SignIn
Kerala Kaumudi Online
Saturday, 27 April 2024 9.15 AM IST

പൊരുതി നേടിയവ സംരക്ഷിക്കും

may-

ഇന്ന് ലോക തൊഴിലാളി ദിനം

...................................

1886 മേയ് ഒന്നിന് ചിക്കാഗൊ തെരുവീഥിയിൽ ഉയർന്ന മുദ്രാവാക്യമാണ് എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്രകടനം നടത്തിയ തൊഴിലാളികൾക്കു നേരെ ഭരണകൂടം വെടിയുതിർത്തു, നിരവധി തൊഴിലാളികളുടെ ജീവൻ അപഹരിച്ചു. മൂന്നുവർഷം കഴിഞ്ഞ് 1889 മേയ് ഒന്ന് മുതൽ തൊഴിലാളികളുടെ സാർവദേശീയ ദിനമായി ആഘോഷിക്കാൻ തുടങ്ങി.
ലോകമെമ്പാടുമുള്ള തൊഴിലാളികൾ, അവരുടെ മോചനത്തിന്റെ പതാകയായി ചിക്കാഗോയിലെ തെരുവീഥിയിൽ തൊഴിലാളികളുടെ ജീവരക്തം കൊണ്ട് ചുവന്ന രക്തപതാക ഉയർത്താൻ തുടങ്ങി. ഇന്ത്യയിൽ മദ്രാസിൽ 1923ൽ ശിങ്കാരവേലുവാണ് ആദ്യമായി ചെങ്കൊടി ഉയർത്തിയത്.
1926 ൽ ബ്രിട്ടീഷ് ഭരണകൂടം തന്നെ തൊഴിലാളികൾക്ക് സംഘടിക്കാനും, വിലപേശാനും അവകാശം നൽകുന്ന ട്രേഡ് യൂണിയൻ ആക്ട് പാസ്സാക്കാൻ നിർബന്ധിതമായി. തുടർന്ന് വിവിധ മേഖലകളിലെ തൊഴിലാളികൾ യൂണിയനുകൾ രൂപീകരിച്ചു. ട്രേഡ് യൂണിയൻ ആക്ട് സ്ഥാപിതമാകുന്നതിന് നാല് വർഷം മുമ്പ് 1922 ൽ ആലപ്പുഴയിൽ കയർ ഫാക്ടറി മേഖലയിൽ ബാവ എന്ന തൊഴിലാളിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ കയർഫാക്ടറി ലേബർ അസോസിയേഷൻ രൂപീകരിക്കുകയുണ്ടായി.
കയർതൊഴിലാളികളുടെ ശോചനീയമായ ജീവിതത്തിന് പരിഹാരം തേടി പി.കെ.ബാവ, ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിന്റെ ഉപദേശം തേടി. ''സംഘടിച്ചു ശക്തരാകുവിൻ വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ'' ഈ ഉപദേശമാണ് ഗുരു നൽകിയത്. ഗുരുവിന്റെ ഉപദേശപ്രകാരം രൂപീകരിച്ച ലേബർ അസോസിയേഷനാണ് പിൽക്കാലത്ത് തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയനായി രൂപപ്പെട്ട കേരളത്തിലെ ആദ്യ ട്രേഡ് യൂണിയൻ. സംഘടനയുടെ ശതാബ്ദി ആഘോഷങ്ങൾ ആലപ്പുഴയിൽ നടന്നുവരികയാണ്.
തുടർന്ന് വിവിധമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ യൂണിയനുകൾ രൂപീകരിക്കപ്പെട്ടു. അറുപതുകളുടെ ആരംഭത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കു കീഴിലുള്ള ജീവനക്കാരുടെ സംഘടനകളും സജ്ജമായി. വ്യവസായമേഖലകളിലെ തൊഴിലാളികളും തങ്ങളുടെ ദുരിതമകറ്റാൻ തൊഴിലുടമകളുടെ ചൂഷണത്തിനെതിരായി സമരങ്ങൾ ഉയർത്തിക്കൊണ്ടുവന്നു.
എഴുപതുകളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ പണിമുടക്ക് റയിൽവേ തൊഴിലാളികളുടേതും, ആവശ്യാധിഷ്ഠിത മിനിമം വേതനത്തിനു വേണ്ടിയുള്ള കേന്ദ്രഗവൺമെന്റ് ജീവനക്കാരുടെ സമരവുമായിരുന്നു. ഇതു ഭരണാധികാരികളെ പരിഭ്രാന്തരാക്കി. അതോടൊപ്പം സംസ്ഥാനഗവൺമെന്റ് ജീവനക്കാർ, പരമ്പരാഗത തൊഴിലാളികൾ, സംഘടിത- അസംഘടിത വ്യവസായ മേഖലകളിലെ തൊഴിലാളികൾ ഇവരുടെയെല്ലാം സമരങ്ങൾ അലയടിച്ചുയർന്നു. ലോകമാകെ നടന്ന തൊഴിലാളികളുടെ മുന്നേറ്റം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപകരിച്ചു. രോഷാകുലരായ മുതലാളിത്ത സാമ്രാജ്യത്വശക്തികൾ പ്രതിവിധിയായി കണ്ടെത്തിയ മാർഗമാണ് നിയോ ലിബറൽപോളിസി (നവലിബറൽ നയം), മുതലാളിത്തത്തിന്റെ ഏറ്റവും വിനാശകരമായ രൂപമാണ് നിയോലിബറലിസം അഥവാ നവ ഉദാരവത്‌കരണം.
1990 മുതൽ ഇന്ത്യയിലും ഈ നയം നടപ്പാക്കിവരികയാണ്. ഇതിന്റെ നേട്ടം മുതലാളിക്കും, കോട്ടം തൊഴിലാളിക്കുമാണ്.
1990 ൽ ഇന്ത്യയിൽ മൂന്ന് ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്, ഇപ്പോൾ അവരുടെ എണ്ണം 142 ആണ്. ഈ ശതകോടീശ്വരന്മാരുടെ കയ്യിലാണ് ഇന്ത്യയിലെ 140 കോടി വരുന്ന ജനങ്ങൾക്കവകാശപ്പെട്ട സമ്പത്തിന്റെ 60ശതമാനവും. ഈ അസമത്വം അസംതൃപ്തി വർദ്ധിപ്പിക്കും. ജനങ്ങളുടെ വാങ്ങൽശേഷി കുറയും, കമ്പോളം മരവിക്കും. ഉത്‌പാദനമേഖലകൾ സ്തംഭിക്കും.
ജനങ്ങൾക്കുവേണ്ടി സമർപ്പിച്ച ജനാധിപത്യവും പൗരവകാശവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുടെ അലകും പിടിയും മാറ്റുകയാണ്. ജനങ്ങളെ ജാതി, മതം, ഭാഷ, ദേശം, വേഷം, ഭക്ഷണം എന്നിവയുടെ പേരിൽ ഭിന്നിപ്പിക്കുന്നു. മതന്യൂനപക്ഷങ്ങൾക്കെതിരായി ആക്രമണങ്ങൾ നടത്തി ജനശ്രദ്ധ തിരിച്ചുവിടുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേടിയ രാഷ്ട്രസമ്പത്ത് - ജനങ്ങളുടെ സമ്പത്ത് തുച്ഛവിലയ്ക്ക് തൂക്കി വിറ്റ് കമ്മീഷൻ തട്ടലാണ് ലക്ഷ്യം. വർഗീയതയ്‌ക്കെതിരെ,​ മതഭ്രാന്തിനെതിരെ, ജനാധിപത്യവും മതനിരപേക്ഷതയും പൗരാവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാം. രാജ്യം വില്ക്കരുത്, ജനങ്ങളെ സംരക്ഷിക്കുക, തൊഴിലാളികൾ പൊരുതി നേടിയവ സംരക്ഷിക്കും എന്ന മുദ്രാവാക്യത്തിനു പിന്നിൽ മുന്നോട്ടു കുതിക്കുമെന്ന് പ്രതിജ്ഞയെടുക്കാം. മേയ് ദിനം സിന്ദാബാദ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAYDAY, MAY DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.