SignIn
Kerala Kaumudi Online
Friday, 26 April 2024 8.59 AM IST

മലയാളത്തിന് വേണം ഒരു കാമ്പസ്

malayalam-

സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോരാണ് കഴിഞ്ഞ കുറച്ചുനാളുകളായി ചർച്ചകളിൽ ഉയർന്നുനിൽക്കുന്നത്. ഈ പോര് സർവകലാശാലയും പിന്നിട്ട് ഭരണത്തലത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതിലെ ന്യായാന്യായങ്ങൾ തിരയുന്ന തിരക്കിനിടയിൽ കാണേണ്ട പല കാഴ്ചകളും കണ്ണിൽ പെടാതെ പോവുന്നു എന്നതാണ് യാഥാർത്ഥ്യം. ചർച്ച ചെയ്യപ്പെടേണ്ട പലതും ബഹളങ്ങളിൽ മുങ്ങിപ്പോവുന്നു.

കൊവിഡിന്റെ ഭീതിയകന്ന പശ്ചാത്തലത്തിൽ സർക്കാർ ഇത്തവണ കേരളപ്പിറവി കെങ്കേമമായി ആഘോഷിച്ചിട്ടുണ്ട്. മലയാള നാടിന്റെ പിറവി ആഘോഷിക്കേണ്ടതാണ് എന്നതിൽ തർക്കമില്ല. നാടിനോടും സംസ്‌കാരത്തോടും ഭാഷയോടുമെല്ലാം സ്‌നേഹവും അടുപ്പവും കൂട്ടാൻ ഇതു വഴിയൊരുക്കും. എന്നാൽ മലയാളത്തെ മറന്നുള്ള ആഘോഷം ഇതിന്റെ അർത്ഥം തന്നെ ഇല്ലാതാക്കും. മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് 2012 നവംബർ ഒന്നിന് ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ മണ്ണായ തിരൂരിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ സ്ഥാപിച്ച മലയാളം സർവകലാശാലയ്‌ക്ക് ഇന്നും ആസ്ഥാന മന്ദിരമോ സ്വന്തം ക്യാമ്പസോ ഇല്ല. കേരളത്തിന്റെ അഭിമാനമാവേണ്ട സർവകലാശാല ഒരുപതിറ്റാണ്ട് പൂർത്തിയാക്കുമ്പോഴുള്ള കാഴ്ചയാണിത്.

തിരൂർ വാക്കാട് തുഞ്ചൻ സ്മാരക ഗവൺമെന്റ്‌ കോളേജിന്റെ അഞ്ചേക്കർ സ്ഥലത്ത് നിർമ്മിച്ച താത്കാലിക ആസ്ഥാനത്തിലാണ് മലയാളം സർവകലാശാല പ്രവർത്തിക്കുന്നത്. മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാറായിരുന്നു ആദ്യ വൈസ് ചാൻസലർ. അദ്ദേഹം വിരമിച്ചതോടെ അഞ്ച് വർഷമായി ഡോ. അനിൽ വള്ളത്തോളാണ് വൈസ് ചാൻസിലറായി പ്രവർത്തിക്കുന്നത്.


സ്ഥലവും ഫണ്ടും

ഉണ്ടായിട്ടും

മലയാളം സർവകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനവും ക്യാമ്പസും നിർമ്മിക്കുന്നതിനായി തിരൂർ മാങ്ങാട്ടിരിയിൽ സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടായിരുന്ന 12 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഒരുവർഷം മുമ്പ് ഈ സ്ഥലത്ത് ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. മികച്ച സൗകര്യങ്ങളോടു കൂടിയ കാമ്പസിനായി 138 കോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ 20 കോടി രൂപ ബഡ്ജറ്റിൽ നീക്കിവയ്ക്കുകയും ചെയ്തു. എന്നാൽ ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. നടപടിക്രമങ്ങൾ ഇഴയുന്നത് സ്വന്തം കാമ്പസ് എന്ന സ്വപ്നത്തിന്റെ വേഗം കുറയ്ക്കുന്നുണ്ട്.

മാങ്ങാട്ടിരിയിലെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നേരത്തെ അരങ്ങേറിയിരുന്നു. 2015ൽ തുടക്കമിട്ട ഭൂമി ഏറ്റെടുക്കൽ നിയമസഭയിലടക്കം വിവാദങ്ങൾക്ക് തിരികൊളുത്തി. പൂർണ്ണമായും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമെന്ന് റവന്യൂ രേഖകളിൽ പ്രതിപാദിച്ചിരുന്ന സർവേ നമ്പറുകളിലെ സ്ഥലമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. കണ്ടൽകാടുകളുള്ള ഈ ഭൂമി സർവകലാശാല കാമ്പസിന് അനുയോജ്യമല്ലെന്നും ഭരണകക്ഷിയോട് അടുപ്പമുള്ളവരുടെ കൈവശമുള്ള ഭൂമി അമിത വില നൽകി ഏറ്റെടുക്കുന്നു എന്നതുമായിരുന്നു വിവാദം. നടപ്പുവില സെന്റിന് 40,000 എങ്കിൽ സർക്കാർ ഒന്നരലക്ഷം രൂപ നൽകിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സമീപമുള്ള 11 ഏക്കറോളം സ്ഥലവും ഭരണകക്ഷിയോട് അടുപ്പമുള്ളവരുടേതാണെന്നും ഭാവിയിൽ കാമ്പസ് വികസനത്തിന് കൂടിയ വില നൽകി ഈ ഭൂമി വാങ്ങേണ്ടി വരുമെന്നതടക്കം ചൂണ്ടിക്കാട്ടപ്പെട്ടു. വിവാദങ്ങളെല്ലാം ഇപ്പോൾ കെട്ടടങ്ങിയിട്ടുണ്ട്. മാങ്ങാട്ടിരിയിലെ സ്ഥലം തന്നെ കാമ്പസിനായി ഏറ്റെടുത്തു. എന്നാൽ ഈ ആവേശം കാമ്പസ് യാഥാർത്ഥ്യമാക്കുന്നതിൽ കാണുന്നില്ലെന്നതാണ് ആക്ഷേപം.

