SignIn
Kerala Kaumudi Online
Friday, 26 April 2024 8.32 PM IST

മുല്ലപ്പള്ളിയുടെ വ്യത്യസ്തത

mullappally-ramachandran

രാഷ്ട്രീയപ്രവർത്തനം പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. ആദർശപൂർണ്ണവും അച്ചടക്കത്തോടെയുമുള്ള പ്രവർത്തനമാണ് അതിലൊന്ന്. മറ്റൊന്ന് ആദർശത്തിൽ നിന്ന് അൽപ്പമകന്ന് ബഹളം വച്ചുള്ള പ്രവർത്തനവും. ഇതിൽ മാധ്യമങ്ങളിൽ കൂടുതൽ നിറഞ്ഞു കാണപ്പെടുന്നത് രണ്ടാമത്തെ കൂട്ടരാണ്. ഇവരെ അറിവിന്റെ അരവെള്ളം നിറഞ്ഞ കുടത്തിന്റെ കലമ്പലിനോട് ഉപമിക്കാം. ആദ്യത്തെ കൂട്ടരാകട്ടെ അറിവിന്റെ നിറകുംഭമായിരിക്കുകയും ഏറെക്കുറെ നിശ്ശബ്ദമായിരിക്കുകയും ചെയ്യും. അവരുടെ ആദർശശുദ്ധിയിൽ സ്ഫുടം ചെയ്ത മനസ്സിന്റെ ഏകാഗ്രത എപ്പോഴും പാർട്ടി തന്നെ ഏൽപ്പിച്ച സംഘടനാപരമായ
ദൗത്യനിർവ്വഹണത്തിലായിരിക്കും. എല്ലാ പാർട്ടികളിലും ഇത്തരം അപൂർവ്വം വ്യക്തിത്വങ്ങളെ നമുക്ക് കണ്ടെത്താൻ കഴിയും. എങ്കിലും സമീപകാല കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ
അവ്വിധത്തിൽ എടുത്തുപറയേണ്ട ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ്സ് കേരളരാഷ്ട്രീയത്തിൽ ഒരു പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിൽപാർട്ടിയെ നയിക്കാൻ ആരാണ് പ്രാപ്യൻ എന്ന ചോദ്യത്തിന് ഏക ഉത്തരമായി മുല്ലപ്പള്ളി മാറുകയായിരുന്നു.
അതിന് അദ്ദേഹത്തിന് കൂട്ടായി ഒരുപാട് സവിശേഷതകൾ ഉണ്ടായിരുന്നു. അതിൽ
പ്രധാനം ചപ്പടാച്ചി രാഷ്ട്രീയ പുറംപോക്കിലെ ഒരു ഭിക്ഷാംദേഹിയായി മുല്ലപ്പള്ളി ഒരിക്കലും മാറിയിരുന്നില്ലെന്നതാണ്. അതിന് സഹായകമായിരുന്നത് കടത്തനാടൻ സംസ്‌കാരവും പിതാവിൽ നിന്ന് സ്വായത്തമായ ഗാന്ധിസവുമായിരുന്നു.കേരളത്തിലെ കോൺഗ്രസ്സിനെ നയിക്കാൻ കാലം അദ്ദേഹത്തെ തെരഞ്ഞെടുത്തതും കർമ്മോത്സുകമായ ആ ആദർശശുദ്ധിയുടെ
പേരിൽത്തന്നെയാണ്. പക്ഷേ ആ ആദർശവ്യക്തിത്വത്തിന്റെ അരികുകളെ സാമൂഹികമാധ്യമത്തിലൂടെയും ട്രോളുകളിലൂടെയും കരണ്ടുനശിപ്പിക്കാൻ പല
കാലങ്ങളിൽ ചില ക്ഷുദ്രജീവികൾ ശ്രമിച്ചിരുന്നു എന്നതാണ് ദുഃഖകരം. ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് സ്വന്തം മുന്നണിയിൽ നിന്നും പാർട്ടിയിൽ നിന്നും അഭിനന്ദനത്തിന്റെ ഒരു പനിനീർപ്പു പോലും നീട്ടാത്തവർ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയകാലത്ത് മുൾകിരീടം ചാർത്തി
ക്രൂശിക്കാൻ ഒരുമ്പെടുന്നതും ഏറെ വൈചിത്ര്യപൂർണ്ണമായ കാര്യമാണ്. അവരെല്ലാമാകട്ടെ പരാജയത്തിന്റെ സ്വന്തം വീഴ്ചപോലും മുല്ലപ്പള്ളിയുടെ തലയിൽ കെട്ടിവച്ച് പീലാത്തോസുമാരായി മാറുന്നതും മറ്റൊരു വൈചിത്ര്യമാണ്. സ്വന്തം പാർട്ടിയിൽ നിന്നുള്ള പരോക്ഷ എതിർപ്പുകളും
മറ്റുപാർട്ടികളിൽ നിന്നുള്ള ട്രോൾ പരിഹാസങ്ങളും ഒരേപോലെ ഏറ്റുവാങ്ങേണ്ടി വന്ന ആദർശത്തിന്റെ, അച്ചടക്കത്തിന്റെ രാഷ്ട്രീയ പ്രതീകമാണ് മുല്ലപ്പള്ളി. 1978ൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ എത്തിയപ്പോൾ ഇന്ദിരാഗാന്ധിക്ക് പിന്നിൽ ശക്തമായി അടിയുറച്ചുനിന്ന നേതാവെന്ന നിലയിൽ മുല്ലപ്പള്ളി ശ്രദ്ധേയനാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയും
യൂത്ത് കോൺഗ്രസ്സിലൂടെയും കോൺഗ്രസ് ജില്ലാ ഭാരവാഹിത്വത്തിലൂടെയും
സംസ്ഥാന കോൺഗ്രസ്സിന്റെ അപ്രതിരോധ്യ സ്ഥാനത്തെത്തിയ നേതാവും കണ്ണൂർ,വടകര മണ്ഡലങ്ങളിലൂടെ എട്ടുതവണ എം.പിയാവുകയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയാകുകയും ചെയ്ത അതുല്യ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. അച്ചടക്കവും ആദർശവും അതിനനുപൂരകമാകുന്ന ശാന്തതയും വിലകുറഞ്ഞ രാഷ്ട്രീയ ഏർപ്പാടാണെന്ന് കരുതുന്ന ഭീഷണ വൈതാളിക രാഷ്ട്രീയ തമസ്‌ക്കരണത്തിനു മുന്നിൽ ഏകതാരകം പോലെ ഒറ്റപ്പെട്ട തിളക്കത്തോടെ നിലകൊള്ളുന്ന നേതാവാണ് മുല്ലപ്പള്ളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPPALLY RAMACHANDRAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.