതാക്കളും മാനസിക സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. കൂടാതെ ചികിത്സ കാലങ്ങളിൽ സ്വന്തം വീടിന്റെ അന്തരീക്ഷത്തിൽ നിന്നും ദീർഘകാലം മാറിനിൽക്കേണ്ടി വരുന്നു എന്നതും കുട്ടികളെയും മുതിർന്നവരെയും മാനസികമായും ശാരീരികമായും തളർത്തുന്നതാണ്. ഈ വസ്തുതകൾ ഉൾക്കൊണ്ടാണ് പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് രൂപകല്പന ചെയ്‌തിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വീട് എന്ന സങ്കല്പത്തിലാണ് ഇത് വിഭാവനം ചെയ്‌തിരിക്കുന്നത്.

കുട്ടികളുടെ കാൻസർ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്. ശിശുസൗഹൃദമായാണ് രൂപകൽപ്പന. കുട്ടികൾക്കായി പ്രത്യേകം കീമോ തെറാപ്പി വാർഡ്, ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു എന്നിവയ്ക്കു പുറമേ കുട്ടികൾക്കായുള്ള കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തീയേറ്റർ എന്നിവയെല്ലാം ഈ ബ്ലോക്കിൽ സജ്ജമാക്കിയിട്ടുണ്ട്. അമ്മമാർക്കു വേണ്ടിയുള്ള തൊഴിൽപരിശീലന സംവിധാനം, ചികിത്സയ്‌ക്കൊപ്പം പഠനം തുടർന്ന് പോകാനുള്ള സംവിധാനങ്ങൾ, ആശുപത്രി എന്ന സങ്കൽപ്പത്തിൽ നിന്നും മാറി രസകരവും കൗതുകകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ചുവരുകൾ എന്നിവ ഈ ബ്ലോക്കിന്റെ പ്രത്യേകതകളാണ്.

ഗവേഷണമേഖലയിൽ മറ്റു ചികിത്സാ സംരംഭകരുമായുള്ള അഭിപ്രായങ്ങളും എൻജനീയറിംഗ്, സാമ്പത്തികശാസ്ത്രം, ഡാറ്റാ സയൻസ് എന്നിവയിലേക്കുള്ള ഗവേഷണങ്ങളും സ്ഥാപനം ഏറ്റെടുക്കുമെന്ന് ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ പറഞ്ഞു. മികച്ച ഫാക്കൽറ്റിയും മറ്റു അനുബന്ധ സൗകര്യങ്ങളും വരുന്നതോടെ എം.സി.സിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALABAR CANCER CENTRE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.