വേണം സ്ഥിരം

ജീവനക്കാർ

അവശ്യ സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടെങ്കിൽ മലയാളം സർവകലാശാലയ്ക്ക് ഭാഷാ രംഗത്തടക്കം വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. പരിമിതികൾക്കുള്ളിലും അക്കാഡമിക, അക്കാഡമികേതര രംഗങ്ങളിൽ മലയാളം സർവകലാശാല മികച്ച കുതിപ്പാണ് കാഴ്ചവയ്ക്കുന്നത്. എം.എസ്.സി പരിസ്ഥിതി പഠനവും എം.എ കോഴ്സുമടക്കം 11 പഠന വകുപ്പുകൾ സർവകലാശാലയിലുണ്ട്. 33 അദ്ധ്യാപകരും 28 അനദ്ധ്യാപകരുമുണ്ട്. ഗവേഷണ വിദ്യാർത്ഥികളടക്കം 500 പേർ പഠിക്കുന്നുണ്ട്. വള്ളത്തോൾ ചെയർ, എഴുത്തച്ഛൻ ചെയർ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. അനദ്ധ്യാപകരിൽ ഒരാൾ ഒഴികെ എല്ലാവരും താത്‌കാലിക ജീവനക്കാരാണ്. അദ്ധ്യാപകരുടെ എണ്ണം 65 ആയും ജീവനക്കാരുടെ എണ്ണം നൂറായും വർദ്ധിപ്പിച്ചാൽ മാത്രമേ സർവകലാശാലയ്ക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയൂ.


വലിയ ലക്ഷ്യം

സാഹിത്യം, ശാസ്ത്രം, മാനവിക വിഷയങ്ങൾ, സാങ്കേതിക വിദ്യ എന്നിവയെല്ലാം മലയാള മാദ്ധ്യമത്തിലൂടെ പഠിപ്പിക്കുക, മലയാള ഭാഷ, താരതമ്യ സാഹിത്യം, മലയാള വിമർശനം, സംസ്‌കാര പൈതൃകം, ഗോത്രഭാഷകൾ, പ്രാദേശിക ഭാഷകൾ, മലയാള കവിത, നോവൽ, കേരളീയ നവോത്ഥാനം, ചരിത്രം, മ്യൂസിയ പഠനം, പരിഭാഷ എന്നിവയെയെല്ലാം മുൻനിറുത്തിയുള്ള പഠനങ്ങൾ നിർവഹിക്കുക സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിന്റെ സാംസ്‌കാരികമായ ഈടുവയ്‌പുകൾ ശേഖരിക്കുക, സംരക്ഷിക്കുക, അവതരിപ്പിക്കുക എന്നിവയും സർവകലാശാല ദൗത്യമായി ഏറ്റെടുത്തിട്ടുണ്ട്. വിവരസാങ്കേതിക വിദ്യയ്ക്ക് അനുഗുണമായി മലയാളത്തെ വികസിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്.

കേന്ദ്രമാനവ വിഭവശേഷി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ലാസിക്കൽ മലയാളത്തിന്‌ വേണ്ടിയുള്ള മികവ്‌ കേന്ദ്രവും മലയാള സർവകലാശാലയിൽ ആരംഭിച്ചിട്ടുണ്ട്. മലയാള ഭാഷയെ സമകാലിക സാഹചര്യത്തിന് അനുസരിച്ച് ശാക്തീകരിക്കാനും മലയാളത്തിലെ കൃതികളെ മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തർജ്ജമ ചെയ്യാനും ഗവേഷണപ ഠനങ്ങൾ നിർവഹിക്കാനും ലക്ഷ്യമിട്ടാണ് മികവ്‌കേന്ദ്രം സ്ഥാപിച്ചത്. വലിയ ലക്ഷ്യവും ദീർഘവീക്ഷണവും അടിത്തറയാക്കിയ മലയാളം സർവകലാശാലയ്ക്ക് കരുത്തോടെ ഉയരണമെങ്കിൽ ആദ്യം പടുത്തുയർത്തേണ്ടത് സ്വന്തം കാമ്പസാണ്. അടുത്ത കേരളപ്പിറവിക്ക് മുമ്പെങ്കിലും ഇതിനുള്ള നടപടികൾ അധികൃതർ തുടങ്ങണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAYALAM UNIVERSITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.