SignIn
Kerala Kaumudi Online
Friday, 26 April 2024 1.40 PM IST

ഉന്നമനത്തിനായുള്ള കർമ്മ മാർഗത്തിൽ

melvin-jones

ഇന്ന് മെൽവിൻ ജോൺസ് ദിനം

.........................................

അംഗസംഖ്യയും പ്രവർത്തന വിപുലതയും കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസേവന സംഘടനയാണ് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ. സ്ഥാപകൻ മെൽവിൻ ജോൺസിന്റെ ജന്മദിനമായ ഇന്ന് മെൽവിൻ ജോൺസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. 49836 ക്ളബുകളിലെ 13.91 ലക്ഷം അംഗങ്ങളിലൂടെ 103 വർഷമായി 210 ൽപ്പരം രാജ്യങ്ങളിൽ കോടിക്കണക്കിന് ദരിദ്രർക്ക്, പ്രത്യാശയുടെ തിരിനാളമായി സേവന പ്രവർത്തനങ്ങൾ നടത്തിവരികയാണ് ഇൗ പ്രസ്ഥാനം. ബിസിനസ് ക്ളബുകൾ സാമ്പത്തിക നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ സഹജീവികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പ്രവർത്തിക്കണമെന്ന മെൽവിൻ ജോൺസിന്റെ ആശയമാണ് 1917 ൽ ലയൺസ് ക്ളബ്സ് ഇന്റർനാഷണലിന്റെ രൂപീകരണത്തിനിടയാക്കിയത്.

''ജീവകാരുണ്യ തത്പരനല്ലാത്ത, സ്വാർത്ഥനായ ഒരു മനുഷ്യനെപ്പോലും സാമൂഹ്യനന്മയ്ക്കായി പ്രവർത്തിക്കുന്ന, സമൂഹം മാനിക്കുന്ന വ്യക്തിയായി മാറ്റുക എന്നത് ലയൺസ് ക്ളബുകളെക്കുറിച്ച് പറയുമ്പോൾ അസാധാരണമായ ഒരു കാര്യമല്ല''. ലയൺസ് പ്രസ്ഥാനത്തെക്കുറിച്ച് മെൽവിൻ ജോൺസിന്റെ വാക്കുകളാണിത്. 'ഞങ്ങൾ സേവനം ചെയ്യുന്നു' എന്നതാണ് പ്രസ്ഥാനത്തിന്റെ ആപ്തവാക്യം. മാനവരാശിയുടെ ദുഃഖങ്ങൾക്ക് സേവന പ്രവർത്തനങ്ങളിലൂടെ അറുതിവരുത്താൻ തങ്ങൾക്കുള്ള കടമ ഇൗ പ്രസ്ഥാനം ഒാരോ അംഗത്തെയും ഓർമ്മിപ്പിക്കുന്നു.

ഓരോ ലയൺസ് ക്ളബും തങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തെ സേവന പ്രവർത്തനങ്ങൾ പൊതുജനങ്ങളുമായി ചർച്ചചെയ്ത് ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ മുൻഗണനാക്രമം നിശ്ചയിച്ച് നടപ്പിലാക്കുന്നു. ക്ളബുകൾ തന്നെ ഇൗ പദ്ധതികളും പരിപാടികളും നടപ്പിലാക്കാനുള്ള പണം സ്വരൂപിക്കുന്നു. വലിയ പ്രോജക്ടുകൾ നടപ്പിലാക്കാനാവശ്യമായ ധനസഹായം നല്‌കാൻ ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ (എൽ.സി.ഐ.എഫ്) എന്ന ഇൗ സംഘടനയുടെ സാമ്പത്തികസഹായ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.

കാഴ്ചശക്തി, യുവജനക്ഷേമം, ദുരന്തനിവാരണം, മാനുഷിക പ്രവർത്തനങ്ങൾ, പ്രമേഹം എന്നീ മേഖലകളിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ലയൺസ് ക്ളബ് ഇന്റർനാഷണൽ. ഒഴിവാക്കാനാവുന്ന അന്ധത, കാഴ്ചവൈകല്യം എന്നിവ കുറയ്ക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് കാഴ്ചശക്തി എന്ന മേഖലയിലെ പ്രവർത്തനങ്ങൾ. 1925 ൽ ഹെലൻ കെല്ലർ അന്ധതാനിവാരണത്തിന് ഇൗ പ്രസ്ഥാനത്തിന്റെ സഹായം അഭ്യർത്ഥിച്ചതു മുതൽ അന്ധതാനിവാരണ പ്രവർത്തനങ്ങൾക്ക് ഇൗ പ്രസ്ഥാനം വലിയ പ്രധാനം നല്‌കിവരുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ, ആരോഗ്യസേവനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ യുവജനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് യുവജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് ദുരന്തനിവാരണം എന്ന മേഖലയിൽ നടപ്പിലാക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടാണ് മാനുഷിക പ്രവർത്തന മേഖല മുന്നോട്ടുപോകുന്നത്. പ്രമേഹ പ്രതിരോധനത്തിന് ബഹുമുഖ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നത് ഇൗ പ്രസ്ഥാനത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യമാണ്. കുട്ടികളിലെ കാൻസർ, വിശപ്പ്, പാരിസ്ഥിതിക സംരക്ഷണം എന്നിവയാണ് ഇൗ പ്രസ്ഥാനം സേവനം നല്‌കുന്ന മറ്റ് മേഖലകൾ.

കാൻസർ ബാധിച്ച കുട്ടികളുടെ ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും രോഗികളെയും അവരുടെ കുടുംബങ്ങളെയും ഉയർന്ന ജീവിതനിലവാരത്തിലെത്തിക്കാനും മെഡിക്കൽ, സാമൂഹ്യ സേവനങ്ങൾ ശക്തിപ്പെടുത്തുകയാണ് കുട്ടികളുടെ കാൻസർ എന്ന മേഖലയിലൂടെ നടപ്പിലാക്കുന്നത്.

ആരും പട്ടിണി കിടക്കാത്ത ലോകമാണ് വിശപ്പ് എന്ന മേഖലയിലൂടെ ലക്ഷ്യമിടുന്നത്. 93 ലക്ഷം തിമിര ശസ്ത്രക്രിയകൾ, 103 രാജ്യങ്ങളിൽ കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ ഉന്നമനത്തിനായി ലയൺസ് ക്വസ്റ്റ് എന്ന പരിപാടി, പ്രകൃതി ദുരന്തനിവാരണത്തിനായി 1055 കോടി രൂപ 101 കോടി കുട്ടികൾക്ക് മീസിൽസ് പ്രതിരോധ കുത്തിവയ്പ് തുടങ്ങിയവ സേവനപ്രവർത്തനങ്ങളിൽ ചിലതാണ്.

അമേരിക്കയിലെ അരിസോണയിൽ മെൽവിൻ ജോൺസ് ജനിച്ച ഫോർട്ട് തോമസിൽ പണിതുയർത്തിയിട്ടുള്ള സ്തൂപത്തിനുമുന്നിൽ ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നവരെല്ലാം 'ഞങ്ങൾ സേവനം തുടരും' എന്ന പ്രതിജ്ഞ പുതുക്കിയശേഷമാവും മടങ്ങുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MELVIN JOHNS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.