SignIn
Kerala Kaumudi Online
Friday, 26 April 2024 11.13 PM IST

അസ്ഥിരമാകുന്ന മൺസൂൺ

photo

ലോക ജനസംഖ്യയുടെ പകുതിയോളം ഉൾകൊള്ളുന്ന തെക്കു കിഴക്കൻ ഏഷ്യയിലെ ജനങ്ങളുടെ ജീവിതവും സംസ്കാരവുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് മൺസൂൺ. അതുകൊണ്ട് മൺസൂണിലുണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും ഇവിടെ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ദുർബല ജനവിഭാഗങ്ങളുടെ ജീവനോപാധികൾക്ക് പോലും പലപ്പോഴും ഭീഷണിയാകാറുണ്ട്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകുന്ന ഈ കാലഘട്ടത്തിൽ മൺസൂൺ മഴയുടെ വിതരണത്തിലും മഴയുടെ തീവ്രതയിലും വർഷം തോറും ലഭിക്കുന്ന മഴയുടെ ലഭ്യതയിലും വലിയ മാറ്റങ്ങൾ പ്രകടമാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് മൺസൂൺ പ്രവേശിക്കുന്നത് കേരളത്തിലൂടെ ആയതിനാൽ കേരളം മൺസൂണിന്റെ കവാടമെന്നാണ് അറിയപ്പെടുന്നത്. എല്ലാ വർഷവും ജൂൺ ഒന്നാം തീയതിയോട് അടുപ്പിച്ചാണ് മൺസൂണിന്റെ വരവ്. 1971ന് ശേഷം മൺസൂൺ വരവ് നേരത്തെയാവുകയും വൈകുകയും ചെയ്തിട്ടുണ്ട്. (18 മേയ്‌- 19 ജൂൺ) ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള മൺസൂൺ സീസണിൽ കേരളത്തിൽ 200 സെ.മീ യ്‌ക്ക് മുകളിൽ മഴ ലഭിക്കുമ്പോൾ പടിഞ്ഞാറൻ രാജസ്ഥാനിൽ ലഭിക്കുന്നത് ഏകദേശം 50സെ.മീ മഴ മാത്രമാണ്. വർഷാ-വർഷ മഴ ലഭ്യതയിൽ 10 മുതൽ 20 ശതമാനം വരെ ചാഞ്ചല്യം പ്രകടമാണെങ്കിലും പൊതുവേ മൺസൂണിനെ സ്ഥിരതയാർന്ന കാലാവസ്ഥാ പ്രതിഭാസമായിട്ടാണ് കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ കണക്ക് പരിശോധിച്ചാൽ, പകുതിയിലധികം വർഷങ്ങളിലും മൺസൂൺ മഴയിൽ ശരാശരിയിൽ നിന്ന് 20 ശതമാനത്തിൽ അധികം വ്യതിയാനമുണ്ടായതായി കാണാൻ സാധിക്കും. ഇതിൽനിന്ന് മനസിലാക്കാനാവുന്നത് മൺസൂൺ സമീപ കാലഘട്ടത്തിൽ കൂടുതൽ അസ്ഥിരമാകുന്നു എന്നാണ്. ഇതിൽ രണ്ട് വർഷങ്ങളിൽ (2013,2018) ശരാശരിയിൽ നിന്ന് 20 ശതമാനത്തിലധികം മഴ ലഭിച്ചപ്പോൾ മൂന്ന് വർഷങ്ങളിൽ (2012 , 2015 , 2016) ശരാശരിയിൽ നിന്ന് 20 ശതമാനത്തിൽ കുറവ് മഴയാണ് ലഭിച്ചത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ദശകത്തിൽ അതിവർഷമോ-അനാവൃഷ്ടി വർഷമോ ഉണ്ടാകാനുള്ള സാദ്ധ്യത 50 ശതമാനത്തിലധികമാണെന്ന് കാണാം. 2021ൽ മൺസൂൺ മഴയിൽ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ മൺസൂൺ മഴയിൽ കഴിഞ്ഞ ദശകത്തിൽ കാണാനായ മറ്റൊരു ശ്രദ്ധേയമായ മാറ്റം ജൂൺ-ജൂലായ് മാസങ്ങളിൽ മഴ കുറയുന്നതാണ്. പകരം ഓഗസ്റ്റ്-സെപ്‌തംബർ മാസങ്ങളിൽ മഴ തകർത്ത് പെയ്യുന്നു. മൺസൂണിന്റെ ആരംഭ സമയത്ത് അറബിക്കടലിൽ ചുഴലിക്കാറ്റുകൾ പതിവാകുന്നതാണ് മഴലഭ്യതയെ പ്രതികൂലമായി ബാധിച്ചത്. 2019ലെ വായു ചുഴലിക്കാറ്റ്, 2020ലെ നിസർഗ, 2021ലെ ടൗക്കേ ചുഴലിക്കാറ്റുകളെല്ലാം മൺസൂൺ മഴയെ പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ട്.

ആഗോള താപനത്തിന്റെ ഫലമായി കരയും കടലും ചൂടുപിടിച്ച് ബാഷ്പീകരണ തോത് വർദ്ധിക്കുന്നതിനൊപ്പം അന്തരീക്ഷവും ചൂടുപിടിച്ച് കൂടുതൽ നീരാവിയെ ഉൾക്കൊള്ളാൻ ഇടയാക്കുന്നു. ഇത് പലപ്പോഴും അതിതീവ്ര മഴയ്ക്ക് കരണമാകാറുണ്ട്.

