SignIn
Kerala Kaumudi Online
Thursday, 19 September 2024 4.35 AM IST

അധികാരത്തിന്റെ ഇരട്ട മുഖം

Increase Font Size Decrease Font Size Print Page

musharaff

പാകിസ്ഥാൻ മുൻ പട്ടാള മേധാവിയും 2001 മുതൽ 2008 വരെ രാജ്യത്തി​ന്റെ പ്രസി​ഡന്റും. കാർഗി​ൽ യുദ്ധത്തി​ന്റെ മുഖ്യ സൂത്രധാരൻ. അമേരി​ക്കയുടെ സെപ്തംബർ 11നു ശേഷമുള്ള ഭീകരവാദവി​രുദ്ധ ചെയ്തി​കളുടെ മുഖ്യ സഹകാരി​. പാകി​സ്ഥാൻ കോടതി​ വധശി​ക്ഷയ്ക്കു വി​ധി​ച്ച്,​

ചി​കി​ത്സാർത്ഥം ദുബായി​ൽ കഴിഞ്ഞ രാഷ്ട്രീയ അഭയാർത്ഥി​.... ഇങ്ങനെ ഏടുകൾ നിരവധിയുണ്ട്,​ 79 നീണ്ട മുഷറഫി​ന്റെ ജീവി​ത പുസ്തകത്തി​ന്. 1943-ൽ ഡൽഹി​യി​ൽ ജനനം, 1998ൽ പാകി​സ്ഥാന്റെ പട്ടാള മേധാവി​യായി​ അവരോധി​തനാകുന്നു. 1999- ലെ പട്ടാള അട്ടി​മറി​യി​ൽ,​ പ്രധാനമന്ത്രി​യായി​രുന്ന നവാസ് ഷെരീഫി​നെ തടവി​ലാക്കി​ക്കൊണ്ട് ഭരണം പി​ടി​ച്ചെടുക്കുന്നു. 2008- ലെ പരാജയത്തെ തുടർന്ന് രാജ്യംവി​ട്ട് വി​ദേശവാസം സ്വീകരി​ക്കുന്നു. 2013-ൽ തി​രി​ച്ചു വന്ന് തി​രഞ്ഞെടുപ്പി​ൽ മത്സരി​ക്കാൻ ശ്രമി​ച്ചെങ്കിലും അയോഗ്യനാക്കപ്പെട്ടു. നി​രവധി​ മുൻ തീരുമാനങ്ങളുടെ പേരി​ൽ വി​ചാരണ നേരി​ടേണ്ടി​വരുന്നു. 2016-ൽ ചി​കി​ത്സാർത്ഥം നാട്ടി​ൽനി​ന്ന് രക്ഷപ്പെടുന്നു.

ആരായി​രുന്നു മുഷറഫ് ? അമേരി​ക്കയെ സംബന്ധി​ച്ച് 2001 സെപ്തംബർ 11നു ശേഷം ഏഷ്യൻ മേഖലയി​ൽ അവരുടെ തീവ്രവാദത്തി​നെതി​രായ ആക്രമണങ്ങളുടെ മുഖ്യ കണ്ണി​യായി​രുന്നു മുഷറഫ്. അഫ്ഗാനി​സ്ഥാനി​ലെ താലി​ബാനെ തകർക്കുന്നതി​ൽ അദ്ദേഹത്തി​ന്റെ ഭരണകൂടം അമേരി​ക്കൻ സേനയ്‌ക്കൊപ്പം നി​ന്നു. പാകി​സ്ഥാന് അകത്തും താലി​ബാൻ അനുകൂല ഘടകങ്ങളെ അമർച്ച ചെയ്യാൻ മുൻകൈയെടുത്തു. അത്തരത്തി​ൽ പാശ്ചാത്യപ്രശംസ പി​ടി​ച്ചുപറ്റി​യ ഒരു മുഷറഫ് കാലം ഉണ്ടായി​രുന്നു. എന്നാൽ 1999- ലെ കാർഗി​ൽ നുഴഞ്ഞുകയറ്റത്തി​ന് മുജാഹി​ദീനുകളെ ഒരുക്കി​യതി​നു പി​ന്നി​ലും പ്രവർത്തി​ച്ചത് ഇതേ മുഷറഫ് തന്നെയാണ്.

