SignIn
Kerala Kaumudi Online
Saturday, 27 April 2024 7.27 AM IST

നടക്കാം മനസിന്റെ കൈപിടിച്ച്

mental-health

ലോകാരോഗ്യ സംഘടന ജൂൺ 17 ന് പ്രസിദ്ധീകരിച്ച ലോകമാനസികാരോഗ്യ റിപ്പോർട്ട്, കൊവിഡ് കാലത്തെ മാനസിക
ആരോഗ്യപ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നു. 296 പേജുള്ള ഈ റിപ്പോർട്ട് മഹാമാരിക്കാലത്ത് ലോകവ്യാപകമായി ജനങ്ങളുടെ മാനസികാരോഗ്യം ദോഷകരമായി ബാധിക്കപ്പെട്ടതിനെക്കുറിച്ച് വിശദമായി
പരാമർശിക്കുന്നു.
മഹാമാരിയുടെ ആദ്യവർഷത്തിൽ തന്നെ ലോകവ്യാപകമായി വിഷാദം, ഉത്‌കണ്‌ഠരോഗങ്ങൾ എന്നിവ ബാധിച്ച ആളുകളുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനയുണ്ടായതായി റിപ്പോർട്ട് വിലയിരുത്തുന്നു. ഇക്കാലത്ത് ആത്മഹത്യകളും ഗണ്യമായി വർദ്ധിച്ചു. ലോകത്താകെയുള്ള മരണങ്ങളുടെ ഒരു ശതമാനം ആത്മഹത്യകളാണ്. ആത്മഹത്യകളുടെ 20 മടങ്ങാണ് ആത്മഹത്യാശ്രമം നടത്തുന്നവരുടെ എണ്ണം. റിപ്പോർട്ടനുസരിച്ച് യുവാക്കളിലെ മരണത്തിന്റെ പ്രധാനകാരണങ്ങളിലൊന്നും ആത്മഹത്യയാണ്. തിരിച്ചറിയപ്പെടാതെയും ചികിത്സിയ്ക്കപ്പെടാതെയും പോകുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ ആത്മഹത്യകളിലേക്ക് നയിക്കുന്നു.

ദീർഘകാലമായി നീണ്ടുനിൽക്കുന്ന മാനസികരോഗങ്ങൾ വ്യക്തിയുടെ ആയുർദൈർഘ്യത്തെയും ശാരീരികസ്ഥിതിയെയും എങ്ങനെ ബാധിക്കുന്നു എന്നതും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന് ചിത്തഭ്രമരോഗങ്ങളിൽ പ്രധാനപ്പെട്ട സ്‌കിസോഫ്രീനിയ കൃത്യമായി ചികിത്സിക്കാതിരുന്നാൽ പലതരം ജീവിതശൈലീരോഗങ്ങൾക്ക് കാരണമാകുന്നു. ഈ ശാരീരിക സങ്കീർണതകൾ മൂലം സ്‌കിസോഫ്രീനിയ രോഗബാധിതർ മറ്റുള്ളവരേക്കാൾ പത്തുമുതൽ ഇരുപത് വർഷം വരെ നേരത്തെ മരിക്കുന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു. മാനസികരോഗങ്ങൾ ആരംഭത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ ഇത്തരം സങ്കീർണതകൾ ഒരു പരിധി വരെ ഒഴിവാക്കാം. മാനസിക രോഗങ്ങൾക്ക് കൃത്യമായ ചികിത്സ ലഭിക്കാനുള്ള പ്രധാന തടസം ശാസ്ത്രീയ ചികിത്സാസൗകര്യങ്ങളുടെ ദൗർലഭ്യം, മാനസികാരോഗ്യ സാക്ഷരതയില്ലായ്മ, മനോരോഗങ്ങളുടെ ചികിത്സയെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായധാരണകൾ, മനോരോഗബാധിതരെ ഒറ്റപ്പെടുത്തുന്ന സാമൂഹിക പ്രവണതകൾ എന്നിവയാണ്.

മനസിനും

പരിചരണം

പല രാജ്യങ്ങളിലും മതിയായ മാനസികാരോഗ്യ വിദഗ്ധരില്ല. രണ്ടുലക്ഷം ജനങ്ങൾക്ക് ഒരു മനോരോഗ വിദഗ്ധൻ എന്ന തോതിലാണ് പല രാഷ്ട്രങ്ങളിലെയും സ്ഥിതി . നമ്മുടെ രാജ്യത്ത് സ്ഥിതി താരതമ്യേന ഭേദമാണെങ്കിലും എല്ലാ ഗ്രാമങ്ങളിലും മാനസികാരോഗ്യ സേവനം ലഭിക്കുന്നില്ല. ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ താലൂക്ക് ആശുപത്രികളിലും ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെങ്കിലും സേവനമനുഷ്ഠിക്കുന്ന രീതിയിൽ തസ്തികകൾ സൃഷ്ടിക്കേണ്ടത്
അനിവാര്യമാണ്.

ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും മൂന്ന് മാനസികാരോഗ്യ വിദഗ്ധരെങ്കിലും സേവനമനുഷ്ഠിക്കുന്നത് കൂടുതൽ
രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭിക്കാൻ സഹായിക്കും.

മനസും തലച്ചോറും

മനസ് തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുകയാണെന്നും മാനസികരോഗങ്ങൾ തലച്ചോറിന്റെ പ്രവർത്തന വൈകല്യങ്ങളാണെന്നും സമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ടതും അനിവാര്യമാണ്. മറ്റേത് ശാരീരിക രോഗത്തെയും പോലെ മാനസികരോഗങ്ങളും ചികിത്സിക്കാൻ സാധിക്കും. മാനസികാരോഗ്യ സാക്ഷരത സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി അടുത്ത തലമുറയെ ചെറുപ്പത്തിൽതന്നെ ബോധവത്‌കരിക്കേണ്ടത് ഭാവിയിൽ അജ്ഞതമൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കുട്ടികളിലെ മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞ് പ്രാഥമിക തലത്തിലുള്ള ഇടപെടൽ നടത്താനുള്ള പരിശീലനം അദ്ധ്യാപകർക്കും നൽകേണ്ടത് അനിവാര്യമാണ്. കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും മാനസികാരോഗ്യ ബോധവത്‌കരണം വിപുലമായി ഏറ്റെടുത്ത് നടത്തുന്നത് അഭികാമ്യമായിരിക്കും.

പരിചരണവും പിന്തുണയും

മാനസിക ആരോഗ്യപ്രശ്നങ്ങളുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് തൊഴിൽചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും ആവശ്യമായ നിയമനിർമ്മാണവും അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും ഭരണകൂടങ്ങൾ കാട്ടണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

മാനസികാരോഗ്യ മേഖല വികസിപ്പിക്കാനായി ആവശ്യമുള്ള പക്ഷം സന്നദ്ധസംഘടനകളുടെ സേവനവും നിക്ഷേപവും തേടേണ്ടതാണ്. പരിചാരകർ ഇല്ലാത്ത മാനസികരോഗികളുടെ സംരക്ഷണത്തിന് ഒരു സാമൂഹിക സന്നദ്ധസംഘത്തെ വളർത്തിയെടുക്കേണ്ട ആവശ്യകതയും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെ ഒറ്റപ്പെട്ടു കഴിയുന്ന മനോരോഗികളുടെ തുടർചികിത്സയും പുനരധിവാസവും സാമൂഹിക പുനർവിന്യാസവും ഉറപ്പുവരുത്തേണ്ടതുണ്ട്. മാനസികരോഗ ബാധിതരായ വ്യക്തികൾക്ക് സ്വയം സംരക്ഷിക്കാനുള്ള പരിശീലനങ്ങൾ നൽകി ശാക്തീകരിക്കണ്ടതും ഇതോടൊപ്പം ആവശ്യമാണ്. കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും മാനസികാരോഗ്യ സംരക്ഷണം ഒരു പ്രധാന ദൗത്യമായി ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മാനസികാരോഗ്യ ശാക്തീകരണത്തിനും മാനസിക രോഗപ്രതിരോധത്തിനും ഉതകുന്ന തരത്തിലുള്ള പരിശീലന പരിപാടികൾ നടപ്പിലാക്കേണ്ടതുണ്ട്. ഇതുവഴി കുട്ടികളുടെ അതിജീവന ശേഷി വർദ്ധിപ്പിക്കുകയും ലഹരിവസ്തുക്കൾ അടക്കമുള്ള അനാരോഗ്യ സ്വാധീനങ്ങൾക്ക് അവർ വഴിപ്പെടുന്ന അവസ്ഥ തടയുകയും ചെയ്യാൻ സാധിക്കും. നമ്മുടെ നാട്ടിലും ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ശക്തമായി നടന്നുവരുന്നുണ്ട്.

തൊഴിലിടങ്ങളിലെ

മാനസികാരോഗ്യം
തൊഴിലിടങ്ങളിലെ മാനസികാരോഗ്യ സംരക്ഷണമാണ് റിപ്പോർട്ടിൽ ഊന്നൽ നൽകുന്ന മറ്റൊരു പ്രധാന മേഖല. തൊഴിലിടങ്ങളിലെ സമ്മർദ്ദം
പല ആളുകളുടെയും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ തൊഴിൽമേഖലകളിൽ മാനസികസമ്മർദ്ദം നിയന്ത്രിക്കാനുള്ള പരിശീലനങ്ങൾ നടപ്പിലാക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. മാനസികാരോഗ്യ പ്രഥമശുശ്രൂഷ പരിശീലിപ്പിച്ചാൽ സഹപ്രവർത്തകർ മാനസികസമ്മർദ്ദം നേരിടുന്ന സാഹചര്യങ്ങളിൽ ഫലപ്രദമായി ഇടപെടാൻ എല്ലാവർക്കും സാധിക്കും.



(തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രിസ്റ്റാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MENTAL HEALTH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.