ഇതിനാൽ മൺസൂണിന്റെ ഭാഗമായ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന അവസരങ്ങളിൽ കേരളത്തിൽ ചുരുങ്ങിയ കാലയളവിൽ ലഭിക്കുന്ന അതിതീവ്ര മഴ വർദ്ധിക്കുന്നതായി കാണാം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴദിനങ്ങൾ കുറയുകയും അതിതീവ്ര മഴ ദിനങ്ങൾ കൂടുകയും ചെയ്യുന്നു. മലനാടും ഇടനാടും തീരപ്രദേശവും ഉൾപ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തെ പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരം മാറ്റങ്ങൾ പ്രളയത്തിനും വരൾച്ചക്കും ഒരുപോലെ ആക്കം കൂട്ടാം. കഴിഞ്ഞ ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ തീവ്രത പരിശോധിച്ചാൽ ഇത് വ്യക്തമാകും. മൺസൂൺ മഴയുടെ വിതരണത്തിലും തീവ്രതയിലുമുണ്ടായ മാറ്റങ്ങൾക്കൊപ്പം മഴ മേഘങ്ങളുടെ ഘടനയിൽ സംഭവിച്ച മാറ്റവും എടുത്തു പറയേണ്ടതാണ്.

സാധാരണയായി കാലവർഷ സമയത്ത് കാണപ്പെടുന്നത് "നിമ്പോ-സ്ട്രാറ്റസ് " വിഭാഗത്തിൽപ്പെടുന്ന ഉയരം കുറഞ്ഞ മേഘങ്ങളാണ്. ഇത്തരം മേഘങ്ങളിൽ ഹിമകണങ്ങളുടെ സാന്നിദ്ധ്യം കുറവായതിനാൽ മൺസൂൺ സമയത്ത് ഇടിയും മിന്നലും ഉണ്ടാകുന്നത് വിരളമായിരുന്നു. അടുത്ത കാലത്തായി മൺസൂൺ സമയത്തും അന്തരീക്ഷത്തിൽ 12-15 കി.മീ വരെ ഉയരത്തിലെത്തുന്ന ഹിമകണങ്ങളുടെ സാന്നിദ്ധ്യമുള്ള ഇടി-മിന്നൽ മേഘങ്ങളായ കൂമ്പാര ("ക്യൂമുലോനിംബസ് ") മേഘങ്ങൾ പതിവാകുന്നത് ആഗോളതാപനത്തിന്റെ ഫലമായിട്ടാണെന്നാണ് വിലയിരുത്തുന്നത്. ഇത്തരം മേഘങ്ങളുടെ മറ്റൊരു സവിശേഷത ചുരുങ്ങിയ കാലയളവിൽ അതിതീവ്ര മഴ പെയ്യിക്കാൻ സാധിക്കുമെന്നുള്ളതാണ്. കേരളത്തിൽ അതിതീവ്രമായി മഴ ലഭിച്ച 2019, 2020 , 2021 ലും ഇത്തരം കൂമ്പാരമേഘങ്ങളുടെ സാന്നിദ്ധ്യം ദൃശ്യമായിരുന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൺസൂൺ കേരളത്തിൽ മേയ് 27ന് എത്താനുള്ള സാദ്ധ്യതയാണ് പറഞ്ഞിരിക്കുന്നത്. നിലവിൽ മൺസൂൺ നേരത്തെ എത്താനുള്ള സാഹചര്യമില്ല, ജൂൺ ഒന്നിന് അടുത്തേ ഇതുണ്ടാകൂ. മൺസൂണിന്റെ തുടക്കം ദുർബലമാകാനാണ് സാദ്ധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഏപ്രിലിൽ പുറത്തിറക്കിയ ദീർഘശ്രേണിയിൽ ഇന്ത്യ മുഴുവൻ ശരാശരി സാധാരണ മഴയും കേരളത്തോട് ചേർന്നുകിടക്കുന്ന പശ്ചിമതീരത്ത് സാധാരണയിൽ കുറവ് മഴയുമാണ് പ്രവചിച്ചിരിക്കുന്നത്. പ്രളയ സാദ്ധ്യതയുണ്ടോ ഇല്ലയോ എന്ന് ദീർഘ ശ്രേണി പ്രവചനത്തിൽ പറയുക അസാദ്ധ്യമാണ്. മൺസൂൺ കാലയളവിൽ ശരാശരി മഴ പ്രവചിക്കുമ്പോൾ, ഒന്നോ രണ്ടോ ദിവസങ്ങളിൽ അതിതീവ്ര മഴയും ലഘു മേഘവിസ്ഫോടനത്തിന്റെ ഗണത്തിൽപ്പെടുത്താവുന്ന മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഇത്തരം അതിതീവ്ര മഴയുടെ സാഹചര്യം ഒരാഴ്ച മുമ്പ് മാത്രമേ കൃത്യമായി പ്രവചിക്കാനാകൂ. നിലവിലെ സാഹചര്യത്തിൽ പ്രളയ ഭീഷണി ഇല്ലെങ്കിലും ഓരോ മൺസൂൺ കാലഘട്ടത്തിലും ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.


( കുസാറ്റിൽ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടറാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONSOON IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.