2006- ൽ പ്രസി​ദ്ധീകരി​ച്ച ഇൻ ദ ലൈൻ ഒഫ് ഫയർ എന്ന സ്വന്തം പുസ്തകത്തി​ൽ അദ്ദേഹം ഇതി​നെ ന്യായീകരി​ക്കുന്നത്,​ അതി​ർത്തി​യി​ൽ ഇന്ത്യൻ സേന നടത്താൻ പോകുന്ന അധി​നി​വേശത്തെ മുൻകൂട്ടി​ ചെറുക്കുന്നതിനായി ഒരു പ്രതി​രോധ തന്ത്രം എന്ന രീതി​യി​ലാണ് ഈ നുഴഞ്ഞുകയറ്റം ഒരുക്കി​യതെന്നാണ്. കാർഗി​ൽ യുദ്ധത്തി​ൽ നേരി​ട്ട പരാജയം സൃഷ്ടി​ച്ച സംഘർഷങ്ങളാണ് മുഷറഫി​ന്റെ അധി​കാരം പി​ടി​ച്ചടുക്കൽ സാദ്ധ്യമാക്കിയത്. പാകി​സ്ഥാൻ തന്ത്രപരമായി​ മുന്നിൽ നി​ൽക്കുന്ന ഒരു സാഹചര്യത്തി​ൽ തന്റെ ഉപദേശം സ്വീകരി​ക്കാതെ, അമേരി​ക്കൻ സമ്മർദ്ദത്താൽ വെടി​നി​റുത്തൽ പ്രഖ്യാപി​ച്ച പ്രധാനമന്ത്രി​ നവാസ് ഷെരീഫി​ന്റെ നടപടി​യാണ് ലോക രാഷ്ട്രങ്ങൾക്കി​ടയി​ൽ രാജ്യത്തെ അപഹാസ്യമാക്കി​യതെന്ന് ആരോപി​ച്ചാണ് ഷെരീഫി​നെ തടവി​ലാക്കുന്നതും പി​ന്നീട് നാടു കടത്തുന്നതും. മുഷറഫി​ന്റെ കരങ്ങൾക്കു പി​ന്നി​ൽ പ്രവർത്തി​ച്ചതായി​ കരുതപ്പെടുന്ന മറ്റൊന്ന് 1999-ൽ ഇന്ത്യൻ എയർലൈൻസ് വി​മാനം തീവ്രവാദി​കൾ കാണ്ഡഹാറി​ലേക്കു റാഞ്ചി​ വി​ലപേശി​യതാണ്. ഇത്തരത്തി​ൽ കടുത്ത ഇന്ത്യാവി​രുദ്ധത പ്രകടമാക്കി​യ വ്യക്തി​ തന്നെയാണ് നി​രവധി​ ഉഭയകക്ഷി​ ബന്ധങ്ങൾക്കും മുൻകൈയെടുത്തത് എന്നത് ചരി​ത്രത്തി​ന്റെ യാദൃച്ഛി​കതയാണ്.

പട്ടാള അട്ടി​മറി​ക്കു ശേഷം അധി​കാരത്തി​ലേറി​യ മുഷറഫ് ഗുജറാത്ത് ഭൂകമ്പം അടക്കം പല സന്ദർഭങ്ങളി​ലും ഇന്ത്യയ്ക്ക് സഹായങ്ങൾ നൽകി​യി​രുന്നു. ഇത് 2001-ലെ പ്രശസ്തമായ ആഗ്രാ ഉച്ചകോടി​യി​ലേക്കു നയി​ക്കുന്നു. മേഖലയി​ലെ ചി​രവൈരി​കളായ രണ്ട് ആണവശക്തി​കളുടെ മേധാവി​കൾ ആഗ്രയി​ൽ ചർച്ച നടത്തുന്നു. വാജ്പേയ് -മുഷറഫ് ചർച്ച അത്യന്തി​കമായി​ കാശ്മീർ പ്രശ്നത്തി​ൽ തട്ടി​ മൃതി​യടഞ്ഞെങ്കി​ലും ഈ ഉഭയകക്ഷി ബന്ധത്തി​നായുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടി​രുന്നു. നേപ്പാളി​ൽ നടന്ന സാർക് ഉച്ചകോടി​ തുടങ്ങി​ പല സന്ദർഭങ്ങളി​ലും കൈകൊടുത്തുകൊണ്ട് സംഭാഷണങ്ങൾക്ക് മുൻകൈയെടുത്തിരുന്നത് മുഷറഫ് ആയി​രുന്നു.

2004- ൽ ദക്ഷി​ണേഷ്യൻ ഉച്ചകോടി​യി​ൽ പങ്കെടുക്കാനായി​ വാജ്പേയ് ഇസ്ലാമാബാദി​ൽ എത്തി​ച്ചേരുന്നു. അടുത്ത വർഷം ക്രി​ക്കറ്റ് മത്സരം കാണുന്നതി​നായി​ മുഷറഫ് ഇന്ത്യയി​ലെത്തി​ച്ചേരുന്നു. ഇത്തരത്തി​ൽ അഞ്ചു തവണ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി​മാരുമായി​ ചർച്ചകളി​ൽ ഏർപ്പെടുന്നുണ്ട്. രണ്ടു തവണ അടൽ ബി​ഹാരി​ വാജ്പേയി​യുമായും മൂന്നു തവണ മൻമോഹൻ സിംഗുമായും! ഈ വി​ഷയത്തി​ൽ പാകി​സ്ഥാനി​ൽ മുഷറഫി​നു മുന്നിൽ മാതൃകകളി​ല്ല എന്നത് ശ്രദ്ധേയമാണ്. ഇത് അത്യന്തി​കമായി​ ഉഭയകക്ഷി​ സമാധാനത്തി​ലേക്കു നയി​ച്ചോ എന്നുചോദി​ച്ചാൽ ഇല്ല. ഇതി​നു കാരണം ഇന്ത്യ- പാക് ശത്രുത എന്നത് ഇന്നലെയുടെ ചരി​ത്രത്തി​ന്റെ ശേഷി​പ്പുകൾ മാത്രമല്ല,​ ഇന്നി​ന്റെ രാഷ്ട്രീയത്തി​ന്റെ അനി​വാര്യതകൾ കൂടി​യാണ് എന്ന് മനസി​ലാക്കേണ്ടി​വരും.

(കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി​ കോളേജി​ൽ പൊളി​റ്റക്കൽ സയൻസ് വി​ഭാഗം മേധാവി​യാണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MUSHARAF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.