SignIn
Kerala Kaumudi Online
Saturday, 27 April 2024 12.30 AM IST

കടന്നാക്രമണത്തെ ചെറുക്കുക -

may-day-

രാജ്യത്തെ മതേതര ജനാധിപത്യ സംവിധാനം സംരക്ഷിക്കാനും തൊഴിലാളികളും സാധാരണ ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെയുള്ള കടന്നാക്രമണത്തെ ചെറുക്കാനും വേണ്ടി നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരാൻ ഇത്തവണത്തെ മെയ്ദിനാചരണം വിനിയോഗിക്കപ്പെടണം. ജനങ്ങളെയും രാഷ്ട്രത്തെയും ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനെക്കാൾ കോർപ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കുക എന്നതാണ് മോദി സർക്കാരിന്റെ അജണ്ടയിലെ മുഖ്യവിഷയം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ രാജ്യം പകച്ചു നിൽക്കുമ്പോഴും അതിന്റെ ആഴം മനസിലാക്കി അതിനെ നേരിടാനുള്ള നടപടി സ്വീകരിക്കുന്നതിലും അലംഭാവം കാട്ടുകയാണ് കേന്ദ്രഭരണകൂടം. ഇന്ത്യയിലാകട്ടെ ആഗോളവത്‌കരണത്തിന്റെ മുപ്പതുവർഷം പിന്നിടുമ്പോൾ ഉദാരവത്‌കരണത്തിന്റെ മൃഗീയത നേരിട്ടനുഭവിച്ചു തുടങ്ങിയത് കഴിഞ്ഞ ആറു കൊല്ലത്തിനിടയിലാണ്. സ്വകാര്യവത്‌കരണവും വിദേശവത്‌കരണവും തുടർനടപടികളും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ ബാങ്കുകളിൽ നിന്നും അകറ്റി.

രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യവും പൂർണമായും കുത്തകകൾക്ക് അടിയറവയ്ക്കുകയാണ്.രാജ്യത്തെ നാല് പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവത്‌കരിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞതായിട്ടാണ് റിപ്പോർട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വകാര്യവത്‌കരിക്കാനുള്ള നടപടികളുടെ ആദ്യഘട്ടം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. 13000 പേർ പണിയെടുക്കുന്ന സ്ഥാപനമാണിത്. ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ സ്വകാര്യവത്‌കരണ നടപടികളും ആരംഭിച്ചുകഴിഞ്ഞു. പൊതുമേഖലാ ബാങ്കുകൾ ഇല്ലാത്ത ഒരു രാജ്യമായി ഇന്ത്യയെ മാറ്റുകയെന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യം. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ ചെറുത്തു തോൽപ്പിച്ച ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളെ നിലനിറുത്താനും കൂടുതൽ ശക്തിപ്പെടുത്താനും ശ്രമിക്കുന്നതിനു പകരം ദുർബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണിതെന്ന് മനസിലാക്കാൻ പാഴൂർ പടിവരെ പേകേണ്ടതില്ല. കോർപ്പറേറ്റുകളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന ഒന്നായി ബാങ്കിങ് മേഖല മാറി. ബാങ്കുകളുടെ ലയനത്തോടെ ആയിരക്കണക്കിന് ശാഖകൾ അടച്ചുപൂട്ടി. പതിനായിരക്കണക്കിന് ജീവനക്കാർക്ക് തൊഴിൽരഹിതരായി.

ലക്ഷക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റെയിൽ ഗതാഗത ശൃംഖലയേയും സ്വകാര്യവത്‌കരിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. മോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാർഷികവിരുദ്ധ നടപടിക്ക് പിൻബലം നൽകുന്ന ഒന്നാണ് പുതിയ കാർഷിക നിയമം. മണ്ണിൽ പണിയെടുത്തു രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്ന കർഷകരെ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് വിധേയമാക്കുകയാണ്. തൊഴിലാളിവർഗം നിരവധി ചരിത്ര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മിതമായ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് പുതിയതായി കൊണ്ടുവന്ന നിയമങ്ങളിലൂടെ ഇല്ലാതാക്കിയത്. നിലവിലുണ്ടായിരുന്ന 44 കേന്ദ്ര തൊഴിൽ നിയമങ്ങൾക്കു പകരമായി നാല് ലേബർകോഡിനു രൂപം നൽകിയിരിക്കുകയാണ് മോദി സർക്കാർ.
12 കോടി ജനങ്ങൾക്ക് തൊഴിൽ നൽകുന്ന സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായങ്ങൾ കൊവിഡ് വ്യാപനത്തോടെ ഇല്ലാതായി. മൊത്തം വ്യവസായത്തിന്റെ ഉത്‌പാദനത്തിൽ 33.5 ശതമാനവും കൈയ്യാളുന്നത് ഈ മേഖലയാണ്. രാജ്യത്ത് ചെറുകിട കച്ചവട മേഖലയിൽ ബഹുരാഷ്ട്ര കമ്പനികൾ കടന്നുവന്നതോടെ നാലരകോടിയോളം വരുന്ന കച്ചവടക്കാരും അവരെ ആശ്രയിച്ച് ജീവിക്കുന്ന 20 കോടി ജനങ്ങളും കടുത്ത പ്രതിസന്ധിയിലായി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കമ്പോളചുരുക്കവും സാമ്പത്തിക മാന്ദ്യവും എത്തിക്കഴിഞ്ഞു. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 93 ശതമാനത്തിലധികവും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരാണ്. ഏതൊരുവിധ സംരക്ഷണവുമില്ലാത്ത ഈ വിഭാഗം തൊഴിലാളികൾക്കായി ക്ഷേമ ഫണ്ട് രൂപീകരിക്കാൻ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ മൂന്ന് ശതമാനം അനുവദിക്കണമെന്ന തീരുമാനവും അട്ടിമറിക്കുകയായിരുന്നു. മഹാമാരി വ്യാപനത്തിന്റെ മറവിലൂടെ മോദി സർക്കാർ സൃഷ്ടിച്ച ദുരന്തത്തിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് ഈ ദേശീയ തൊഴിലാളി ദിനത്തിൽ പ്രതിജ്ഞയെടുക്കാം.

ലേഖകന്റെ ഫോൺ : 9447247066

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.