SignIn
Kerala Kaumudi Online
Friday, 26 April 2024 9.58 AM IST

തൊഴിൽ അവകാശ സംരക്ഷണം ലക്ഷ്യം

jj

ലോകത്തെ തൊഴിലാളികളും അദ്ധ്വാനവർഗവും ആദരവോടെ ആഘോഷിക്കുന്ന ദിനമാണ് സാർവദേശീയ തൊഴിലാളി ദിനം. ഈ ദിനത്തിന്റെ പ്രസക്തി പുതിയ കാലഘട്ടത്തിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. എല്ലാ മേഖലയിലും തൊഴിലാളിവിരുദ്ധ നയങ്ങളാണ് ആഗോളതലത്തിൽ മുന്നിട്ടു നിൽക്കുന്നത്.
തൊഴിലാളിവർഗത്തിന് കാര്യമായ വ്യതിചലനങ്ങളാണ് പിന്നിട്ട വർഷങ്ങളിൽ സംഭവിച്ചിരിക്കുന്നത്. ചിക്കാഗോയിലെ തൊഴിലാളിയും ആധുനിക തൊഴിലാളിയും തമ്മിൽ മൗലികമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ആരാണ് തൊഴിലാളി എന്നത് നിർവചനത്തിൽ പോലും അന്യവത്‌ക്കരിക്കപ്പെട്ട സംഗതിയായി മാറി. പരമ്പരാഗത തൊഴിലാളിക്കപ്പുറം ഐ.ടി മേഖല, ബാങ്കിംഗ് മേഖല വെള്ള കോളർ ജോലിക്കാരുൾപ്പെടെ തൊഴിലാളി ഗണത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.
ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ചയിൽ ജീവിതം ആയാസരഹിതമെന്ന് അവകാശവാദം ഉന്നയിക്കുമ്പോൾ പോലും തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നത് പതിവ് കാഴ്ചയാണ്. തൊഴിലാളികൾ സംഘടിക്കാനുള്ള അവകാശത്തിനു മേൽ വൻതോതിൽ കൈകടത്തൽ നടത്തിയിരിക്കുന്നു. തൊഴിൽ നിയമങ്ങളുടെ ക്രോഡീകരണത്തോടെ തൊഴിലുടമ കേന്ദ്രീകൃതമായ നിയമ വ്യവസ്ഥ സംജാതമായി. ഇതോടെ തൊഴിലാളികളുടെ അവകാശങ്ങളുടെ കടയ്ക്കലാണ് കത്തി അമർന്നതെന്നതും വിസ്മരിക്കാൻ കഴിയില്ല.
തൊഴിലാളി സമരങ്ങളെ തമസ്‌കരിക്കാനും അടിച്ചമർത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അടുത്തിടെ നടന്ന 48 മണിക്കൂർ പണിമുടക്കിന് വ്യാപകമായ പ്രചാരണങ്ങളും മുന്നൊരുക്കങ്ങളും മുറപോലെ ചെയ്‌തെങ്കിലും അതിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ മാത്രമാണ് ജനസാമാന്യത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടത്.
തൊഴിലാളികൾ ഇന്ന് അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. തൊഴിൽ സുരക്ഷ എന്നത് തൊഴിലാളിക്ക് നഷ്ടമായിരിക്കുന്നു. ഏതു തൊഴിലാളിയെയും എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം. മൃഗീയമായ ചൂഷണത്തിന്റെ പാതയിലാണ് തൊഴിലാളിവർഗം സഞ്ചരിക്കുന്നത്. ഇന്ത്യൻ തൊഴിലാളി വർഗത്തിൽ ഏറ്റവും അധികം തൊഴിലാളികൾ അസംഘടിത മേഖലയിലാണുള്ളത്. ഇന്ത്യയിലെ സാമൂഹിക സാമ്പത്തികരംഗത്തിന്റെ ഉത്പന്നങ്ങൾ തന്നെയാണ് അസംഘടിത തൊഴിലാളികൾ എന്നതും ശ്രദ്ധേയമാണ്.
തൊഴിലാളികളെ നിയന്ത്രിക്കുന്ന ശക്തിയായി ജാതിയും മതവും മാറിക്കഴിഞ്ഞു. തൊഴിലാളി ഭൂരിപക്ഷമേഖലയിലും തൊഴിലാളിവിരുദ്ധ ശക്തികൾ ജനാധിപത്യ പ്രക്രിയയിൽ വിജയിച്ചു കയറുന്നതിനു പിന്നിൽ ഇത്തരം വർഗീയ ചിന്തകളാണെന്നത് വസ്തുതയാണ്. മത - ജാതീയ ചിന്തകൾക്കപ്പുറം തൊഴിലാളികൾക്കിടയിൽ വർഗബോധം ഊന്നൽ പ്രാപിക്കേണ്ടത് തൊഴിലാളി വർഗത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. തൊഴിലാളികളുടെ വർഗചിന്തയെ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഇന്ത്യയിലെ വെള്ള കോളർ തൊഴിൽ മേഖലയായ ഐ.ടി മേഖലയിൽ തൊഴിലാളി സംഘടനകളുടെ സ്വാധീനം ഇല്ലെന്നു വേണം പറയാൻ. എന്നാൽ ഈ മേഖലയിൽ നടക്കുന്ന തൊഴിൽ ചൂഷണം ഏറെ വലുതാണ്. സീമകളില്ലാത്ത ചൂഷണ വലയത്തിൽ നട്ടംതിരിയുകയാണ് ഈ വിഭാഗത്തിലെ തൊഴിലാളികൾ. തൊഴിൽസമയം മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഒപ്പം തൊഴിൽസുരക്ഷ എന്നത് ഒരു ഡിലീറ്റ് ബട്ടന്റെ ദൈർഘ്യത്തിൽ ഒതുങ്ങുകയും ചെയ്യുന്നു. വെള്ള കോളർ തൊഴിൽ മേഖലയിൽ ഇതൊരു സാധാരണ കാഴ്ചയാണെന്ന വാസ്തവവും വിസ്മരിച്ചു കൂടാ.
ന്യായമായ കൂലിയും ചൂഷണ രഹിതമായ തൊഴിൽ മേഖലയും ജോലിക്കും ജീവിതത്തിനും സുരക്ഷിതത്വവും ഉറപ്പു വരുത്താനും ന്യായമായ അവകാശങ്ങളും ആ നുകൂല്യങ്ങളും സ്വപ്നം കാണാനും എല്ലാ തൊഴിലാളിക്കും വരുംനാളുകളിൽ കഴിയണം. അതിനുള്ള പുതിയൊരു തുടക്കമായി ഈ മേയ് ദിനം മാറുമെന്ന ശുഭപ്രതീക്ഷയിൽ എല്ലാ തൊഴിലാളികൾക്കും ലോകതൊഴിലാളി ദിനത്തിന്റെ അഭിവാദ്യങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAY DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.